29 May Wednesday

യുഡിഎഫ്‌ അന്വേഷണം ഭയക്കുന്നതെന്തിന്‌

വെബ് ഡെസ്‌ക്‌Updated: Monday Nov 23, 2020


 

ബാർകോഴക്കേസിൽ പ്രാഥമിക അന്വേഷണം നടത്താൻ വിജിലൻസിന്‌ സംസ്ഥാന സർക്കാർ അനുവാദം നൽകിയിരിക്കുന്നു. ഇതുസംബന്ധിച്ച ഫയലിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഒപ്പിട്ടത്‌ കഴിഞ്ഞ ദിവസമാണ്‌. ഗവർണറുടെയും സ്‌പീക്കറുടെയും അനുമതിക്കായി ഫയൽ സമർപ്പിച്ചിട്ടുണ്ടെന്നാണറിയുന്നത്‌. ഇവരുടെകൂടി അനുമതി ലഭിച്ചാൽ വിജിലൻസ്‌ പ്രാഥമിക അന്വേഷണത്തിന്‌ തുടക്കമാകും. ഇതിൽ പ്രഥമദൃഷ്‌ട്യാ തെളിവ്‌ കണ്ടെത്തിയാൽ കേസ്‌ രജിസ്‌റ്റർ ചെയ്‌ത്‌ തുടരന്വേഷണവും നടക്കും. 

പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തല, മുൻ മന്ത്രിമാരും  കോൺഗ്രസ്‌ നേതാക്കളുമായ  കെ ബാബു, വി എസ്‌ ശിവകുമാർ എന്നിവർക്കെതിരെയാണ്‌ വിജിലൻസ്‌ അന്വേഷണം വരുന്നത്‌. ബാർ ഹോട്ടൽ ഓണേഴ്‌സ്‌ അസോസിയേഷൻ വർക്കിങ് പ്രസിഡന്റ്‌ ബിജു രമേശ്‌ കഴിഞ്ഞ മാസം 19ന്‌ നടത്തിയ പുതിയ വെളിപ്പെടുത്തലുകളാണ്‌ വിജിലൻസ്‌ അന്വേഷണത്തിന്‌ ആധാരം. യുഡിഎഫ്‌ ഭരണകാലത്ത്‌ ബാർ ലൈസൻസ്‌ ഫീസ്‌ കുറയ്‌ക്കാനായി 20 കോടി രൂപ കോഴ കൊടുത്തുവെന്നായിരുന്നു ബിജു രമേശിന്റെ വെളിപ്പെടുത്തൽ. അന്ന്‌ കെപിസിസി പ്രസിഡന്റായിരുന്ന രമേശ്‌ ചെന്നിത്തലയുടെ കൈവശം കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനിൽവച്ച്‌ ഒരു കോടി രൂപയും കെ ബാബുവിന്‌ അരക്കോടി രൂപയും വി എസ്‌ ശിവകുമാറിന്‌ കാൽക്കോടി രൂപയും കോഴ നൽകിയെന്നും ബിജു രമേശ്‌ മാധ്യമപ്രവർത്തകരോട്‌ പറയുകയുണ്ടായി. അതുകൊണ്ടുതന്നെ വിജിലൻസും ലോകായുക്തയും അന്വേഷിച്ച്‌ തെളിവില്ലെന്ന്‌ കണ്ട കേസുകളാണ്‌ രാഷ്ട്രീയ പകപോക്കലിനായി വീണ്ടും കുത്തിപ്പൊക്കുന്നത്‌ എന്ന രമേശ്‌ ചെന്നിത്തലയുടെയും യുഡിഎഫ്‌ നേതാക്കളുടെയും വാദത്തിന്‌ യാഥാർഥ്യവുമായി ഒരു ബന്ധവുമില്ല. കൈക്കൂലി നൽകിയ വ്യക്തി അത്‌ വിളിച്ചുപറയുക മാത്രമല്ല അത്‌ പരാതിയായി എഴുതി നൽകുകയും ചെയ്‌തു. കോഴ കൊടുത്ത കാര്യം ബാറുടമകളുടെ യോഗത്തിലാണ്‌ ആദ്യം വെളിപ്പെടുത്തിയത്‌.  ഈ ശബ്ദരേഖയടങ്ങിയ മൊബൈൽ ഫോൺ ബിജു രമേശ്‌ കോടതിക്ക്‌ കൈമാറുകയും ചെയ്‌തിട്ടുണ്ട്‌. കോടതിയിൽ ഹർജി സമർപ്പിക്കപ്പെടുകയും കോടതി സർക്കാരിന്റെ അഭിപ്രായം തേടുകയും ചെയ്‌തിട്ടുണ്ട്‌. പുതിയ അന്വേഷണം അനിവാര്യമാകുന്ന സാഹചര്യമാണുള്ളത്‌. അതുകൊണ്ടുതന്നെയാണ്‌ പ്രാഥമിക അന്വേഷണത്തിന്‌ സർക്കാർ അനുമതി നൽകിയിട്ടുള്ളതും.

തന്റെ കൈകൾ ശുദ്ധമാണെന്നും അതിനാൽ ഏതൊരു അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്നും മാധ്യമപ്രവർത്തകർക്ക്‌ മുമ്പിൽ പറഞ്ഞ ചെന്നിത്തല അന്വേഷണം തടയാൻ ഗവർണറെ സമീപിക്കുകയാണുണ്ടായത്‌. രണ്ട്‌ തവണ അന്വേഷിച്ച്‌ തെളിവില്ലെന്ന്‌ കണ്ട്‌ എഴുതിത്തള്ളിയ കേസ്‌ രാഷ്ട്രീയപ്രേരിതമായാണ്‌ വീണ്ടും അന്വേഷിക്കുന്നതെന്നും അതിനാൽ അന്വേഷണത്തിന്‌ അനുമതി നൽകരുതെന്നുമാണ്‌ ചെന്നിത്തല  ഗവർണറോട്‌ ആവശ്യപ്പെട്ടിട്ടുള്ളത്‌. അന്വേഷണത്തെ ചെന്നിത്തല ഭയക്കുന്നുവെന്ന്‌ ഇത്‌ വ്യക്തമാക്കുന്നു.


 

‘അഴിമതിക്കെതിരെ ഒരു വോട്ട്’‌ എന്ന മുദ്രാവാക്യമുയർത്തി തദ്ദേശ തെരഞ്ഞെടുപ്പിനെ നേരിടാൻ യുഡിഎഫ്‌ നേതൃത്വം ആഹ്വാനംചെയ്‌ത ഘട്ടത്തിൽ തന്നെയാണ്‌ പ്രതിപക്ഷ നേതാവിനെതിരെയും മുൻ മന്ത്രിമാർക്കെതിരെയും  അഴിമതിക്കേസിൽ അന്വേഷണം വരുന്നത്‌. യുഡിഎഫിൽ കോൺഗ്രസ്‌ കഴിഞ്ഞാൽ പ്രധാനഘടകകക്ഷിയായ മുസ്ലിംലീഗിന്റെ രണ്ട്‌ എംഎൽഎമാർ അറസ്‌റ്റിലായി. പാലാരിവട്ടം അഴിമതിക്കേസിലാണ്‌ മുൻ പൊതുമരാമത്ത്‌ മന്ത്രി ഇബ്രാഹിം കുഞ്ഞ്‌ അറസ്‌റ്റ്‌ ചെയ്യപ്പെട്ടതെങ്കിൽ ജ്വല്ലറി നിക്ഷേപകരെ വഞ്ചിച്ച കേസിലാണ്‌ മഞ്ചേശ്വരം എംഎൽഎ എം സി ഖമറുദ്ദീൻ ഇരുമ്പഴിക്കുള്ളിലായത്‌. മറ്റൊരു ലീഗ്‌ എംഎൽഎ കെ എം ഷാജിയും അഴിമതിക്കേസിൽ അന്വേഷണം നേരിടുകയാണ്‌. ഈ ഘട്ടത്തിൽ അഴിമതിക്കെതിരെ വോട്ട്‌ ചോദിച്ചാൽ ജനങ്ങൾ പരിഹസിക്കുമെന്ന്‌ അറിയുന്നതിനാലായിരിക്കാം യുഡിഎഫ്‌ പ്രകടനപത്രിക പുറത്തിറക്കിയപ്പോൾ ഈ മുദ്രാവാക്യത്തെക്കുറിച്ച്‌ പരാമർശിക്കാതിരുന്നത്‌. ടൈറ്റാനിയം, സോളാർ അഴിമതിക്കേസുകളും യുഡിഎഫിനെ വേട്ടയാടുകയാണ്‌.

പ്രതിപക്ഷത്തിന്റെ എല്ലാ കുതന്ത്രങ്ങളെയും സമ്മർദതന്ത്രങ്ങളെയും അതിജീവിച്ച്‌ ബാർ കോഴക്കേസിൽ അന്വേഷണവുമായി മുന്നോട്ടുപോകാൻ സംസ്ഥാന സർക്കാർ തയ്യാറാകണം. സ്വതന്ത്രവും നീതിപൂർവവുമായ അന്വേഷണം നടത്തി യഥാർഥപ്രതികളെ നിയമത്തിനുമുന്നിൽ കൊണ്ടുവരികതന്നെ ചെയ്യണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top