26 April Friday

ഉക്രെയ്‌നിൽ അമേരിക്ക ലക്ഷ്യമിടുന്നത്‌

വെബ് ഡെസ്‌ക്‌Updated: Thursday Feb 3, 2022


ഉക്രെയ്‌നിനെ റഷ്യൻ ആക്രമണത്തിൽനിന്ന്‌ രക്ഷിക്കാനെന്ന ഭാവത്തിൽ കിഴക്കൻ യൂറോപ്പിൽ യുദ്ധാന്തരീക്ഷം സൃഷ്ടിക്കാൻ തീവ്രശ്രമത്തിലാണ്‌ അമേരിക്ക. ചൈനയെ ലക്ഷ്യമിട്ട്‌ ഏഷ്യയിൽ യുദ്ധാന്തരീക്ഷം സൃഷ്ടിക്കുന്നതിനു പുറമേയാണ്‌ അമേരിക്ക മറ്റൊരു ഭൂമേഖലയിലും അശാന്തി പടർത്താൻ ശ്രമിക്കുന്നത്‌. മൂന്നു പതിറ്റാണ്ടോളം തങ്ങൾ നിലനിർത്തിപ്പോന്ന ഏക വൻശക്തിയെന്ന സ്ഥാനം നഷ്ടപ്പെടുന്നുവെന്ന തിരിച്ചറിവാണ്‌ ലോക പൊലീസ്‌ ചമയുന്ന അമേരിക്കയുടെ നീക്കങ്ങൾക്ക്‌ ഒരു കാരണം. മറ്റൊന്ന്‌ ഇത്തരത്തിൽ യുദ്ധാന്തരീക്ഷം സൃഷ്ടിക്കുന്നതിലൂടെ തങ്ങളുടെ ആയുധവ്യവസായത്തെ ഉത്തേജിപ്പിക്കാമെന്നും അമേരിക്ക കണക്കാക്കുന്നു. തങ്ങളുടെ പരമ്പരാഗത സഖ്യശക്തികൾ പഴയതുപോലെ അമേരിക്കയെ വിശ്വസിക്കാത്തതും പുതിയ ശിങ്കിടികളെ കണ്ടെത്താൻ അമേരിക്കയെ പ്രേരിപ്പിക്കുന്നുണ്ട്‌.

യൂറോപ്പിൽ റഷ്യ കഴിഞ്ഞാൽ ഏറ്റവും വലിയ രാജ്യമാണ്‌ പഴയ സോവിയറ്റ്‌ യൂണിയന്റെ ഭാഗമായിരുന്ന ഉക്രെയ്‌ൻ. കിഴക്കൻ യൂറോപ്പിലെ സോഷ്യലിസ്റ്റ്‌ വ്യവസ്ഥ അട്ടിമറിക്കപ്പെട്ടവേളയിൽ അന്നത്തെ സോവിയറ്റ്‌ നേതൃത്വത്തിന്‌ അമേരിക്ക നൽകിയ ഉറപ്പുകൾക്ക്‌ വിരുദ്ധമായാണ്‌ പിന്നീട്‌ നാറ്റോയുടെ വ്യാപനമുണ്ടായത്‌. തീർത്തും അമേരിക്കൻ ചൊൽപ്പടിയിലായിരുന്ന ആദ്യ റഷ്യൻ പ്രസിഡന്റ്‌ ബോറിസ്‌ യെൽറ്റ്‌സിന്റെ ഭരണകാലത്ത്‌ ആ വാഗ്ദാനലംഘനം റഷ്യ വകവച്ചിരുന്നില്ലെങ്കിലും പിൻഗാമിയായി വന്ന പുടിൻ റഷ്യയിൽ ആധിപത്യം ഉറപ്പിച്ചതോടെ സ്ഥിതി മാറി. സോവിയറ്റ്‌ യൂണിയന്റെ തകർച്ചയാണ്‌ 20–-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ദുരന്തമെന്ന്‌ കൃത്യമായി മനസ്സിലാക്കുന്നയാളാണ്‌ പുടിൻ. പാശ്ചാത്യ ചേരിയിൽ നിന്ന്‌, വിശേഷിച്ച്‌ അമേരിക്കയിൽനിന്ന്‌ റഷ്യ നേരിടുന്ന ഭീഷണിക്കെതിരെ ഉറപ്പുകൾ വേണമെന്ന്‌ 2007 മുതലെങ്കിലും പുടിൻ ആവശ്യപ്പെടുന്നുണ്ട്‌. എന്നാൽ, ഇതിനെ പുച്ഛിക്കുന്ന നിലപാടാണ്‌ പാശ്ചാത്യചേരിയുടെ ഭാഗത്തുനിന്ന്‌ ഉണ്ടായത്‌. 2008ൽ ബുക്കാറെസ്റ്റിൽ ചേർന്ന നാറ്റോ ഉച്ചകോടി റഷ്യയുടെ ആശങ്കകൾ വകവയ്‌ക്കാതെയാണ്‌ അവരുടെ തൊട്ടയലത്തേക്ക്‌ അമേരിക്കൻ സൈനികസഖ്യത്തിന്റെ വ്യാപനത്തിന്‌ പദ്ധതി പ്രഖ്യാപിച്ചത്‌. ഉക്രെയ്‌നിനും ജോർജിയക്കും നാറ്റോ അംഗത്വം നൽകാനുള്ള നീക്കം പ്രഖ്യാപിച്ചതോടെയാണ്‌ റഷ്യ അതിനെതിരെ കടുത്ത നടപടികളിലേക്ക്‌ തിരിഞ്ഞത്‌.

2008ൽ അന്നത്തെ ജോർജിയൻ പ്രസിഡന്റിന്റെ പ്രകോപനത്തിനു തിരിച്ചടിയായി തെക്കൻ ഒസ്സെറ്റിയയും അബ്‌ഖാസിയയും സ്വയംഭരണം പ്രഖ്യാപിച്ചപ്പോൾ റഷ്യ പിന്തുണച്ചു. 2014ൽ ഉക്രെയ്‌നിൽനിന്ന്‌ ക്രിമിയയും പിടിച്ചെടുത്ത്‌ റഷ്യയോടു ചേർത്തു. ക്രിമിയയിൽ നടത്തിയ ഹിതപരിശോധനയിൽ 94 ശതമാനം ജനങ്ങളാണ്‌ അതിനെ ശരിവച്ചത്‌. കിഴക്കൻ ഉക്രെയ്‌നിലെ ലുഹാൻസ്‌ക്‌, ഡോണെറ്റ്‌സ്‌ക്‌ പ്രവിശ്യകളിൽ ഏഴു വർഷമായി സൈന്യവും റഷ്യൻ അനുകൂലികളും തമ്മിൽ ആഭ്യന്തരയുദ്ധമാണ്‌.

പതിനായിരത്തിലധികം ആളുകൾ ഇതിനകം കൊല്ലപ്പെട്ടു. ഈ പശ്ചാത്തലത്തിലാണ്‌ പുതിയ സ്ഥിതിയെ കാണേണ്ടത്‌. ഉക്രെയ്നിനെ ആക്രമിക്കാനാണ് റഷ്യ അതിർത്തിയിൽ സെെന്യത്തെ വിന്യസിച്ചത് എന്ന് അമേരിക്കൻ ചേരി ആരോപിക്കുന്നു. ഇത് റഷ്യ നിഷേധിച്ചു. മേഖലയിൽ സമാധാനത്തിന്‌ നിർദേശങ്ങളടങ്ങിയ രണ്ട്‌ കരട്‌ കഴിഞ്ഞ ഡിസംബറിൽ റഷ്യ അമേരിക്കക്കും നാറ്റോയ്‌ക്കും നൽകിയിരുന്നു. യൂറോപ്പിൽനിന്ന്‌ അമേരിക്കൻ ആണവായുധങ്ങൾ നീക്കുക, റഷ്യൻ ഭാഗത്തേക്ക്‌ നാറ്റോ വ്യാപിപ്പിക്കുന്നത്‌ നിരോധിക്കുക തുടങ്ങിയ നിർദേശങ്ങൾ സ്വീകാര്യമല്ല എന്നാണ്‌ അമേരിക്കയുടെ നിലപാട്‌.

കഴിഞ്ഞമാസം ജനീവയിലും ബ്രസൽസിലും വിയന്നയിലുമായി വിവിധ തലത്തിൽ നടന്ന ചർച്ചകൾ കാര്യമായ ഫലമുണ്ടാക്കിയില്ല. അമേരിക്കയുടെ പരമ്പരാഗത സഖ്യകക്ഷികളിൽ ചിലതുതന്നെ അവരുടെ ശാഠ്യങ്ങളോട്‌ യോജിക്കുന്നില്ല. യൂറോപ്പിൽ ഇനി അമേരിക്കൻ ആണവായുധങ്ങൾ സ്ഥാപിക്കണമെങ്കിൽ നാറ്റോയിൽ പുതിയ അംഗങ്ങളെ ചേർത്താലേ സാധിക്കൂ. മറ്റുള്ളവ സമ്മതിക്കുന്നില്ല.

യുദ്ധാന്തരീക്ഷത്തിന്‌ ഗൗരവം നൽകാൻ കഴിഞ്ഞദിവസം യുഎൻ രക്ഷാസമിതിയിൽ വിഷയം ചർച്ചചെയ്യുന്നതിന്‌ അനുമതി തേടി അമേരിക്കൻ പ്രമേയം 10 രാജ്യം അംഗീകരിച്ചു. റഷ്യക്കൊപ്പം ചൈനയും എതിർത്തു. ഇന്ത്യ അതിന്‌ തയ്യാറായില്ലെങ്കിലും നിഷ്‌പക്ഷത പാലിച്ച്‌ വിട്ടുനിന്നു. അമേരിക്കയുടെ മെഗാഫോൺ നയതന്ത്രത്തിന്റെ ഭാഗമായ പ്രചാരണത്തട്ടിപ്പ്‌ മാത്രമാണ്‌ ഈ വോട്ടെടുപ്പെന്ന്‌ റഷ്യ ചൂണ്ടിക്കാട്ടുന്നുണ്ട്‌.  ഊർജാവശ്യത്തിനടക്കം റഷ്യയെ ആശ്രയിക്കേണ്ട പല യൂറോപ്യൻ രാജ്യവും നാറ്റോ വ്യാപനത്തോട്‌ വലിയ താൽപ്പര്യം കാണിക്കുന്നില്ല. ഈ ഘട്ടത്തിൽ റഷ്യയുമായി  ഏറ്റുമുട്ടലിന്‌ അമേരിക്ക തയ്യാറാകില്ലെങ്കിലും യുദ്ധപ്രതീതി നിലനിർത്തേണ്ടത്‌ അവരുടെ ആവശ്യമാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top