26 April Friday

പ്രതിപക്ഷത്തിന്റെ ദുര്‍മോഹം നടപ്പില്ല

വെബ് ഡെസ്‌ക്‌Updated: Thursday Jul 9, 2020



തിരുവനന്തപുരം വിമാനത്താവളത്തിലൂടെ അടുത്തിടെ നടന്ന സ്വർണക്കടത്ത് അതീവ ഗൗരവമുള്ളതാണ്. ഇതുവരെയുള്ള  രീതികളിൽനിന്ന് വ്യത്യസ്തമായി നയതന്ത്ര പരിരക്ഷയുടെ മറവിൽ സ്വർണം കടത്തി എന്നാണ്‌ കണ്ടെത്തിയത്. സ്വർണം പിടിക്കാൻ കസ്റ്റംസിന് കഴിഞ്ഞു. മുമ്പും പലവട്ടം കടത്ത് നടന്നതായി സൂചനയുണ്ട്. അത് പിടിക്കപ്പെടാതെ പോയി. പക്ഷേ ഇപ്പോൾ പിടിക്കാൻ കഴിഞ്ഞത് നല്ലകാര്യം.

ഈ സ്വർണം യുഎഇയിലെ കോൺസുലേറ്റിൽ നിന്നെന്ന മട്ടിൽ എങ്ങനെ അയക്കാൻ കഴിഞ്ഞു? അയച്ചത് ആരാണ്? ഇവിടെ ചട്ടങ്ങൾ പാലിക്കാതെ ആ സ്വർണം കൈക്കലാക്കാൻ കൂട്ടുനിന്നവർ ആരൊക്കെയാണ്? എന്നതെല്ലാം ഇനിയും പുറത്തുവരണം. യുഎഇ സർക്കാരും കേന്ദ്രസർക്കാരിന്റെ വിവിധ ഏജൻസികളും ഈ വഴിക്ക്‌ അന്വേഷണം നടത്തുന്നു. സത്യം പുറത്തുവരുമെന്നും പ്രതികൾ പിടിയിലാകുമെന്നും കരുതാം.

പൂർണമായും കേന്ദ്ര അന്വേഷണ ഏജൻസികളുടെ പരിധിയിൽ നടക്കുന്ന ഈ അന്വേഷണത്തിലേക്ക് സംസ്ഥാന സർക്കാരിനെ വലിച്ചിഴയ്‌ക്കാൻ ഒരു പഴുതും ആർക്കും കണ്ടെത്താനാകില്ല. എന്നാൽ, കേരളത്തിലെ പ്രതിപക്ഷവും ചില മാധ്യമങ്ങളും കുറെ ദിവസമായി ഏർപ്പെട്ടിരിക്കുന്നത് അത്തരമൊരു നീക്കത്തിലാണ്.
അതിനവർ കണ്ടെത്തിയ ന്യായങ്ങൾ വിചിത്രമാണ്. ‘ഈ ഇടപാടിൽ കാര്യമായ പങ്കുവഹിച്ചു എന്ന് കസ്റ്റംസ് കരുതുന്ന ഒരു സ്‌ത്രീ സംസ്ഥാന സർക്കാരിന്റെ ഐ ടി വകുപ്പിൽ ഉദ്യോഗസ്ഥയാണ്. ഐ ടി വകുപ്പ് ഭരിക്കുന്നത് മുഖ്യമന്ത്രിയാണ്. അതുകൊണ്ട്‌ സ്വർണക്കടത്തിന്‌  ‘‘മുഖ്യമന്ത്രി മറുപടി പറയണം’’എന്നുവരെ വാദങ്ങളുമായി അവർ ഇറങ്ങി. മുഖ്യമന്ത്രിയുടെ ഓഫീസ് ഇവരെ രക്ഷിക്കാൻ ഫോൺ വിളിച്ചു എന്നും പറഞ്ഞും എഴുതിയും പരത്തി. ഇതിലെ നേരും നുണയും വേർതിരിച്ച് മുഖ്യമന്ത്രി ഇന്നലെ വിശദീകരിച്ചെങ്കിലും അവർ പിന്മാറിയിട്ടില്ല.

ഈ സ്‌ത്രീ സർക്കാർ നിയമിച്ച, സർക്കാർ ശമ്പളം നൽകുന്ന ഒരു ജോലിയും ചെയ്യുന്നില്ല എന്നത് ഇതിനകം വ്യക്തമായി. ഒരു സ്വകാര്യ കമ്പനി സർക്കാരിനുവേണ്ടി നടത്തുന്ന ഒരു പ്രോജക്‌ടിൽ ആ കമ്പനിയാണ് അവരെ നിയമിച്ചത്. ശമ്പളവും അവരാണ് നൽകുന്നത്. എന്നുമാത്രമല്ല ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിൽനിന്നും എയർ ഇന്ത്യയിൽ നിന്നുമടക്കം തൊഴിൽ പരിചയ സർട്ടിഫിക്കറ്റ് ഹാജരാക്കിയാണ് അവർ ആ ജോലി നേടിയത് എന്നും രേഖകൾ പറയുന്നു. സ്വർണക്കടത്തുമായി ബന്ധപ്പെട്ട്  അവരുടെ പേര് ഉയർന്നപ്പോൾത്തന്നെ അവരെ ആ ജോലിയിൽനിന്ന് പിരിച്ചുവിടാൻ സംസ്ഥാന സർക്കാർ നിർദേശം നൽകുകയും ചെയ്തു. മുഖ്യമന്ത്രിയുടെ ഓഫിസിൽനിന്ന് ആരും വിളിച്ചിട്ടില്ലെന്ന്‌ ഉയർന്ന കസ്റ്റംസ് ഉദ്യോഗസ്ഥൻ  വ്യക്തമാക്കുക കൂടി ചെയ്തതോടെ ഉയർത്തിയ ആരോപണങ്ങൾ എല്ലാം നിലംപൊത്തി. മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി പ്രവർത്തിച്ചിരുന്ന ഐഎഎസ് ഉദ്യോഗസ്ഥനായ എം ശിവശങ്കറിനെതിരെ ചില ആക്ഷേപങ്ങൾ ഈ വിവാദത്തിനിടയിൽ വന്നു. നിയമപരമായ നിലനിൽപ്പുള്ള ആക്ഷേപങ്ങൾ അല്ലെങ്കിലും അദ്ദേഹത്തെ ഓഫീസിൽനിന്ന്  മുഖ്യമന്ത്രി നീക്കി. ആക്ഷേപം ഉയർന്ന് മണിക്കൂറുകൾക്കുള്ളിലായിരുന്നു ഈ നടപടി.

പ്രതിസന്ധികൾക്ക് നടുവിൽനിന്നാണ് ഈ സർക്കാർ സംസ്ഥാനത്തെ മുന്നോട്ടു നയിക്കുന്നത്. ഒരു മഹാമാരിക്ക് നടുവിലും ജനങ്ങളിൽ അതീവ മതിപ്പുണ്ടാക്കി ഭരണം മുന്നോട്ടുപോകുന്നത് പ്രതിപക്ഷത്തെ വല്ലാതെ ഭയപ്പെടുത്തുന്നു. അധികാരം ഒരിക്കൽ കൂടി കൈവിടുമോ എന്ന ആശങ്ക അവരിൽ  വല്ലാതെയുണ്ട്

വിവാദ വനിതയ്‌ക്കെതിരെ മുമ്പ് ഒരു കേസ് ഉണ്ടായിരുന്നു എന്നൊരു വാർത്തയും വന്നു. ശരിയാണ് ഒരു കേസ് ഉണ്ടായിരുന്നു. ആ കേസിൽ പക്ഷേ അവരെ പ്രതിചേർക്കാൻ ശ്രമിക്കുകയാണ് സംസ്ഥാന സർക്കാരിന് കീഴിലുള്ള ക്രൈംബ്രാഞ്ച് ചെയ്തതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഹൈക്കോടതിയിൽ ക്രൈംബ്രാഞ്ച് നൽകിയ സത്യവാങ്മൂലത്തിൽ കേസിൽ  ഇവരെ പ്രതിയാക്കണം  എന്നാണ് പറയുന്നത്. എന്നാൽ  കേന്ദ്രസർക്കാർ നിയന്ത്രണത്തിലുള്ള സ്ഥാപനത്തിൽ ജോലി ചെയ്യുമ്പോൾ ഉണ്ടായ ഈ കേസിൽ ഇവരെ രക്ഷിക്കാൻ ബിജെപിയിലെ പ്രമുഖർ ശ്രമിച്ചതായി വിവരങ്ങൾ പുറത്തുവരുന്നുണ്ട്.

ഇങ്ങനെ വീർപ്പിച്ചു തുടങ്ങിയപ്പോൾ ത്തന്നെ കാറ്റുപോയ ആരോപണ ബലൂണുകളുമായി കോൺഗ്രസ്  നേതാക്കളും ബിജെപി നേതാക്കളും തുടരെ വാർത്താസമ്മേളനം നടത്തുകയാണ്. അന്തം വിട്ടവർ എന്തും ചെയ്യും എന്ന നാടൻ പ്രയോഗത്തിന് ചേർന്ന മട്ടിൽ അവർ ഇളകിയാടുന്നു. അതിന്റെ ഒരു സാമ്പിൾ കോൺഗ്രസിന്റെ ചാനലിൽ കണ്ടു. മുമ്പ് ദുബായ്  കോൺസുലേറ്റിൽ വിവാദ വനിത ജോലി ചെയ്ത കാലത്ത്  കോൺസുലേറ്റ് നടത്തിയ ഇഫ്ത്താർ പാർടിയിൽ  മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും മറ്റും പങ്കെടുത്തിരുന്നു.  അതിന്റെ ചിത്രങ്ങൾ ലഭ്യമാണ്. ഇതിൽ ഒരു ചിത്രത്തിൽ  കൃത്രിമം നടത്തി മുഖ്യമന്ത്രിക്കെതിരെ വ്യാജ വാർത്തയുണ്ടാക്കുകയാണ്  കോൺഗ്രസിന്റെ ഉടമസ്ഥതയിലുള്ള ചാനൽ ചെയ്തത്.

പ്രതിസന്ധികൾക്ക് നടുവിൽനിന്നാണ് ഈ സർക്കാർ സംസ്ഥാനത്തെ മുന്നോട്ടു നയിക്കുന്നത്. ഒരു മഹാമാരിക്ക് നടുവിലും ജനങ്ങളിൽ അതീവ മതിപ്പുണ്ടാക്കി ഭരണം മുന്നോട്ടുപോകുന്നത് പ്രതിപക്ഷത്തെ വല്ലാതെ ഭയപ്പെടുത്തുന്നു. അധികാരം ഒരിക്കൽ കൂടി കൈവിടുമോ എന്ന ആശങ്ക അവരിൽ  വല്ലാതെയുണ്ട്. ഈ നിരാശയിൽനിന്ന് അവർ ചെയ്തുകൂട്ടുന്നതൊക്കെയാണ് കേരളം കാണുന്നത്. എന്നാൽ, ഈ ചെയ്‌തികൾ അവരെ ജനങ്ങളിൽനിന്ന് കൂടുതൽ അകറ്റുകയാണ്. ഇതുവരെ അവർ ഉന്നയിച്ച ആവശ്യങ്ങളെ സർക്കാർ നേരിട്ട രീതി പ്രതിപക്ഷത്തെ നിരായുധരാക്കുന്നു. ശിവശങ്കറെ നീക്കണം, കേസ് സിബിഐ അന്വേഷിക്കണം എന്നീ ആവശ്യങ്ങളാണ് അവർ ഉയർത്തിയത്. ശിവശങ്കറെ  നീക്കി. കേന്ദ്രസർക്കാർ ഇപ്പോൾ നടത്തുന്ന അന്വേഷണം ഏത് ഏജൻസിയെ ഏൽപ്പിക്കുന്നതിനോടും സർക്കാരിന് യോജിപ്പാണെന്നും  മുഖ്യമന്ത്രി വ്യക്തമാക്കി. അതോടെ ഉന്നയിച്ച ആവശ്യങ്ങൾ ആവർത്തിക്കാൻ വയ്യാത്ത സ്ഥിതിയായി. ഇപ്പോൾ ഇല്ലാത്ത ആയുധങ്ങൾ ഉണ്ടെന്നു നടിച്ച് വല്ലാത്ത യുദ്ധം ചെയ്യുകയാണ് പ്രതിപക്ഷം.

അവർ ലക്ഷ്യം വയ്‌ക്കുന്നത് ഒന്നേയുള്ളൂ. കേരളം ഓർക്കാൻ അറയ്‌ക്കുന്ന ഒരു ഭരണകാലം സമ്മാനിച്ചായിരുന്നു 2016 ൽ യുഡിഎഫ്  പടിയിറങ്ങിയത്. മുഖ്യമന്ത്രി പറഞ്ഞതുപോലെ ദുർഗന്ധം വമിക്കുന്ന ആ ചെളിക്കുണ്ടിൽ മുങ്ങിയാണ് ഇപ്പോഴും അവരുടെ കിടപ്പ്. ആ കെട്ടകാലവുമായി ഇപ്പോഴത്തെ സംഭവങ്ങൾക്ക്‌ സാമ്യമുണ്ടെന്ന് വരുത്തിയാൽ തങ്ങളെപ്പോലെയാണ് ഈ ഭരണവും എന്ന പ്രതീതി സൃഷ്ടിക്കാം എന്നവർ കരുതുന്നു. അതിനുള്ള എല്ലാ ശ്രമങ്ങളും അവർ നടത്തുന്നു. അവരുടെ ആഗ്രഹം  അത്യാഗ്രഹമായി  അവശേഷിക്കുമെന്നു മാത്രം പറയട്ടെ. ആ മൂശയിൽ വാർത്തവരല്ല ഇന്ന് കേരളം ഭരിക്കുന്നത്. നിങ്ങൾ എത്രവരെ  തരംതാഴും എന്ന് വീണ്ടും തെളിയിക്കാം എന്നല്ലാതെ ഈ പുകമറ സൃഷ്ടിക്കൽ കൊണ്ട് കൂടുതലൊന്നും  കരുതേണ്ട.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top