26 April Friday

മുഖം നഷ്ടപ്പെട്ടവരുടെ അക്രമ ഹര്‍ത്താല്‍

വെബ് ഡെസ്‌ക്‌Updated: Tuesday Oct 17, 2017


ഹര്‍ത്താലിന്റെ ഭാഗമായി തിങ്കളാഴ്ച സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും നടന്ന അക്രമങ്ങള്‍ യുഡിഎഫിന്റെ രാഷ്ട്രീയപാപ്പരത്തം ഒരിക്കല്‍ക്കൂടി വെളിവാക്കി. ജനങ്ങളില്‍നിന്ന് ഒറ്റപ്പെട്ട പ്രതിപക്ഷം സാന്നിധ്യം അറിയിക്കാന്‍ ബോധപൂര്‍വം  അക്രമത്തിന്റെ വഴിതേടുന്ന കാഴ്ചയാണ് സംസ്ഥാനത്തെമ്പാടും ദൃശ്യമായത്. സമീപകാലത്തൊന്നും ഒരു ഹര്‍ത്താലിലും ഉണ്ടാകാത്തവിധം വ്യാപകമായ അക്രമം അരങ്ങേറിയതിന് പിന്നില്‍ രാഷ്ട്രീയനേതൃത്വത്തിന്റെ നിര്‍ദേശമാണെന്ന് വ്യക്തം. ആവേശം മൂത്ത ഏതെങ്കിലും അനുയായികള്‍ നടത്തിയ ഒറ്റപ്പെട്ട അക്രമമായിരുന്നില്ല കണ്ടത്. പ്രധാന നേതാക്കളുടെ നേതൃത്വത്തില്‍ പ്രകടനമായി എത്തിയായിരുന്നു ക്യാമറക്കണ്ണുകള്‍ക്കുമുന്നില്‍ അക്രമം. ഡിസിസി പ്രസിഡന്റുമാരുടെ സാന്നിധ്യത്തിലാണ് മിക്ക ജില്ലകളിലും അണികള്‍ ജനങ്ങളെ മുള്‍മുനയില്‍ നിര്‍ത്തിയത്. നേതാക്കള്‍തന്നെയാണ് ചിലയിടത്ത് സര്‍ക്കാര്‍ ഓഫീസുകളില്‍ കയറി ഫയലുകള്‍ നശിപ്പിക്കുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയുംചെയ്തത്. ബാങ്കുകളുടെ പ്രവര്‍ത്തനവും തടസ്സപ്പെടുത്തി.

കെഎസ്ആര്‍ടിസി ബസുകള്‍ക്കുനേരെ കല്ലേറും ഭീഷണിപ്പെടുത്തി കടയടപ്പിക്കലും എല്ലായിടത്തുമുണ്ടായി. രോഗികളും ഗര്‍ഭിണികളുമായി ആശുപത്രിയിലേക്ക് പോയ വാഹനങ്ങള്‍പോലും തടഞ്ഞിടുകയും കേടുവരുത്തുകയും ആക്രമിക്കുകയുംചെയ്ത നിരവധി സംഭവങ്ങളുണ്ടായി. വനിതാ ഡിസിസി പ്രസിഡന്റുള്ള കൊല്ലത്ത് നഗരമധ്യത്തില്‍വച്ചാണ് ഗര്‍ഭിണിയെ കൊണ്ടുപോയ വാഹനം തടഞ്ഞത്. ഇരുചക്രവാഹനങ്ങളെപോലും വെറുതെവിട്ടില്ല. പൊലീസിന്റെ കാര്യക്ഷമമായ ഇടപെടല്‍മാത്രമായിരുന്നു ജനങ്ങള്‍ക്ക് ആശ്വാസം. കുടുങ്ങിപ്പോയവരെ പൊലീസ് വാഹനങ്ങളിലും കാവലിലും ലക്ഷ്യസ്ഥാനങ്ങളില്‍ എത്തിച്ചു. അക്രമം തടയാനും ജനങ്ങളെ സഹായിക്കാനും തയ്യാറായ  പൊലീസുദ്യോഗസ്ഥരുമായി ഏറ്റുമുട്ടാനും സംഘര്‍ഷമുണ്ടാക്കാനും ശ്രമമുണ്ടായി. പകച്ചുപോയ ജനങ്ങള്‍ യുഡിഎഫുകാരെ ചോദ്യംചെയ്യുന്ന ദൃശ്യങ്ങള്‍ അക്രമത്തിന്റെ അസഹനീയസ്വഭാവം വ്യക്തമാക്കുന്നു.

ഹര്‍ത്താല്‍ പ്രഖ്യാപിച്ചപ്പോള്‍ത്തന്നെ പെട്രോളിയം വിലവര്‍ധന തടയണമെന്ന് ആവശ്യപ്പെട്ടാണ് സമരമെങ്കില്‍ എന്തിന് സംസ്ഥാന സര്‍ക്കാരിനെ പ്രതിസ്ഥാനത്ത് നിര്‍ത്തണമെന്ന ചോദ്യം യുഡിഎഫിനെ അലോസരപ്പെടുത്തിയിരുന്നു. എണ്ണവിലനിയന്ത്രണം നീക്കിയത് ഉള്‍പ്പെടെ കോണ്‍ഗ്രസ് സാമ്പത്തിക നയങ്ങള്‍ പിന്തുടരുന്ന ബിജെപിഭരണത്തെ ഫലപ്രദമായി എതിര്‍ക്കാനുള്ള ആത്മാര്‍ഥതയോ ഉദ്ദേശ്യശുദ്ധിയോ അല്ല യുഡിഎഫിനെ നയിക്കുന്നത്. എന്തുകൊണ്ട് പെട്രോള്‍വില വര്‍ധനയ്ക്കെതിരെ ദേശീയസമരമില്ല എന്ന ചോദ്യവും അവരെ ബുദ്ധിമുട്ടിലാക്കി.

കേന്ദ്ര-സംസ്ഥാന നയങ്ങള്‍ക്കെതിരെ എന്ന പേരിലുള്ള ഹര്‍ത്താലിന്റെ പ്രഖ്യാപനത്തില്‍പോലും ബിജെപിയെ നോവിക്കാതിരിക്കാന്‍ യുഡിഎഫ് ശ്രദ്ധിച്ചു. രണ്ട് ദിവസം മാറ്റിയാണ് ഒടുവില്‍ ബിജെപിയാത്രയ്ക്ക് അവധിയായ 16 തെരഞ്ഞെടുത്തത്. ഇതിനിടയിലാണ് യുഡിഎഫിന്റെ മുഖം നഷ്ടപ്പെട്ട രണ്ട് പ്രധാന സംഭവങ്ങളുണ്ടായത്. സോളാര്‍ ജുഡീഷ്യല്‍ കമീഷന്‍ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുന്‍ മന്ത്രിമാര്‍, എംഎല്‍എമാര്‍ തുടങ്ങിയവര്‍ക്കെതിരെ കേസെടുക്കാനുള്ള തീരുമാനം നിലയില്ലാക്കയത്തിലാണ് യുഡിഎഫിനെ എത്തിച്ചത്. ഹൈക്കമാന്‍ഡില്‍നിന്നുപോലും പിന്തുണ ലഭിക്കാത്ത സാഹചര്യത്തില്‍ ജനങ്ങളെ അഭിമുഖീകരിക്കാന്‍ കോണ്‍ഗ്രസിന് സാധിക്കുമായിരുന്നില്ല. അടുത്ത പ്രഹരം വേങ്ങരയില്‍നിന്നായിരുന്നു. ലീഗിന്റെ പൊന്നാപുരംകോട്ടയില്‍   ആറുമാസത്തിനുള്ളില്‍ പതിനയ്യായിരത്തോളം വോട്ടുചോര്‍ന്നതിന് കാരണം നഷ്ടപ്പെടുന്ന ജനവിശ്വാസമല്ലാതെ മറ്റെന്താണ്.  ഈ പശ്ചാത്തലത്തിലാണ് നേരത്തെ മുട്ടുശാന്തിയെന്നനിലയില്‍ പ്രഖ്യാപിച്ച ഹര്‍ത്താല്‍ ഉപയോഗപ്പെടുത്തി ജനശ്രദ്ധതിരിച്ചുവിടാന്‍ ശ്രമം നടക്കുന്നത്.

ഹര്‍ത്താലിനോടുതന്നെ വിയോജിപ്പ് പ്രകടിപ്പിക്കാറുള്ള യുഡിഎഫും പ്രതിപക്ഷനേതാവും കെപിസിസി പ്രസിഡന്റുമൊക്കെ ജനങ്ങളെ പരിഹസിക്കുകയാണ് ചെയ്തത്. ഹര്‍ത്താലില്‍ അക്രമം ഉണ്ടാകില്ലെന്ന മുന്‍കൂര്‍ പ്രസ്താവന അഴിഞ്ഞാടാന്‍ അണികള്‍ക്ക് നല്‍കിയ  നിര്‍ദേശമായരുന്നു. ഇവരുടെ വാക്കുവിശ്വസിച്ച് പുറത്തിറങ്ങിയവരാണ് ജീവഭയത്തോടെ പൊട്ടിത്തെറിച്ചത്.  അധികാരസ്ഥാനങ്ങള്‍ ജനവിരുദ്ധമാകുമ്പോള്‍ കൂട്ടായി പ്രതിഷേധിക്കുകയും തൊഴിലില്‍നിന്ന് വിട്ടുനിന്ന് പൊതുഇടങ്ങളാകെ സ്തംഭിപ്പിക്കുകയുംചെയ്യുന്ന സമരമുറ പരിഷ്കൃതസമൂഹത്തില്‍ പതിവുള്ളതാണ്. അവശ്യസര്‍വീസുകളെ ഒഴിവാക്കുകയും നിര്‍ബന്ധവും ബലപ്രയോഗവും ചെലുത്താതെയും ജനങ്ങളെ തങ്ങളുടെ മുദ്രാവാക്യത്തിനുകീഴില്‍ അണിനിരത്താന്‍ ശ്രമിക്കുകയാണ് ഹര്‍ത്താലില്‍ തുടര്‍ന്നുവരുന്ന രീതി. ഉന്നയിക്കുന്ന ആവശ്യത്തില്‍ ആത്മാര്‍ഥത ഇല്ലാതെ, രാഷ്ട്രീയലക്ഷ്യത്തോടെ യുഡിഎഫ് സംഘടിപ്പിച്ച ഹര്‍ത്താലില്‍ ജനങ്ങള്‍ അണിനിരക്കാതെപോയത് സ്വാഭാവികം. ഹര്‍ത്താലുമായി സഹകരിക്കില്ലെന്നും കടകള്‍ തുറന്നുപ്രവര്‍ത്തിക്കുമെന്നും വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസ്താവന ഇറക്കിയത് ഈ സാഹചര്യത്തിലാണ്്. രാവിലെ തുറന്ന കടകള്‍ പലതും ബലപ്രയോഗത്തിലൂടെ പൂട്ടിക്കുകയായിരുന്നു. 

അവശ്യസര്‍വീസുകള്‍ക്കും തൊഴിലെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്കും സംരക്ഷണം നല്‍കുക എന്നതാണ് ഇത്തരം സന്ദര്‍ഭങ്ങളില്‍ സര്‍ക്കാരിന് ചെയ്യാനുള്ളത്.  പൊലീസ് സംരക്ഷണത്തില്‍ തലസ്ഥാനത്ത് ഉള്‍പ്പെടെ പലയിടങ്ങളിലും ഗതാഗതസംവിധാനങ്ങള്‍ സാധാരണപോലെ പ്രവര്‍ത്തിച്ചു. എല്‍ഡിഎഫ് സര്‍ക്കാര്‍ കൈക്കൊണ്ട മുന്‍കരുതലുകളും സംരക്ഷണനടപടികളും ജനങ്ങളുടെ ദുരിതം ലഘൂകരിക്കാന്‍ സഹായകമായി. സര്‍ക്കാരിന്റെ പ്രതിബദ്ധതയും പ്രതിപക്ഷത്തിന്റെ കാപട്യവും ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടുവെന്നതാണ് ഹര്‍ത്തലിന്റെ ബാക്കിപത്രം


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top