29 March Friday

യുഎൻ രക്ഷാസമിതി ചർച്ചയും ഇന്ത്യയും

വെബ് ഡെസ്‌ക്‌Updated: Monday Aug 19, 2019

നാലരപ്പതിറ്റാണ്ടിനുശേഷമാണ് യുഎൻ രക്ഷാസമിതി ജമ്മു കശ്മീർ വിഷയം വെള്ളിയാഴ്ച വീണ്ടും ചർച്ച ചെയ്തത്. അടച്ചിട്ടമുറിയിലെ അരമണിക്കൂർ കൂടിക്കാഴ്ചയ്‌ക്കുശേഷം പ്രത്യേക തീരുമാനമില്ലാതെ പിരിഞ്ഞതും ഒരു പ്രസ്താവനപോലും ഇറക്കാതിരുന്നതും ഇന്ത്യക്ക് ആശ്വാസംനൽകുന്ന വാർത്തയാണ്. അഞ്ച് സ്ഥിരാംഗങ്ങളും 10 താൽക്കാലിക അംഗങ്ങളും പങ്കെടുത്ത ചർച്ചയിൽ ബഹുഭൂരിപക്ഷവും ഇന്ത്യയും പാകിസ്ഥാനും ഉഭയകക്ഷി ചർച്ചയിലൂടെ പരിഹരിക്കേണ്ട പ്രശ്നമാണ് കശ്മീർ എന്നാണ് അഭിപ്രായപ്പെട്ടത്. പതിറ്റാണ്ടുകളായി ഇന്ത്യ അനുവർത്തിച്ചുപോരുന്ന സമീപനം തന്നെയാണിത്. യുഎൻ വേദിയിലും ഇതാവർത്തിക്കപ്പെട്ടത് ഇന്ത്യയുടെ നയതന്ത്ര വിജയംതന്നെയാണ്. 

കശ്മീരിന് ഭരണഘടനാപരമായി ലഭിച്ച പ്രത്യേക പദവി നീക്കി സംസ്ഥാനത്തെ രണ്ട് കേന്ദ്ര ഭരണപ്രദേശമാക്കിയ മോഡി ഗവൺമെന്റിന്റെ നടപടിയെ യുഎൻ രക്ഷാസമിതി തള്ളിക്കളയുമോ എന്ന ഭീതിയാണ് ഇന്ത്യക്കുണ്ടായിരുന്നത്. അങ്ങനെ സംഭവിച്ചില്ലെന്നു മാത്രമല്ല, ചൈനയുടെ പിന്തുണയുണ്ടായിട്ടും പാകിസ്ഥാന് അനുകൂലമായ തീരുമാനങ്ങളൊന്നും രക്ഷാസമിതിയിൽനിന്നും നേടിയെടുക്കാനായില്ല. യുഎൻ വഴി നടത്തിയ നീക്കം പരാജയപ്പെട്ടപ്പോഴാണ് അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിക്കുമെന്ന പ്രഖ്യാപനം പാകിസ്ഥാനിൽനിന്നുണ്ടായത്. എങ്ങനെയും കശ്മീർ വിഷയത്തെ അന്താരാഷ്ട്ര വിഷയമാക്കി നിലനിർത്തുക എന്നതാണ് പാകിസ്ഥാന്റെ നീക്കമെന്ന് ഇതിൽനിന്നു വ്യക്തം.
യുഎൻ രക്ഷാസമിതിയിൽ പ്രഥമ വിജയം നേടാനായെങ്കിലും ഇനിയുള്ള നീക്കങ്ങൾ സൂക്ഷ്‌മതയോടെ നടത്തിയില്ലെങ്കിൽ ഇന്ത്യക്ക് തിരിച്ചടിയുണ്ടാകും. അതില്ലാതെ നോക്കേണ്ട ചുമതല രാജ്യം ഭരിക്കുന്ന ഗവൺമെന്റിനും വിദേശമന്ത്രാലയത്തിനുമാണുള്ളത്. രക്ഷാസമിതിയിൽ വിഷയം ചർച്ചയ്‌ക്കെടുത്തപ്പോൾ ഇന്ത്യക്ക് പിന്തുണയുമായി മൂന്ന് രാഷ്ട്രം മാത്രമാണ് അടിയുറച്ചുനിന്നത്. അമേരിക്കയും ഫ്രാൻസും റഷ്യയുമാണ്‌ അത്. ബ്രിട്ടൻ വ്യക്തമായൊരു നിലപാട് എടുത്തില്ല. പാകിസ്ഥാനോട് ബ്രിട്ടന്റെ ചായ്‌‌വ്‌ എന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

രക്ഷാസമിതി ചർച്ചയിൽ ഇന്ത്യയെ പിന്തുണച്ചെങ്കിലും പിന്നീട് റഷ്യ നയംമാറ്റത്തിനുള്ള സൂചന നൽകിയത് ഗൗരവത്തോടെ മാത്രമേ വീക്ഷിക്കാനാകൂ. റഷ്യയുടെ ഫസ്റ്റ് ഡെപ്യൂട്ടി സ്ഥിരം പ്രതിനിധി ദിമിത്രി പോളിയാൻസ്കിയാണ്‌ ട്വിറ്ററിലൂടെ പരമ്പരാഗത കശ്മീർ നയത്തിൽനിന്നു റഷ്യ വ്യതിചലിക്കുകയാണെന്ന സൂചന നൽകിയത്. 1972ലെ ഷിംല കരാറിന്റെയും 1999ലെ ലാഹോർ പ്രഖ്യാപനത്തിന്റെയും അടിസ്ഥാനത്തിൽ കശ്മീർ പ്രശ്നം ഉഭയകക്ഷി ചർച്ചയിലൂടെ ഇന്ത്യയും പാകിസ്ഥാനും പരിഹരിക്കണമെന്ന നയമാണ് രക്ഷാസമിതി യോഗത്തിൽ റഷ്യ ആവർത്തിച്ചത്. എന്നാൽ, തുടർന്നു നൽകിയ ട്വീറ്റിലാണ് ‘യുഎൻ പ്രമാണ’ത്തിന്റെയും ‘യുഎൻ പ്രമേയ’ത്തിന്റെയും അടിസ്ഥാനത്തിൽ കശ്മീർ പ്രശ്നം പരിഹരിക്കണമെന്ന് പോളിയാൻസ്കി കൂട്ടിച്ചേർത്തത്. ഹിതപരിശോധനയ്‌ക്ക് ശുപാർശ ചെയ്ത 1948ലെ പ്രമേയത്തെക്കുറിച്ചാണ് റഷ്യ ഓർമപ്പെടുത്തിയത്. കശ്മീർ വിഷയം ഉയർന്നപ്പോഴെല്ലാം വീറ്റോ അധികാരം ഉപയോഗിച്ചും ഇന്ത്യയെ പിന്തുണച്ച റഷ്യയുടെ ഈ നയംമാറ്റം ഭാവിയിൽ ഇന്ത്യക്ക് ദോഷംചെയ്യുമെന്ന കാര്യത്തിൽ സംശയമില്ല.

ഇന്ത്യ അമേരിക്കയോട് കൂടുതൽ അടുക്കുന്നതും റഷ്യയേക്കാൾ അമേരിക്കയെ പ്രതിരോധ ഇടപാടുകൾക്ക് ആശ്രയിക്കുന്നതുമാണ് മോസ്കോയുടെ മനംമാറ്റത്തിനു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. അഫ്ഗാനിസ്ഥാനിൽ റഷ്യയുടെ താൽപ്പര്യം സംരക്ഷിക്കാൻ പാകിസ്ഥാന്റെ സഹായം വേണമെന്നതും ഈ നയംമാറ്റത്തിനു കാരണമാകാം. കശ്മീർ വിഷയം വീണ്ടും സജീവമായി ഉയർത്തപ്പെടുന്ന സാഹചര്യത്തിൽ റഷ്യയുടെ പിന്തുണ ഇന്ത്യക്ക് അനിവാര്യമാണ്. അത് തുടർന്നും ഉറപ്പാക്കാനുള്ള നടപടികൾ കേന്ദ്രം സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കാം.

കശ്മീർ വിഷയം അന്താരാഷ്ട്രവേദികളിൽ ചർച്ച ചെയ്യപ്പെടരുതെന്ന് ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് ഇന്ത്യ തന്നെയാണ്. എന്നിട്ടും പാകിസ്ഥാന്റെ നയതന്ത്രനീക്കത്തിന്റെ ഭാഗമായി നാലരപ്പതിറ്റാണ്ടിനുശേഷം വിഷയം വീണ്ടും രക്ഷാസമിതിയിലെത്തി. 1971ലാണ് അവസാനമായി യുഎൻ ഇന്ത്യ പാക് ബന്ധത്തെക്കുറിച്ച് ചർച്ച ചെയ്തത്, ബംഗ്ലാദേശ് വിമോചനയുദ്ധവേളയിൽ. ഇക്കുറി അനൗപചാരിക ചർച്ച മാത്രമാണ് നടന്നതെങ്കിലും അതുപോലും ഇന്ത്യ ആഗ്രഹിക്കുന്നതല്ല. ഷിംല കരാറും ലാഹോർ പ്രഖ്യാപനവും അടിവരയിട്ടത് ഉഭയകക്ഷി ചർച്ചയിലൂടെ പ്രശ്നം പരിഹരിക്കുക എന്നതാണ്. എന്നാൽ, ഇപ്പോൾ മൂന്നാംകക്ഷി ഇടപെടലിനെക്കുറിച്ചുള്ള ചർച്ചപോലും ഉയരുകയാണ്. പ്രധാനമന്ത്രി മോഡി തന്നെയാണ് കശ്മീർ പ്രശ്നത്തിൽ ഇടപെടാൻ തന്നോട് ആവശ്യപ്പെട്ടതെന്ന് അമേരിക്കൻ പ്രസിഡന്റ് ട്രംപ് പറയുകയുണ്ടായി. ഇന്ത്യ ഇത് ശക്തമായി നിഷേധിച്ചെങ്കിലും ട്രംപ് വീണ്ടും ഇതേക്കുറിച്ച് സംസാരിക്കുകയുണ്ടായി. യുഎൻ രക്ഷാസമിതി വിഷയം ചർച്ചയ്‌ക്കെടുക്കുന്നതിന് തൊട്ടുമുമ്പുപോലും ട്രംപ് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനോടു പറഞ്ഞത് ഉഭയകക്ഷി ചർച്ചയിലൂടെ സംഘർഷം ലഘൂകരിക്കണമെന്നാണ്. അതിനർഥം സംഘർഷം നിലവിലുണ്ടെന്നാണ് അമേരിക്കൻ പ്രസിഡന്റിന്റെ വിലയിരുത്തൽ. ഇതിനോടുള്ള മോഡി സർക്കാരിന്റെ പ്രതികരണം അറിയാൻ താൽപ്പര്യമുണ്ട്. ഏറെക്കാലമായി അന്താരാഷ്ട്രസമൂഹം ചർച്ച ചെയ്യാതിരുന്ന കശ്മീർ വിഷയം വീണ്ടും അന്താരാഷ്ട്രവേദികളിൽ സജീവമാകുന്നത് ഇന്ത്യയുടെ താൽപ്പര്യങ്ങളെ ഒരുതരത്തിലും സംരക്ഷിക്കില്ലെന്ന് ഉറപ്പാണ്. അതൊഴിവാക്കാനുള്ള നടപടി മോഡി സർക്കാർ സ്വീകരിക്കുമോ?


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top