26 April Friday

മുത്തലാഖ് ബില്ലിന് പിന്നിലും ഭിന്നിപ്പിക്കൽ രാഷ്‌ട്രീയം

വെബ് ഡെസ്‌ക്‌Updated: Thursday Aug 1, 2019

രാജ്യസഭ കൂടി ചൊവ്വാഴ്‌ച അംഗീകാരം നൽകിയതോടെ മുത്തലാഖ്‌ ബിൽ നിയമമായി. മൂന്നുവട്ടം തലാഖ്‌ ചൊല്ലി ഭാര്യയെ ഒഴിവാക്കുന്നവർക്ക്‌ ഇനി ജയിൽശിക്ഷ ലഭിക്കും.   മുസ്ലിം വ്യക്തിനിയമത്തിലെ വ്യവസ്ഥകളിലൊന്നാണ്‌ മൂന്ന്‌ തലാഖ്‌ ചൊല്ലി ഭാര്യയെ ഒഴിവാക്കുന്ന ദുരാചാരം. തീർത്തും സ്‌ത്രീവിരുദ്ധവും അപരിഷ്‌കൃതവും ഏകപക്ഷീയവുമായ ഈ വ്യവസ്ഥയ്‌ക്കെതിരെ പുരോഗമനശക്തികൾ എന്നും നിലകൊണ്ടിട്ടുണ്ട്‌. ശരീ അത്തിന്റെ പേരിലെ ഇത്തരം വിവാഹമോചനത്തിനെതിരെ ഇ എം എസ്‌ ഉയർത്തിയ വിമർശനം എൺപതുകളിൽ ഏറെ ചർച്ചയ്‌ക്കും  വഴിവച്ചിരുന്നു.

എന്നാൽ, ഇന്നലെ പാസാക്കിയ നിയമം വരുംമുമ്പുതന്നെ ഇന്ത്യയിൽ  മുത്തലാഖ്‌  നിയമവിരുദ്ധമാണെന്നതാണ് വസ്‌തുത. മുസ്ലിംസ്‌ത്രീയുടെ ഭരണഘടനാവകാശങ്ങൾ ലംഘിക്കുന്നതാണ്‌ മുത്തലാഖ്‌ എന്ന്‌ 2017 ആഗസ്‌തിൽ സുപ്രീംകോടതി വിധിച്ചു. ഇതോടെ അത്‌ രാജ്യത്തെ നിയമമായി. മുത്തലാഖ്‌ ചൊല്ലിയുള്ള വിവാഹമോചനം നിയമവിരുദ്ധവുമായി. ഇങ്ങനെ ചെയ്യുന്ന പുരുഷന്മാർ ഭാര്യക്കും മക്കൾക്കും ജീവനാംശം നൽകേണ്ടിവരും. ഈ വിധിയോടെ മുത്തലാഖിന്‌ നിയമപ്രാബല്യം ഇല്ലാത്ത മറ്റ്‌ 19 രാജ്യങ്ങൾക്കൊപ്പം ഇന്ത്യയും നിലയുറപ്പിച്ചു. തികച്ചും ചരിത്രപരമായ  ഈ വിധിയെ രാജ്യത്തെ ഇടതുപക്ഷ പുരോഗമന സംഘടനകൾ എല്ലാം സ്വാഗതം ചെയ്‌തിരുന്നു.
എന്നാൽ, ബിജെപി ഈ വിധിയെ ഒരു രാഷ്ട്രീയായുധമായാണ്‌ കണ്ടത്‌. മുസ്ലിങ്ങളെ ‘പാഠം പഠിപ്പിക്കാൻ ’ ലഭ്യമായ എല്ലാ മാർഗങ്ങളും ഉപയോഗിക്കുക എന്ന രീതി അവർ ഇക്കാര്യത്തിലും പ്രയോഗിച്ചു. സുപ്രീംകോടതി വിധിയുടെ മറപിടിച്ച്‌ പുതിയൊരു നിയമനിർമാണത്തിന്‌ അവർ ഒരുങ്ങി. മുസ്ലിംസ്‌ത്രീയുടെ അവകാശ സംരക്ഷണ നിയമം  എന്ന പേരിൽ കൊണ്ടുവന്ന ഈ ബിൽ കഴിഞ്ഞവർഷം അവസാനം ലോക്‌സഭ പാസാക്കി. എന്നാൽ, രാജ്യസഭയിൽ  പാസാക്കാൻ കഴിയില്ലെന്നുവന്നതോടെ ബിൽ ഓർഡിനൻസായി 2018 സെപ്‌തംബറിൽ കൊണ്ടുവന്നു. ഈ തിടുക്കത്തിന്റെ കാരണം വ്യക്തമായിരുന്നു; മുസ്ലിംവിരുദ്ധത ആളിക്കത്തിക്കാൻ തെരഞ്ഞെടുപ്പിന്‌ മുമ്പായി ഒരു ആയുധംകൂടി ബിജെപിക്ക്‌ വേണ്ടിയിരുന്നു.
ഇപ്പോഴത്തെ നിയമം  മുത്തലാഖ്‌ ക്രിമിനൽ കുറ്റമാക്കി മാറ്റുകയാണ്‌ ചെയ്യുന്നത്‌. അതായത്‌ മൂന്നുവട്ടം തലാഖ്‌ ചൊല്ലി ഭാര്യയെ ഒരു മുസ്ലിം പുരുഷൻ മൊഴിചൊല്ലിയാൽ അയാൾ ക്രിമിനൽ കേസിൽ പ്രതിയാകും. ഇത്‌ ന്യായമല്ലേ എന്ന്‌ ഒറ്റനോട്ടത്തിൽ തോന്നുംമട്ടിൽ സോഷ്യൽമീഡിയ വഴിയും മറ്റ്‌ മാധ്യമങ്ങൾ വഴിയും തീവ്രപ്രചാരണമാണ്‌ ബിജെപി നടത്തുന്നത്‌. എന്നാൽ, എന്താണ്‌ വസ്‌തുത?

ഈ  ബിൽ തീർത്തും വിവേചനപരമാണ്‌. ഒരേകുറ്റം ചെയ്യുന്ന മറ്റ്‌ മതക്കാരെയും മുസ്ലിങ്ങളെയും വേർതിരിച്ചുകാണുകയാണ്‌ നിയമം. ഭാര്യയോട്‌ ഒന്നും പറയാതെ ഉപേക്ഷിച്ചുപോകുന്ന ഹിന്ദുവോ ക്രിസ്‌ത്യാനിയോ മറ്റേതെങ്കിലും മതക്കാരനായ പുരുഷനോ ആ ചെയ്‌തിയിലൂടെ ക്രിമിനൽ കേസിൽ പ്രതിയാകില്ല. അവർക്കെതിരെ സിവിൽ കേസേ ഉണ്ടാകൂ. ചെലവിന്‌ നൽകാതെ വിട്ടുപോകുന്ന ഭർത്താവിനെതിരെ ജീവനാംശത്തിന്‌ ഉത്തരവ്‌ തേടി സ്‌ത്രീക്ക്‌ കോടതിയെ സമീപിക്കാം.  അത് വീട്ടിലെ അതിക്രമങ്ങൾ തടയാനുള്ള നിയമത്തിൽ നിർവചിച്ചിട്ടുള്ള അതിക്രമത്തിന്റെ പരിധിയിലും ഉപേക്ഷിച്ചുപോകൽ വരും. ഈ സാധ്യതയും മുസ്ലിംസ്‌ത്രീക്ക് ഉപയോഗിക്കാം. ഇത്തരം ഉപേക്ഷിക്കൽ സ്‌ത്രീക്ക്‌ വിവാഹമോചനം തേടാനുള്ള കാരണമായും നിലനിൽക്കുന്നു. മറ്റ്‌ മതക്കാർക്ക്‌ തുടർന്നും ഇതൊക്കെയായിരിക്കും നിയമം. പക്ഷേ, ഇതേകാര്യം മുസ്ലിംപുരുഷൻ ചെയ്‌താൽ അയാൾ ജയിലിലാകും. ഭരണഘടന മുന്നോട്ടുവയ്‌ക്കുന്ന തുല്യനീതിയുടെ എല്ലാ സങ്കൽപ്പങ്ങളും തള്ളിക്കൊണ്ടാണ്‌ പുതിയ നിയമം എന്ന്‌ വ്യക്തം.

ഈ വിവേചനത്തിലൂടെ ബിജെപിക്ക് പല ലക്ഷ്യങ്ങളുണ്ട്. മുസ്ലിങ്ങൾക്കുള്ള മുന്നറിയിപ്പാണ്‌ അതിൽ ഒന്ന്‌. ‘ഞങ്ങൾക്ക്‌ ഭൂരിപക്ഷമുണ്ട്‌. ഇനി ഏത്‌ നിയമമുണ്ടാക്കിയും  നിങ്ങളെ ജയിലിലടയ്‌ക്കാൻ ഞങ്ങൾ വഴി കണ്ടുപിടിക്കും' എന്നാണ്‌ ആ ഭീഷണി. വർഗീയവിവാദം കത്തിച്ച്‌ ബിജെപി ഒപ്പംകൂട്ടുന്ന ഹിന്ദുക്കൾക്കുള്ള സന്ദേശമാണ്‌ മറ്റൊന്ന്‌. ‘നോക്കൂ, ഞങ്ങൾ മുസ്ലിങ്ങളെ ഒരു പാഠം പഠിപ്പിച്ചുകഴിഞ്ഞു. നമ്മൾ കൂടുതൽ ഒന്നിച്ചുനിന്നാൽ  അവരെ ഇനിയും വേട്ടയാടാം’ എന്നതാണ്‌ ഈ സന്ദേശം. അങ്ങേയറ്റം വിഭാഗീയവും ഭരണഘടനാവിരുദ്ധവുമായ ഈ നിയമം, ഇപ്പോൾത്തന്നെ ഏറെ ഒറ്റപ്പെടൽ നേരിടുന്ന പ്രമുഖ ന്യൂനപക്ഷസമുദായത്തെ കൂടുതൽ ആശങ്കയിലേക്ക്‌ തള്ളുമെന്നുറപ്പ്.
2017ലെ സുപ്രീംകോടതിവിധിയുടെ മറപറ്റിയാണ്‌ നിയമനിർമാണം. ഇത്‌ നിയമത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളിൽ പറയുന്നുമുണ്ട്‌. എന്നാൽ, 300 പേജുള്ള സുപ്രീംകോടതി വിധിയിൽ ഒരിടത്തും മുത്തലാഖ്‌ ക്രിമിനൽ കുറ്റമാക്കണമെന്ന നിർദേശമില്ല. ചുരുക്കത്തിൽ, തങ്ങളുടെ അജൻഡ നടപ്പാക്കാൻ വിധി മറയാക്കുകയാണ്‌ ബിജെപി സർക്കാർ ചെയ്‌തതെന്ന്‌ വ്യക്തം.

എല്ലാ വ്യക്തിനിയമങ്ങളിലെയും സ്‌ത്രീവിരുദ്ധവും മനുഷ്യത്വവിരുദ്ധവുമായ വ്യവസ്ഥകൾ നീക്കണമെന്നത്‌ ഇടതുപക്ഷ പാർടികളും പുരോഗമന സ്‌ത്രീപ്രസ്ഥാനങ്ങളും ഏറെക്കാലമായി ആവശ്യപ്പെടുന്നതാണ്‌. ഈ നിയമനിർമാണം ആ വഴിക്കുള്ളതല്ല. ഇത്‌ മുസ്ലിംസ്‌ത്രീയുടെ ഒരു അവകാശവും സംരക്ഷിക്കുന്നുമില്ല. മുസ്ലിംസ്‌ത്രീകൾ നേരിടുന്ന ഒട്ടേറെ പ്രശ്‌നങ്ങളുണ്ട്‌. ചൊവ്വാഴ്‌ച ബിൽ രാജ്യസഭ ചർച്ചചെയ്‌തപ്പോൾ സിപിഐ എം അംഗം എളമരം കരീം ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. ഇന്നും ഇന്ത്യയിലെ തൊഴിലെടുക്കുന്ന സ്‌ത്രീകളിൽ 14 ശതമാനം മാത്രമാണ്‌ മുസ്ലിംസ്‌ത്രീകൾ. 15 ശതമാനം മാത്രമാണ്‌ അവരുടെ സാക്ഷരത. സ്‌കൂൾപഠനം പൂർത്തിയാക്കാത്ത മുസ്ലിംസ്‌ത്രീകളുടെ എണ്ണം ഏറെ ഉയർന്നുനിൽക്കുന്നു. ഇതൊന്നും പരിഹരിക്കാൻ ഒരു നടപടിയും സർക്കാർ സ്വീകരിക്കുന്നില്ല. 

പകരം ബിജെപിയുടെ വർഗീയ സങ്കുചിത മുതലെടുപ്പിനുമാത്രം ഉതകുന്നതും മുസ്ലിങ്ങളെ കൂടുതൽ അരക്ഷിതാവസ്ഥയിലേക്ക്‌ തള്ളിവിടുന്നതുമായ നിയമനിർമാണത്തിനാണ്‌ സർക്കാർ തിരക്കുകൂട്ടിയത്‌. ഭരണഘടനയും നിയമവ്യവസ്ഥയും എല്ലാം അട്ടിമറിച്ച് തങ്ങളുടെ രാഷ്ട്രീയ താൽപ്പര്യത്തിനായി എന്തും ചെയ്യുമെന്ന്‌ ബിജെപി വീണ്ടും തെളിയിക്കുകയാണ്. മതനിരപേക്ഷശക്തികൾ ഈ നിയമത്തിനു പിന്നിലെ ഒളിലക്ഷ്യങ്ങൾ തുറന്നുകാട്ടുകതന്നെ വേണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top