29 March Friday

യുഡിഎഫ്‌ നിലപാട്‌ വ്യക്തമാക്കണം

വെബ് ഡെസ്‌ക്‌Updated: Saturday Mar 16, 2019


ഇടതുപക്ഷ ജനാധിപത്യമുന്നണിയെ തോൽപ്പിക്കാൻ ബിജെപിയുമായി ചേർന്ന‌് സംയുക്ത സ്ഥാനാർഥിയെ നിർത്തിയ പാർടിയാണ് ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗ്. വടകരയിലും ബേപ്പൂരും നടന്ന ആ പരീക്ഷണം ജനങ്ങൾ തള്ളിക്കളഞ്ഞതാണ്. കോലീബി സഖ്യം എന്നറിയപ്പെടുന്ന അവിശുദ്ധ കൂട്ടുകെട്ടിന്റെ  പ്രേതം ഇന്നും ലീഗിനെ വിട്ടകന്നിട്ടില്ല.  തങ്ങൾ വർഗീയപാർടി അല്ലെന്ന് നാഴികയ‌്ക്ക‌് നാൽപ്പതുവട്ടം പറയുന്നവരാണ് ലീഗ് നേതാക്കൾ.  എന്നാൽ, തരം കിട്ടുമ്പോഴൊക്കെ ഏത് വർഗീയതയുമായും  സന്ധിചെയ്യാൻ ആ പാർടി മടിക്കാറില്ല. എൻഡിഎഫും അതിന്റെ പുതിയരൂപമായ  പോപ്പുലർഫ്രണ്ടുമായും പലപ്പോഴായി  ലീഗ് ഉണ്ടാക്കിയ ബന്ധവും ഭരണത്തിലിരിക്കുമ്പോൾ അവർക്കുവേണ്ടി ചെയ്തുകൊടുത്ത കേസ് പിൻവലിക്കലടക്കമുള്ള ഉപകാരങ്ങളും രഹസ്യമല്ല.  ഈ ലോക‌്സഭാ തെരഞ്ഞെടുപ്പിലും അത്തരം ചില ഇടപാടുകൾക്ക് ലീഗ് തയ്യാറാകുന്നു എന്നാണ്  ലീഗ് -–- എസ്ഡിപിഐ നേതൃത്വങ്ങൾ തമ്മിലുള്ള രഹസ്യച്ചർച്ചയുടെ വാർത്തയും ദൃശ്യങ്ങളും നൽകുന്ന സൂചന.

പോപ്പുലർ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് നസറുദ്ദീൻ എളമരം, എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അബ്ദുൾ മജീദ് ഫൈസി എന്നിവരുമായി  ലീഗ് നേതാക്കളായ പി കെ കുഞ്ഞാലിക്കുട്ടിയും ഇ ടി മുഹമ്മദ് ബഷീറുമാണ് ചർച്ചനടത്തിയത്.  കൊണ്ടോട്ടിയിലെ കെടിഡിസി ഹോട്ടലിൽ  രാത്രിനടന്ന ചർച്ച എസ്ഡിപിഐ നേതൃത്വം സ്ഥിരീകരിച്ചിട്ടുണ്ട്. -നേതാക്കൾ ഓരോരുത്തരായി ഹോട്ടലിൽ എത്തുന്നതിന്റെയും ഒരു മണിക്കൂറിനുശേഷം പുറത്ത് ഇറങ്ങുന്നതിന്റെയും ദൃശ്യങ്ങളാണ് പുറത്തുവന്നത്. ലീഗുമായി ചർച്ചനടത്തിയെന്നും സ്വാഭാവിക തെരഞ്ഞെടുപ്പ് വിഷയമാണ് സംസാരിച്ചതെന്നുമാണ് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മജീദ് ഫൈസി വിശദീകരിക്കുന്നത്. കൂടിക്കാഴ്ചയേ നടന്നിട്ടില്ല എന്നാണ‌്   ലീഗ് നേതാവും പൊന്നാനിയിലെ സ്ഥാനാർഥിയുമായ ഇ ടി മുഹമ്മദ് ബഷീർ ആദ്യം പറഞ്ഞത്. വീഡിയോ പുറത്തുവന്നതോടെ, തങ്ങൾ മറ്റൊരു കാര്യത്തിന് എത്തിയപ്പോൾ അവിടെ എസ്ഡ‍ിപിഐ നേതാക്കളും ഉണ്ടായിരുന്നു എന്നേയുള്ളൂവെന്ന്  അദ്ദേഹം മാറ്റിപ്പറഞ്ഞു. വരാന്ത, പൊതുസ്ഥലം  എന്നിങ്ങനെയുള്ള പരിഹാസ്യ ന്യായങ്ങളുമായാണ് കുഞ്ഞാലിക്കുട്ടി രംഗത്തുവന്നത്.

ഇ ടി മുഹമ്മദ് ബഷീറിന്റെ വിശദീകരണത്തിൽ നിന്നുതന്നെ കാര്യം വ്യക്തമാകുന്നുണ്ട്.  യുഡിഎഫ് തീരുമാന പ്രകാരമായിരുന്നോ ചർച്ച, എന്ത് ധാരണയാണ് അതിൽ ഉരുത്തിരിഞ്ഞത്, വർഗീയത പ്രചരിപ്പിക്കുകയും കൊലപാതകങ്ങളുൾപ്പെടെയുള്ള കുറ്റകൃത്യങ്ങളിൽ പങ്കാളികളാകുകയും ചെയ്യുന്നവരുമായി ചേർന്ന് മത്സരിക്കാൻ തക്കവിധമുള്ള ഭീതി ഈ തെരഞ്ഞെടുപ്പിൽ ഉണ്ടോ എന്നെല്ലാം വ്യക്തമാക്കപ്പെടേണ്ടതുണ്ട്. കോൺഗ്രസിന്റെ പ്രതികരണം ഇക്കാര്യത്തിൽ ഉണ്ടാകണം.

കേന്ദ്രഭരണം നിയന്ത്രിക്കുന്ന സംഘപരിവാറിന്റെ  പ്രവർത്തനങ്ങൾ   ന്യൂനപക്ഷങ്ങൾക്കിടയിൽ വലിയ  അരക്ഷിതാവസ്ഥ സൃഷ്ടിച്ചിട്ടുണ്ട്. ബാബ‌്റി മസ്ജിദിന്റെ തകർച്ചയും  ബോംബെ കലാപങ്ങളും മറ്റും ഉണ്ടാക്കിയ മുറിവ് ചെറുതല്ല.  അത്തരം ഘട്ടങ്ങളിൽ ശക്തമായ നിലപാട് സർക്കാരുകൾ സ്വീകരിക്കാതിരുന്നത് വലിയ നൈരാശ്യമാണ് ന്യൂനപക്ഷങ്ങളിൽ ഉണ്ടാക്കിയത്

കേന്ദ്രഭരണം നിയന്ത്രിക്കുന്ന സംഘപരിവാറിന്റെ  പ്രവർത്തനങ്ങൾ   ന്യൂനപക്ഷങ്ങൾക്കിടയിൽ വലിയ  അരക്ഷിതാവസ്ഥ സൃഷ്ടിച്ചിട്ടുണ്ട്. ബാബ‌്റി മസ്ജിദിന്റെ തകർച്ചയും  ബോംബെ കലാപങ്ങളും മറ്റും ഉണ്ടാക്കിയ മുറിവ് ചെറുതല്ല.  അത്തരം ഘട്ടങ്ങളിൽ ശക്തമായ നിലപാട് സർക്കാരുകൾ സ്വീകരിക്കാതിരുന്നത് വലിയ നൈരാശ്യമാണ് ന്യൂനപക്ഷങ്ങളിൽ ഉണ്ടാക്കിയത്. നരേന്ദ്ര മോഡിയുടെ നേതൃത്വത്തിൽ എൻഡിഎ അധികാരത്തിലെത്തിയപ്പോൾ  ഹിന്ദുത്വശക്തികൾ പശുവിന്റെ പേരിലും മറ്റും സൃഷ്ടിച്ച ആക്രമണങ്ങളും നടത്തിയ കൊലപാതകങ്ങളും വർഗീയ പ്രചാരണവും നേരത്തെ ഉണ്ടായിരുന്ന അരക്ഷിതാവസ്ഥയുടെ തീവ്രത വർധിപ്പിച്ചതേയുള്ളൂ. ഈ സാഹചര്യം   ഉപയോഗപ്പെടുത്തി ന്യൂനപക്ഷങ്ങൾക്കിടയിൽ വർഗീയ ചിന്താഗതിയും  ഭീകരവാദ ആശയങ്ങളും പ്രചരിപ്പിക്കാനുള്ള ശ്രമം  ആസൂത്രിതമായി നടക്കുന്നുണ്ട്. അങ്ങനെ ശ്രമിക്കുന്നവരുടെ മടയിലേക്കാണ് ലീഗ് നേതാക്കൾ ചെന്ന് കയറിയിട്ടുള്ളത്.

ന്യൂനപക്ഷ വർഗീയശക്തികളെ പ്രോത്സാഹിപ്പിക്കുന്നത്  സംഘപരിവാറിനെ ശക്തിപ്പെടുത്തുവാൻ മാത്രമേ സഹായിക്കുകയുള്ളൂ. ഒരു വർഗീയതകൊണ്ട് മറ്റൊരു വർഗീയതയെ പ്രതിരോധിക്കാനാകില്ല. ഭൂരിപക്ഷ വർഗീയത ന്യൂനപക്ഷ വർഗീയതയെ ചൂണ്ടിക്കാണിച്ചു വളരാൻ ശ്രമിക്കുന്നു. ന്യൂനപക്ഷ വർഗീയതയാകട്ടെ ഭൂരിപക്ഷ വർഗീയതയേയും. ഇങ്ങനെ പരസ്പരപൂരകമായ വളർച്ച സൃഷ്ടിക്കാനും  കൊടിയനാശം ഉണ്ടാക്കാനുമുള്ള വർഗീയ ശക്തികളുടെ ആഗ്രഹത്തിന് വെള്ളവും വളവും നൽകുന്ന പ്രവൃത്തിയാണ് ലീഗിൽ നിന്നുണ്ടായത്. ആക്രമണോത്സുകമായ ഹിന്ദുത്വവർഗീയതയെ പ്രതിരോധിക്കണമെങ്കിൽ മതനിരപേക്ഷ ശക്തികളാണ് ശക്തിപ്പെടേണ്ടത്. അത്തരം ശക്തികളെ വളർത്തിയെടുക്കുക എന്നതാണ് ന്യൂനപക്ഷ ജനവിഭാഗത്തിന്റെ സംരക്ഷണത്തിന് അനിവാര്യമെന്ന തിരിച്ചറിവ‌് കേരളത്തിന്റെ മനസ്സിലുണ്ട്.  അതുകൊണ്ടാണ്, മതനിരപേക്ഷത എന്നത‌് കേരളത്തിന്റെ പൊതുവികാരമായി മാറുന്നത്.

ലീഗ് മത്സരിക്കുന്നത് രണ്ടു സീറ്റിലാണ്. ആ രണ്ടിടത്തും പോപ്പുലർ ഫ്രണ്ടിന്റെ പിന്തുണ വേണം എന്നാണോ, അതല്ല, സംസ്ഥാനത്താകെ  സഖ്യം വേണം എന്നാണോ രാത്രി ചർച്ചയിൽ ആവശ്യപ്പെട്ടത് എന്ന് വ്യക്തമാക്കേണ്ട ബാധ്യത യുഡിഎഫ് നേതൃത്വത്തിന് തന്നെയാണ്. എന്തായാലും പരാജയ ഭീതിയിലാണ് ലീഗ് എന്നാണ‌് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കത്തിൽത്തന്നെ  വ്യക്തമാക്കപ്പെട്ടത്.  ലീഗ്സ്ഥാനാർഥികളുടെ മണ്ഡലംമാറ്റ ചർച്ചയിൽ ഉയർന്നുകണ്ട ഭീതി, രഹസ്യമായി പോപ്പുലർ ഫ്രണ്ട് നേതാക്കളെ കാണുന്നതിലേക്കു ലീഗിനെ എത്തിച്ചിരിക്കുന്നു. ആ കൂടിക്കാഴ്ചയെപ്പറ്റി എസ്ഡിപിഐ വിശദീകരിച്ചിട്ടും ലീഗ് നേതാക്കൾക്ക് വിശ്വസനീയമായ ഒരു ന്യായീകരണവും നൽകാൻ കഴിയാത്തതിന്റെ പൊരുൾ ജനങ്ങൾക്ക് മനസ്സിലാകുന്നതാണ്. തെരഞ്ഞെടുപ്പടുക്കുമ്പോൾ ഇത്തരം പല നീക്കങ്ങളും യുഡിഎഫിൽനിന്നും ബിജെപിയിൽനിന്നും ഉണ്ടാകും എന്നതിൽ സന്ദേഹമില്ല. ആ നീക്കം നാട്ടിൽ അശാന്തിയും അസ്വസ്ഥതയും വിളമ്പുന്നവരുമായി സന്ധിചേർന്ന് കൊണ്ടാകുമ്പോൾ, തീർച്ചയായും അത് ജനങ്ങളുടെ സുപ്രധാന പരിശോധനാ വിഷയമാകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top