24 September Sunday

ദുബായ്‌ നൽകുന്ന പാഠം

വെബ് ഡെസ്‌ക്‌Updated: Tuesday Nov 16, 2021ട്വന്റി 20 ക്രിക്കറ്റ്‌ ലോകകപ്പിൽ ഓസ്‌ട്രേലിയ ആദ്യമായി ജേതാക്കളായി. അഞ്ചുതവണ ഏകദിന ലോകകപ്പ്‌ നേടിയിട്ടുണ്ടെങ്കിലും 20 ഓവർ ക്രിക്കറ്റിലെ ലോക കിരീടം ഇത്രയുംകാലം അന്യമായിരുന്നു. ദുബായ്‌ ഇന്റർനാഷണൽ ക്രിക്കറ്റ്‌ സ്‌റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ന്യൂസിലൻഡിനെതിരെ നേടിയത്‌ അനായാസ ജയം. ഓസ്‌ട്രേലിയൻ ക്രിക്കറ്റ്‌ ടീമിന്റെ കരുത്തിനും പ്രൊഫഷണൽ മികവിനും ലോകകപ്പ്‌ വേദിയായി.

ഇന്ത്യയിൽ നടക്കേണ്ടിയിരുന്ന ലോകകപ്പാണ്‌ കോവിഡ്‌ സാഹചര്യത്തിൽ യുഎഇയിലേക്ക്‌ മാറ്റിയത്‌. തുടക്കത്തിൽ സാധ്യതാ പട്ടികയിൽ ഓസീസ്‌ ഉണ്ടായിരുന്നില്ല. ഈവർഷം നടന്ന മൂന്ന്‌ ട്വന്റി 20 പരമ്പരകളിൽ ദയനീയ തോൽവിയായിരുന്നു. വെസ്‌റ്റിൻഡീസിനോടും ബംഗ്ലാദേശിനോടും പരാജയപ്പെട്ടു. റാങ്കിങ്ങിൽ ആറാമതുള്ള ടീമിനെ എഴുതിത്തള്ളിയതാണ്‌. സാധ്യതകളിൽ മുന്നിലുണ്ടായിരുന്നത്‌ ഇന്ത്യയും പാകിസ്ഥാനും വിൻഡീസുമൊക്കെയായിരുന്നു. എന്നാൽ, കളി തുടങ്ങിയപ്പോൾ ചിത്രം മാറി. ഇംഗ്ലണ്ട്‌, ദക്ഷിണാഫ്രിക്ക, വെസ്‌റ്റീൻഡീസ്‌, ശ്രീലങ്ക, ബംഗ്ലാദേശ്‌ എന്നിവർ ഉൾപ്പെട്ട കടുത്ത ഗ്രൂപ്പിലായിരുന്നു ഓസ്‌ട്രേലിയ. അഞ്ച്‌ കളിയിൽ നാല്‌ ജയത്തോടെ സെമിയിലേക്ക്‌ മുന്നേറി. ടീമിന്റെ വിശ്വരൂപം കണ്ടത്‌ പാകിസ്ഥാനെതിരായ സെമിയിലാണ്‌.

ഒടുക്കംവരെ പൊരുതാനുള്ള ചങ്കുറപ്പാണ്‌ ആരോൺ ഫിഞ്ച്‌ നയിക്കുന്ന ടീമിന്റെ സവിശേഷത. പന്തിലും ബാറ്റിലും പൂർണ സമർപ്പണം. ഒറ്റ ഓവറിൽ കളിയുടെ ഗതിമാറ്റുന്ന ബാറ്റർമാരും ബൗളർമാരും ടീമിന്‌ മുതൽക്കൂട്ടാണ്‌. ലോക കപ്പിലെ താരമായ ഡേവിഡ്‌ വാർണർ ഐപിഎൽ ക്രിക്കറ്റിൽ മോശം ഫോമിന്റെ പേരിൽ ഒഴിവാക്കപ്പെട്ടതാണ്‌. ആ വാർണറാണ്‌ ദേശീയ കുപ്പായത്തിൽ മിന്നിത്തിളങ്ങിയത്‌. ഈ ടീമിൽനിന്ന്‌ ഇന്ത്യ കുറേ പഠിക്കാനുണ്ട്‌. നിർണായക കളിയിൽ തോറ്റതാണ്‌ ഇന്ത്യയുടെ മുന്നേറ്റം തടഞ്ഞത്‌. പാകിസ്ഥാനോടും ന്യൂസിലൻഡിനോടും പൊരുതാതെ കീഴടങ്ങി. ഇന്ത്യൻ ടീമിന്റെ പോരായ്‌മകൾ വെളിച്ചത്തുകൊണ്ടുവരുന്നതായിരുന്നു രണ്ട്‌ കളിയും. വിശ്രമമില്ലാതെ മാസങ്ങളായി തുടരുന്ന മത്സരങ്ങൾ ടീമിനെ നിർവീര്യമാക്കി. ആറു മാസമായി തുടർച്ചയായി കളിക്കുന്നു. അതിനാൽ ഊർജം നഷ്ടപ്പെട്ടവരെപ്പോലെയായിരുന്നു കളത്തിലെ ടീം. ന്യൂസിലൻഡിനെതിരായ കളിക്കുശേഷം ക്യാപ്‌റ്റൻ വിരാട്‌ കോഹ്‌ലി പറഞ്ഞത്‌ കളിക്കാനിറങ്ങിയത്‌ പേടിയോടെയാണെന്നാണ്‌. ആ പ്രതികരണത്തിൽ എല്ലാം അടങ്ങിയിട്ടുണ്ട്‌. ഇടവേളയില്ലാത്ത കളിയും കുടുംബത്തിൽനിന്ന്‌ സ്ഥിരമായി വിട്ടുനിൽക്കുന്നതും ബാധിച്ചതായി പേസ്‌ ബൗളർ ജസ്‌പ്രീത്‌ ബുമ്ര തുറന്നുപറഞ്ഞു. വിശ്രമമില്ലാത്ത കളി ടീമിന്റെ ആത്മവിശ്വാസം തകർത്തെന്ന്‌ വിരമിച്ച കോച്ച്‌ രവിശാസ്‌ത്രി വൈകിയാണെങ്കിലും വെളിപ്പെടുത്തി.

ഇതിനെല്ലാം മറുപടി പറയേണ്ടത്‌ ഇന്ത്യൻ ക്രിക്കറ്റ്‌ കൺട്രോൾ ബോർഡാണ്‌ (ബിസിസിഐ). വരുമാനത്തിൽ മാത്രമാണ്‌ ബിസിസിഐയുടെ ശ്രദ്ധയെന്ന വിമർശം ശക്തമാണ്‌. കളിക്കാർ യന്ത്രങ്ങളെപ്പോലെ കളിച്ചുകൊണ്ടിരിക്കുന്നു. അതാകട്ടെ കോവിഡ്‌ ചട്ടക്കൂടിനുള്ളിലും. വിശ്രമമില്ലാത്ത കളി കളിക്കാരെ മാനസികമായും ശാരീരികമായും തകർത്തെന്നത്‌ വസ്‌തുതയാണ്‌. ലോക കപ്പിന്‌ തൊട്ടുമുമ്പ്‌ ഐപിഎൽ ക്രിക്കറ്റ്‌ മത്സരങ്ങൾ നടത്തിത്തീർക്കാനായിരുന്നു ബിസിസിഐക്ക്‌ താൽപ്പര്യം.

പണം കുമിയുന്ന ഐപിഎല്ലും കഴിഞ്ഞാണ്‌ ഇന്ത്യ ലോകകപ്പിന്‌ എത്തിയത്‌. രണ്ട്‌ ടൂർണമെന്റും തമ്മിലുള്ള ഇടവേള ഒരാഴ്‌ചമാത്രം. അപ്പോൾ പിന്നെ ലോക കപ്പിന്‌ ഒരുങ്ങാൻ നേരമെവിടെ? ടീം തെരഞ്ഞെടുപ്പിനെക്കുറിച്ചും വിമർശമുയർന്നു. ഫോമിലല്ലാത്ത ഹാർദിക്‌ പാണ്ഡ്യ ടീമിൽ ഉൾപ്പെട്ടതും ചർച്ചയായി. തോൽവിക്കുശേഷം കപിൽദേവും സുനിൽ ഗാവസ്‌കറും അടക്കമുള്ള മുൻ താരങ്ങൾ രംഗത്തുവന്നിരുന്നു. തോൽവി മുന്നോട്ടുള്ള പ്രയാണത്തിൽ തിരുത്തലിന്‌ ഉപകരിക്കുമെന്ന്‌ പ്രതീക്ഷിക്കാം. പരിശീലകനായി രാഹുൽ ദ്രാവിഡ്‌ വരുന്നത്‌ ശുഭകരമാണ്‌. രോഹിത്‌ ശർമ പുതിയ ട്വന്റി 20 ക്യാപ്‌റ്റനായി എത്തുന്നു. ഏകദിനത്തിലും കോഹ്‌ലി സ്ഥാനമൊഴിയുമെന്ന്‌ സൂചനയുണ്ട്‌. ന്യൂസിലൻഡിനെതിരായ മൂന്ന്‌ മത്സരത്തിന്റെ ട്വന്റി 20 പരമ്പര നാളെ തുടങ്ങുകയാണ്‌. അതാകും ദ്രാവിഡിനും രോഹിതിനുമുള്ള ആദ്യ വെല്ലുവിളി.

ഈ ലോകകപ്പിൽ ടോസ്‌ കിട്ടിയവർ കളി ജയിച്ചെന്ന പരാതിക്ക്‌ കണക്കുകളുടെ പിൻബലമുണ്ട്‌. ലോകകപ്പിന്‌ ഇതുപോലുള്ള പിച്ചുകൾ ഒരുക്കാമോയെന്ന്‌ ചോദ്യവും ബാക്കി. ടോസ്‌ കിട്ടിയ ടീം എതിരാളികളെ ബാറ്റിങ്ങിന്‌ അയച്ച്‌ കളി കീശയിലാക്കുന്നതാണ്‌ കാണാനായത്‌. സൂപ്പർ 12ൽ 33 കളിയിൽ 22ഉം ജയിച്ചത്‌ രണ്ടാമത്‌ ബാറ്റ്‌ ചെയ്‌ത ടീമാണ്‌. ലോകകപ്പ്‌ ഫൈനലിലെ ഏറ്റവുമുയർന്ന സ്‌കോർ നേടിയിട്ടും ന്യൂസിലൻഡിന്‌ ജയിക്കാനായില്ല. രണ്ടാമത്‌ പന്തെറിയുമ്പോൾ മഞ്ഞുവീഴ്‌ചമൂലം ബൗളർമാർക്ക്‌ പന്ത്‌ പിടികിട്ടാത്ത അവസ്ഥ. പിടിവിട്ട ബൗളിങ്ങിൽ രണ്ടാമത്‌ ബാറ്റ്‌ ചെയ്‌തവർ കൂറ്റൻ സ്‌കോറുകൾ അനായാസം പിന്തുടരുന്നതും കണ്ടു.

കഴിഞ്ഞവർഷം നടക്കേണ്ട ലോകകപ്പാണ്‌ കോവിഡ്‌മൂലം ഈവർഷത്തേക്ക്‌ മാറ്റിയത്‌. അതിനാൽ അടുത്ത ലോകകപ്പ്‌ 2022 ഒക്‌ടോബറിൽ നടക്കും. ഓസ്‌ട്രേലിയയാണ്‌ ആതിഥേയർ. ഇന്ത്യയടക്കമുള്ള ടീമുകൾക്ക്‌ പോരായ്‌മകൾ തിരുത്തി തിരിച്ചുവരാൻ കഷ്ടി ഒരുവർഷം ബാക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top