23 April Tuesday

വികസനമെന്ന്‌ കേട്ടാൽ ഹാലിളകുന്ന എംപിമാർ

വെബ് ഡെസ്‌ക്‌Updated: Thursday Mar 23, 2023


തെരഞ്ഞെടുപ്പ്‌  കക്ഷിരാഷ്‌ട്രീയത്തിൽ അധിഷ്‌ഠിതമാണെങ്കിലും  ജനപ്രതിനിധികൾ ഏതെങ്കിലും പ്രത്യേക രാഷ്‌ട്രീയപാർടിയുടെമാത്രം താൽപ്പര്യം സംരക്ഷിക്കേണ്ടവരല്ല. വികസനകാര്യങ്ങളിൽ സങ്കുചിത രാഷ്‌ട്രീയസമീപനം ഒഴിവാക്കാൻ ജനപ്രതിനിധികൾക്ക്‌ ബാധ്യതയുണ്ട്‌. ഇതിനു വിപരീതമായി നാടിനോടും ജനങ്ങളോടും കടുത്ത അനീതിയാണ്‌ കേരളത്തിലെ യുഡിഎഫ്‌ എംപിമാർ കാട്ടുന്നത്‌. വികസനമെന്ന്‌ കേട്ടാൽ ഹാലിളകുന്ന അവസ്ഥയിലാണ്‌ ഇവർ. പാർലമെന്റിൽ ഇവരുടെ ഇടപെടലുകൾ കേരളത്തെ അപമാനിക്കുക, സംസ്ഥാന വികസനത്തെ അട്ടിമറിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണെന്ന്‌  ചൂണ്ടിക്കാണിക്കുന്നവരെ കുറ്റപ്പെടുത്താൻ കഴിയില്ല.

രാഷ്‌ട്രീയമായും സംഘടനാപരമായും പാപ്പരായ കോൺഗ്രസും യുഡിഎഫിലെ ഇതര ഘടകകക്ഷികളും അവരുടെ തകർച്ച മറച്ചുപിടിക്കാനാണ്‌ ഈ കുതന്ത്രങ്ങൾ മെനയുന്നത്‌. ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്‌ കൊടിക്കുന്നിൽ സുരേഷ്‌ എംപി ഗ്രീൻഫീൽഡ്‌ പാത പദ്ധതിക്കെതിരെ കേന്ദ്രമന്ത്രി നിതിൽ ഗഡ്‌കരിയെ കണ്ട്‌ ഉന്നയിച്ച ആരോപണങ്ങൾ. തിരുവനന്തപുരംമുതൽ അങ്കമാലിവരെ എംസി റോഡിനു സമാന്തരമായി നാലുവരി ഗ്രീൻഫീൽഡ് പാത നിർമിക്കുന്നത്‌ ഗതാഗത ക്ലേശത്തിൽ വലയുന്ന സംസ്ഥാനത്തിന്‌ വലിയ ആശ്വാസമാകും. എന്നാൽ, പുതിയ പാതകൾ കൊണ്ടുവരുന്നത് കേരളത്തിനു താങ്ങാൻ കഴിയില്ലെന്നാണ്‌ കോൺഗ്രസ്‌ എംപിയുടെ വിചിത്ര വാദം. എംസി റോഡിന്‌ സമാന്തരമായി നാലുവരി പാത നിർമിക്കുന്നത് അശാസ്‌ത്രീയവും  ധൂർത്തുമാണത്രെ. നിർദിഷ്ട സിൽവർ ലൈൻ പദ്ധതിക്കെതിരെ ഉന്നയിച്ചതിന്‌ സമാനമായ ആരോപണങ്ങളും ഗ്രീൻഫീൽഡ്‌ പാതയ്‌ക്കെതിരെ എംപി ഉയർത്തുന്നു. പാതയ്‌ക്കായി  സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നുള്ള സമ്മർദം തള്ളിക്കളയണമെന്നും എംപി കേന്ദ്രമന്ത്രിയോട്‌  ആവശ്യപ്പെട്ടു. വർധിച്ച ഭൂരിപക്ഷത്തോടെ ജനങ്ങൾ ഭരണത്തുടർച്ച നൽകിയ എൽഡിഎഫ്‌ സർക്കാരിനെ പ്രവർത്തിക്കാൻ അനുവദിക്കരുതെന്നാണ്‌ ഫലത്തിൽ യുഡിഎഫും കോൺഗ്രസും കേന്ദ്രത്തോട്‌ ആവശ്യപ്പെടുന്നത്‌.

സിൽവർ ലൈൻ പദ്ധതിക്കെതിരെ പാർലമെന്റിന്‌ അകത്തും പുറത്തും പരിഹാസ്യനീക്കങ്ങളാണ്‌ യുഡിഎഫ്‌ എംപിമാർ നടത്തിവരുന്നത്‌. പദ്ധതിക്കെതിരെ ലോക്‌സഭയിൽ തുടർച്ചയായി ചോദ്യങ്ങൾ ഉന്നയിച്ചു. ഒരു ഘട്ടത്തിൽ റെയിൽവേ മന്ത്രി അശ്വനി വൈഷ്‌ണവിന്റെ മറുപടി ദുർവ്യാഖ്യാനം ചെയ്യുകയും പദ്ധതിക്ക്‌ കേന്ദ്രം അനുമതി നിഷേധിച്ചതായി യുഡിഎഫ്‌ എംപിമാരും ഒരു വിഭാഗം മാധ്യമങ്ങളും വ്യാജപ്രചാരണം നടത്തുകയും ചെയ്‌തു.  ഡിപിആർ (വിശദ പദ്ധതിരേഖ) പരിഗണനയിലാണെന്നും അന്തിമ അംഗീകാരം നൽകിയിട്ടില്ലെന്നുമാണ്‌ ലോക്‌സഭയിൽ മന്ത്രി  തൽസ്ഥിതി വിശദീകരിച്ചത്‌. ഇത്‌ വളച്ചൊടിച്ച്‌  ‘കേന്ദ്ര അനുമതിയിൽ തട്ടി കെ–- റെയിൽ വീഴുന്നു’  എന്ന പ്രസ്‌താവനയോടെ കെ മുരളീധരനാണ്‌ വ്യാജപ്രചാരണത്തിന്‌ തുടക്കമിട്ടത്‌. ഡിപിആർ സമർപ്പിച്ചിട്ടില്ലെന്ന്‌ കേന്ദ്രം അറിയിച്ചതായി മുരളീധരൻ അവകാശപ്പെട്ടു. ഇതോടെ മറ്റ്‌ യുഡിഎഫ്‌ എംപിമാരും ഒരു വിഭാഗം മാധ്യമങ്ങളും സമാന പ്രചാരണവുമായി  രംഗത്തുവന്നു.

ഡൽഹിയിലുണ്ടായിരുന്ന പ്രതിപക്ഷ നേതാവ്‌ വി ഡി സതീശനും സംസ്ഥാന സർക്കാരിനെതിരായി അടിസ്ഥാനരഹിത ആരോപണങ്ങൾ ഉന്നയിച്ചു. കെപിസിസി പ്രസിഡന്റ്‌കൂടിയായ കെ സുധാകരൻ പദ്ധതിക്ക്‌  ഒരിക്കലും അംഗീകാരം കിട്ടില്ലെന്ന്‌ പ്രഖ്യാപിച്ചു. ലോക്‌സഭയുടെ ചോദ്യോത്തരവേളയിൽ എൻ കെ പ്രേമചന്ദ്രൻ  പദ്ധതിക്കെതിരായ പരാമർശങ്ങൾ നടത്തി. സിൽവർ ലൈൻ പദ്ധതി തള്ളി പകരം വന്ദേഭാരത്‌ എക്‌സ്‌പ്രസുകളിൽ ഒന്ന്‌ കേരളത്തിന്‌ അനുവദിക്കുമോയെന്നും പ്രേമചന്ദ്രൻ ചോദിച്ചു. വിഷയവുമായി ബന്ധമില്ലാത്ത ചോദ്യമാണെന്നും മറുപടി നൽകാനാകില്ലെന്നും റെയിൽവേ സഹമന്ത്രി റാവുസാഹെബ്‌ ധാൻവെ പ്രതികരിച്ചു.

പദ്ധതിയുമായി മുന്നോട്ടുപോകാനും വായ്‌പയ്‌ക്കായി ജൈക്കയുമായി ബന്ധപ്പെടാനുമാണ്‌ മുഖ്യമന്ത്രിക്ക്‌ അയച്ച കത്തിൽ ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞത്‌.  കേന്ദ്രവും സംസ്ഥാനവും ചേർന്നാരംഭിച്ച സംരംഭമാണ്‌ സിൽവർലൈൻ. ഇതിന്റെ സാമൂഹ്യാഘാത പഠനം നടത്തുന്നതിൽപ്പോലും തടസ്സം സൃഷ്ടിക്കാനാണ്‌ റെയിൽവേ മന്ത്രാലയം ശ്രമിച്ചത്‌. കോൺഗ്രസും  മുസ്ലിംലീഗുമെല്ലാം ഇതിനായി ഒത്തുകളിക്കുകയാണ്‌. ഈ ജനപ്രതിനിധികൾ തലമറന്ന്‌ എണ്ണതേക്കുകയാണ്‌. ജനങ്ങൾ എല്ലാം കാണുന്നുണ്ടെന്ന്‌ അവർ തിരിച്ചറിയുന്നില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top