26 April Friday

നിയമസഭയിലെ യുഡിഎഫിന്റെ കരിവേഷം

വെബ് ഡെസ്‌ക്‌Updated: Thursday Nov 29, 2018


ബിജെപിക്കൊപ്പംനിന്നുള്ള മതരാഷ്ട്രീയക്കളിയിൽനിന്ന്‌ പിന്നോട്ടില്ലെന്ന്‌ യുഡിഎഫ്‌ വീണ്ടും തെളിയിച്ചു. ഹൈക്കോടതിപോലും ശരിവച്ച ശബരിമലയിലെ നിരോധനാജ്ഞയ‌്ക്കെതിരെ സഭ സ‌്തംഭിപ്പിക്കുന്ന അതിക്രമത്തിനു മുതിർന്ന അവരുടെ നിലപാട്‌ ഇക്കാര്യം വ്യക്തമാക്കുന്നു.
ശബരിമല പ്രശ്‌നത്തിൽ സംഘപരിവാറിനൊപ്പം, കോൺഗ്രസ്‌ നയിക്കുന്ന യുഡിഎഫ്‌ സമരം തുടങ്ങിയിട്ട്‌ ഏറെനാളായി. അഖിലേന്ത്യാ പ്രസിഡന്റ‌് രാഹുൽ ഗാന്ധിതന്നെ തള്ളിപ്പറഞ്ഞ ഈ സമരം കൈവിടാനില്ലെന്നാണ്‌ യുഡിഎഫിന്റെ നിയമസഭാപ്രകടനം കാട്ടിത്തന്നത്‌. 

കഥകളിയിൽ കരിവേഷം കാട്ടാളസ്വഭാവക്കാർക്കാണ്. സഭയിൽ ബുധനാഴ‌്ച കറുപ്പുടുത്തു വന്നത് ബിജെപി അംഗം  ഒ രാജഗോപാലും പുതുകൂട്ടാളി പി സി ജോർജും ആണെങ്കിലും സഭയുടെ നടുത്തളത്തിൽ കരിവേഷം ആടിയത് യുഡിഎഫ്‌ അംഗങ്ങളായിരുന്നു.

കഥകളിയിൽ കരിവേഷം കാട്ടാളസ്വഭാവക്കാർക്കാണ്. സഭയിൽ ബുധനാഴ‌്ച കറുപ്പുടുത്തു വന്നത് ബിജെപി അംഗം  ഒ രാജഗോപാലും പുതുകൂട്ടാളി പി സി ജോർജും ആണെങ്കിലും സഭയുടെ നടുത്തളത്തിൽ കരിവേഷം ആടിയത് യുഡിഎഫ്‌ അംഗങ്ങളായിരുന്നു.

ചോദ്യോത്തരവേളയിലായിരുന്നു പ്രതിഷേധം. അത്‌ അസാധാരണമൊന്നുമല്ല. ഇവിടെ പക്ഷേ ചോദ്യോത്തരവേള സസ്‌പെൻഡ‌് ചെയ്യണം എന്ന ആവശ്യം ഉയർത്തി ബഹളംകൂട്ടിയ പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തല, ബഹളം അടങ്ങിയപ്പോൾ ഉന്നയിച്ച പ്രശ്‌നം അംഗങ്ങളെ ചോദ്യം ചോദിക്കാൻ  അനുവദിച്ചില്ലെന്നാണ്‌. ഇത്തരത്തിൽ ലക്ഷ്യവും മാർഗവും വ്യക്തമാകാത്ത സമരത്തിന്റെ ദയനീയതയും നിയമസഭയിൽ കണ്ടു.
ശബരിമലയിൽ സർക്കാർ സ്വീകരിച്ച നടപടികളെപ്പറ്റി ഇപ്പോൾ ആർക്കും അവ്യക്തതയില്ല. ചൊവ്വാഴ്‌ച ഹൈക്കോടതിയിൽനിന്നുണ്ടായ വിധി ഇക്കാര്യത്തിൽ ഒരേസമയം സർക്കാർ നിലപാടിനുള്ള അംഗീകാരവും തുടർനടപടികൾക്കുള്ള മാർഗരേഖയുമാണ്‌. വിധിപ്പകർപ്പ്‌ പുറത്തുവരുമ്പോഴേ കൂടുതൽ വ്യക്തത ലഭിക്കുകയുള്ളൂ.

സുപ്രീംകോടതിയുടെ ഭരണഘടനാബെഞ്ചിന്റെ വിധി നടപ്പാക്കാനാണ്‌ ശബരിമലയിൽ സർക്കാരിന്‌ ഇടപെടേണ്ടിവന്നത്‌. അവിടെ യുവതികൾക്ക്‌ പ്രവേശിക്കാം എന്നാണ്‌ കോടതിവിധി. യുവതികൾ വന്നാൽ അവരെ തടഞ്ഞാൽ പൊലീസിന്‌ ഇടപെടേണ്ടിവരും. യുവതീപ്രവേശം തടയാൻ നീക്കമുണ്ടായാൽ പൊലീസിന്‌ ഇടപെടാമെന്ന്‌ കൃത്യമായിത്തന്നെ ഹൈക്കോടതി ഡിവിഷൻ ബെഞ്ച്‌ പറയുന്നു.

ശബരിമലയിൽ ഭക്തരുടെ ആവശ്യങ്ങൾക്കാണ്‌ മുൻഗണന വേണ്ടത്‌ എന്നതാണ്‌ സംസ്ഥാന സർക്കാർ ഇതുവരെ സ്വീകരിച്ച നിലപാട്‌. അത്‌ ഹൈക്കോടതി അതേപടി അംഗീകരിക്കുന്നു. ഭക്തർക്ക്‌ തടസ്സമുണ്ടാകുന്ന സമരങ്ങളെ എങ്ങനെ നേരിടണം എന്നതാണ്‌ സർക്കാർ നേരിട്ട  പ്രശ്‌നം. സർക്കുലറുകൾ ഇറക്കി സംഘടിച്ചെത്തി അകാരണമായി സമരത്തിനിറങ്ങുന്ന സംഘപരിവാർ ശബരിമലയിൽ  ഗൗരവമേറിയ ക്രമസമാധാനപ്രശ്‌നം ഉണ്ടാക്കുന്നു. ഭക്തരെ വിഷമിപ്പിക്കുന്നു. സ്‌ത്രീകളെപ്പോലും എറിഞ്ഞുവീഴ്‌ത്താൻ ശ്രമിക്കുന്നു. ഇവരെ നേരിടാനാണ്‌ സർക്കാരിന്റെ നിരോധനാജ്ഞ. സർക്കാർ കോടതിയിൽ ഇക്കാര്യമാണ്‌ വിശദീകരിച്ചത്‌. അതുകൊണ്ടാണ്‌ നിരോധനാജ്ഞ പ്രഖ്യാപിക്കാനുള്ള തീരുമാനത്തിൽ ഇടപെടില്ലെന്ന്‌ കോടതി വ്യക്തമാക്കിയത്‌. ശബരിമലയിൽ ധർണയും സമരവും വേണ്ടെന്ന്‌ വ്യക്തമായി കോടതി പറയുകയും ചെയ്‌തു.

കോടതിയുടെ  പരിഗണനയിൽവന്ന മറ്റു വിഷയങ്ങളൊക്കെ ഈ അടിസ്ഥാന കാഴ്‌ചപ്പാടിൽനിന്നുകൊണ്ടുള്ള കാര്യങ്ങളുടെ വിശദാംശങ്ങളാണ്‌. അതിൽ കുറെയേറെ ക്രമീകരണങ്ങൾ കോടതി നിർദേശിച്ചിട്ടുണ്ട്‌. അക്രമികളെ നേരിടാൻ പൊലീസ്‌ ഇടപെടേണ്ടിവരുമ്പോൾ പുലർത്തേണ്ട ജാഗ്രതയെപ്പറ്റി പറയുന്നുണ്ട്‌

കോടതിയുടെ  പരിഗണനയിൽവന്ന മറ്റു വിഷയങ്ങളൊക്കെ ഈ അടിസ്ഥാന കാഴ്‌ചപ്പാടിൽനിന്നുകൊണ്ടുള്ള കാര്യങ്ങളുടെ വിശദാംശങ്ങളാണ്‌. അതിൽ കുറെയേറെ ക്രമീകരണങ്ങൾ കോടതി നിർദേശിച്ചിട്ടുണ്ട്‌. അക്രമികളെ നേരിടാൻ പൊലീസ്‌ ഇടപെടേണ്ടിവരുമ്പോൾ പുലർത്തേണ്ട ജാഗ്രതയെപ്പറ്റി പറയുന്നുണ്ട്‌. ക്രമസമാധാന പാലനത്തിനിടയിൽ പൊലീസ്‌ അതിരുവിടരുതെന്ന്‌ നിർദേശിക്കുന്നു.  നിലയ്‌ക്കലിൽ നിന്ന്‌ പമ്പവരെ സ്വകാര്യവാഹനങ്ങൾ അനുവദിക്കണമെന്ന ഒരാവശ്യം ഹർജിക്കാർ ഉയർത്തിയിരുന്നു. കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്‌ണനെ മുൻനിർത്തി ഈ വിഷയത്തിൽ ശബരിമലയിൽ ബിജെപി സംഘർഷവുമുണ്ടാക്കി. പക്ഷേ  ഈ നിയന്ത്രണം കോടതി നിർദേശപ്രകാരമാണെന്ന്‌ സർക്കാർ വ്യക്തമാക്കിയിരുന്നു. ചൊവ്വാഴ്‌ച കോടതിയും  ഇത്‌ അംഗീകരിച്ചു.

ഹൈക്കോടതിയുടെ നേരിട്ടുള്ള മേൽനോട്ടത്തിനായി മൂന്നംഗ സമിതിയെ നിയമിച്ചതാണ്‌ കോടതിയിൽനിന്നുണ്ടായ മറ്റൊരു നടപടി. നിലവിൽ ജില്ലാ ജഡ്‌ജിയുടെ പദവിയുള്ള സ്‌പെഷ്യൽ കമീഷണർ അവിടെയുണ്ട്‌. അദ്ദേഹം തയ്യാറാക്കിയ റിപ്പോർട്ട്‌ സർക്കാർ ഹൈക്കോടതിയിൽ ഹാജരാക്കിയിരുന്നു. സംഘപരിവാർ ശബരിമലയിൽ ഒരുക്കുന്ന സംഘർഷത്തിന്റെ നേർച്ചിത്രം അതിലുണ്ടായിരുന്നു. ഇന്നലെ ആ റിപ്പോർട്ടിന്റെ പ്രസക്തഭാഗം കോടതിയിൽ വായിച്ചിരുന്നു. ഇപ്പോൾ രണ്ട്‌ മുൻ ജഡ്‌ജിമാർകൂടി ഉൾപ്പെട്ട ഒരു സമിതിയെ കോടതി തീരുമാനിച്ചിരിക്കുന്നു, മുമ്പും ഹൈക്കോടതി നേരിട്ട് നിരീക്ഷണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ശബരിമലയിലെ സർക്കാരിന്റെ നീക്കങ്ങൾക്ക്‌  സമിതി മാർഗനിർദേശം നൽകും എന്ന്‌ നമുക്ക്‌ പ്രത്യാശിക്കാം.

ഇത്തരത്തിൽ സർക്കാർ നടപടികൾക്ക്‌ വ്യക്തമായ അംഗീകാരം നൽകുന്ന ഹൈക്കോടതി വിധി വന്നതിന്റെ പിറ്റേന്ന്‌ കോടതി തള്ളിയ വാദങ്ങളുമായി നിയമസഭ സ്‌തംഭിപ്പിക്കുകയാണ്‌ പ്രതിപക്ഷം ചെയ്‌തത്‌. നശിച്ചേ അടങ്ങൂ എന്ന വാശിയിലാണ് കോൺഗ്രസെന്ന്‌ ഇത്‌ വ്യക്തമാക്കുന്നു. സ്‌ത്രീപുരുഷ സമത്വവും നവോത്ഥാന കാഴ്ചപ്പാടും  ഉൾക്കൊള്ളുന്ന ഒരു സുപ്രീംകോടതി വിധിക്കെതിരെ  എടുക്കുന്ന നിലപാടിലൂടെ  അവർ അത്‌ വീണ്ടും തെളിയിക്കുന്നു.

മുഖ്യമന്ത്രി  പിണറായി വിജയൻ കഴിഞ്ഞദിവസം കണ്ണൂരിലെ പൊതുയോഗത്തിൽ പറഞ്ഞ വാക്കുകൾ ആവർത്തിച്ച്  അവസാനിപ്പിക്കട്ടെ: കോൺഗ്രസ‌് ദേശീയപ്രസ്ഥാനത്തിന്റെ പാരമ്പര്യമുള്ള പാർടിയാണ‌്. മതനിരപേക്ഷവിശ്വാസികളായ ധാരാളമാളുകൾ ഇപ്പോഴും ആ  പാർടിയിലുണ്ട‌്.  അവർ മതനിരപേക്ഷമൂല്യങ്ങൾ ഉയർത്തിപ്പിടിക്കുമെന്നുതന്നെയാണ‌് പ്രതീക്ഷിക്കുന്നത‌്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top