31 May Wednesday

യുവ വീരഗാഥ

വെബ് ഡെസ്‌ക്‌Updated: Tuesday Feb 8, 2022

തുടർച്ചയായി രണ്ടു പന്ത്‌ സിക്സറടിച്ച് ഫൈനൽ ജയിപ്പിച്ച വിക്കറ്റ് കീപ്പർ ദിനേശ് ബാനയുടെ ആത്മവിശ്വാസവും ചങ്കുറപ്പും നൽകുന്നത് ഒരു സന്ദേശമാണ്. അത് ഒറ്റപ്പെട്ടതല്ല, ഇന്ത്യൻ ക്രിക്കറ്റിലെ പുതിയ തലമുറയുടേതാണ്. ‘ഇന്ത്യൻ ക്രിക്കറ്റിനെ നയിക്കാൻ ഞങ്ങൾ വരുന്നു' എന്ന സന്ദേശം സന്തോഷവും അഭിമാനവും നിറയ്ക്കുന്നു.ക്രിക്കറ്റിലെ യുവരക്തത്തിന്റെ വരവറിയിക്കുന്നതാണ് കൗമാര ലോകകപ്പ്. ഇവരൊക്കെയാണ് വരുംനാളുകളിൽ ദേശീയ ടീമുകളുടെ പതാകവാഹകരാകേണ്ടത്. ആ അർഥത്തിൽ അണ്ടർ 19 ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ അഞ്ചാം കിരീടം ഇന്ത്യയെ സംബന്ധിച്ച് ശുഭസൂചനയാണ്. യാഷ് ദൂൽ നയിച്ച സംഘം ഇന്ത്യൻ ക്രിക്കറ്റിനെ ഒരു പതർച്ചയുമില്ലാതെ ചുമലിലേറ്റുമെന്ന് നിസ്സംശയം പറയാം.

പതിനാല് ലോകകപ്പിൽ കൂടുതൽ തവണ ജേതാക്കളായത് ഇന്ത്യയാണ്. മുഹമ്മദ് കൈഫിന്റെ നേതൃത്വത്തിൽ 2000ലാണ് ആദ്യ നേട്ടം. 2008ൽ വിരാട് കോഹ്‌ലിയാണ് വീണ്ടും കിരീടം കൊണ്ടുവന്നത്. 2012ൽ ഉൻമുക്ത് ചന്ദ് നേട്ടം ആവർത്തിച്ചു. 2018ൽ പൃഥ്വി ഷായ്ക്കായിരുന്നു ഊഴം. ഇക്കുറി ഡൽഹിക്കാരൻ യാഷ് ദൂലും ടീമിനെ വിജയകരമായി നയിച്ചു. വെസ്റ്റിൻഡീസിൽ നടന്ന ലോകകപ്പിൽ 16 ടീമാണ് അണിനിരന്നത്. ഫൈനൽ അടക്കം ആറു കളിയിലും ഇന്ത്യയുടെ പ്രകടനം ആധികാരികമായിരുന്നു. ആദ്യ കളിക്കുശേഷം ടീമിൽ കോവിഡ് പടർന്നു. ക്യാപ്റ്റൻ ദൂലും വൈസ് ക്യാപ്റ്റൻ ഷെയ്ഖ് റഷീദും അടക്കം ആറു കളിക്കാർ കോവിഡിന്റെ പിടിയിലായി. പ്രമുഖരില്ലാതെ രണ്ടു കളിയിൽ വിജയം നേടാനായത് ടീമിന്റെ ആത്മവിശ്വാസം വർധിപ്പിച്ചു. ക്വാർട്ടറിൽ കഴിഞ്ഞ തവണത്തെ ജേതാക്കളായ ബംഗ്ലാദേശിനെയും സെമിയിൽ കരുത്തരായ ഓസ്ട്രേലിയയെയും തോൽപ്പിക്കാനായത് ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ ഊർജമായി.

പ്രതിസന്ധികളിൽ തളരാത്ത ക്യാപ്റ്റനെന്ന ഖ്യാതി പത്തൊമ്പതുകാരൻ ദൂൽ സ്വന്തമാക്കി. നേതൃപാടവത്തിനൊപ്പം ബാറ്റിങ്ങിലും തിളങ്ങി. വൈസ് ക്യാപ്റ്റനായ ആന്ധ്രയിൽനിന്നുള്ള പതിനേഴുകാരൻ ഷെയ്ഖ് റഷീദ് ക്യാപ്റ്റന് നല്ല കൂട്ടായി. ഓപ്പണർ അൻഗൃഷ് രഘുവൻഷി, ഫൈനലിലെ താരം രാജ് ബാവ, ദൂലിന്റെ അഭാവത്തിൽ ടീമിനെ നയിച്ച നിഷാന്ത് സിന്ധു എന്നിവർ ഭാവിയിലും ഉയർന്നുകേൾക്കാവുന്ന പേരുകളാണ്. പന്തേറുകാരിലും മിടുക്കരുണ്ട്. പേസർമാരായ രവികുമാറും ഹംഗർഗേക്കറും സ്പിന്നർ വിക്കി ഒസ്താളും മിനുക്കിയെടുത്താൽ ഭാവിയിലെ മൂർച്ചയേറിയ ആയുധങ്ങളാണ്. ഇവരെ കാത്തിരിക്കുന്നത് ദേശീയ സീനിയർ കുപ്പായമാണ്. അതിലേക്കുള്ള വഴി എളുപ്പമല്ല. കഠിനാധ്വാനവും ആത്മസമർപ്പണവും പ്രധാനമാണ്. സജീവമായ ആഭ്യന്തര ക്രിക്കറ്റും ഐപിഎല്ലും ചവിട്ടുപടികളാണ്. പക്ഷേ, മുന്നോട്ടുള്ള വഴിയിലെ സമ്മർദങ്ങളിലും പ്രലോഭനങ്ങളിലും വീണുപോകാതെ കാത്ത്‌ സംരക്ഷിക്കേണ്ടതുണ്ട്.  അതിനുള്ള ഉത്തരവാദിത്വം ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിനുണ്ട് (ബിസിസിഐ). കോഹ്‌ലിയും യുവരാജ് സിങ്ങും രവീന്ദ്ര ജഡേജയുമൊക്കെ ദേശീയ ടീമിലേക്ക് വന്ന വഴിയാണ് ഇത്. അവരെ നാം ഓർക്കുന്നു. പക്ഷേ, അവർക്കൊപ്പം ജൂനിയർതലത്തിൽ മിന്നിത്തിളങ്ങി പാതിവഴിയിൽ കരിഞ്ഞുപോയവർ എത്രയോ പേർ. ഇന്ത്യൻ ക്രിക്കറ്റിന്റെ ചരിത്രം ജീവിതവഴിയിൽ തോറ്റുപോയവരുടേതുകൂടിയാണ്.

ഇന്ത്യൻ ക്രിക്കറ്റ് മാറ്റത്തിന്റെ വഴിയിലാണ്. ബിസിസിഐ തലപ്പത്ത് സൗരവ് ഗാംഗുലി. പുതിയ കോച്ച് രാഹുൽ ദ്രാവിഡും ക്യാപ്റ്റൻ രോഹിത് ശർമയും. ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ ചുമതലക്കാരനായി വി വി എസ് ലക്ഷ്മൺ. അണ്ടർ 19 മുഖ്യ കോച്ചായി ഋഷികേശ് കനിത്കർ. ഈ വർഷം ട്വന്റി 20 ലോകകപ്പുണ്ട്. അടുത്ത വർഷം ഏകദിന ലോകകപ്പും. പുതിയ ടീം ഒരുക്കുമ്പോൾ തീർച്ചയായും അണ്ടർ 19 ലോകകപ്പ് ജേതാക്കളെ വിസ്മരിക്കാനാകില്ല. ഈ ടൂർണമെന്റ്‌ സൂപ്പർ സ്റ്റാറുകളെ സമ്മാനിക്കുന്നത് ഇന്ത്യക്കു മാത്രമല്ല; അതിൽ പ്രധാനിയാണ് ലോകകപ്പിലെ താരമായ ദക്ഷിണാഫ്രിക്കയുടെ ഡിവാൾഡ് ബ്രെവിസ്. ആറു കളിയിൽ 506 റൺ നേടിയ പതിനെട്ടുകാരൻ മുൻ താരം എ ബി ഡിവില്ലിയേഴ്സിനെ ഓർമിപ്പിക്കുന്നു. ഇംഗ്ലണ്ടിന്റെ പേസർ ജോഷ്വ ബോയ്ഡൻ, സ്പിന്നർ രേഹൻ അഹമ്മദ്, 17 വിക്കറ്റെടുത്ത് മുന്നിലെത്തിയ ശ്രീലങ്കയുടെ ദുനിത് വെല്ല ലേജ് എന്നിവരൊക്കെ ഭാവിയിൽ മുഴങ്ങിക്കേൾക്കേണ്ടവരാണ്. കൗമാരത്തിന്റെയും യൗവനത്തിന്റെയും ഇടനാഴികളിൽ ഈ തുടിപ്പുകൾ മാഞ്ഞുപോകാതിരിക്കട്ടെ. രാജ്യാന്തരവേദികളിൽ ഇവരുടെ ബാറ്റുകൾ റൺ പൊഴിക്കട്ടെ, പന്തുകൾ വിക്കറ്റ് കൊയ്യട്ടെ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top