29 March Friday

ത്രിപുര: മുഖ്യമന്ത്രിയെ മാറ്റിയാലും ബിജെപിക്ക്‌ രക്ഷയില്ല

വെബ് ഡെസ്‌ക്‌Updated: Monday May 16, 2022

നിയമസഭാ തെരഞ്ഞെടുപ്പിന്‌ 10 മാസം ബാക്കിയിരിക്കെ ത്രിപുര മുഖ്യമന്ത്രി ബിപ്ലവ്‌ കുമാർ ദേബിനെ ബിജെപി കേന്ദ്രനേതൃത്വം ഇടപെട്ട്‌ മാറ്റി. മുൻ കോൺഗ്രസ്‌ നേതാവായ മണിക്‌ സാഹയാണ്‌ പുതിയ മുഖ്യമന്ത്രി. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ബിജെപിയിലേക്ക്‌ കൂറുമാറി മുഖ്യമന്ത്രിയാകുന്ന നാലാമത്തെ കോൺഗ്രസുകാരനാണ്‌ മണിക്‌ സാഹ. സർക്കാർവിരുദ്ധ വികാരത്തെ മറികടക്കാൻ ബിജെപി നേതൃത്വം സ്വീകരിച്ചുവരുന്ന പതിവുതന്ത്രത്തിന്റെ ഭാഗമായാണ്‌ ത്രിപുരയിലെ മുഖ്യമന്ത്രിയെയും മാറ്റിയിട്ടുള്ളത്‌.

എന്നാൽ, ഗുജറാത്തിൽനിന്നും ഉത്തരാഖണ്ഡിൽനിന്നും കർണാടകത്തിൽനിന്നും വ്യത്യസ്‌തമായി മുഖ്യമന്ത്രിയെ മാറ്റിയ നടപടിക്കെതിരെ പരസ്യമായ കലാപംതന്നെ ത്രിപുര ബിജെപിയിൽ ദൃശ്യമായി. ബിപ്ലവ്‌ ദേബിനെ മാറ്റുന്നതിൽ പ്രതിഷേധിച്ച്‌ മന്ത്രി രാംപ്രസാദ്‌ പാൽ നിയമസഭാകക്ഷിയോഗത്തിൽ കസേരയെടുത്ത്‌ എറിഞ്ഞതുൾപ്പെടെയുള്ള നടപടികൾ ഇതിലേക്കാണ്‌ വിരൽചൂണ്ടുന്നത്‌. മാത്രമല്ല, ഇരുപതോളം എംഎൽഎമാർ അരുൺ ചന്ദ്രഭൗമിക്കിന്റെ നേതൃത്വത്തിൽ കേന്ദ്ര നേതാക്കളെ കണ്ട്‌ ബിപ്ലവ്‌ ദേബിനെ സംസ്ഥാന പാർടി അധ്യക്ഷനാക്കണമെന്നാവശ്യപ്പെട്ടു. അധികാരക്കൊയ്‌ത്തിൽ പൂർണമായും തഴയപ്പെട്ട ബിജെപിയുടെ മുതിർന്ന തലമുറയിൽപ്പെട്ട നേതാക്കൾ രജ്ഞയ്‌ദേബിന്റെ അധ്യക്ഷതയിൽ രഹസ്യയോഗം ചേർന്നതും ബിജെപിയുടെ തലവേദന വർധിപ്പിച്ചിരിക്കുകയാണ്‌.

ഘടകകക്ഷികളോടൊന്നും ആലോചിക്കാതെ പൊടുന്നനെ മുഖ്യമന്ത്രിയെ മാറ്റിയ നടപടിയിൽ സഖ്യകക്ഷിയായ ഐപിഎഫ്‌ടിയും അതൃപ്‌തി അറിയിച്ചിരിക്കുകയാണ്‌. ഞായറാഴ്‌ച സത്യപ്രതിജ്ഞ ചെയ്‌ത്‌ അധികാരമേറ്റ മുഖ്യമന്ത്രി മണിക്‌ സാഹയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയിൽ ഉപമുഖ്യമന്ത്രിസ്ഥാനത്ത്‌ ഇരിക്കാൻ തയ്യാറല്ലെന്ന്‌ ഐപിഎഫ്‌ടി നേതാവ് ജിഷ്‌ണു ദേബ്‌ബർമൻ അറിയിച്ചതും ബിജെപിക്ക്‌ ഭരണം സുഗമമാകില്ലെന്ന്‌ വ്യക്തമാക്കുന്നു. മുഖംമിനുക്കാനായി ബിജെപി സ്വീകരിച്ച നടപടി മുഖം നഷ്ടപ്പെടുത്തുമോയെന്ന ഭീതിയിലാണ്‌ ഇപ്പോൾ ബിജെപി നേതൃത്വം.

കഴിഞ്ഞ നാല്‌ വർഷത്തെ ബിജെപി ഭരണം സമ്പൂർണ പരാജയമാണെന്നതിന്റെ സാക്ഷ്യപത്രമാണ്‌ മുഖ്യമന്ത്രിയെ മാറ്റിയ നടപടി. തെരഞ്ഞെടുപ്പ്‌ വാഗ്‌ദാനങ്ങളൊന്നും പാലിച്ചില്ലെന്നു മാത്രമല്ല, ജനങ്ങൾക്കുമേൽ അമിതസാമ്പത്തിക ഭാരം അടിച്ചേൽപ്പിക്കുന്ന നടപടികളാണ്‌ ബിജെപി സർക്കാരിൽ നിന്നുണ്ടായത്‌. പ്രതിപക്ഷ പാർടി ഓഫീസുകൾ തകർത്തും പ്രതിപക്ഷ നേതാക്കളെ ആക്രമിച്ചും അർധഫാസിസ്റ്റ്‌ ഭീകരവാഴ്‌ചയ്‌ക്കാണ്‌ ബിപ്ലവ്‌ ദേബ്‌ സർക്കാർ നേതൃത്വം നൽകിയത്‌. സിപിഐ എം സംസ്ഥാന സമിതി ഓഫീസ്‌ മുതൽ എല്ലാ പാർടി ഓഫീസും പൂർണമായോ ഭാഗികമായോ തകർക്കപ്പെട്ടു. 22 പ്രവർത്തകരാണ്‌ നാല്‌ വർഷത്തിനിടെ രക്തസാക്ഷികളായത്‌. മൂവായിരത്തിലധികം പ്രവർത്തകർ ബിജെപിയുടെ ഗുണ്ടാസംഘങ്ങളുടെ ആക്രമണത്തിന്‌ വിധേയരായി. നിയമവാഴ്‌ചതന്നെ അപകടത്തിലായി.

അഴിമതിയാണ്‌ ബിപ്ലവ്‌ ദേബ്‌ സർക്കാരിന്റെ മുഖമുദ്ര. ദിനമെന്നോണം ബിജെപി സർക്കാരിന്റെ അഴിമതികൾ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്‌. ത്രിപുര സ്‌റ്റേറ്റ്‌ ഇലക്‌ട്രിസിറ്റി കോർപറേഷനിൽ കോടികളുടെ അഴിമതിയാണ്‌ നടന്നത്‌. തൊഴിലുറപ്പ്‌ പദ്ധതിയുടെ 183 കോടി ചെലവഴിച്ചതിലും വൻ അഴിമതിയാണ്‌ റിപ്പോർട്ട്‌ ചെയ്‌തത്‌. പ്രധാനമന്ത്രി ആവാസ്‌ യോജനയ്‌ക്ക്‌ കീഴിൽ വീട്‌ ലഭിക്കുന്നതിന്‌ 5000 മുതൽ 40,000 രൂപവരെയാണ്‌ ബിജെപി നേതാക്കൾ കീശയിലാക്കിയത്‌. അരലക്ഷത്തോളം പേർക്കുള്ള സാമൂഹ്യ പെൻഷൻ നിർത്തലാക്കിയതും വൻ പ്രതിഷേധത്തിനിടയാക്കി. സ്വാഭാവികമായും സർക്കാരിനെതിരെ ജനരോഷമുയർന്നു. ജനവിരുദ്ധ നയങ്ങൾക്കെതിരെ സിപിഐ എം വൻ പ്രക്ഷോഭങ്ങളും പ്രചാരണവുമാണ്‌ നടത്തിയത്‌.

ടൈംസ്‌ ഓഫ്‌ ഇന്ത്യ റിപ്പോർട്ട്‌ ചെയ്‌തതുപോലെ ‘ബിജെപിക്കുള്ള ജനപിന്തുണയിൽ വൻ ചോർച്ചയുണ്ടാകുകയും സിപിഐ എം ജനപിന്തുണയാർജിക്കുകയും ചെയ്യുന്നുവെന്ന റിപ്പോർട്ടുകൾ’പുറത്തുവരുന്ന സാഹചര്യത്തിലാണ്‌ നേതാവിനെ മാറ്റി അധികാരം ഉറപ്പിക്കാൻ ബിജെപി പാഴ്‌ശ്രമം നടത്തുന്നത്‌. ഇത്തരം പൊടിക്കൈകൊണ്ടൊന്നും ത്രിപുരയിലെ ജനങ്ങളെ പറ്റിക്കാനാകില്ല. ബിജെപിയെ ഒരു പാഠം പഠിപ്പിക്കാൻ ത്രിപുരയിലെ ജനങ്ങൾ തയ്യാറാകും. 2023 മാർച്ചിലെ നിയമസഭാ തെരഞ്ഞെടുപ്പ്‌ അതിനുള്ള അവസരമായി ജനങ്ങൾ വിനിയോഗിക്കും.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top