26 April Friday

അഴിമതിവാഴ്ചയുടെ മുഖപടമഴിയുന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Sep 6, 2016

യുഡിഎഫ് ഭരണത്തിലെ അഴിമതികളുടെ ചുരുളുകള്‍ ഒന്നൊന്നായി നിവരുകയാണ്. ചില യുഡിഎഫ് നേതാക്കള്‍ ആഗ്രഹിക്കുംപോലെ 'പകപോക്കല്‍' ആരോപണമുയര്‍ത്തി തടയിടാവുന്നതല്ല പുറത്തുവരുന്ന വസ്തുതകള്‍. എല്‍ഡിഎഫ് സര്‍ക്കാര്‍ ചുമതലയേറ്റശേഷം പൊട്ടിപ്പുറപ്പെട്ടതല്ല മുന്‍ സര്‍ക്കാരിന്റെ അഴിമതിക്കഥകള്‍. കഴിഞ്ഞ യുഡിഎഫ് ഭരണകാലത്തെ വന്‍അഴിമതി ശൃംഖലയിലെ പ്രധാന വിഷയമായിരുന്നു ബാര്‍കോഴ. ഇതിലെ മുഖ്യകണ്ണികള്‍ കെ എം മാണിയും കെ ബാബുവും. ലൈസന്‍സ് പുതുക്കാന്‍ കോടികള്‍ കോഴ നല്‍കിയകാര്യം ബാര്‍ഉടമകള്‍ തന്നെയാണ് വെളിപ്പെടുത്തിയത്. വിവരം പരസ്യമായതോടെ അന്വേഷണത്തിന് നിര്‍ബന്ധിതരായ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഭരണസ്വാധീനം ഉപയോഗിച്ച് ഉദ്യോഗസ്ഥരെ  നിശബ്ദരാക്കി കേസ് അട്ടിമറിച്ചു. സത്യത്തിന്റെ പക്ഷത്തുനില്‍ക്കാന്‍ ശ്രമിച്ച ഉദ്യോഗസ്ഥരെ സ്ഥാനത്തുനിന്നു മാറ്റുകയും പീഡിപ്പിക്കുകയും ചെയ്തു. ഇതിനിടയില്‍ കോടതിയില്‍നിന്ന് ഉണ്ടായ കടുത്ത പരാമര്‍ശത്തെ തുടര്‍ന്നാണ് കെ എം മാണിക്ക് രാജിവയ്ക്കേണ്ടി വന്നത്. ഇതേ വിമര്‍ശനം നേരിട്ട കെ ബാബു രാജിനല്‍കിയെങ്കിലും അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പോക്കറ്റില്‍വച്ചു. ഒഴിഞ്ഞുപോകാന്‍ നിര്‍ബന്ധിതനായ ബാബുവിനെ തിരിച്ചുകൊണ്ടുവരാനായിരുന്നു ഉമ്മന്‍ചാണ്ടിയുടെ തീരുമാനം. മാണിയെ പുറത്തുനിര്‍ത്തി ബാബുവിനെ സംരക്ഷിച്ചതിലെ മുറുമുറുപ്പുകള്‍ക്കിടയില്‍ നടന്ന വിജിലന്‍സ് അന്വേഷണത്തില്‍ ഇരുവരെയും കുറ്റവിമുക്തരാക്കുന്ന കാഴ്ചയാണ് കേരളം കണ്ടത്. ഇത്തരത്തില്‍ വിജിലന്‍സിനെയും മറ്റ് അന്വേഷണ സംവിധാനങ്ങളെയും നഗ്നമായി ദുരുപയോഗിച്ചാണ് ബാര്‍കോഴ കേസില്‍നിന്ന് തലയൂരാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ശ്രമിച്ചത്.

ഇക്കാര്യങ്ങളെല്ലാം അതത് ഘട്ടത്തില്‍തന്നെ എല്‍ഡിഎഫ് ശക്തമായി ജനങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിക്കുകയും പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തു. തെരഞ്ഞെടുപ്പില്‍ ഈ അഴിമതിപ്പണ്ടാരങ്ങളെ ചുമന്നാല്‍ തോല്‍വി ഉറപ്പാണെന്ന നിലപാടിലായിരുന്നു കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍. ആഴ്ചകളോളം നീണ്ട ഗ്രൂപ്പുവടംവലിയില്‍ കെ ബാബുവിനെ ഉള്‍പ്പെടെ മത്സരത്തിനിറക്കി ഉമ്മന്‍ചാണ്ടി വിജയശ്രീലാളിതനായി. പാര്‍ടി പിളരുമെന്നത് ഉള്‍പ്പെടെ കടുത്ത ഭീഷണിയും സമ്മര്‍ദവും പ്രയോഗിച്ചാണ് ഉമ്മന്‍ചാണ്ടി ഹൈക്കമാന്‍ഡിനെയും കെപിസിസി പ്രസിഡന്റിനെയും മലര്‍ത്തിയടിച്ചത്. എന്നാല്‍, അഴിമതിയില്‍ അടിമുടി മുങ്ങിയ യുഡിഎഫ് ഭരണത്തെ തൂത്തെറിയാനുള്ള അവസരം ജനങ്ങള്‍ ആവേശപൂര്‍വമാണ് വിനിയോഗിച്ചത്. കെപിസിസി പ്രസിഡന്റിന്റെ ഭാഷ കടമെടുത്താല്‍ കെ ബാബു ഉള്‍പ്പെടെയുള്ള കളങ്കിതരും കോണ്‍ഗ്രസും യുഡിഎഫും തറപറ്റി.

   നേരത്തെ തുടങ്ങിയ അന്വേഷത്തിന്റെ തുടര്‍ച്ച മാത്രമാണ് ഇപ്പോഴത്തെ വിജിലന്‍സ് നടപടികള്‍. കണ്ടെത്തിയ അഴിമതികള്‍ക്കുള്ള തെളിവുകള്‍ ശേഖരിക്കാനായിരുന്നു ആരോപിതരുടെ ആസ്ഥാനങ്ങളില്‍ ഒരേ സമയത്ത് റെയ്ഡ്. വിജിലന്‍സ് ഡയറക്ടര്‍ വ്യക്തമാക്കിയപോലെ അഴിമതി അവസാനിപ്പിക്കുകയെന്ന സര്‍ക്കാര്‍ നയമാണ് ഉദ്യോഗസ്ഥര്‍ നടപ്പാക്കുന്നത്.  വസ്തുതകളും രേഖകളും മൊഴികളും അട്ടിമറിച്ച് അഴിമതിക്കാര്‍ക്ക് ക്ളീന്‍ചിറ്റ് നല്‍കാന്‍ എല്‍ഡിഎഫ് ഭരണത്തില്‍ ഒരു ഉദ്യോഗസ്ഥനും ധൈര്യപ്പെടില്ലെന്ന് കെ ബാബുവിനെതിരായ നടപടി തെളിയിച്ചു.

  മുന്‍ എക്സൈസ് മന്ത്രി കെ ബാബുവിന്റെ അനധികൃത സ്വത്ത് സമ്പാദനത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. മന്ത്രിയുടെ ശമ്പളവും ബത്തയും മാത്രമായിരുന്നു കഴിഞ്ഞ അഞ്ചുവര്‍ഷം അദ്ദേഹത്തിന്റെ വരുമാന മാര്‍ഗം. എന്നാല്‍, 2011–16 കാലത്ത് സ്വന്തമായും ബന്ധുക്കളുടെയും ബിനാമികളുടെയും പേരില്‍ ബാബു വാരിക്കുട്ടിയ സ്വത്തിന്റെ ഏകദേശരൂപം വിജിലന്‍സിന്റെ എഫ്ഐആറും പിടിച്ചെടുത്ത രേഖകളും വ്യക്തമാക്കുന്നുണ്ട്. കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുവേളകളില്‍ ബാബു സമര്‍പ്പിച്ച സ്വത്തുവിവരവുമായി ഒട്ടും പൊരുത്തപ്പെടുന്നതല്ല വിജിലന്‍സിന്റെ കണ്ടെത്തലുകള്‍.

സംസ്ഥാനത്തിനകത്തും പുറത്തുമുള്ള ഭൂമി ഇടപാടിന്റെ രേഖകള്‍, വിവിധ ബിസിനസ് സ്ഥാപനങ്ങളിലെ പങ്കാളിത്തം തെളിയിക്കുന്ന രേഖകള്‍, സ്വര്‍ണം, ഒന്നര ലക്ഷം രൂപയുടെ കറന്‍സി തുടങ്ങിയവയാണ് വീട്ടില്‍നിന്ന് പിടിച്ചെടുത്തത്. ഇതിനു പുറമേയാണ് ബന്ധുക്കളുടെയും കൂട്ടാളികളുടെയും പേരിലുള്ള കോടികളുടെ ബിനാമി സ്വത്തുക്കള്‍.

ബിനാമികളെന്ന് പറയുന്നവരെ തനിക്കറിയില്ലെന്നായിരുന്നു ആദ്യ പ്രതികരണം. എന്നാല്‍, ഇവരുമായുള്ള ബന്ധത്തിന്റെ തെളിവുകള്‍ ഒരേസമയം പത്തുകേന്ദ്രങ്ങളില്‍ നടന്ന റെയ്ഡില്‍ കണ്ടെത്താനായി. ബാബുവിന്റെ അടുപ്പക്കാരായ ഇവര്‍ അടുത്തകാലത്ത് നേടിയ കണ്ണഞ്ചിപ്പിക്കുന്ന വളര്‍ച്ച നാട്ടുകാരെ അത്ഭുതപ്പെടുത്തിയിരുന്നു. മക്കളുടെയും അവരുടെ ഭര്‍തൃബന്ധുക്കളുടെയും പേരിലുള്ള ഇടപാടുകളുടെ രേഖകളും കൈവശമുള്ള സ്വര്‍ണവും പണവും ആഡംബര കാറുകളുമെല്ലാം ബാബുവിന്റെ വരവില്‍ കവിഞ്ഞ സ്വത്തുസമ്പാദനത്തിന്റെ നിഷേധിക്കാനാകാത്ത തെളിവുകളായി. മക്കളുടേതടക്കം ബാങ്ക് അക്കൌണ്ടുകളും ലോക്കറുകളും മരവിപ്പിച്ചിട്ടുണ്ട്. ഇതിന്റെ തുടര്‍ പരിശോധന നടന്നുവരികയാണ്. ഇതെല്ലാം കോടതിക്കു മുമ്പില്‍ എത്തിയതോടെ 'പകപോക്കല്‍' വാദത്തിന്റെ മുനയൊടിഞ്ഞു.

പുറത്തുവന്ന തെളിവുകളിലൂടെ മുഖം നഷ്ടപ്പെട്ടു നില്‍ക്കുന്ന ബാബുവിനെ അനുകൂലിച്ച് രംഗത്തുവന്ന ഒരുവിഭാഗം കോണ്‍ഗ്രസുകാരില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ഉണ്ട് എന്നതില്‍ അത്ഭുതപ്പെടാനില്ല. എന്നാല്‍, കെപിസിസി പ്രസിഡന്റ് ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിലപാട് അറിയാന്‍ ജനങ്ങള്‍ക്ക് താല്‍പ്പര്യമുണ്ടാകും. തൊലിയുരിക്കപ്പെട്ട ഈ അഴിമതിവീരനുവേണ്ടി കോണ്‍ഗ്രസും യുഡിഎഫും നിലകൊള്ളുമോ, അതോ അഴിമതി എന്ന സാമൂഹ്യവിപത്തിനെ തുടച്ചുനീക്കാന്‍ സങ്കുചിത രാഷ്ട്രീയത്തിന് അതീതമായ നിലപാട് സ്വീകരിക്കുമോ? തെരഞ്ഞെടുപ്പുഘട്ടത്തിലെ ഗ്രൂപ്പു സമവാക്യ തര്‍ക്കമല്ല; വിശാല സാമൂഹ്യമാനമുള്ള ചോദ്യമാണ് കോണ്‍ഗ്രസ് ഇപ്പോള്‍ നേരിടുന്നത്. തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് മുന്നോട്ടുവച്ച അഴിമതിരഹിത വികസിത കേരളം എന്ന മുദ്രാവാക്യത്തോട്  പ്രതിബദ്ധത പുലര്‍ത്തുന്ന നടപടികളുമായാണ് സര്‍ക്കാര്‍ മൂന്നോട്ടുപോകുന്നത്. അഴിമതിക്കാരോട് ഒരു വിട്ടുവീഴ്ചയുമില്ലെന്ന് വ്യക്തമാക്കുന്നതാണ് ബാര്‍ കോഴക്കേസിലെ തുടര്‍നടപടികള്‍


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top