19 April Friday

ഏക സിവിൽകോഡ്‌ ബിജെപിയുടെ കാപട്യം

വെബ് ഡെസ്‌ക്‌Updated: Monday Oct 31, 2022


അയോധ്യയിലെ രാമക്ഷേത്ര നിർമാണം, ജമ്മു -കശ്‌മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയിലെ 370–-ാം വകുപ്പ്‌ റദ്ദാക്കൽ, ഏക സിവിൽകോഡ്‌ എന്നിവയാണ്‌ ബിജെപി അതിന്റെ രൂപീകരണകാലംമുതൽ ഉയർത്തിയ പ്രധാന മുദ്രാവാക്യം. ഇതിൽ ആദ്യത്തെ രണ്ട്‌ അജൻഡയും അവർ നടപ്പാക്കിയിരിക്കുന്നു. മൂന്നാമത്തേതും നടപ്പാക്കാനുള്ള ശ്രമത്തിലാണവർ. അതിനായി ലോ കമീഷനോട്‌ ഏക സിവിൽകോഡിനെക്കുറിച്ച്‌ പഠിച്ച്‌ റിപ്പോർട്ട്‌ നൽകാൻ ആവശ്യപ്പെട്ടിരിക്കുകയാണ്‌. ബിജെപി വക്താവും അഭിഭാഷകനുമായ അശ്വനികുമാർ ഉപാധ്യായ ഏക സിവിൽകോഡ്‌ നടപ്പാക്കാൻ സർക്കാരിന്‌ നിർദേശം നൽകണമെന്നാവശ്യപ്പെട്ട്‌ ഡൽഹി ഹൈക്കോടതിയെയും സുപ്രീംകോടതിയെയും സമീപിച്ചിട്ടുമുണ്ട്‌.  പല രീതിയിലും ഏക സിവിൽകോഡ്‌ വിഷയം സജീവമായി നിർത്താൻ ബിജെപിയും സംഘപരിവാറും തയ്യാറാകുന്നുവെന്നാണ്‌ ഇത്‌ കാണിക്കുന്നത്‌.

ഈ നീക്കത്തിൽ ഏറ്റവും അവസാനത്തെ നടപടിയാണ്‌ ഗുജറാത്ത്‌ സർക്കാരിന്റേത്‌. അടുത്ത ആഴ്‌ച നിയമസഭാ തെരഞ്ഞെടുപ്പ്‌ പ്രഖ്യാപിക്കാനിരിക്കുന്ന ഗുജറാത്തിൽ അവസാനമായി ചേർന്ന മന്ത്രിസഭായോഗമാണ്‌ ഏക സിവിൽകോഡ്‌ നടപ്പാക്കുന്നതിനായി  ഹൈക്കോടതിയിലെ റിട്ടയേഡ്‌ ജഡ്‌ജിയുടെ നേതൃത്വത്തിലുള്ള നാലംഗ സംഘത്തെ നിയമിക്കാൻ തീരുമാനിച്ചത്‌. ഇവരുടെ റിപ്പോർട്ട്‌ കിട്ടിയാലുടൻ സംസ്ഥാനത്ത്‌ ഏക സിവിൽകോഡ്‌ നടപ്പാക്കുമെന്ന്‌ സംസ്ഥാന ആഭ്യന്തര സഹമന്ത്രി ഹർഷ്‌ സാങ്‌വി അറിയിക്കുകയും ചെയ്‌തു. നേരത്തേ ഇത്തരമൊരു സമിതിക്ക്‌ ഉത്തരാഖണ്ഡിലെ ബിജെപി സർക്കാർ രൂപം നൽകിയിട്ടുണ്ട്‌.

ഹിമാചൽപ്രദേശിലെ മുഖ്യമന്ത്രിയും സമാനമായ സമിതിക്ക്‌ രൂപം നൽകുമെന്ന്‌ പറഞ്ഞെങ്കിലും നടപ്പായിട്ടില്ല. മുസ്ലിം ജനസംഖ്യ ഒരു ശതമാനത്തിലും താഴെയുള്ള സംസ്ഥാനമായതുകൊണ്ടുതന്നെ ഇത്തരമൊരു സമിതിക്ക്‌ രൂപം നൽകിയാലും വർഗീയധ്രുവീകരണത്തിനുള്ള സാധ്യത വിരളമാണെന്ന്‌ കണ്ടായിരിക്കാം ഹിമാചൽപ്രദേശ്‌ മുഖ്യമന്ത്രി തീരുമാനം വൈകിപ്പിച്ചത്‌. എന്നാൽ, ഗുജറാത്തിൽ വർഗീയധ്രുവീകരണത്തിനുള്ള സാധ്യത വളരെ കൂടുതലാണ്‌. ജനസംഖ്യയുടെ 10 ശതമാനത്തോളം മുസ്ലിങ്ങളുള്ള സംസ്ഥാനമാണിത്‌. അതിനാലാണ്‌ ഏക സിവിൽകോഡ്‌ വിഷയം ബിജെപി തെരഞ്ഞെടുപ്പിന്‌ തൊട്ടുമുമ്പ്‌ പൊടിതട്ടിയെടുത്തിട്ടുള്ളത്‌.

ഹിന്ദു വിവാഹനിയമവും മുസ്ലിം വ്യക്തിനിയമവും കാലത്തിനനുസൃതമായി പരിഷ്‌കരിച്ച്‌  പുരോഗമന സമൂഹത്തിലേക്ക്‌ അവരെ നയിക്കുകയെന്ന സദുദ്ദേശ്യമൊന്നും ബിജെപിയുടെ ഈ നീക്കത്തിനു പിന്നിലുണ്ടെന്ന്‌ ആരും അവകാശപ്പെടുമെന്ന്‌ തോന്നുന്നില്ല. വിവാഹം, വിവാഹമോചനം, സ്വത്തവകാശം, ദത്തെടുക്കൽ തുടങ്ങിയ വിഷയങ്ങളിൽ എല്ലാ മതവിഭാഗങ്ങൾക്കും ബാധകമായ പൊതുനിയമം എന്നതാണ്‌ ഏക സിവിൽകോഡ്‌കൊണ്ട്‌ ലക്ഷ്യമാക്കുന്നത്‌. ബിജെപിതന്നെ സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്‌മൂലത്തിൽ പറഞ്ഞിരുന്നത്‌, എല്ലാവശങ്ങളും ആഴത്തിൽ പരിശോധിച്ചതിനുശേഷം മാത്രമേ ഇക്കാര്യത്തിൽ ഒരു തീരുമാനമെടുക്കാനാകൂ എന്നാണ്‌. ഇത്തരമൊരു വിഷയത്തിൽ നിയമനിർമാണം നടത്തേണ്ടത്‌ പാർലമെന്റാണെന്നും അതിന്‌ അവരോട്‌ നിർദേശിക്കാൻ കോടതിക്ക്‌ അവകാശമില്ലെന്നും സർക്കാർ അഭിപ്രായപ്പെടുകയുണ്ടായി. അലഹബാദ്‌ ഹൈക്കോടതി ഏക സിവിൽകോഡ്‌ അനിവാര്യമാണെന്നും കേന്ദ്ര സർക്കാർ അതിനാവശ്യമായ നടപടികൾ കാലതാമസം കൂടാതെ കൈക്കൊള്ളണമെന്നും ആവശ്യപ്പെട്ടതിനുശേഷമാണ്‌ ഇത്തരമൊരു സത്യവാങ്‌മൂലം നൽകാൻ കേന്ദ്ര സർക്കാർ തയ്യാറായത്‌.

വസ്‌തുത ഇതായിരിക്കെ ഗുജറാത്ത്‌ സർക്കാരിന്‌ പെട്ടെന്ന്‌ ഒരു വെളിപാട്‌ ഉണ്ടാകാൻ കാരണമെന്താണ്‌? വർഗീയധ്രുവീകരണം ശക്തമാക്കി ഹിന്ദുവോട്ടുകൾ പരമാവധി നേടാനുള്ള തന്ത്രം തന്നെ. 27 വർഷമായി അധികാരത്തിൽ തുടരുന്ന ബിജെപി സർക്കാരിനെതിരെ ഗുജറാത്തിൽ ജനവികാരം ശക്തമാണ്‌. വിലക്കയറ്റം, സാമ്പത്തികത്തകർച്ച, രൂക്ഷമായ തൊഴിലില്ലായ്‌മ എന്നിവയെല്ലാം പ്രധാനവിഷയമായി ഉയരുകയാണ്‌. അതോടൊപ്പം ആം ആദ്‌മി പാർടി ശക്തമായ വെല്ലുവിളി ഉയർത്തുന്നു. ബിജെപിയുടെ ഹിന്ദുത്വ മുദ്രാവാക്യങ്ങൾ പലതും അവരും ഉയർത്തുകയാണ്‌. കഴിഞ്ഞ ദിവസം കറൻസിയിൽ ഹിന്ദുദൈവങ്ങളുടെ ചിത്രങ്ങൾകൂടി ആലേഖനം ചെയ്യണമെന്ന അരവിന്ദ്‌ കെജ്‌രിവാളിന്റെ ആവശ്യം ബിജെപിയെ വെട്ടിലാക്കിയിരിക്കുകയാണ്‌. ഈ ഘടകങ്ങളെയെല്ലാം മറികടക്കാനാണ്‌ ഏക സിവിൽകോഡ്‌ എന്ന വിഷയം ബിജെപി പുറത്തെടുത്തിട്ടുള്ളത്‌. ബിജെപിയുടെ ഈ കാപട്യം ഗുജറാത്തിലെ ജനങ്ങൾ തിരിച്ചറിയുമെന്ന്‌ പ്രതീക്ഷിക്കാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top