ഇന്ത്യൻ ജനതയിൽ 55 ശതമാനത്തോളംപേർ 25 വയസ്സിൽ താഴെയുള്ളവരാണ്. കൃത്യമായ ആസൂത്രണവും വിവിധ ഉൽപ്പാദന, സേവന മേഖലകളുടെ വളർച്ചയ്‌ക്ക് സഹായകമായ ശാസ്‌ത്രീയനടപടികളും ഉണ്ടെങ്കിൽ ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയാകാൻ ഇന്ത്യയെ സഹായിക്കുന്ന സമ്പത്താണ് ഇവർ. എന്നാൽ, കൃഷിയടക്കമുള്ള മേഖലകളിൽപ്പോലും ആധിപത്യം സ്ഥാപിക്കാനൊരുങ്ങുന്ന മുതലാളിത്ത, കോർപറേറ്റ് ഭീമന്മാർക്ക് പാദസേവ ചെയ്‌ത് അവരുടെ കൊള്ളലാഭത്തിന്റെ ഓഹരി പറ്റി രാഷ്‌ട്രീയാധികാരത്തിൽ ശാശ്വതമായി തുടരാമെന്നു കരുതുന്ന കേന്ദ്ര സർക്കാരിന് അതിൽ താൽപ്പര്യമില്ല. അതുകൊണ്ടാണ് നമ്മുടെ മാനവശേഷി ഫലപ്രദമായി ഉപയോഗിക്കപ്പെടാത്തതും തൊഴിലില്ലായ്‌മ ഒരു ഭീകരപ്രശ്‌നമായി തുടരുന്നതും. ഇതുണ്ടാക്കുന്ന അസംതൃപ്തിയെ സങ്കുചിത വർഗീയ, വംശീയ വികാരങ്ങളിലേക്ക് വഴിതിരിച്ചുവിടാനും തൊഴിലില്ലായ്‌മ പരിഹരിക്കാൻ എന്തൊക്കെയോ ചെയ്യുന്നുവെന്ന തെറ്റിദ്ധാരണയുണ്ടാക്കാനുമാണ് മോദി സർക്കാർ ശ്രമിക്കുന്നത്. അതിന്റെ ഭാഗമായാണ് കോടിക്കണക്കിനു രൂപ ചെലവഴിച്ച് വൻ പ്രചാരണ കോലാഹലത്തോടെ ‘തൊഴിൽ’മേളകൾ സംഘടിപ്പിക്കുന്നത്.
തെരഞ്ഞെടുപ്പ് അടുത്തപ്പോൾ മോദി സർക്കാർ ആരംഭിച്ച റോസ്‌ഗാർ മേളകളിൽ ഒമ്പതാമത്തേതാണ് ചൊവ്വാഴ്‌ച നടന്നത്. രാജ്യത്താകെ 51,000 പേർക്ക് ഈ ദിനത്തിൽ നിയമന ഉത്തരവ് നൽകിയെന്നാണ് പ്രഖ്യാപനം. സ്റ്റാഫ് സെലക്‌ഷൻ കമീഷനടക്കം വിവിധ ഏജൻസികൾ നടത്തിവന്ന നിയമനങ്ങൾ ഒന്നിച്ചാക്കി നടത്തുന്ന നാടകമാണ് ഇതെന്ന് പ്രധാനമന്ത്രി കാര്യാലയത്തിലെ സഹമന്ത്രി രാജ്യസഭയിൽ നൽകിയ മറുപടിയിൽ വ്യക്തമാണ്. നേരത്തേ ലഭിക്കേണ്ടിയിരുന്ന നിയമനങ്ങൾ പ്രധാനമന്ത്രിയുടെ ദാനമാണെന്നു വരുത്താൻ വൈകിക്കുകയാണ് യഥാർഥത്തിൽ ചെയ്യുന്നത്. റെയിൽവേ, ബാങ്കിങ്, നീതിന്യായവിഭാഗം തുടങ്ങി വിവിധ മേഖലയിലായി ലക്ഷക്കണക്കിന് ഒഴിവുകൾ നികത്താതെ തസ്‌തികകൾ ഇല്ലാതാക്കുന്ന രീതിയാണ് കുറെ വർഷമായി കേന്ദ്രം സ്വീകരിച്ചുവരുന്നത്. പ്രതിവർഷം രണ്ടുകോടി തൊഴിൽ വാഗ്ദാനം ചെയ്‌താണ് മോദി അധികാരത്തിൽ എത്തിയത്. എന്നാൽ, അതിന്റെ പത്തിലൊന്നുപോലും നൽകിയില്ല. രണ്ടുമൂന്ന് വർഷം ഒഴിഞ്ഞുകിടക്കുന്ന തസ്‌തികകൾ റദ്ദാകുമെന്ന് സർക്കാർ പാർലമെന്റിൽ അറിയിച്ചിട്ടുമുണ്ട്.
ഒഴിവുകൾ നികത്താത്തതുമൂലം വിവിധ മേഖലയിലെ ഉദ്യോഗസ്ഥർ ജോലിഭാരവും കടുത്ത മാനസിക സമ്മർദവും അനുഭവിക്കുന്നതായി ജീവനക്കാരുടെ സംഘടനകൾ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കേരളത്തിൽ ഒരു പൊതുമേഖലാ ബാങ്കിലെ വനിതാ മാനേജർ സമ്മർദം താങ്ങാനാകാതെ ആത്മഹത്യ ചെയ്‌തിട്ട് അധികകാലമായിട്ടില്ല. സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ 5000 ക്ലറിക്കൽ തസ്തികയിൽ തുച്ഛവേതനത്തിന് അപ്രന്റിസുമാരെ നിയമിക്കുന്നതായി കഴിഞ്ഞദിവസം പരസ്യമുണ്ടായിരുന്നു. ബാങ്കുകളിൽ യഥാസമയം നിയമനം നടത്താത്തതുമൂലമുള്ള ഒഴിവുകളെക്കുറിച്ച് ഏകദേശ ധാരണ നൽകുന്നതാണ് ആ പരസ്യം. 12 പൊതുമേഖലാ ബാങ്കിൽ താരതമ്യേന ചെറിയതാണ് സെൻട്രൽ ബാങ്ക്. അപ്പോൾ എസ്ബിഐ പോലുള്ള ബാങ്കുകളിലെ സ്ഥിതി ഊഹിക്കാവുന്നതാണ്. അഞ്ചുലക്ഷത്തിലേറെ ഒഴിവ് പൊതുമേഖലാ ബാങ്കുകളിൽ ഉണ്ടെന്നാണ് വിവരം. രണ്ടു ലക്ഷത്തിലധികം ദിവസക്കൂലിക്കാർ പൊതുമേഖലാ ബാങ്കുകളിലുണ്ട്. അവിടങ്ങളിലെ ഒഴിവുകൾ നികത്താൻ തീരുമാനിച്ചാൽത്തന്നെ ഖജനാവിൽനിന്ന് അഞ്ച് പൈസപോലും നൽകാതെ തന്നെ എത്ര ലക്ഷംപേർക്ക് ജോലി ലഭിക്കുമായിരുന്നു. എന്നാൽ, അതിലല്ല മോദിക്ക് താൽപ്പര്യം.
റെയിൽവേ പോലെ അതീവസുരക്ഷ ആവശ്യമായ മേഖലകളിലും ഇതാണ് സ്ഥിതി. റെയിൽവേയിൽ നോൺ ഗസറ്റഡ് വിഭാഗത്തിൽമാത്രം 2,61,233 തസ്‌തിക ഒഴിഞ്ഞുകിടക്കുന്നതായാണ് മന്ത്രി രാജ്യസഭയിൽ അറിയിച്ചത്. ആവശ്യത്തിന് തൊഴിലാളികൾ ഇല്ലാത്തതിനാലടക്കം റെയിൽ അപകടം ആവർത്തിക്കുമ്പോഴാണ് ഇത്രയധികം ഒഴിവുകൾ നികത്താതെയിട്ടിരിക്കുന്നത് എന്നോർക്കണം. ഈ സാഹചര്യത്തിലാണ് കോടതികളിലെ ഒഴിവുകൾ നികത്താത്ത കേന്ദ്ര സർക്കാരിന്റെ അലംഭാവത്തെ റോസ്‌ഗാർമേള ദിനത്തിൽത്തന്നെ സുപ്രീംകോടതി രൂക്ഷമായി വിമർശിച്ചത്. ഹൈക്കോടതികളിൽ എൺപതോളം ജഡ്‌ജിമാരുടെ നിയമനം വൈകുന്ന സാഹചര്യത്തിലാണ് പരമോന്നത നീതിപീഠത്തിന്റെ ശകാരം. ജഡ്‌ജി നിയമനം തടസ്സപ്പെടുത്തുന്നതിലൂടെ പൗരർക്ക് നീതി നിഷേധിക്കുകയാണ് മോദി സർക്കാർ. കലാപബാധിത സംസ്ഥാനമായ മണിപ്പുരിൽ ചീഫ് ജസ്റ്റിസ് പോലുമില്ല.
ബദൽനയമുള്ള കേരളം തൊഴിൽ നൽകുന്നതിൽ കാണിക്കുന്ന മാതൃകയും ഈയവസരത്തിൽ ശ്രദ്ധിക്കേണ്ടതാണ്. ചെറിയ സംസ്ഥാനമാണെങ്കിലും കഴിഞ്ഞ ഏഴരവർഷത്തിനിടെ രണ്ടേകാൽ ലക്ഷത്തോളംപേർക്കാണ് കേരളം സർക്കാർ മേഖലയിൽ തൊഴിൽ നൽകിയത്. പ്രതിവർഷം മുപ്പതിനായിരത്തിലധികംപേർക്ക് സംസ്ഥാനത്ത് സർക്കാർ ജോലി ലഭിക്കുന്നുണ്ട്. മറ്റു സംസ്ഥാനങ്ങളിൽ പതിനായിരത്തിൽ താഴെമാത്രമാണ് നിയമനം. കേരളത്തിന്റെ ഏഴു മടങ്ങ് ജനസംഖ്യയുള്ള ഉത്തർപ്രദേശിൽ അഞ്ചുവർഷത്തിനിടെ 58,186 നിയമനം മാത്രമാണ് ഉണ്ടായത്. ബിജെപിയുടെ തട്ടിപ്പ് തിരിച്ചറിയാനും ഈ താരതമ്യം സഹായിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..