27 April Saturday

യുഡിഎഫ് നെറികേട് മറനീങ്ങുമ്പോള്‍

വെബ് ഡെസ്‌ക്‌Updated: Wednesday Dec 20, 2017


കേരളരാഷ്ട്രീയത്തിലെ കറുത്ത അധ്യായമാണ് ഉമ്മന്‍ചാണ്ടി നേതൃത്വത്തില്‍ 2011 മുതല്‍ 2016 വരെ അരങ്ങേറിയ യുഡിഎഫ് ഭരണം. നൂലിഴ ഭൂരിപക്ഷത്തിനാണ് ആ സര്‍ക്കാര്‍ അധികാരത്തിലേറിയത്. തുമ്മിയാല്‍ തെറിക്കുന്ന ഭൂരിപക്ഷക്കണക്ക് മാറ്റിയെടുക്കാന്‍ ഉമ്മന്‍ചാണ്ടി കണ്ടെത്തിയത് ജനാധിപത്യവിരുദ്ധ മാര്‍ഗങ്ങള്‍. അധികാരം ദുര്‍വിനിയോഗിച്ചും പണം വാരിയെറിഞ്ഞും നിയമസഭയിലെ അംഗസംഖ്യ കൂട്ടുകയായിരുന്നു അതിലൊന്ന്. എല്‍ഡിഎഫ് പ്രതിനിധിയായി നെയ്യാറ്റിന്‍കര നിയമസഭാ മണ്ഡലത്തില്‍നിന്ന് നിയമസഭയിലെത്തിയ ആര്‍ സെല്‍വരാജിനെ കൂറുമാറ്റിച്ചത് ആ പദ്ധതിയുടെ ഭാഗം. നിയമസഭയില്‍നിന്ന് രാജിവയ്പിച്ച് നെയ്യാറ്റിന്‍കരയില്‍ ഉപതെരഞ്ഞെടുപ്പ് നടത്തി സെല്‍വരാജിനെ വീണ്ടും എംഎല്‍എയാക്കുകയും യുഡിഎഫിന്റെ ഭൂരിപക്ഷം ഉറപ്പിക്കുകയുമായിരുന്നു തന്ത്രം.

ഇടതുപക്ഷ ജനാധിപത്യമുന്നണിയെ ഉപേക്ഷിക്കാനുള്ള കാരണം എന്തായിരുന്നുവെന്ന് സെല്‍വരാജ് ഇതുവരെ യുക്തിഭദ്രമായി വ്യക്തമാക്കിയിട്ടില്ല. എന്നാല്‍, ആ കൂറുമാറ്റത്തിനുപിന്നില്‍ നടന്ന അന്തര്‍നാടകങ്ങളെക്കുറിച്ച് അനേകം സൂചനകള്‍ ഇതിനകം പുറത്തുവന്നിട്ടുണ്ട്. അന്ന് യുഡിഎഫിന്റെ ഭാഗമായി ഈ ഗൂഢനീക്കങ്ങള്‍ക്ക് ചുക്കാന്‍പിടിച്ച പി സി ജോര്‍ജ് ഞെട്ടിക്കുന്ന നിരവധി കാര്യങ്ങള്‍ പിന്നീട് തുറന്ന് സമ്മതിച്ചു. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ പരാജയം ഉറപ്പാക്കിയാല്‍ യുഡിഎഫിന് എക്കാലത്തേക്കുമുള്ള സാധ്യതകള്‍ തുറക്കാന്‍ കഴിയുമെന്നതായിരുന്നു വലതുപക്ഷചേരിയുടെ വ്യാമോഹം. ടി പി ചന്ദ്രശേഖരന്‍ വധക്കേസിന്റെ പശ്ചാത്തലത്തില്‍ സിപിഐ എമ്മിനെ കടന്നാക്രമിക്കാനും കേരളത്തിന്റെ ഇടതുപക്ഷമനസ്സുതന്നെ പറിച്ചെറിയാനുമുള്ള പദ്ധതിയാണ് ആവിഷ്കരിച്ചത്. ജനാധിപത്യവിരുദ്ധവും ജനങ്ങളുടെ സാമാന്യബോധത്തെത്തന്നെ വെല്ലുവിളിക്കുന്നതുമായ രാഷ്ട്രീയ- മാധ്യമ ഗൂഢാലോചനയുടെ ഫലമായി 2012ലെ ഉപതെരഞ്ഞെടുപ്പില്‍ കൂറുമാറ്റക്കാരന് വിജയം നേടാനായി. എന്നാല്‍, ആ വിജയവും അന്നുയര്‍ത്തിയ ഇടതുപക്ഷവിരുദ്ധ പ്രചാരണഘോഷവും പെരുംനുണകളുടെ അടിത്തറയിലാണ് പടുത്തുയര്‍ത്തിയത് എന്ന യാഥാര്‍ഥ്യമാണ് ഇപ്പോള്‍ അസന്ദിഗ്ധമായി തെളിയുന്നത്.

കേരളചരിത്രത്തില്‍ ഇന്നോളം കേട്ടുകേള്‍വിയില്ലാത്ത ഒരു സംഭവമാണ് കഴിഞ്ഞദിവസം ചുരുളഴിഞ്ഞത്. സ്വന്തം വീടിന് തീയിട്ട് അത് സിപിഐ എമ്മിനുമേല്‍ കെട്ടിവയ്ക്കാന്‍ സെല്‍വരാജും കൂട്ടരും ശ്രമിച്ചെന്ന സത്യം. പാര്‍ടി വിട്ട എംഎല്‍എയുടെ വീടിന് തീയിട്ടെന്ന് ആരോപിച്ച് സിപിഐ എമ്മിനെ പ്രതിക്കൂട്ടിലാക്കിയ വലതുപക്ഷമാധ്യമങ്ങള്‍ ഈ കേസില്‍ കഴിഞ്ഞദിവസം സെല്‍വരാജിനെയും ഗണ്‍മാന്‍ പ്രവീണ്‍ദാസിനെയും അറസ്റ്റുചെയ്ത വാര്‍ത്ത ബോധപൂര്‍വം തമസ്കരിച്ചു.

ഉപതെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് സെല്‍വരാജിന്റെ നെടിയാങ്കോട്ടെ വീടിനുനേരെ തീവയ്പുണ്ടായത്. വീടിനോട് ചേര്‍ന്നുള്ള പൊലീസ് ടെന്റിനാണ് തീവച്ചത്. അന്ന് സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗമായ ആനാവൂര്‍ നാഗപ്പന്‍, ലോക്കല്‍ സെക്രട്ടറി വി താണുപിള്ള എന്നിവരുടെ നേതൃത്വത്തില്‍ തന്നെയും കുടുംബത്തെയും വകവരുത്താന്‍ ലക്ഷ്യമിട്ടാണ് വീടാക്രമിച്ചതെന്ന് യുഡിഎഫും സെല്‍വരാജും പ്രചരിപ്പിച്ചു. യുഡിഎഫ് മാധ്യമങ്ങള്‍ അത് ഏറ്റുപാടി. എന്നാല്‍, ഉമ്മന്‍ചാണ്ടിഭരണത്തില്‍തന്നെ അന്വേഷണത്തില്‍ വാദി പ്രതിയാകുമെന്ന ഘട്ടമെത്തിയിരുന്നു. പൊലീസ് ടെന്റ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍മുതല്‍കൂടി കത്തിനശിച്ചതിനാല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് കേസ് പിന്‍വലിക്കാനായില്ല. പുനരന്വേഷണത്തിലാണ് സെല്‍വരാജും ഗണ്‍മാനും ചേര്‍ന്ന് തീയിടുകയായിരുന്നുവെന്ന് കണ്ടെത്തിയത്. തീയിട്ടശേഷം പൊലീസില്‍വിളിച്ച മൊബൈല്‍നമ്പര്‍ അന്വേഷിച്ചപ്പോഴാണ് ആദ്യ തെളിവ് ലഭിച്ചത്. മണലൂറ്റുകാരന്റെ നമ്പരായിരുന്നു അത്. ഈ നമ്പര്‍  സെല്‍വരാജിന്റെ ഗണ്‍മാനാണ് ഉപയോഗിച്ചുവന്നത്. അതേസമയംതന്നെ തന്റെ മൊബൈല്‍ഫോണ്‍ നഷ്ടപ്പെട്ടതായി മണലൂറ്റുകാരന്‍ സ്റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. തീവച്ചശേഷം ഗണ്‍മാന്‍തന്നെയാണ് പൊലീസിനെ വിവരമറിയിച്ചത്. ആ സമയത്ത് താന്‍ വേളാങ്കണ്ണിയിലായിരുന്നുവെന്ന് സെല്‍വരാജ് മൊഴിനല്‍കി. പത്തുവര്‍ഷമായി വേളാങ്കണ്ണിയില്‍ സെല്‍വരാജ് പോയിട്ടില്ലെന്നും സംഭവദിവസം നാട്ടിലുണ്ടായിരുന്നുവെന്നും കണ്ടെത്തി. സെല്‍വരാജ് തീവച്ചതാണെന്ന തെളിവുകളെല്ലാം പൊലീസിന് ലഭിച്ചതായി വ്യക്തമായതോടെ രണ്ടു പ്രതികളും മുന്‍കൂര്‍ജാമ്യത്തിന് ഹൈക്കോടതിയെ സമീപിച്ചു. മുന്‍കൂര്‍ജാമ്യം കോടതി അനുവദിച്ചില്ല. തുടര്‍ന്നാണ് അറസ്റ്റ്. 

യുഡിഎഫിന്റെ കപടമുഖമാണ് ഇവിടെ വെളിവാകുന്നത്. സോളാര്‍ കേസില്‍ നിയമത്തിന്റെ കരങ്ങളില്‍നിന്ന് കുതറിമാറാന്‍  അപഹാസ്യന്യായങ്ങള്‍ നിരത്തുന്ന ഉമ്മന്‍ചാണ്ടിയും യുഡിഎഫും ഇക്കാര്യത്തില്‍ എന്തു പറയുന്നു എന്നത് കേരളത്തിന്റെയാകെ ജിജ്ഞാസയാണ്. ഐക്യജനാധിപത്യമുന്നണിയെന്നാണ് യുഡിഎഫിന്റെ വിശേഷണം. ഈ ഇടപാടില്‍ എവിടെയാണ് ജനാധിപത്യം. ഇത് ജനാധിപത്യവിരുദ്ധം എന്ന വിശേഷണത്തിനുപോലും അര്‍ഹമായ നടപടിയല്ല. ചമ്പല്‍ക്കൊള്ളക്കാരെയും വന്‍കിട മോഷണസംഘങ്ങളെയും  ലജ്ജിപ്പിക്കുന്ന ദുര്‍മാര്‍ഗത്തിലൂടെയാണ് ഉമ്മന്‍ചാണ്ടിയും സംഘവും സഞ്ചരിച്ചത്. കള്ളക്കേസുണ്ടാക്കിയെന്ന കേവലമായ നിയമലംഘനമല്ല ഇത്. കൂട്ടായ ഈ ആസൂത്രിത കുറ്റകൃത്യത്തില്‍ ഒന്നാംപ്രതി ഉമ്മന്‍ചാണ്ടിതന്നെ. ഇന്ത്യന്‍ ശിക്ഷാനിയമം അനുസരിച്ചുള്ള വിചാരണയും ശിക്ഷാവിധിയും അതിന്റെ സാങ്കേതികതലംമാത്രം. അതിനപ്പുറം ജനകീയകോടതിയില്‍നിന്നാണ് ഇവര്‍ പരമാവധി ശിക്ഷ അര്‍ഹിക്കുന്നത്


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top