28 November Tuesday

ഖെർസണിലെ പിന്മാറ്റം സമാധാനത്തിന്‌ വഴിതുറക്കുമോ

വെബ് ഡെസ്‌ക്‌Updated: Monday Nov 14, 2022


ഉക്രയ്‌നിലെ ഖെർസൺ നഗരത്തിൽനിന്ന്‌ റഷ്യൻസേന പിന്മാറി. എട്ടരമാസമായി തുടരുന്ന ഉക്രയ്‌ൻ യുദ്ധത്തിൽ ആദ്യം കീഴടക്കിയ നഗരങ്ങളിൽ ഒന്നായ ഖെർസണിൽനിന്നുള്ള പിന്മാറ്റം റഷ്യക്ക്‌ കനത്ത തിരിച്ചടിയാണ്‌. സെപ്‌തംബർ മുപ്പതിനാണ്‌ ഉക്രയ്നിലെ ലുഹാൻസ്‌ക്ക്‌, ഡോൺടസ്‌ക്, സർപോറിഷിയ, ഖെർസൺ എന്നീ മേഖലകൾ ‘എല്ലാക്കാലത്തേക്കു’മായി റഷ്യയുടെ ഭാഗമായതായി റഷ്യൻ പ്രസിഡന്റ്‌ പുടിൻ പ്രഖ്യാപിച്ചത്‌. എന്നാൽ, നവംബർ ഒമ്പതിന്‌ ഖെർസണിൽനിന്നു പിന്മാറുകയാണെന്ന്‌ റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. നിപെർ നദിക്ക്‌ പടിഞ്ഞാറുവശത്തുള്ള ഖെർസണിൽനിന്ന്‌ കിഴക്ക്‌ ഭാഗത്തേക്കാണ്‌ 30,000 വരുന്ന റഷ്യൻ സൈനികരും അയ്യായിരത്തിലധികം വരുന്ന ടാങ്കുകൾ ഉൾപ്പെടെയുള്ള യുദ്ധോപകരണങ്ങളും റഷ്യൻസേന പിൻവലിച്ചിട്ടുള്ളത്‌. സ്വാഭാവികമായും ഉക്രയ്‌ൻ സേന ഖെർസൺ നഗരത്തിന്റെ നിയന്ത്രണം തിരിച്ചുപിടിച്ചു.  കീവിലും ഖാർക്കീവിലും ഉക്രയ്‌ൻ സൈന്യം നടത്തിയ മുന്നേറ്റം ഖെർസണിലും ദൃശ്യമായി.  

എന്നാൽ, റഷ്യയുടെ ഈ പിന്മാറ്റം യുദ്ധത്തിന്‌ അറുതിയിടാൻ എതെങ്കിലും രീതിയിൽ സഹായിക്കുമോ എന്നതാണ്‌ പ്രധാന ചോദ്യം. അത്തരമൊരു നീക്കവും ഉക്രയ്‌നിന്റെയോ അവർക്ക്‌ ആയുധം നൽകി വൻപിന്തുണ നൽകുന്ന അമേരിക്കയുടെയോ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല. എട്ടരമാസത്തിലധികമായി തുടരുന്ന യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയ്‌ക്ക്‌ ഏൽപ്പിച്ച ആഘാതം ചെറുതല്ല. ആൾനാശം വേറെയും. അതുകൊണ്ടുതന്നെ ഈ യുദ്ധം  അവസാനിക്കണമെന്നാണ്‌ ലോക ജനത ആഗ്രഹിക്കുന്നത്‌. എന്നാൽ, ഉക്രയ്‌ന്‌ സാമ്പത്തികവും സായുധവുമായ സഹായം നൽകി യുദ്ധം തുടരാനുള്ള പ്രേരണയാണ്‌ അമേരിക്കയുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്‌. ആയുധ നിർമാണത്തിൽ ഏർപ്പെട്ടിരിക്കുന്ന കോർപറേറ്റുകളുടെ താൽപ്പര്യം മാത്രമല്ല ഇതിനു പിന്നിലുള്ളത്‌. മേഖലയിൽ റഷ്യയുടെയും ചൈനയുടെയും സ്വാധീനം കുറയ്‌ക്കുകയും അമേരിക്കയുടെ ലക്ഷ്യമാണ്‌. സിപിഐ എം 23–-ാം പാർടി കോൺഗ്രസ്‌ ചൂണ്ടിക്കാട്ടിയതുപോലെ റഷ്യയും അമേരിക്കൻ നേതൃത്വത്തിലുള്ള നാറ്റോയും തമ്മിലാണ്‌ ഉക്രയ്‌നിൽ യുദ്ധം നടക്കുന്നത്‌. അമേരിക്ക ഇതിനകം 1830 കോടി ഡോളറിന്റെ (1,48,230 കോടി രൂപയുടെ) സൈനിക സഹായമാണ്‌ ഉക്രയ്‌ന്‌ നൽകിയിട്ടുള്ളത്‌. ഒക്ടോബർ 14ന്‌ 725 ദശലക്ഷം ഡോളറിന്റെ സുരക്ഷാ സഹായംകൂടി പ്രഖ്യാപിച്ചിട്ടുണ്ട്‌. ഇതിനെല്ലാം പുറമെ 5000 കോടി ഡോളറിന്റെ പാക്കേജ്‌ പ്രഖ്യാപിക്കാനും അമേരിക്കയ്‌ക്ക്‌ പദ്ധതിയുണ്ട്‌. തങ്ങളുടെ ലോകമേധാവിത്വം നിലനിർത്തുന്നതിന്‌ അമേരിക്ക നൽകുന്ന വിലയാണ്‌ ഇത്‌.

റഷ്യയുടെ പിന്മാറ്റം തന്ത്രപരമാണെന്നും കൂടുതൽ കരുത്തോടെ വീണ്ടും ആക്രമണം ആരംഭിക്കാനുള്ള സാധ്യതയാണ്‌ തെളിയുന്നതെന്നുമാണ്‌ റഷ്യൻ വൃത്തങ്ങൾ നൽകുന്ന സൂചന. ശീതകാലം സൈനിക നീക്കങ്ങൾക്ക്‌ ഉചിതമല്ല എന്നതും പിന്മാറ്റത്തിന്‌ പ്രേരണയായിട്ടുണ്ടാകാം. സൈനികരെ കൂട്ടക്കൊലയിൽനിന്ന്‌ രക്ഷിക്കാനാണ്‌ റഷ്യയുടെ പിന്മാറ്റമെന്നാണ്‌ ‘ഗാർഡിയൻ’ പത്രത്തിന്റെ വിലയിരുത്തൽ.  കൂടുതൽ സൈനികരെ ഉൾപ്പെടുത്തി വലിയ സൈനിക മുന്നേറ്റത്തിനാണ്‌  റഷ്യ തയ്യാറെടുക്കുന്നതത്രെ.  2014ൽ റഷ്യ കീഴ്‌പ്പെടുത്തിയ ക്രിമിയയിലേക്കുള്ള കരമാർഗം നഷ്ടപ്പെടുത്താൻ റഷ്യ ആഗ്രഹിക്കുന്നില്ലെന്നതാണ്‌ ഇതിനു കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്‌. അതുകൊണ്ടുതന്നെ ഖെർസണിലേക്ക്‌ കാലവസ്ഥ അനുകൂലമായാൽ വീണ്ടും സൈനികരെ അയക്കില്ലെന്നതിന്‌ ഒരു ഉറപ്പും നൽകാനാകില്ല. അതായത്‌ യുദ്ധം അനന്തമായി തുടരാനാണ്‌ സാധ്യത.

എന്നാൽ, ചർച്ചയ്‌ക്ക്‌ തയ്യാറാണെന്ന്‌ റഷ്യ ആവർത്തിക്കുന്നുണ്ട്‌. ഡെപ്യൂട്ടി വിദേശമന്ത്രി സെർജി റബ്‌ക്കോവ്‌ മുൻ ഉപാധികളില്ലാതെയുള്ള സംഭാഷണത്തിന്‌ തയ്യാറാണെന്ന്‌ വ്യക്തമാക്കിയിട്ടുണ്ട്‌. യൂറോപ്പിലെ ഭൂരിപക്ഷം രാഷ്ട്രീയ കക്ഷികളും സമാധാനം പുനഃസ്ഥാപിക്കണമെന്ന ആവശ്യം ഉയർത്തിയിട്ടുണ്ട്‌. എന്നാൽ, അമേരിക്ക അതിന്‌ അനുകൂലമായി പ്രതികരിച്ചിട്ടില്ല. ബൈഡൻ ഭരണകൂടം ചർച്ചയ്‌ക്ക് തയ്യാറാണെന്ന്‌ ‘ന്യൂയോർക്ക്‌ ടൈംസും’ ‘സിഎൻഎന്നും’ റിപ്പോർട്ട്‌ ചെയ്‌തെങ്കിലും അതിനുള്ള സൂചനയൊന്നും ലഭ്യമല്ല. അമേരിക്കൻ സൈന്യം സമാധാന സംഭാഷണത്തിന്‌ തയ്യാറാണെന്നും എന്നാൽ, സെക്രട്ടറി ഓഫ്‌ സ്‌റ്റേറ്റ്‌ ആന്റണി ബ്ലിങ്കനും ദേശീയ സുരക്ഷാ ഉപദേഷ്ടാവ്‌ ജെയ്ക്ക്‌ സള്ളിവാനും അതിന്‌ എതിരാണെന്നുമുള്ള റിപ്പോർട്ടുകളാണ്‌ പുറത്തുവരുന്നത്‌. ഖെർസണിൽനിന്നുള്ള റഷ്യൻ പിന്മാറ്റത്തിന്റെ പശ്ചാത്തലത്തിൽ ഉക്രയ്‌ൻ യുദ്ധം അവസാനിപ്പിക്കാനുള്ള നീക്കത്തിനാണ്‌ ലോകസമൂഹം മുൻകൈയെടുക്കേണ്ടത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top