01 December Friday

നുണബോംബുകൾക്ക് എതിരെ ജാഗ്രത

വെബ് ഡെസ്‌ക്‌Updated: Thursday Mar 25, 2021


തെരഞ്ഞെടുപ്പുകാലത്ത് അപവാദങ്ങളുടെ കുത്തൊഴുക്ക് പതിവാണ്. നുണകൾ മാത്രമല്ല, വ്യാജ സംഭവങ്ങൾ പോലും നിർമിക്കപ്പെടും. കോളേജ് തെരഞ്ഞെടുപ്പിൽ മർദനമേറ്റതായി നടിച്ച് കള്ള പ്ലാസ്റ്ററിട്ടു വരുന്ന കെഎസ്‌യു നേതാക്കളുടെ ആ പാരമ്പര്യം പൊതുതെരഞ്ഞെടുപ്പിൽ അതിരുകളില്ലാത്ത മാനങ്ങളിലേക്ക് വളരാറുണ്ട്. കേരളത്തിലെ യുഡിഎഫും ഒപ്പംനിൽക്കുന്ന ചില മാധ്യമങ്ങളെ ഉപയോഗപ്പെടുത്തി ഇത്തരം വ്യാജനിർമിതികൾ പ്രചാരണായുധമാക്കുന്നതും കാണാറുണ്ട്.

വിദ്യാർഥിയുടെ പുറത്ത് എസ്എഫ്ഐ പ്രവർത്തകർ ചാപ്പകുത്തിയെന്നും വനിതാ സ്ഥാനാർഥിയുടെ മുടി മുറിച്ചെന്നും നുണക്കഥ പ്രചരിപ്പിച്ചത് മുൻകാല ചരിത്രം. ഈ സംഭവങ്ങളൊക്കെ പിന്നീട് പൊളിഞ്ഞു. നുണയായിരുന്നെന്ന്‌ അതിൽ ഉൾപ്പെട്ടവർ തന്നെ സ്ഥിരീകരിച്ചു. എങ്കിലും ഇപ്പോഴും ആ നുണകൾ നേരുപോലെ ഇടയ്ക്കിടെ വാർത്തകളിലും പ്രസംഗങ്ങളിലും തല നീട്ടും. ചാപ്പകുത്തൽ നുണയായിരുന്നെന്ന്‌ അതിൽ ഉൾപ്പെട്ട വിദ്യാർഥി തന്നെയാണ് അന്ന് വെളിപ്പെടുത്തിയത്. എന്നാൽ, വർഷങ്ങൾക്കുശേഷം കഴിഞ്ഞദിവസം യുഡിഎഫ് പത്രമായ മലയാള മനോരമ പ്രതിപക്ഷ നേതാവിന്റെ പര്യടനവാർത്തയിൽ ഈ ചാപ്പകുത്തൽ ‘ഇര' സ്വീകരിക്കാനെത്തിയെന്ന് എഴുതിവിട്ടു.

2001ലെ നിയമസഭാ തെരഞ്ഞെടുപ്പുകാലത്ത് നാദാപുരത്തുനിന്ന്‌ കെട്ടിച്ചമച്ച കള്ളക്കഥ ഒരു യുവാവിന്റെ രക്തസാക്ഷിത്വത്തിനുവരെ ഇടയാക്കി. ഡിവൈഎഫ്ഐ പ്രവർത്തകനായ യുവാവ് ഒരു വീട്ടമ്മയെ നിസ്കാരപ്പായയിൽ ബലാൽസംഗം ചെയ്തുവെന്ന കഥ തെരഞ്ഞെടുപ്പുവേളയിൽ മാധ്യമങ്ങളുടെ സഹായത്തോടെ പ്രചരിപ്പിച്ചു. കുറെ മണ്ഡലത്തിലെങ്കിലും വൈകാരികമായും വർഗീയമായും ഇത് ഫലത്തെ സ്വാധീനിക്കുംവിധം ഉപയോഗപ്പെടുത്തി. ബലാൽസംഗം നടന്നിട്ടില്ലെന്ന് ആ സംഭവത്തിലെ ‘ഇര' തെരഞ്ഞെടുപ്പിനുശേഷം വാർത്താസമ്മേളനം നടത്തി പറഞ്ഞു. പക്ഷേ, അതിനിടയിൽ ആ യുവാവിനെ വർഗീയ തീവ്രവാദികൾ കൊലക്കത്തിക്ക്‌ ഇരയാക്കിയിരുന്നു.

ഏറ്റവുമൊടുവിൽ ചെങ്ങന്നൂർ നിയമസഭാ ഉപതെരഞ്ഞെടുപ്പിലും ഇതേ ഹീനതന്ത്രം ദൃശ്യമാധ്യമങ്ങളുടെ സഹായത്തോടെ യുഡിഎഫ് പയറ്റി. കോട്ടയത്തെ കെവിൻ എന്ന യുവാവിന്റെ കൊലപാതകത്തിലെ പ്രതികൾ ഡിവൈഎഫ്ഐ പ്രവർത്തകരാണെന്ന നുണ വോട്ടെടുപ്പുദിവസം ബ്രേക്കിങ്‌ ന്യൂസായി പ്രചരിപ്പിക്കുകയായിരുന്നു. പക്ഷേ, തെരഞ്ഞെടുപ്പുഫലം അട്ടിമറിക്കാൻ അവർക്ക് കഴിഞ്ഞില്ല.

ഇപ്പോൾ തെരഞ്ഞെടുപ്പുപ്രചാരണം അവസാനഘട്ടത്തിലേക്ക് കടക്കുമ്പോൾ ഇത്തരം അപവാദപ്രചാരണങ്ങളുടെ പ്രവാഹം തുടങ്ങിയിട്ടുണ്ട്. എൽഡിഎഫ് തുടർഭരണമെന്നത് ഒരു ഉറപ്പുള്ള സാധ്യതയായി പലരുടെയും ഉറക്കം കെടുത്തുന്നു. അന്തംവിട്ട അവസ്ഥയിൽ ഏത് അപവാദത്തിനും യുഡിഎഫും ബിജെപിയും മടിക്കില്ല. ഇതേപ്പറ്റി മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ അദ്ദേഹത്തിന്റെ വാർത്താസമ്മേളനത്തിൽ കഴിഞ്ഞദിവസം മുന്നറിയിപ്പുനൽകിയിരുന്നു.

മുൻകാലങ്ങളിൽനിന്ന് വ്യത്യസ്തമായി അപവാദ പ്രചാരണത്തിന്റെ പുതുരീതികളാണ് ഈ തെരഞ്ഞെടുപ്പിൽ കാണുന്നത്. ഈ സർക്കാർ വികസനത്തിലും ജനക്ഷേമത്തിലും റെക്കോഡിട്ടെന്ന് മുമ്പ് എഴുതേണ്ടിവന്നവരാണ് പല പത്രങ്ങളും. അത് തെറ്റെന്ന്‌ ‘തെളിയിക്കാൻ' ചില കടലാസ് സംഘടനകളുടെ പ്രസ്താവനകൾ അതേ മാധ്യമങ്ങൾ ഇന്ന് ഉപയോഗിക്കുന്നു. പൊതുവിദ്യാലയങ്ങളിൽ കൂടുതൽ കുട്ടികൾ എത്തിയ കണക്കിനെതിരെ വന്നതും പിഎസ്‌സി വഴി പറയുന്നത്ര നിയമനം നടന്നിട്ടില്ലെന്ന വാർത്തയുമായിരുന്നു ഇക്കൂട്ടത്തിൽ ഒടുവിൽ വന്ന നുണകൾ. രണ്ടും തീർത്തും പൊളിഞ്ഞു. വിദ്യാർഥികളുടെ കണക്ക് വിദ്യാഭ്യാസ മന്ത്രിതന്നെ പുറത്തുവിട്ടു. നിയമനവാർത്ത സമ്പൂർണ മണ്ടത്തരമായിരുന്നെന്നും വ്യക്തമായി. പിഎസ്‌സി വഴി നിയമിക്കുന്നവരിൽ ഒരു കൂട്ടർക്കു മാത്രമാണ് സ്പാർക്ക് എന്ന സോഫ്റ്റ്‌വെയർ വഴി ശമ്പളം നൽകുന്നത്. എന്നാൽ, സ്പാർക്ക് വഴി ശമ്പളം കിട്ടുന്നവരുടെ കണക്കു മാത്രമെടുത്ത് നിയമനം അത്രേയുള്ളൂവെന്ന പൊട്ടത്തരമാണ് പിഎസ്‌സി നിയമനത്തെപ്പറ്റി വന്നത്. കണക്കുകൾ ഉദ്ധരിച്ച് പിഎസ്‌സി അത് പൊളിച്ചു. നുണവാർത്ത മുഖ്യമായി നൽകിയ മനോരമ ആ നിഷേധം ഉൾപേജിൽ കൊടുത്തു. പക്ഷേ, പൊളിഞ്ഞത് സ്വന്തം നുണയാണെന്നു പറഞ്ഞില്ല. ഇമ്മട്ടിൽ മാധ്യമങ്ങൾ വഴിയുള്ള സർക്കാർ വിരുദ്ധ അപവാദ പ്രചാരണം തുടരുന്നു.

ഒരു തെരഞ്ഞെടുപ്പിലും കണ്ടിട്ടില്ലാത്ത മറ്റൊരു അപവാദ വ്യവസായംകൂടി ഇക്കുറി അരങ്ങേറുന്നുണ്ട്. അത് കേന്ദ്ര അന്വേഷണ ഏജൻസികളുടെ സഹായത്തോടെ യുഡിഎഫ് -–-ബിജെപി കൂട്ടുകെട്ട് സൃഷ്ടിക്കുന്ന കഥകളാണ്. എല്ലാ കേന്ദ്ര ഏജൻസികളും ഇതിൽ അണിനിരക്കുന്നു. സ്വർണക്കടത്തുകേസിൽ പ്രതികളായ കുറെപ്പേർ അവരുടെ കസ്റ്റഡിയിലുണ്ട്. അവർ നൽകുന്ന മൊഴികളെന്ന മട്ടിൽ സർക്കാരിലും ഭരണരംഗത്തുമുള്ള പ്രമുഖർക്കെതിരെ കഥകൾ ചമയ്ക്കുകയാണ് ചെയ്യുന്നത്. ഇതിന്റെ ആദ്യഗഡു മുഖ്യമന്ത്രിക്കെതിരെ ഇറക്കിനോക്കി. പക്ഷേ, സ്വതേ ഉളുപ്പില്ലാത്ത മാധ്യമങ്ങൾ പോലും അത് തൊടാൻ മടിച്ചു. അത് ചീറ്റി. ഇപ്പോൾ സ്പീക്കർക്കെതിരെയാണ് നീക്കം. കുറെ മാധ്യമങ്ങൾ അത് ആഘോഷമാക്കി.

വരുംദിവസങ്ങളിൽ ഇത്തരം അപസർപ്പക കഥകൾ ഇനിയും പ്രതീക്ഷിക്കാം. പക്ഷേ, ഈ അപവാദ കുത്തൊഴുക്കിനെ തടയാൻ കരുത്തുള്ള തടയണകൾ ഒരുക്കിയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി ഈ തെരഞ്ഞെടുപ്പുരംഗത്ത് ഉറച്ചുനിൽക്കുന്നത്. ജനങ്ങൾക്ക് നേർബോധ്യമുള്ള കാര്യങ്ങളെപ്പറ്റിയാണ് മുന്നണിപ്രവർത്തകർക്ക് പറയാനുള്ളത്. ജീവനുള്ള ഈ നേരുകൾക്കുമുന്നിൽ കള്ളക്കഥകളും അപവാദങ്ങളും വിലപ്പോകില്ല. ഈ മുന്നണിയുടെ ധാർമിക കരുത്തിൽ ജനങ്ങൾക്ക് അത്ര ഉറപ്പാണ്. നുണയുടെ കുഴിബോംബുകൾ വിതറി അതിനെ തകർക്കാനാകില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top