27 April Saturday

ത്രിപുരയിൽ ജനാധിപത്യഹത്യ

വെബ് ഡെസ്‌ക്‌Updated: Monday Mar 6, 2023


ത്രിപുരയിൽ നേരിയ ഭൂരിപക്ഷത്തിന്‌ ഭരണം നിലനിർത്തിയ ബിജെപി പ്രതിപക്ഷത്തെ സംസ്ഥാനത്തുനിന്നും തുടച്ചുനീക്കാൻ വൻതോതിലുള്ള ആക്രമണങ്ങൾ അഴിച്ചുവിട്ടിരിക്കുകയാണ്‌ ഇപ്പോൾ. ബിജെപിയുടെ മുന്നേറ്റത്തെ ഫലപ്രദമായി തടയാൻ പ്രതിപക്ഷ പാർടികൾക്ക്‌ കഴിഞ്ഞ സാഹചര്യത്തിലാണ്‌ ആക്രമണം അഴിച്ചുവിട്ട്‌ പ്രതിപക്ഷ പാർടികളെ  പ്രത്യേകിച്ചും സിപിഐ എമ്മിനെ തകർക്കാൻ ശ്രമിക്കുന്നത്‌. ശാരീരികമായ ആക്രമണങ്ങൾ മാത്രമല്ല, പ്രതിപക്ഷ നേതാക്കളുടെയും കേഡർമാരുടെയും വീടും കടകളും സ്ഥാപനങ്ങളും കൃഷിസ്ഥലങ്ങളും തകർക്കുകയും തീയിടുകയും ചെയ്യുകയാണ്‌. പശുത്തൊഴുത്തുകളും വാഹനങ്ങളും വ്യാപകമായി അഗ്നിക്കിരയാക്കുകയാണ്‌.  ജുബരാജ്‌ നഗറിൽ തെരഞ്ഞെടുക്കപ്പെട്ട സിപിഐ എം എംഎൽഎ ശൈലേന്ദ്രനാഥിന്റെ റബർത്തോട്ടത്തിന്‌ അക്രമികൾ തീയിട്ടു.

സംസ്ഥാനത്തിന്റെ വിവധ ഭാഗങ്ങളിലായി ഇതിനകം നൂറിലധികം വീടുകളാണ്‌ പൂർണമായും തകർക്കുകയോ കത്തിക്കുകയോ ചെയ്‌തിട്ടുള്ളത്‌. അറുനൂറോളം വീടുകൾ ആക്രമിച്ചു. വടക്കൻ ത്രിപുരയിലും മറ്റും നിരോധനാജ്ഞ നിലനിൽക്കുന്നുണ്ടെങ്കിലും അതുപോലും കാറ്റിൽപ്പറത്തിയാണ്‌ ബിജെപി ഗുണ്ടാസംഘങ്ങൾ അഴിഞ്ഞാടുന്നത്‌. മാധ്യമപ്രവർത്തകരും ആക്രമണത്തിന്‌ വിധേയരായി. ത്രിപുരയിലെ തലമുതിർന്ന മാധ്യമപ്രവർത്തകൻ സമീർ ധറിന്റെ ശ്രീപള്ളിയിലെ വീടും ആക്രമണത്തിനിരയായി.  തെരഞ്ഞെടുപ്പ്‌ കഴിഞ്ഞയുടൻ തന്നെ ബിജെപി സിപിഐ ഐമ്മിനെതിരെ ആക്രമണം ആരംഭിച്ചു. സിപിഐ എം മുന്നേറ്റം നടത്തിയ കല്യാൺപുരിലെ തെലിയാമുറയിൽ വോട്ടെടുപ്പ്‌ കഴിഞ്ഞ മൂന്നാം ദിവസമാണ്‌ സിപിഐ എം പ്രവർത്തകൻ ദിലീപ്‌ ശുക്ല ദാസിനെ ബിജെപി നേതാക്കൾ കൊലപ്പെടുത്തിയത്‌.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി –- ഐപിഎഫ്‌ടി സഖ്യം ഭരണം നേടിയതുമുതൽ ആരംഭിച്ച ആക്രമണമാണ്‌ തുടരുന്നത്‌. കഴിഞ്ഞ അഞ്ചു വർഷത്തിനിടയ്‌ക്ക്‌ 24 സിപിഐ എം പ്രവർത്തകരെയാണ്‌ ബിജെപിക്കാർ കൊലപ്പെടുത്തിയത്‌. നിരവധി വീടുകൾ അഗ്നിക്കിരയാക്കുകയും രണ്ടായിരത്തിലധികം വീടുകൾ കൊള്ളയടിക്കുകയും ചെയ്‌തു. എന്നിട്ടും സിപിഐ എമ്മിനെയോ ഇടതുപക്ഷത്തെയോ ഇല്ലാതാക്കാൻ ബിജെപിക്ക്‌ കഴിഞ്ഞില്ല. 2018ൽ ബിജെപി വിജയിച്ചപ്പോൾ പ്രധാനമന്ത്രി മോദി പറഞ്ഞത്‌ കമ്യൂണിസമെന്ന പ്രത്യയശാസ്‌ത്രത്തിനുമേൽ നേടിയ വിജയമാണ്‌ ത്രിപുരയിലേത്‌ എന്നാണ്‌. ആ വിജയം പൂർത്തിയാക്കാനാണ്‌ ശാരീരികമായ ആക്രമണങ്ങളും കമ്യൂണിസ്റ്റ്‌ പാർടി കേഡർമാരുടെ വീടുകൾക്കും കൃഷിയിടങ്ങൾക്കും മറ്റു സ്ഥാപനങ്ങൾക്കും നേരെയുള്ള ആക്രമണവും ആരംഭിച്ചത്‌. എന്നാൽ, അഞ്ചു വർഷത്തിനുശേഷവും മോദി പറഞ്ഞ പ്രത്യയശാസ്‌ത്ര വിജയം നേടാനായില്ലെന്ന്‌ മാത്രമല്ല, ബിജെപിക്കെതിരെ ശക്തമായ ചെറുത്തുനിൽപ്പുനടത്തുന്ന ശക്തിയായി ഇടതുപക്ഷം മാറുകയും ചെയ്‌തു.

വർഷങ്ങൾ നീണ്ട വർഗസമരങ്ങളിലൂടെയും ജനകീയ പ്രക്ഷോഭങ്ങളിലൂടെയും കടന്നുവന്ന സിപിഐ എമ്മിനെ തകർക്കുക എളുപ്പമല്ലെന്ന്‌ ബിജെപിയെ ഓർമിപ്പിക്കാൻ ഈ അവസരം ഉപയോഗിക്കട്ടെ. വർഗശത്രുക്കളുടെ കൊടിയ ആക്രമണങ്ങളും പീഡനങ്ങളും ഏറ്റുവാങ്ങിത്തന്നെയാണ്‌ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനം ത്രിപുരയിലും വേരോട്ടം നേടിയിട്ടുള്ളത്‌.  അതുകൊണ്ടുതന്നെ ശാരീരികമായി ആക്രമിച്ച്‌ കമ്യൂണിസ്റ്റുകാരെ ഇല്ലാതാക്കാമെന്നത്‌ ബിജെപിയുടെ വെറും വ്യാമോഹംമാത്രമാണ്‌. ബിജെപിയുടെ ആക്രമണത്തിനെതിരെ ത്രിപുരയിൽ പലയിടത്തും ശക്തമായ ചെറുത്തുനിൽപ്പാണ്‌ നടക്കുന്നത്‌. ബിജെപി ആക്രമണങ്ങൾ കണ്ടില്ലെന്ന്‌ നടിക്കുന്ന പൊലീസിനെതിരെയും ജനകീയരോഷം ഉയരുകയാണ്‌. ക്രമസമാധാന പാലനമെന്ന കടമ നിർവഹിക്കാൻ തയ്യാറാകാത്ത പൊലീസിനെ അത്‌ ഓർമിപ്പിക്കാനും ജനങ്ങൾ തയ്യാറാകുന്നു. ചുരൈബറിയിലെ പൊലീസ്‌ സ്‌റ്റേഷൻ വളഞ്ഞ്‌ ജനങ്ങൾ നിയമവാഴ്‌ച പുനഃസ്ഥാപിക്കാൻ പൊലീസിനോട്‌ ആവശ്യപ്പെടുന്ന സ്ഥിതിയുണ്ടായി. നിയമവാഴ്‌ച പുനഃസ്ഥാപിക്കുമെന്ന്‌ പൊലീസിന്‌ അവസാനം സമ്മതിക്കേണ്ടിവന്നു. ത്രിപുരയുടെ മാറുന്ന മുഖമാണ്‌ ഇത്‌ കാണിക്കുന്നത്‌.

പ്രതിപക്ഷമുക്ത ഭാരതമെന്ന ആർഎസ്‌എസിന്റെ അജൻഡ നടപ്പാക്കാൻ വെമ്പുന്ന മോദി സർക്കാരിന്‌ അത്‌ ഇടതുപക്ഷത്തിന്‌ അടിത്തറയുള്ള ത്രിപുരയിൽ തുടർന്നും നടപ്പാക്കാൻ കഴിയില്ലെന്ന വ്യക്തമായ സന്ദേശമാണ്‌ ജനങ്ങൾ നൽകുന്നത്‌. ബിജെപിയുടെ ജനാധിപത്യവിരുദ്ധമായ നീക്കങ്ങളെ ജനങ്ങളെ അണിനിരത്തി മാത്രമേ ചെറുക്കാനാകൂ. അതാണ്‌ ഇപ്പോൾ ത്രിപുരയിൽ നടക്കുന്നത്‌. ജനാധിപത്യം പുനഃസ്ഥാപിക്കാനുള്ള ഈ പോരാട്ടത്തിൽ എല്ലാ ജനാധിപത്യ–- മതനിരപേക്ഷ വിശ്വാസികളും പങ്കെടുക്കണം. ജനാധിപത്യഹത്യ നടത്താനുള്ള ബിജെപിയുടെ ശ്രമത്തിനെതിരെ ജനരോഷം ഉയരണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top