29 March Friday

ത്രിപുരയിൽ ബിജെപിയുടെ അട്ടിമറിനീക്കം

വെബ് ഡെസ്‌ക്‌Updated: Saturday Jan 20, 2018


ത്രിപുര, മേഘാലയ, നാഗാലാൻഡ് നിയമസഭാ തെരഞ്ഞെടുപ്പുകൾ ഫെബ്രുവരിയിൽ നടക്കുന്നു. ത്രിപുരയിൽ ഫെബ്രുവരി 18നാണ് വോട്ടെടുപ്പ്. കാൽനൂറ്റാണ്ടായി ഇടതുമുന്നണി ഭരണത്തിലാണ് ത്രിപുര. അതിനുമുമ്പ് 1978 മുതൽ പത്തുവർഷവും ഇടതുമുന്നണിയാണ് ഭരിച്ചത്. കേന്ദ്രഭരണത്തിന്റെ സർവസന്നാഹങ്ങളും ഉപയോഗിച്ച് നടത്തിയ അട്ടിമറിയിലൂടെ 1988ൽ ത്രിപുര ഉപജാതി ജുബ സമിതിയുമായി ചേർന്ന് കോൺഗ്രസ് സംസ്ഥാനഭരണം പിടിച്ചെടുത്തുവെങ്കിലും ജനാധിപത്യത്തിന്റെ അടിത്തറതോണ്ടിയ ആ അഭ്യാസത്തിന് അഞ്ചുവർഷത്തെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ. ത്രിപുരയിലെ ജനങ്ങൾ സിപിഐ എം നേതൃത്വത്തിലുള്ള ഇടതുമുന്നണിയെത്തന്നെ '93ൽ വീണ്ടും തെരഞ്ഞെടുത്തു. ഇപ്പോൾ കാലാവധി അവസാനിക്കുന്ന നിയമസഭയിൽ ആകെയുള്ള അറുപതംഗങ്ങളിൽ 53 പേരും ഇടതുപക്ഷത്താണ്. കോൺഗ്രസിന് ആറുപേരുണ്ടായിരുന്നു. ആദ്യം അതിൽ അഞ്ചുപേർ തൃണമൂൽ കോൺഗ്രസിലേക്ക് പോയി; തുടർന്ന് ബിജെപിയിലേക്കും. അവശേഷിച്ച കോൺഗ്രസ് അംഗവും ഇപ്പോൾ ബിജെപിയിലാണ്. അഞ്ചുകൊല്ലംമുമ്പ് നടന്ന തെരഞ്ഞെടുപ്പിൽ ഒരാളെപ്പോലും ജയിപ്പിക്കാത്ത ബിജെപിക്ക് കൂറുമാറ്റത്തിലൂടെ കിട്ടിയ ആറുപേരാണ് ഇപ്പോൾ ത്രിപുരയിലെ 'ബലം'. പക്ഷേ, തങ്ങൾ സംസ്ഥാനം പിടിച്ചെടുക്കാൻ പോവുകയാണെന്ന പ്രസ്താവനകൾ തുടരെത്തുടരെ ബിജെപി നേതൃത്വത്തിൽനിന്ന് ഉണ്ടാകുന്നു.     

ത്രിപുര മുഖ്യമന്ത്രി മണിക് സർക്കാരിനെ ബംഗ്ലാദേശിലേക്ക് നാടുകടത്തുമെന്നാണ് അസമിലെ ബിജെപി മന്ത്രി ഹേമന്ത ബിശ്വ ശർമ ഈയിടെ ഭീഷണിപ്പെടുത്തിയത്. കാൽനൂറ്റാണ്ടായി അധികാരത്തിലിരിക്കുന്ന സിപിഐ എമ്മിനെ തുരത്തി ത്രിപുര പിടിച്ചെടുക്കാൻ എൽപിജി സിലിണ്ടർ പദ്ധതി മതിയെന്നാണ് സംസ്ഥാന ബിജെപി അധ്യക്ഷൻ ബിപ്ലബ് കുമാർ ദേബ് പറഞ്ഞത്.അതായത്, കേന്ദ്ര സർക്കാരിന്റെ എൽപിജി വിതരണപദ്ധതികളിലൊന്നിലൂടെ ത്രിപുരയിലെ വോട്ടർമാരെ സ്വാധീനിച്ച് തങ്ങൾ തെരഞ്ഞെടുപ്പ് ജയിക്കുമെന്ന്. ത്രിപുര തെരഞ്ഞെടുപ്പിൽ ബിജെപി അധികാരത്തിൽ വരുമെന്നും വന്നാൽ, ഇടതുനേതാക്കളെ ജയിലിൽ അടയ്ക്കുമെന്നും ത്രിപുരയിൽ ചെന്ന് പറഞ്ഞത് ബിജെപി അധ്യക്ഷൻ അമിത് ഷാതന്നെയാണ്. സംഘപരിവാർ ശക്തികൾക്ക് തെരഞ്ഞെടുപ്പുനേട്ടം ഉണ്ടാക്കാൻ കഴിയാത്തതും മതനിരപേക്ഷ രാഷ്ട്രീയത്തിന് വേരോട്ടമുള്ളതുമായ കേരളം, ത്രിപുര, ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനുമുമ്പ് സ്വാധീനം ഉറപ്പിക്കണമെന്ന്  ബിജെപിയുടെ ദേശീയ കൗൺസിലാണ് തീരുമാനമെടുത്തത്. അത് നടപ്പാക്കാൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മധ്യപ്രദേശിലെ ശിവ്‌രാജ് സിങ് ചൗഹാൻ, ജാർഖണ്ഡിലെ രഘുബർ ദാസ് എന്നിവരെ ത്രിപുരയിലേക്ക് നിയോഗിച്ചു. അമിത് ഷാ നേരിട്ട് നേതൃത്വം ഏറ്റെടുത്തു. അങ്ങനെ ആസൂത്രണംചെയ്ത 'മിഷൻ ത്രിപുര'യാണ് നടപ്പാക്കുന്നത്. അതിന്റെ നടത്തിപ്പുസംബന്ധിച്ച ബിജെപി ആർഎസ്എസ് നേതൃയോഗത്തിലാണ് കഴിഞ്ഞദിവസം ദേശീയസുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവൽ പങ്കെടുത്തത്.

ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിങ്ങിന്റെ വസതിയിലാണ് യോഗം ചേർന്നത്. ആഭ്യന്തരമന്ത്രിയും ദേശീയസുരക്ഷാ ഉപദേഷ്ടാവും നേതൃത്വം നൽകി നടത്തിയ പ്രധാന ചർച്ച, തെരഞ്ഞെടുപ്പിൽ ത്രിപുരയിലെ ഇടതുപക്ഷഭരണം അട്ടിമറിക്കാൻ കഴിയുമോ എന്നായിരുന്നു. ത്രിപുരയടക്കം വടക്കുകിഴക്കൻ മേഖലയിലെ ബിജെപിയുടെ സഖ്യശക്തികൾ തീവ്രവാദ വിഘടനവാദ സ്വഭാവമുള്ളവയാണ്. നിരോധിത ഭീകരസംഘടനയായ നാഷണൽ ലിബറേഷൻ ഫ്രണ്ട് ഓഫ് ത്രിപുരയുടെ (എൻഎൽഎഫ്ടി) രാഷ്ട്രീയരൂപമാണ് ഐപിഎഫ്ടി. 1996ൽ എൻഎൽഎഫ്ടി നിരോധിച്ചപ്പോൾ രൂപീകരിച്ച ഐപിഎഫ്ടിയുമായാണ് ത്രിപുരയിൽ ബിജെപി സഖ്യമുണ്ടാക്കിയത്. കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയിൽ ദീർഘകാല പ്രവർത്തനപരിചയവും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രത്യേക പരിചയവുമുള്ള ദേശീയസുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലിന്റെ സഹായത്തോടെയും പങ്കാളിത്തത്തോടെയുമാണ് ഈ സഖ്യത്തിന് സഹായകമായ രാഷ്ട്രീയനീക്കം നടത്തുന്നത്. പണത്തിന്റെ കുത്തൊഴുക്കിലൂടെ ഉണ്ടാക്കിയ വിലാസമേ ബിജെപിക്ക് ത്രിപുരയിലുള്ളൂ. കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ് നേതാക്കളെ പൂർണമായി വിലയ്‌ക്കെടുത്താണ് അവർ പ്രതിപക്ഷപാർടിയായത്്. ഐപിഎഫ്ടിയെ മുന്നിൽ നിർത്തി അട്ടിമറിപ്രവർത്തനം നടത്താനുള്ള നീക്കത്തിന്റെ വാർത്തകളും വന്നിട്ടുണ്ട്.

സംഘപരിവാറിന്റെ ജനാധിപത്യവിരുദ്ധവും വിദ്വേഷാധിഷ്ഠിതവുമായ രാഷ്ട്രീയത്തെ ധീരോദാത്തം ചെറുക്കുന്ന ശക്തി സിപിഐ എമ്മാണ് എന്നു തിരിച്ചറിഞ്ഞാണ് ത്രിപുരയുടെ ചുവന്ന നിറം മാറ്റാൻ ആർത്തിപൂണ്ട ഒരുക്കം നടക്കുന്നത്. വർഗീയതയും പണാധിപത്യരാഷ്ട്രീയവും മാത്രമല്ല, കേന്ദ്ര ഭരണത്തിന്റെ സകലസംവിധാനങ്ങളും അതിനായി ഉപയോഗിക്കുമെന്ന മുന്നറിയിപ്പാണ് ദേശീയസുരക്ഷാ ഉപദേഷ്ടാവിനെയും ആഭ്യന്തരമന്ത്രിയെയും ഒന്നിച്ച് അണിനിരത്തി ബിജെപി നൽകുന്നത്. ജനാധിപത്യവിശ്വാസികളെയാകെ അലോസരപ്പെടുത്തുന്നതാണ് ഈ നീക്കം


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top