21 September Thursday

ട്രംപിന്റെ വഴിയേ മെർക്കലും മാക്രോണും

വെബ് ഡെസ്‌ക്‌Updated: Monday Jul 2, 2018


അമേരിക്കയിൽ ഡോണൾഡ് ട്രംപ് പ്രസിഡന്റായി അധികാരമേറുകയും കുടിയേറ്റക്കാർക്കും അഭയാർഥികൾക്കുമെതിരെ കർക്കശ നടപടികൾ സ്വീകരിക്കുകയും ചെയ്തപ്പോൾ അതിനെ ശക്തമായി വിമർശിച്ച് രംഗത്ത് വന്നത് യുറോപ്യൻ രാഷ്ട്രങ്ങളായിരുന്നു. പ്രത്യേകിച്ച് ജർമൻ ചാൻസലർ ആഞ്ചല മെർക്കലും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും. എന്നാൽ, വെള്ളിയാഴ്ച ബ്രസൽസിൽ അവസാനിച്ച യുറോപ്യൻ യൂണിയൻ(ഇയു) ഉച്ചകോടി ട്രംപിന്റെയും തീവ്രവലതുപക്ഷത്തിന്റെയും അതേ കുടിയേറ്റവിരുദ്ധ നയം അംഗീകരിച്ചുകൊണ്ടാണ് പിരിഞ്ഞത്. ട്രംപിന്റെ വഴിയേ മെർക്കലും മാക്രോണും സഞ്ചരിക്കാൻ തുടങ്ങിയിരിക്കുന്നുവെന്ന് സാരം. അമേരിക്കയുമായി തുറന്ന വ്യാപാരയുദ്ധത്തിലേർപ്പെട്ട ഘട്ടത്തിൽത്തന്നെയാണ് ട്രംപിന്റെ കുടിയേറ്റവിരുദ്ധ നയം സ്വീകരിക്കാൻ  യുറോപ്യൻ  യൂണിയൻ തയ്യാറായിട്ടുള്ളത്. ഇയുവിന്റെ ഈ തീരുമാനം യുറോപ്യൻ രാഷ്ട്രങ്ങളിലെ തീവ്ര വലതുപക്ഷ പ്രസ്ഥാനങ്ങൾക്ക് കരുത്ത് വർധിപ്പിക്കുമെന്നതിൽ സംശയമില്ല. മുതലാളിത്തംതന്നെയാണ് ഫാസിസത്തെ വളർത്തുന്നതെന്നതിനുള്ള ഏറ്റവും അവസാനത്തെ ഉദാഹരണം കുടിയാണിത്. 

യുറോപ്പ് പിന്തുടരുന്നുവെന്ന് പലരും അവകാശപ്പെടുന്ന ലിബറൽ മൂല്യബോധത്തിന് കടകവിരുദ്ധമായ തീരുമാനങ്ങളാണ് രണ്ട് ദിവസമായി ബ്രസൽസിൽ ചേർന്ന ഇയു ഉച്ചകോടി അംഗീകരിച്ചത്. യൂറോപ്യൻ അതിർത്തി ഒരു കോട്ടപോലെ സംരക്ഷിച്ച് അഭയാർഥികളെയും കുടിയേറ്റക്കാരെയും ആട്ടിയകറ്റുക എന്ന സമീപനമാണ് ഇയു സ്വീകരിച്ചിട്ടുള്ളത്. ഇതിനായി ആഫ്രിക്കയിൽ നിന്നും മധ്യ പൗരസ്ത്യദേശത്തുനിന്നുമെത്തുന്ന അഭയാർഥികളെ അവിടെ ത്തന്നെ തടഞ്ഞ് അഭയാർഥി ക്യാമ്പുകൾ കെട്ടി ഉയർത്തുകയും അതിനാവശ്യമായ പണം നൽകുകയും ചെയ്യുക എന്നതാണ് ഒരു തീരുമാനം. നിലവിൽ ലിബിയയിലും തുർക്കിയിലും മറ്റും ഇത്തരം ക്യാമ്പുകൾ ഉണ്ട്. അഭയാർഥികൾ യൂറോപ്പിലേക്ക് പുറപ്പെടുന്നിടത്തു തന്നെ തടയുക എന്നതാണ് ലക്ഷ്യം. മനുഷ്യാവകാശ ലംഘനങ്ങളുടെയും സ്ത്രീപീഡനങ്ങളുടെയും കേന്ദ്രമാണ് ഇത്തരം ക്യാമ്പുകൾ എന്ന വിമർശം പല കോണുകളിൽനിന്നും ഉയരുന്നുമുണ്ട്.  നാസി കാലത്തിലെ കോൺസെന്ററേഷൻ ക്യാമ്പുകളോടാണ‌് പലരും ഇതിനെ ഉപമിക്കുന്നത്. ഈ ഘട്ടത്തിലാണ് ക്യാമ്പുകൾക്കുള്ള സാമ്പത്തികസഹായം വർധിപ്പിക്കാനും പുതിയ ക്യാമ്പുകൾ തുറക്കാനും തീരുമാനമായത്.  ഇയു ഉച്ചകോടി തുടങ്ങുന്നതിനുമുമ്പ് യൂറോപ്യൻ കൗൺസിൽ അധ്യക്ഷൻ ഡൊണാൾഡ് ടസ്‌ക‌് അംഗങ്ങളോട് ആവശ്യപ്പെട്ടത് അൽബേനിയയിലും ടുണീഷ്യയിലും സമാനമായ ക്യാമ്പുകൾ തുറന്ന് അഭയാർഥിപ്രവാഹം തടയണമെന്നാണ്. യൂറോപ്യൻ രാജ്യങ്ങളിൽത്തന്നെ ഇത്തരം ക്യാമ്പുകൾ തുറക്കണമെന്ന ശുപാർശയും യോഗത്തിൽ ഉയരുകയുണ്ടായി. കുടിയേറ്റം തടയുന്നതിനായി യൂറോപ്യൻ ബോർഡർ ഏജൻസിയായ ഫോണ്ടക്‌സ് ശക്തിപ്പെടുത്താനായി കൂടുതൽ പണം അനുവദിക്കാനും അതിന്റെ പ്രവർത്തനം വിപുലീകരിക്കാനും തീരുമാനമായി. ഇതോടൊപ്പം യൂറോപ്യൻ പ്രതിരോധശേഷി വർധിപ്പിക്കാനും ധാരണയായി. കുടിയേറ്റക്കാരോടും അഭയാർഥികളോടും അനുഭാവപൂർവം പെരുമാറുമെന്ന ജർമനിയുടെയും ഫ്രാൻസിന്റെയും പ്രഖ്യാപനങ്ങൾ പൊള്ളയാണെന്ന് തെളിയിക്കുന്നതായി ബ്രസൽസ് പ്രഖ്യാപനം. 

ഇയുവിന്റെ തീരുമാനം യൂറോപ്പിലെ തീവ്രവലതുപക്ഷത്തിന് കരുത്ത് പകരുന്നതാണ്. തീവ്രവലതുപക്ഷത്തിന് ഭരണമുള്ള ഇറ്റലിയാണ് ഇ യുവിന്റെ തീവ്രവലതുപക്ഷത്തേക്കുള്ള മാറ്റത്തിന്റെ വഴികാട്ടി.  ലെഗ(നോർതേൺ ലീഗ്) എന്ന തീവ്രവലതുപക്ഷത്തിന് പങ്കാളിത്തമുള്ള സർക്കാരാണ് ഇറ്റലിയിലേത്. രാജ്യത്ത് നിലവിലുള്ള ആറ് ലക്ഷം കുടിയേറ്റക്കാരെയും പുറത്താക്കുമെന്ന് പ്രഖ്യാപിച്ച രാജ്യമാണ് ഇറ്റലി. ലെഗ നേതാവും ആഭ്യന്തരമന്ത്രിയുമായ മാറ്റിയോ സാൽവിനി പറഞ്ഞത് യൂറോപ്യൻ യൂണിയന്റെ തീരുമാനത്തിന് പിറകിലുള്ള ശക്തി തങ്ങളാണെന്നാണ്. വടക്കാനഫ്രിക്കയിൽനിന്ന‌്, പ്രത്യേകിച്ച് ലിബിയയയിൽനിന്ന‌് ഏറ്റവും കുടുതൽ അഭയാർഥികൾ മധ്യധരണ്യാഴി വഴി എത്തുന്ന രാജ്യമാണ് ഇറ്റലി. കഴിഞ്ഞ ദിവസം അഭയാർഥികൾ സഞ്ചരിച്ച ബോട്ട് മറിഞ്ഞ് നൂറുപേർ മരിച്ചിരുന്നു. ഇവരെ രക്ഷിക്കാൻ കപ്പൽപോലും അയച്ചുകൊടുക്കാൻ വിസമ്മതിക്കുന്നിടത്തോളമെത്തിയിട്ടുണ്ട് ഇറ്റലിയുടെ കുടിയേറ്റ വിരുദ്ധത.  2014 ന് ശേഷം മാത്രം 16,746 അഭയാർഥികൾ ഇത്തരം അപകടങ്ങളിൽ പെട്ട് മരിച്ചിട്ടുണ്ടെന്നാണ് യുഎൻ കണക്ക്.

ഈ കുടിയേറ്റത്തിനും അഭയാർഥിപ്രവാഹത്തിനും പ്രധാനകാരണം  പാശ്ചാത്യരാഷ്ട്രങ്ങൾ വടക്കൻ ആഫ്രിക്കയിലും മധ്യപൗരസ്ത്യദേശത്തും നടത്തുന്ന ആക്രമണങ്ങളാണ‌്. ഇറാഖും സിറിയയും യമനും ലിബിയയും അഫ്ഗാനിസ്ഥാനും അമേരിക്കയും ബ്രിട്ടനും ഫ്രാൻസും മറ്റും ചേർന്ന് ആക്രമിച്ചപ്പോഴാണ് അവിടത്തെ ജനങ്ങൾ അഭയാർഥികളാക്കപ്പെട്ടത്.  യുദ്ധം ഈ രാജ്യങ്ങളെ തകർത്ത് തരിപ്പണമാക്കിയതും ജനജീവിതം ദുസ്സഹമാക്കി. പുതുജീവിതം തേടി ദുരിതയാത്രയ‌്ക്ക് അവർ തയ്യാറെടുത്തു. ബോട്ടുകളിലും വഞ്ചികളിലുംമറ്റുമായി യൂറോപ്യൻ തീരത്തേക്ക് അവർ കൂട്ടമായി നീങ്ങി. ഇവർക്കുനേരെ വാതിൽ കൊട്ടിയടയ‌്ക്കാനാണ് ബ്രസൽസ് തീരുമാനിച്ചത്. മുതലാളിത്തത്തിന്റെ മനുഷ്യത്വരഹിതമായ മുഖമാണ് ബ്രസൽസ് നമുക്ക് കാട്ടിത്തരുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top