24 April Wednesday

ഏക സിവില്‍കോഡ് ചര്‍ച്ചയ്ക്കുപിന്നിലെ വിദ്വേഷരാഷ്ട്രീയം

വെബ് ഡെസ്‌ക്‌Updated: Monday Oct 17, 2016

രാജ്യത്ത് ഏകീകൃത സിവില്‍കോഡ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് നിയമകമീഷന്‍ പുറത്തിറക്കിയ ചോദ്യാവലി പുതിയൊരു വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നു. ചോദ്യാവലി തള്ളിക്കളഞ്ഞ് കമീഷന്റെ തുടര്‍പ്രവര്‍ത്തനങ്ങളുമായി സഹകരിക്കില്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് മുസ്ളിം വ്യക്തിനിയമബോര്‍ഡ്. നിയമകമീഷനിലെ ചില അംഗങ്ങളുടെ ആര്‍എസ്എസ് ബന്ധവും ചര്‍ച്ചാവിഷയമായി. റിട്ടയേര്‍ഡ് സുപ്രീംകോടതി ജഡ്ജി ബല്‍ബീര്‍ സിങ് ചൌഹാന്‍ അധ്യക്ഷനായ നിയമകമീഷനില്‍ പുതുതായി നിയമിതരായ മൂന്നു പാര്‍ട്ടൈം അംഗങ്ങളും ആര്‍എസ്എസ് ബന്ധമുള്ളവരാണ്. ഗുജറാത്ത് ഗുല്‍ബര്‍ഗ സൊസൈറ്റി കൂട്ടക്കൊല കേസില്‍ പ്രതികള്‍ക്കുവേണ്ടി വാദിച്ച അഡ്വ. അഭയ് ഭരദ്വാജ്, ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ അദ്വാനിയുടെ അഭിഭാഷകനും മുന്‍ ബിജെപി എംപിയുമായ  സത്യപാല്‍ ജയിന്‍, ഗുജറാത്ത് നാഷണല്‍ ലോ യൂണിവേഴ്സിറ്റി ഡയറക്ടര്‍ ബിമല്‍ പട്ടേല്‍ എന്നിവരുടെ നിയമനവും ഏകീകൃത സിവില്‍കോഡ് നടപടികളുമായി മുന്നോട്ടുപോകാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനവും തമ്മില്‍ ബന്ധമുള്ളതായി സംശയം ഉയര്‍ന്നിരിക്കുന്നു. മുസ്ളിം വ്യക്തിനിയമബോര്‍ഡിന്റെ തീരുമാനത്തോട് രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ച കേന്ദ്രമന്ത്രി വെങ്കയ്യ നായിഡുവിന്റെ സമീപനവും കാര്യങ്ങള്‍ സമവായത്തിന്റെ വഴിയിലല്ലെന്ന് വ്യക്തമാക്കുന്നു.

  വിവാഹം, വിവാഹമോചനം, ദത്തെടുക്കല്‍, പിന്തുടര്‍ച്ച തുടങ്ങിയ വിഷയങ്ങള്‍ ഏകീകൃത ചട്ടത്തില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ടോയെന്നും ഏകീകൃത കോഡ് വ്യക്തിയുടെ മതസ്വാതന്ത്യ്രത്തിലുള്ള കടന്നുകയറ്റമാകുമോയെന്നുമാണ് നിയമകമീഷന്റെ ചോദ്യാവലിയിലെ പ്രധാന  പ്രതിപാദ്യം. ഇതേസമയത്തുതന്നെ, മുത്തലാഖിനോടും ബഹുഭാര്യത്വത്തോടും നിക്കാഹ് ഹലാലയോടും വിയോജിപ്പ് അറിയിച്ച് കേന്ദ്ര നിയമമന്ത്രാലയം സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കുകയും ചെയ്തു. നിയമകമീഷന്റെ നടപടിയെയും മുത്തലാഖ് സത്യവാങ്മൂലത്തെയും ഒരേപോലെ എതിര്‍ത്തുകൊണ്ടാണ് മുസ്ളിം വ്യക്തിനിയമബോര്‍ഡും ചില മുസ്ളിം സംഘടനകളും രംഗത്തുവന്നത്. കേന്ദ്ര സര്‍ക്കാരിന്റെ നടപടികളും അതിനോട് ബന്ധപ്പെട്ടവരില്‍നിന്നുണ്ടാകുന്ന നിഷേധാത്മക പ്രതികരണവും ആരോഗ്യകരമായല്ല മുന്നേറുന്നതെന്ന് കാണാം.

   രാജ്യത്തിന്റെ ബഹുസ്വരതയും മതനിരപേക്ഷതയും പരിപോഷിപ്പിക്കുന്ന അടിസ്ഥാനഘടകങ്ങളിലൊന്നാണ് ഭരണഘടന ഉറപ്പുനല്‍കുന്ന വിശ്വാസസ്വാതന്ത്യ്രം. സഹസ്രാബ്ദങ്ങളായി വിവിധ ജനവിഭാഗങ്ങള്‍ പിന്തുടരുന്ന ജീവിതക്രമങ്ങള്‍ക്ക് അനുസൃതമായാണ് വ്യക്തിനിയമങ്ങള്‍ രൂപപ്പെട്ടത്. വിവാഹം, വിവാഹമോചനം, സ്വത്തവകാശം, പിന്തുടര്‍ച്ച തുടങ്ങിയ വിഷയങ്ങളില്‍ വിശ്വാസസ്വാതന്ത്യ്രത്തില്‍ അധിഷ്ഠിതമായ വ്യക്തിനിയമങ്ങളാണ് ഇന്ത്യയില്‍ പ്രാബല്യത്തിലുള്ളത്. സാമാന്യനീതിക്കും പരിഷ്കൃതസമൂഹ ക്രമത്തിനും എതിരായിക്കൂടാ ഒരു വ്യക്തിനിയമവും. അങ്ങനെ വന്നാല്‍ അത് തിരുത്താന്‍ നിയമത്തിന്റെയും ജനാധിപത്യത്തിന്റെയും വഴികളുണ്ടുതാനും. രാജ്യത്ത് സിവില്‍ നിയമങ്ങളിലെ വൈജാത്യവും വ്യക്തിനിയമങ്ങളുമായി ബന്ധപ്പെട്ടുണ്ടാകുന്ന മനുഷ്യാവകാശലംഘനവും സ്ത്രീ–പുരുഷ വിവേചനവും പരിഹാരം കാണേണ്ടതാണെന്ന ചര്‍ച്ച സ്വാതന്ത്യ്രകാലഘട്ടംമുതല്‍തന്നെയുണ്ട്.

ഭരണഘടനയുടെ 44–ാംവകുപ്പില്‍ നിര്‍ദേശകതത്വങ്ങളുടെ ഭാഗമായി ഏക സിവില്‍കോഡിന്റെ പ്രസക്തിയെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. എന്നാല്‍, വിശ്വാസങ്ങളിലും ആചാരങ്ങളിലും ജീവിത രീതികളിലും ബഹുസ്വരത പുലരുന്ന ഒരു മഹാരാജ്യത്ത് ഏതെങ്കിലും ഒരു കക്ഷിയുടെ താല്‍പ്പര്യാനുസരണം ഏക സിവില്‍കോഡ് നടപ്പാക്കുന്നത് ആപല്‍ക്കരമായിരിക്കുമെന്ന ചിന്ത എല്ലാവരും പങ്കുവയ്ക്കുന്നു. അതുകൊണ്ടുതന്നെ ഏതെങ്കിലും ഒരു വിഭാഗത്തിന്റെ വ്യക്തിനിയമം എല്ലാവരുടേതുമാക്കുന്നതും ഏകീകൃത സിവില്‍കോഡ് അടിച്ചേല്‍പ്പിക്കുന്നതും ആരും ഇഷ്ടപ്പെട്ടിരുന്നില്ല. വിശദമായ ചര്‍ച്ചയും അഭിപ്രായസമന്വയവും ഉണ്ടാക്കിമാത്രമേ സിവില്‍ നിയമങ്ങളില്‍ ഐകരൂപ്യം വരുത്താവൂ എന്നതായിരുന്നു ഇതുവരെയുള്ള ധാരണ.

   ബിജെപി അധികാരത്തിലേറിയ ഘട്ടങ്ങളിലെല്ലാം ഏകീകൃത സിവില്‍കോഡ് എന്നത് ഒരു ഭരണനടപടിയായി സ്വീകരിക്കാനുള്ള താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇത്തവണ മോഡിസര്‍ക്കാര്‍ അല്‍പ്പംകൂടി കടന്ന് ചില നടപടികള്‍ക്കുതന്നെ തുടക്കമിട്ടു. ഏകീകൃത സിവില്‍കോഡ് നടപ്പാക്കുമെന്ന പ്രഖ്യാപനവും നിയമകമീഷന്റെ പുനഃസംഘടനയുമെല്ലാം ധൃതിപ്പെട്ട തീരുമാനങ്ങളായിരുന്നു. ന്യൂനപക്ഷ, ദളിത് വിഭാഗങ്ങളോട് ഗോസംരക്ഷണപ്രശ്നത്തില്‍ ഉള്‍പ്പെടെ ബിജെപിയും സംഘപരിവാര്‍ സംഘടനകളും സ്വീകരിച്ച ശത്രുതാമനോഭാവം രാജ്യത്ത് വിപല്‍ക്കരമായ ഒരു സാഹചര്യമാണ് സൃഷ്ടിച്ചിട്ടുള്ളത്. ഈ അന്തരീക്ഷംതന്നെയാണ് അഭിപ്രായസമന്വയത്തിന്റെ സാധ്യതകള്‍ ഇല്ലാതാക്കുന്നത്.

  ഏതു മാര്‍ഗം ഉപയോഗിച്ചായാലും ജനങ്ങളില്‍ ചേരിതിരിവ് സൃഷ്ടിച്ച് രാഷ്ട്രീയനേട്ടം കൊയ്യുകയെന്നത് സംഘപരിവാറിന്റെ അടിസ്ഥാനസ്വഭാവമാണ്. മുസ്ളിം പക്ഷപാതിയെന്ന് ആരോപിച്ച് മഹാത്മാഗാന്ധിയെ കൊലപ്പെടുത്തിയതുമുതലിങ്ങോട്ട് എത്രയെത്ര ഉദാഹരണങ്ങള്‍. അതുകൊണ്ടുതന്നെ സിവില്‍കോഡ് ചര്‍ച്ചയിലും ബിജെപി ലക്ഷ്യമിടുന്നത് രാഷ്ട്രീയ അജന്‍ഡകള്‍തന്നെ. അടുത്തവര്‍ഷം വരാനിരിക്കുന്ന ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് സംഘപരിവാറിന് നിര്‍ണായകമാണ്. ഹിന്ദുത്വവികാരം വോട്ടാക്കി മാറ്റുന്നതിനുള്ള വിദ്വേഷരാഷ്ട്രീയം വളര്‍ത്തുകയാണ് അവര്‍ കാണുന്ന വിജയവഴി.

ഒരുവര്‍ഷംമുമ്പ് സുപ്രീംകോടതി ആരാഞ്ഞതും അന്ന് കേന്ദ്രംപ്രതികരിക്കാതിരുന്നതുമാണ് ഏക സിവില്‍കോഡ് വിഷയം. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഏകീകൃത സിവില്‍കോഡ് പ്രചാരണവിഷയമാക്കാമെന്ന് ബിജെപി കണക്കുകൂട്ടി. ഇപ്പോള്‍ ഏക സിവില്‍കോഡിനെക്കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിയമകമീഷനെ കേന്ദ്ര നിയമമന്ത്രാലയം നിര്‍ബന്ധിക്കുന്നു. ഒരു എക്സിക്യൂട്ടീവ് ഉത്തരവിലൂടെയോ സര്‍ക്കാര്‍ നിയന്ത്രിതമായ നിയമകമീഷന്റെ പരിശോധനയിലൂടെയോ തീരുമാനത്തില്‍ എത്തേണ്ട വിഷയമല്ല ഏക സിവില്‍കോഡ്. പ്രത്യേകിച്ചും മതവികാരത്തെ രാഷ്ട്രീയവളര്‍ച്ചയ്ക്ക് ഇന്ധനമാക്കുകയും ഫാസിസ്റ്റ് സംഘടനാരീതികള്‍ അവലംബിക്കുകയും ചെയ്യുന്ന ഒരു കക്ഷി രാജ്യം ഭരിക്കുമ്പോള്‍


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top