24 April Wednesday

എയ്ഡ്സ് പ്രതിരോധം: ഇന്ത്യ ഇനിയും മുന്നേറണം

വെബ് ഡെസ്‌ക്‌Updated: Tuesday Jul 25, 2017


ലോകം ഒരുകാലത്ത് ഭീതിയോടെ വീക്ഷിച്ച എയ്ഡ്സിനെക്കുറിച്ച് ആശ്വാസകരമായ വിവരങ്ങളാണ് യുഎന്‍ എയ്ഡ്സ് റിപ്പോര്‍ട്ടിലൂടെ പുറത്തുവന്നത്. ലോകത്തെ എച്ച്ഐവി ബാധിതരില്‍ പകുതിയിലേറെപേര്‍ക്കും ഇപ്പോള്‍ ചികിത്സ ലഭിക്കുന്നുവെന്നതാണ് ഇതില്‍ ഏറ്റവും ശ്രദ്ധേയം. ഈ മഹാമാരിയെ ശാസ്ത്രലോകം കണ്ടെത്തിയശേഷം ചികിത്സാരംഗത്ത് വലിയ മുന്നേറ്റം സാധ്യമായ കാലഘട്ടമാണിത്. ഈ നേട്ടങ്ങള്‍ക്കിടയിലും ഇന്ത്യയെ അലോസരപ്പെടുത്തുന്ന വിവരങ്ങള്‍ റിപ്പോര്‍ട്ടിലുണ്ട്. 2016ല്‍ പുതുതായി എച്ച്ഐവി ബാധിതരായവരില്‍ 95 ശതമാനവും 10 രാജ്യങ്ങളില്‍നിന്നുള്ളവരാണ്. ഇതില്‍ ഒരു രാജ്യം ഇന്ത്യയാണ്. ഈ പത്ത് രാജ്യങ്ങള്‍ ഒഴിച്ചുള്ളവരെല്ലാം എയ്ഡ്സ് പ്രതിരോധത്തില്‍ ഏറെ മുന്നേറിയപ്പോള്‍ ഇന്ത്യ ഉള്‍പ്പെടെ പഴയനിലയില്‍ തുടരുന്നുവെന്നത് ആശങ്ക ഉളവാക്കുന്നു.

ആഫ്രിക്കന്‍ കരിങ്കുരങ്ങുകളില്‍നിന്ന് മനുഷ്യരിലേക്ക് പകര്‍ന്നതെന്ന് കരുതപ്പെടുന്ന അക്യുയേര്‍ഡ് ഇമ്യൂണോ ഡെഫിഷ്യന്‍സി സിന്‍ഡ്രോം എന്ന മാരകരോഗം 1981ല്‍ അമേരിക്കയിലാണ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. രോഗബാധിതരുമായുള്ള ലൈംഗികബന്ധം, സ്വവര്‍ഗരതി, രക്തസമ്പര്‍ക്കം, മയക്കുമരുന്ന് കുത്തിവയ്ക്കല്‍ തുടങ്ങിയവയിലൂടെ പകരുന്ന എച്ച്ഐവി വൈറസ് മനുഷ്യന്റെ പ്രതിരോധശേഷി നശിപ്പിച്ച് വിവിധ രോഗങ്ങള്‍ക്ക് അടിമയാക്കുന്നു. പതുക്കെപ്പതുക്കെ മരണത്തിലേക്ക് തള്ളിവിടുന്നു. തുടക്കത്തില്‍ അന്ധാളിച്ചുനിന്ന വൈദ്യശാസ്ത്രം ഇന്ന് ചികിത്സാരംഗത്ത് ഏറെ നേട്ടങ്ങള്‍ കൈവരിച്ചിരിക്കുന്നു. പ്രതിരോധശേഷി നഷ്ടപ്പെടുത്തുന്ന രോഗങ്ങള്‍ പലതുണ്ടെങ്കിലും വൈറസ് വഴി പടര്‍ന്നുപിടിക്കാനുള്ള സാധ്യതയാണ് എയ്ഡ്സിനെ ഭയാനകമാക്കിയത്.

ഈ ഭയം ഒരുതരത്തില്‍ ഗുണകരമാകുകയും രോഗപ്പകര്‍ച്ച തടയാനുള്ള മുന്‍കരുതല്‍ ലോകമെങ്ങും ശക്തിപ്പെടുകയുംചെയ്തു. എയ്ഡ്സ് രോഗബാധ കുത്തനെ ഉയര്‍ന്നശേഷം നടന്ന ലോകവ്യാപക ബോധവല്‍ക്കരണം നല്ല ഫലം ചെയ്തു. 1997ല്‍ പുതുതായി രോഗംബാധിച്ചവരുടെ എണ്ണം 32 ലക്ഷമായിരുന്നെങ്കില്‍ 2016 ആകുമ്പോഴേക്ക് 18 ലക്ഷമായി കുറഞ്ഞു. എയ്ഡ്സുമായി ബന്ധപ്പെട്ടുണ്ടാകുന്ന മരണങ്ങള്‍ ഒരു പതിറ്റാണ്ടിനുമുമ്പുള്ളതിനെ അപേക്ഷിച്ച് പകുതികണ്ട് കുറഞ്ഞു. 2005ല്‍ 19 ലക്ഷംപേര്‍ മരിച്ചസ്ഥാനത്ത് 2016ല്‍ 10 ലക്ഷമായി. രോഗബാധനിരക്ക് കുറയുന്നുണ്ടെങ്കിലും 2010നുശേഷം മന്ദഗതിയിലായി. ഈ നില തുടര്‍ന്നാല്‍ 2020ല്‍ അഞ്ചുലക്ഷം എന്ന യുഎന്‍ ലക്ഷ്യം സാധ്യമാകില്ലെന്നാണ് വിദഗ്ധരുടെ നിഗമനം. 3.67 കോടി പേര്‍ എച്ച്ഐവി ബാധിതരാണെന്നാണ് കണക്ക്. ഇതില്‍ രണ്ടുകോടിയോളംപേര്‍ക്കാണ് നിലവില്‍ ചികിത്സ ലഭ്യമാകുന്നത്. 2020ല്‍ ഇത് മൂന്നുകോടിയാക്കണമെന്നും യുഎന്‍ എയ്ഡ്സ് ലക്ഷ്യമിടുന്നു. ചികിത്സ ആവശ്യമുള്ള ഒരാളും ഒഴിഞ്ഞുപോകരുതെന്നാണ് ദീര്‍ഘകാല ലക്ഷ്യം.

ഇന്ത്യയില്‍ 2005 കാലഘട്ടത്തില്‍ പ്രതിവര്‍ഷം ഒന്നരലക്ഷം പേര്‍ പുതുതായി എച്ച്ഐവി ബാധിതരായിരുന്നു. ഇപ്പോഴിത് 80,000 ആയി ചുരുങ്ങി. ആകെ രോഗബാധിതരുടെ എണ്ണം 21 ലക്ഷവും. എയ്ഡ്സ് രോഗികളെ ചികിത്സയ്ക്ക് വിധേയരാക്കുന്നതില്‍ പ്രധാനതടസ്സം മരുന്ന് ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ടാണ്. മരുന്നുകളുടെ ലഭ്യതക്കുറവും ദരിദ്ര-ഇടത്തരം വിഭാഗങ്ങള്‍ക്ക് താങ്ങാനാകാത്ത വിലയുമാണ് എയ്ഡ്സ് ചികിത്സയില്‍ ലക്ഷ്യപ്രാപ്തിക്ക് വിഘാതമാകുന്ന ഘടകങ്ങള്‍. ഇക്കാര്യത്തില്‍ ഇന്ത്യക്ക് ശ്രദ്ധേയമായ നേട്ടം കൈവരിക്കാന്‍ സാധിച്ചിട്ടുണ്ടെന്ന് യുഎന്‍ എയ്ഡ്സ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. എയ്ഡ്സ് ഉള്‍പ്പെടെയുള്ള രോഗങ്ങളുടെ മരുന്നുകളെ ബൌദ്ധിക സ്വത്തവകാശത്തിന്റെയും അന്താരാഷ്ട്ര വ്യാപാരകരാറുകളുടെയും നൂലാമാലകളില്‍നിന്ന് വിമുക്തമാക്കിയിട്ട് ഒരു വ്യാഴവട്ടം പിന്നിട്ടെങ്കിലും 'പകര്‍ച്ചവ്യാധി' യുടെ നിര്‍വചനത്തിന്റെ കാര്യത്തില്‍പോലും ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ ഇനിയും ഏകാഭിപ്രായം ഉണ്ടായിട്ടില്ല.

എയ്ഡ്സ് പ്രതിരോധവുമായി ബന്ധപ്പെട്ട് 90-90-90 എന്ന ലക്ഷ്യരേഖയാണ് 'യുഎന്‍ എയ്ഡ്സ'് മുന്നോട്ടുവയ്ക്കുന്നത്. എച്ച്ഐവി പോസിറ്റീവ് ആയവരില്‍ 90 ശതമാനത്തെയും രോഗബാധിതരെന്നനിലയില്‍ തിരിച്ചറിയുക, ഇവരില്‍ 90 ശതമാനത്തിനും  ഫലപ്രദമായ ചികിത്സ നല്‍കുക, ഇവരില്‍ 90 ശതമാനത്തില്‍നിന്നെങ്കിലും വൈറസ് പകര്‍ച്ച തടയുക ഇതാണ് പ്രവര്‍ത്തനപദ്ധതി. ഈ ലക്ഷ്യരേഖ ലോകത്താകമാനം പ്രവൃത്തിപഥത്തിലെത്തുന്നതോടെ എയ്ഡ്സ് എന്ന മാരകരോഗത്തില്‍നിന്ന് മനുഷ്യരാശിക്ക് മോചനം സാധ്യമാകും. ഇക്കാര്യത്തില്‍ ലോകഗതിക്കൊപ്പമെത്താന്‍ ഇന്ത്യക്ക് സാധിച്ചില്ലെന്നത് അപായസൂചനയാണ്. ബഹുഭൂരിപക്ഷം ജനങ്ങള്‍ക്കും ശരാശരി ആരോഗ്യരക്ഷാസംവിധാനങ്ങള്‍ പ്രദാനംചെയ്യാന്‍ സാധിക്കാത്ത രാജ്യത്ത് ഇത്തരമൊരു അവസ്ഥ സ്വാഭാവികമാണ്. ഈ പ്രതിസന്ധി മുറിച്ചുകടക്കാനുള്ള ബോധപൂര്‍വവും തീവ്രവുമായ ശ്രമങ്ങളിലേക്ക് കേന്ദ്ര ഭരണാധികാരികളെ ഉണര്‍ത്താന്‍ വഴിവയ്ക്കുന്നതാണ് യുഎന്‍ എയ്ഡ്സ് റിപ്പോര്‍ട്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top