24 April Wednesday

തെരഞ്ഞെടുപ്പ്‌ പ്രക്രിയകളും ജനാധിപത്യവും

വെബ് ഡെസ്‌ക്‌Updated: Saturday Mar 4, 2023


കണക്കിൽപ്പെടാത്ത ശതകോടികൾ പൊടിച്ചും പേശീബലം പ്രയോഗിച്ചും ജനാധിപത്യ കശാപ്പിലൂടെയുമാണ്‌ ത്രിപുരയിൽ ഇപ്രാവശ്യം ബിജെപി കടന്നുകൂടിയത്‌. അറുപതംഗ സഭയിൽ കഴിഞ്ഞവട്ടം 44 സീറ്റ്‌ നേടിയ സഖ്യത്തിന്‌ 11 സീറ്റ്‌ നഷ്ടമായി. ഹെലികോപ്‌റ്ററിൽ പണമിറക്കിയതും അനുവദിക്കപ്പെട്ട സമയം കഴിഞ്ഞും തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്‌ ബിജെപി നേതാക്കൾ സംസ്ഥാനത്ത്‌ ചുറ്റിക്കറങ്ങിയതും മറ്റും ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ്‌ കമീഷന്‌ സിപിഐ എം പരാതി നൽകിയിട്ടും ഫലമുണ്ടായില്ല. സമാനമായ രംഗങ്ങളാണ്‌ മറ്റു പല സംസ്ഥാനങ്ങളിലും അരങ്ങേറിയത്‌. ഈ പശ്‌ചാത്തലത്തിലാണ്‌ തെരഞ്ഞെടുപ്പ്‌ കമീഷൻ അംഗങ്ങളെ നിശ്‌ചയിക്കാനുള്ള കേന്ദ്രത്തിന്റെ അധികാരം എടുത്തുകളഞ്ഞ പരമോന്നത നീതിപീഠത്തിന്റെ തീരുമാനം വാർത്താ പ്രാധാന്യം നേടിയത്‌. പ്രധാനമന്ത്രി, ലോക്‌സഭാ പ്രതിപക്ഷനേതാവ് (ഏറ്റവും വലിയ പ്രതിപക്ഷ പാർടി നേതാവ്), സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്നിവർ അംഗങ്ങളായ മൂന്നംഗ സമിതിയുടെ ശുപാർശപ്രകാരം രാഷ്‌ട്രപതി നിയമിക്കണമെന്നാണ്‌ ഉത്തരവിട്ടതും. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് ഉൾപ്പെടെ നൽകിയ ഹർജികളിലാണ് സുപ്രധാനവിധി. പാർലമെന്റ്‌ നിയമം പാസാക്കിയശേഷം ആ സംവിധാനം നിലവിൽവരുമെന്ന്‌ ജസ്റ്റിസ്‌ കെ എം ജോസഫ്‌ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാബെഞ്ച്‌ വ്യക്തമാക്കി. തെരഞ്ഞെടുപ്പ്‌ കമീഷൻ കേന്ദ്രത്തിന്റെ ഉപകരണമായി വർത്തിക്കുന്നെന്ന പരാതി പലമട്ടിൽ ഉയരുന്നതിനിടെയാണ്‌ ഈ ഇടപെടൽ.

ഒട്ടേറെ രാഷ്ട്രീയ പാർടികൾ പല കാലയളവിലായി രാജ്യഭരണം നിർവഹിച്ചെങ്കിലും തെരഞ്ഞെടുപ്പ് കമീഷൻ നിയമനത്തിൽ വ്യക്തവും കൃത്യവുമായ നടപടിക്രമങ്ങൾ പിന്തുടർന്നിട്ടില്ലെന്ന് സൂചിപ്പിച്ച ഭരണഘടനാബെഞ്ച്‌, കാര്യമായ പോരായ്‌മയുള്ളതിനാൽ നിയമന ശുപാർശയ്‌ക്ക്‌ സമിതി രൂപീകരിക്കേണ്ടത് അനിവാര്യമാണെന്ന്‌ നിരീക്ഷിച്ചു. ഇപ്പോഴത്തെ കീഴ്‌വഴക്കപ്രകാരം പ്രധാനമന്ത്രിയുടെ ശുപാർശയനുസരിച്ചാണ്‌ മുഖ്യതെരഞ്ഞെടുപ്പ്‌ കമീഷണറെയും കമീഷണർമാരെയും രാഷ്ട്രപതി നിയമിക്കുന്നത്‌. ആ സംവിധാനം ജനാധിപത്യത്തിന്റെ ഭാവിക്ക്‌ ഗുണകരമല്ലെന്ന വിലയിരുത്തലിലാണ്‌ നിയമനശുപാർശ നൽകാൻ ഉന്നതാധികാര സമിതി രൂപീകരിക്കണമെന്ന അതിനിർണായക ഉത്തരവിലേക്കെത്തിയത്‌. കമീഷന്‌ സാമ്പത്തികസ്വാതന്ത്ര്യം ഉറപ്പാക്കാനുള്ള നടപടികൾ, സ്ഥിരം സെക്രട്ടറിയറ്റ്‌, പ്രത്യേകഫണ്ട്‌ തുടങ്ങിയ അനുബന്ധ ശുപാർശയുമുണ്ടായി. മുഖ്യതെരഞ്ഞെടുപ്പ്‌ കമീഷണറെ പുറത്താക്കുമ്പോൾ പാലിക്കേണ്ട നടപടിക്രമങ്ങൾ പാലിച്ചേ തെരഞ്ഞെടുപ്പ്‌ കമീഷണർമാരെയും നീക്കാവൂവെന്നും നിർദേശവുമുണ്ട്‌. സിബിഐ ഡയറക്ടർ, ലോക്‌പാൽ തുടങ്ങിയവരെ നിയമിക്കുംപോലെ പാർലമെന്റ്‌ പാസാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ്‌ കമീഷനെ തീരുമാനിക്കണമെന്ന്‌ സിപിഐ എം പൊളിറ്റ്‌ബ്യൂറോ നേരത്തേ അഭിപ്രായപ്പെട്ടിരുന്നു.

തീരുമാനം പ്രഖ്യാപിച്ച ഭരണഘടനാ ബെഞ്ചിന്റെ നിരീക്ഷണങ്ങളും അതീവ ശ്രദ്ധേയങ്ങളാണ്‌. രാഷ്ട്രീയമേഖല കുറ്റവൽക്കരിക്കുന്നതിൽ പണാധികാരത്തിനുള്ള പങ്ക് ഏറിവരുന്നു. ചില വിഭാഗം മാധ്യമങ്ങൾ പക്ഷപാതികളായി മാറി.  അധികാരത്തിലെത്തിയ പാർടികൾക്ക്‌ ഏതുവിധേനയും അതിൽ കടിച്ചുതൂങ്ങാനുള്ള അവസാനിക്കാത്ത ത്വരയുണ്ടാകും. അധികാരത്തിനു വഴങ്ങുന്ന തെരഞ്ഞെടുപ്പ് കമീഷനാണെങ്കിൽ അതിനെല്ലാം വഴിവച്ചുകൊടുത്തേക്കാമെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. തെരഞ്ഞെടുപ്പ് കമീഷൻ സർവതന്ത്ര സ്വതന്ത്രമെന്ന് അവകാശപ്പെടുകയും നീതിരഹിതമായി നിലകൊള്ളുകയും പ്രവർത്തിക്കുകയും ചെയ്യരുത്. ആ അർഥത്തിൽ നിയമവാഴ്ച ഉറപ്പുവരുത്താത്ത കമീഷൻ ജനാധിപത്യവിരുദ്ധമാണ്. വിശാല അധികാരമുപയോഗിച്ച് തെരഞ്ഞെടുപ്പ് കമീഷൻ നിയമവിരുദ്ധമായി പ്രവർത്തിച്ചാൽ അതിന്റെ പ്രതിഫലനം വിവിധ പാർടികളിലുമുണ്ടാകും. ലക്ഷ്യം തെറ്റായ മാർഗങ്ങളെ  ഒരിക്കലും സാധൂകരിക്കില്ല. തെരഞ്ഞെടുപ്പ് പ്രക്രിയകളുടെ സുതാര്യതയും സത്യസന്ധതയും വിശ്വാസ്യതയും നിലനിർത്താൻ എല്ലാവരും ഒത്തൊരുമിച്ച്‌ പരിശ്രമിച്ചാലേ ജനാധിപത്യം വിജയിക്കൂവെന്ന   സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ അടിവര മറ്റൊരർഥത്തിൽ മുന്നറിയിപ്പുകൂടിയാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top