15 July Monday

കേരളം വ്യാവസായിക രംഗത്ത‌് വൻകുതിപ്പിലേക്ക‌്

വെബ് ഡെസ്‌ക്‌Updated: Friday Feb 15, 2019


ഇടതുപക്ഷത്തിനും ട്രേഡ‌് യൂണിയനുകൾക്കും സ്വാധീനമുള്ള കേരളം വ്യവസായ സൗഹൃദമല്ലെന്നത് എന്നും വലതുപക്ഷത്തിന്റെ, ഇടതുപക്ഷ വിരുദ്ധരുടെ പ്രചാരണമായിരുന്നു. ഇടതുപക്ഷ ജനാധിപത്യ മുന്നണി ഭരണത്തിൽ ഒരു വ്യവസായവും നിക്ഷേപവും കേരളത്തിൽ ഉണ്ടാകരുതെന്ന വലതുപക്ഷ ശാഠ്യമാണ് ഇത്തരമൊരു പ്രചാരണത്തിന് പിന്നിലുള്ളത്. എന്നാൽ, 2016 ൽ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതുമുതൽ ഇത്തരമൊരു പ്രചാരണത്തിന്റെ മുനയൊടിയാൻ ആരംഭിച്ചു. ചെറുതും വലുതുമായ വ്യവസായങ്ങൾ സ്ഥാപിക്കാൻ പല വ്യവസായികളും മുന്നോട്ടുവരാൻ തുടങ്ങി. അതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് കൊച്ചിയിലെ നിർദിഷ്ട പെട്രോ കെമിക്കൽ കോംപ്ലക‌്സിൽ നിക്ഷേപം നടത്താൻ യുഎഇയുടെ ദേശീയ എണ്ണ കമ്പനിയായ അബുദാബി നാഷണൽ ഓയിൽ കമ്പനി (അഡ്നോക്) താൽപ്പര്യം പ്രകടിപ്പിച്ചത്. അബുദാബിയിലെ അഡ്നോക് ആസ്ഥാനത്ത് യുഎഇ സഹമന്ത്രിയും അഡ്നോക് ഗ്രൂപ്പ് സിഇഒയുമായ ഡോ. സുൽത്താൻ അഹ്മദ് അൽ ജാബറും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിൽ ബുധനാഴ്ച നടത്തിയ ചർച്ചയിലാണ്  നിക്ഷേപ സന്നദ്ധത അറിയിക്കപ്പെട്ടത്. എഫ്എസിടിയിൽനിന്ന‌് സംസ്ഥാന സർക്കാർ വിലയ‌്ക്കുവാങ്ങുന്ന 481 ഏക്കർ സ്ഥലത്ത് സ്ഥാപിക്കുന്ന നിർദിഷ്ട പെട്രോ കെമിക്കൽ കോംപ്ലക‌്സിലാണ‌് നിക്ഷേപം നടത്താൻ അഡ്നോക് തയ്യാറായിട്ടുള്ളത്. പുതുതായി ആരംഭിക്കുന്ന കൊച്ചി പെട്രോ കെമിക്കൽസ് യാഥാർഥ്യമാകുന്നതിന് ഈ നിക്ഷേപസന്നദ്ധത സഹായിക്കുമെന്ന കാര്യത്തിൽ തർക്കമില്ല. 

നിക്ഷേപത്തിന് അനുകൂലമായ പശ്ചാത്തല സൗകര്യവും അന്തരീക്ഷവും സൃഷ്ടിക്കുന്നതിൽ കേരളത്തിലെ എൽഡിഎഫ് സർക്കാരിന് കഴിഞ്ഞതുകൊണ്ടാണ് യുഎഇ കമ്പനി നിക്ഷേപംനടത്താൻ തയ്യാറാകുന്നത്.  മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞതുപോലെ കേരളത്തിൽ ഒന്നും നടക്കില്ലെന്ന് കരുതുകയും പ്രചരിപ്പിക്കുകയും ചെയ‌്തവർക്കുള്ള മറുപടികൂടിയാണിത്. കേരളത്തിൽ പലതും നടക്കുകയും നടക്കാൻ പോകുകയുമാണെന്നതിന് നിരവധി ഉദാഹരണങ്ങൾ നിരത്താൻ കഴിയും.  ഡ്രൈവറില്ലാ കാറുണ്ടാക്കാൻ പ്രമുഖ ജപ്പാനീസ് കാർ കമ്പനി നിസ്സാനും കേരളത്തിൽ വരാൻ തയ്യാറായിരിക്കുന്നു. ലോകത്തിലെ ഓട്ടോമൊബൈൽ രംഗത്തെ ഭീമൻ കമ്പനിയാണ് നിസ്സാൻ. തിരുവനന്തപുരം ടെക‌്നോ സിറ്റിയിലെ 30 ഏക്കർ സ്ഥലത്താണ‌് നിസ്സാൻ അവരുടെ ഡെവലപ്മെന്റ് ക്യാമ്പസ് ആരംഭിക്കുക.  കേരള സർക്കാർ നടത്തിയ തീവ്രശ്രമങ്ങളുടെ ഭാഗമായാണ് നിസ്സാനെ കേരളത്തിലെത്തിക്കാൻ കഴിഞ്ഞിട്ടുള്ളത്.  നിസ്സാന്റെ വരവോടെ കൂടുതൽ അന്താരാഷ്ട്ര കമ്പനികൾ കേരളത്തിലേക്ക് വരാൻ താൽപ്പര്യം കാട്ടുമെന്ന കേരള സർക്കാരിന്റെ വിലയിരുത്തൽ ശരിയാണെന്ന് അഡ്നോകിന്റെ നിക്ഷേപസന്നദ്ധത തെളിയിക്കുന്നു. 

അതുപേലെതന്നെ വിവരസാങ്കേതിക രംഗത്തെ കൺസൾട്ടൻസി സ്ഥാപനമായ ഏൺസ്റ്റ്  ആൻഡ‌് യങ്ങും കേരളത്തിൽ നിക്ഷേപ സന്നദ്ധത പ്രകടിപ്പിക്കുകയുണ്ടായി. നടക്കില്ലെന്ന് കരുതിയ ഗെയിൽ പൈപ്പ‌് ലൈൻ പദ്ധതി  ഉടൻതന്നെ പ്രവർത്തന സജ്ജമാകും. അതുപോലെ ദേശീയ പാതാവികസനവും ത്വരിതഗതിയിൽ മുന്നേറുകയാണിപ്പോൾ. പുതിയകാലത്തെ മാറ്റങ്ങൾ ഉൾക്കൊണ്ട് വ്യവസായരംഗമൊന്നാകെ കുതിപ്പിലാണ്.

വ്യവസായസൗഹൃദ സംസ്ഥാനം എന്ന നിലയിലേക്ക് കേരളം മാറി. നിയമങ്ങളും വ്യവസ്ഥകളും ചട്ടങ്ങളും ലളിതവും സൗഹാർദപരവുമായതോടെ വ്യവസായം തുടങ്ങാൻ അങ്ങേയറ്റം അനുകൂലമായ സാഹചര്യം സൃഷ്ടിക്കപ്പെട്ടു. കൂടുതൽ സംരംഭകർ കേരളത്തിലേക്ക് ആകർഷിക്കപ്പെട്ടു. നാഷണൽ കൗൺസിൽ ഓഫ് അപ്ലൈഡ് ഇക്കണോമിക് റിസർച്ച് (എൻസിഎഇആർ) പുറത്തിറക്കിയ വ്യവസായ സൗഹൃദ സൂചികയിൽ കേരളം നാലാമതെത്തി. 2016ൽ എൽഡിഎഫ് സർക്കാർ അധികാരമേറുമ്പോൾ കേരളം പത്താം സ്ഥാനത്തായിരുന്നു. ഐക്യരാഷ്ട്രസഭയും നീതി ആയോഗും ചേർന്ന് തയ്യാറാക്കിയ സുസ്ഥിര വികസനലക്ഷ്യ സൂചികയിൽ വ്യവസായവും നൂതനാശയവും എന്ന വിഭാഗത്തിൽ കേരളം ഇന്ത്യയിൽ രണ്ടാമതാണ്.

വിവിധ സംസ്ഥാനങ്ങളിലെ വ്യവസായ നിക്ഷേപ സാധ്യത കണക്കാക്കുന്നതിനുള്ള അളവുകോലാണ് ഈസ് ഓഫ് ഡൂയിങ് ബിസിനസ് എന്ന സൂചിക. ഇതനുസരിച്ചാണ്  കേന്ദ്ര സർക്കാരിന്റെ ഇൻഡസ്ട്രിയൽ പോളിസി ആൻഡ‌് പ്രമോഷൻ ഡിപ്പാർട്ട്മെന്റ്(ഡിഐപിപി) വ്യവസായരംഗത്ത് സംസ്ഥാനങ്ങളുടെ റാങ്ക് നിർണയിക്കുന്നത്. ഈ റാങ്കിങ്ങിൽ സംസ്ഥാനത്തെ മുന്നിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് എൽഡിഎഫ് സർക്കാരും വ്യവസായ വകുപ്പും പ്രവർത്തിക്കുന്നത്. ഈസ് ഓഫ് ഡൂയിങ് ബിസിനസിനുവേണ്ടിമാത്രം സവിശേഷമായ ഒരു നിയമം പാസാക്കിയ ഇന്ത്യയിലെ ഏക സംസ്ഥാനമാണ് കേരളം. കേരളത്തിൽ വ്യവസായവാണിജ്യ സംരംഭങ്ങൾ എളുപ്പത്തിൽ തുടങ്ങാനും ഈ സംരംഭങ്ങൾ സുഗമമായി നടത്തിക്കൊണ്ടുപോകാനും സാഹചര്യം ഒരുങ്ങുന്നതിന് വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട ഏഴു നിയമം ഭേദഗതി വരുത്തി. കേരള ഇൻവെസ്റ്റ്മെന്റ് പ്രമോഷൻ ആൻഡ‌് ഫെസിലിറ്റേഷൻ ആക്ട് 2018 എന്ന പേരിൽ പുതിയ നിയമം കൊണ്ടുവന്നതായിരുന്നു നിർണായകമായ ആദ്യ നീക്കം. വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട 10 ചട്ടവും ഭേദഗതി വരുത്തി.  വ്യവസായം തുടങ്ങാനും ലൈസൻസുകളും ക്ലിയറൻസുകളും വേഗത്തിൽ ലഭ്യമാക്കാനും ഒരു ഓൺലൈൻ ഏകജാലക സംവിധാനത്തിന് രൂപംനൽകി. കെ സ്വിഫ്റ്റ്  എന്ന ഈ ഓൺലൈൻ സംവിധാനത്തിന്റെ പൈലറ്റ് ലോഞ്ച് ജനുവരി അഞ്ചിന് തിരുവനന്തപുരത്ത് നടന്നു. ഏത് കോണിൽക്കൂടി നോക്കിയാലും  വ്യാവസായികരംഗത്ത് വൻ കുതിപ്പിലേക്ക് നീങ്ങുകയാണ്  കേരളം. തൊഴിലില്ലായ‌്മ കുത്തനെ കുറച്ചുകൊണ്ടുവരാനും ഈ സംരംഭങ്ങൾ സഹായിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top