24 April Wednesday

ബിജെപിയുടെ തുടർഭരണം അർധഫാസിസ്റ്റുവാഴ്‌ചയിലൂടെ

വെബ് ഡെസ്‌ക്‌Updated: Friday Mar 3, 2023


വടക്കുകിഴക്കൻ മേഖലയിലെ മൂന്ന്‌ സംസ്ഥാനത്തെ തെരഞ്ഞെടുപ്പ്‌ ഫലത്തിൽ ബിജെപിക്ക്‌ ഏറെ ആഹ്ലാദത്തിന്‌ വകയില്ല. അധികാരവും കേന്ദ്ര ഏജൻസികളെ ദുരുപയോഗിച്ചും രാജ്യവിരുദ്ധ, വിഘടനവാദ ശക്തികളുമായി ധാരണയുണ്ടാക്കിയും തെരഞ്ഞെടുപ്പിനെ നേരിട്ട ബിജെപിക്ക്‌ ത്രിപുരയിൽ കേവല ഭൂരിപക്ഷത്തോടെയും നാഗാലാൻഡിൽ മുന്നണിയായും അധികാരത്തിൽ എത്താനായെങ്കിലും കഴിഞ്ഞ തവണത്തേക്കാൾ മുന്നേറ്റമുണ്ടാക്കാനായില്ല. മേഘാലയയിൽ ഒറ്റയ്‌ക്ക്‌ 60 സീറ്റിൽ മത്സരിച്ച ബിജെപിക്ക്‌ ലഭിച്ചത്‌ രണ്ടു സീറ്റ്‌മാത്രം. എൻപിപിയാണ്‌ ഇവിടത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷി. കേന്ദ്രത്തിലെ അധികാരവും  സമ്പത്തും ഉപയോഗിച്ച്‌ ജനഹിതം അട്ടിമറിക്കുന്ന ബിജെപിയുടെ തെരഞ്ഞെടുപ്പ്‌ കുതന്ത്രങ്ങളുടെ വിജയം മാത്രമാണ്‌ രണ്ട്‌ സംസ്ഥാനത്ത്‌ കണ്ടത്‌. അധികാര ദുർവിനിയോഗത്തിലൂടെയും അക്രമത്തിലൂടെയും കേന്ദ്രസേനയെ ഇറക്കിയും  ജനാധിപത്യത്തെ അട്ടിമറിച്ച്‌ അഞ്ച്‌ വർഷംമുമ്പ്‌ ത്രിപുരയിൽ ഇടതുപക്ഷ മുന്നണിയിൽനിന്ന്‌ പിടിച്ചെടുത്ത ഭരണം ഇത്തവണയും അതേമാർഗത്തിലൂടെ ബിജെപിക്ക്‌ നിലനിർത്താനായി. പണമൊഴുക്കിയും ഇലക്ട്രോണിക് വോട്ടിങ്‌ യന്ത്രത്തിൽ കൃത്രിമം നടത്തിയും ജനാധിപത്യവ്യവസ്ഥയെയാകെ നോക്കുകുത്തിയാക്കിയുമാണ്‌ അധികാരം നിലനിർത്തൽ. പ്രതിപക്ഷ പാർടികൾക്ക്‌ ജനാധിപത്യ രീതിയിൽ പ്രവർത്തിക്കാൻ കഴിയാത്ത രീതിയിലുള്ള അർധഫാസിസ്റ്റുവാഴ്‌ചയായിരുന്നു അഞ്ചുവർഷം.  നീതിപൂർവമായും സമാധാനപരമായും  തെരഞ്ഞെടുപ്പ് നടന്നാൽ ഇടതുമുന്നണിയും മതനിരപേക്ഷ ജനാധിപത്യകക്ഷികളും അധികാരത്തിൽ വരേണ്ടതായിരുന്നു. അതുതടയാൻ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള പ്രവർത്തനങ്ങളായിരുന്നു ബിജെപി നടത്തിയത്‌. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത്‌ ഷായും മാസങ്ങൾക്കുമുമ്പുതന്നെ ത്രിപുരയിൽ കേന്ദ്രീകരിച്ചിരുന്നു. എന്നിട്ടും സീറ്റിലും വോട്ടിലും പിന്നോട്ടുപോയി. കഴിഞ്ഞ തവണ 44 സീറ്റാണ്‌ ബിജെപി സഖ്യം നേടിയത്‌. ഇത്തവണ 33 സീറ്റായി. വോട്ടിങ്‌ ശതമാനത്തിലും ഇടിവുണ്ടായി.

2018നുശേഷം ത്രിപുരയിൽ പഞ്ചായത്തുമുതൽ പാർലമെന്റുവരെയുള്ള തെരഞ്ഞെടുപ്പുകൾ അക്രമാസക്തമായ അർധഫാസിസ്റ്റ് സമ്പ്രദായത്തിൽ അട്ടിമറിച്ചു. ഈ തെരഞ്ഞെടുപ്പിലും അതുതന്നെയാണ്‌ സംഭവിച്ചത്‌. കള്ളം പ്രചരിപ്പിച്ചും  ഭയപ്പെടുത്തിയുമൊക്കെ വോട്ടർമാരെ വരുതിയിലാക്കി. വോട്ടിങ്‌ യന്ത്രങ്ങളിലെ കൃത്രിമവും തെരഞ്ഞെടുപ്പ്‌ പ്രക്രിയയിലെ തടസ്സപ്പെടുത്തലുകളും സംബന്ധിച്ച പ്രതിപക്ഷത്തിന്റെ പരാതികൾ ചെവിക്കൊള്ളാൻ ഉദ്യോഗസ്ഥർ തയ്യാറായില്ല. എല്ലാ പ്രതികൂല സാഹചര്യങ്ങളെയും തുടർച്ചയായ ആക്രമണങ്ങളെയും നേരിട്ട ത്രിപുരയിൽ ഇടതുപക്ഷ- ജനാധിപത്യ ശക്തികളുടെ അടിത്തറ ശക്തമാണെന്ന്‌ തെരഞ്ഞെടുപ്പ്‌ ഫലം വ്യക്തമാക്കുന്നു. ആദിവാസി മേഖലയ്‌ക്കുപുറത്ത്‌ 22 സീറ്റിൽ മത്സരിച്ച തിപ്ര മോത പാർടിയും 28 സീറ്റിൽ മത്സരിച്ച തൃണമൂൽ കോൺഗ്രസും  ഇടതുപക്ഷ–-ജനാധിപത്യ ശക്തികൾക്ക്‌ ലഭിക്കേണ്ടിയിരുന്ന വോട്ടുകളിൽ വിള്ളൽ ഉണ്ടാക്കിയതാണ്‌ ബിജെപിയെ അധികാരത്തിൽ തിരിച്ചുവരാൻ സഹായിച്ചത്‌.  ‘ഗ്രേറ്റർ തിപ്ര ലാൻഡ്‌’ എന്ന പ്രത്യേക സംസ്ഥാനത്തിനു വേണ്ടി വാദിക്കുന്ന പ്രത്യോദ്‌ മാണിക്യ നേതൃത്വം കൊടുക്കുന്ന തിപ്ര മോത പാർടി വോട്ട്‌ ചോർത്തിയതുകൊണ്ടാണ്‌ പതിനഞ്ചിലേറെ സീറ്റിൽ ബിജെപി വിജയിച്ചത്‌. തികച്ചും അസാധാരണമായ സാഹചര്യമായിരുന്നു ത്രിപുരയിൽ കഴിഞ്ഞ അഞ്ചുവർഷം ഇടതുപക്ഷം നേരിട്ടത്‌. ഭരണഘടന ഉറപ്പുനൽകുന്ന ജനാധിപത്യ അവകാശങ്ങൾ നിഷേധിച്ചു. ആർക്കും സ്വതന്ത്രമായി പ്രവർത്തിക്കാനോ പ്രതികരിക്കാനോ കഴിഞ്ഞിരുന്നില്ല. പൊലീസിനെ നിഷ്‌ക്രിയമാക്കി ബിജെപിക്കാർ അഴിഞ്ഞാടി കൊള്ളയും കൊള്ളിവയ്‌പും നടത്തി. നിരവധി സിപിഐ എം പ്രവർത്തകരെ കൊലപ്പെടുത്തി. ഒട്ടേറെ വീടുകളും പാർടി ഓഫീസുകളും തകർത്തു. മുൻമുഖ്യമന്ത്രി മണിക്‌ സർക്കാർ ഉൾപ്പെടെയുള്ള നേതാക്കൾ പലതവണ ആക്രമിക്കപ്പെട്ടു. ഇത്തവണയും പല മണ്ഡലങ്ങളിലും ഇടതുപക്ഷ സ്ഥാനാർഥികളുടെ പ്രചാരണം തടസ്സപ്പെടുത്തി. വീടു കയറിയുള്ള പ്രചാരണംപോലും അനുവദിച്ചില്ല. പോളിങ്‌ ദിനത്തിലും വ്യാപകമായി അക്രമം നടത്തി വോട്ടുചെയ്യാനെത്തിയ  സിപിഐ എം പ്രവർത്തകരെ ബിജെപിക്കാർ തടഞ്ഞു.

നാഗാലാൻഡിൽ രാജ്യവിരുദ്ധ, വിഘടനവാദം ഉയർത്തുന്ന ശക്തികളുമായി ധാരണയുണ്ടാക്കിയും പണമൊഴുക്കിയുമാണ്‌ എൻഡിപിപി–-ബിജെപി സഖ്യം ഭരണം നിലനിർത്തിയത്‌. കഴിഞ്ഞ തവണ 13 സീറ്റ്‌ നേടിയ ബിജെപി 19 സീറ്റുണ്ടായിരുന്ന എൻഡിപിപിയുമായി സഖ്യമുണ്ടാക്കി സ്വതന്ത്രരെ ഒപ്പംനിർത്തിയാണ്‌ സർക്കാർ രൂപീകരിച്ചത്‌. ഇത്തവണ മുന്നണിയായി മത്സരിച്ച്‌ 36 സീറ്റ്‌ നേടിയെങ്കിലും വോട്ടിങ്‌ ശതമാനത്തിൽ വർധനയുണ്ടായില്ല. മേഘാലയയിൽ കഴിഞ്ഞ തവണ രണ്ട്‌ സീറ്റ്‌ നേടി എൻപിപി ഉൾപ്പെടെയുള്ള പ്രാദേശിക പാർടികളുമായി ചേർന്ന്‌ സർക്കാരുണ്ടാക്കിയ ബിജെപി ഇത്തവണ മുഴുവൻ സീറ്റിലും മത്സരിച്ചിട്ടും നാല്‌ സീറ്റിലൊതുങ്ങി. മൂന്ന്‌ സംസ്ഥാനത്തെ തെരഞ്ഞെടുപ്പ്‌ ഫലം പ്രതിപക്ഷത്തെ പ്രധാന പാർടിയായ കോൺഗ്രസിന്റെ കണ്ണുതുറപ്പിക്കേണ്ടതാണ്‌. ത്രിപുരയിൽ ഇടതുപക്ഷവുമായി അവസാനനിമിഷം സീറ്റ്‌ ധാരണയുണ്ടാക്കിയതിനാൽ നിയമസഭയിൽ പ്രാതിനിധ്യം ഉറപ്പിക്കാനായെങ്കിലും കോൺഗ്രസിന്റെ പ്രധാന നേതാക്കളൊന്നും പ്രചാരണത്തിനെത്തിയിരുന്നില്ല. തുടർച്ചയായി ഭരിച്ചിരുന്ന നാഗാലാൻഡിലും മേഘാലയയിലും കോൺഗ്രസ്‌ നാമാവശേഷമായി. 22 സീറ്റോടെ കഴിഞ്ഞ തവണ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോൺഗ്രസ്‌ ഇത്തവണ മേഘാലയയിൽ അഞ്ച്‌ സീറ്റിലൊതുങ്ങി. അതത്‌ സംസ്ഥാനത്തെ ശക്തിദൗർബല്യങ്ങൾ മനസ്സിലാക്കി പ്രാദേശികപാർടികൾ ഉൾപ്പെടെയുള്ളവരുമായി ധാരണയുണ്ടാക്കി മത്സരിക്കേണ്ടതിന്റെ പ്രാധാന്യം കോൺഗ്രസ്‌ മനസ്സിലാക്കേണ്ടതാണ്‌. ഈവർഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും 2024ലെ പൊതുതെരഞ്ഞെടുപ്പിലും ബിജെപിക്കെതിരെ ജനാധിപത്യ, -മതനിരപേക്ഷ പാർടികൾ ഒറ്റക്കെട്ടായി നീങ്ങേണ്ടതിന്റെ അനിവാര്യതയാണ്‌ ഈ തെരഞ്ഞെടുപ്പ്‌ ഫലം ചൂണ്ടിക്കാട്ടുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top