23 April Tuesday

പഞ്ചായത്ത് തെരഞ്ഞെടുപ്പിനെ ചോരയിൽ മുക്കുന്ന മമത സർക്കാർ

വെബ് ഡെസ്‌ക്‌Updated: Tuesday Apr 10, 2018


ബംഗാളിൽ,—അസാധാരണമാണ് സ്ഥിതിഗതികൾ.—ജനാധിപത്യത്തിന്റെ എല്ലാ ആടയാഭരണങ്ങളും—പറിച്ചെറിഞ്ഞാണ് മമത ബാനർജി സർക്കാരിന്റെ വിളയാട്ടം. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പത്രിക നൽകുന്നതുപോലും പാതകമാകുന്നു. പത്രിക നൽകാനെത്തുന്ന സ്ത്രീകൾപോലും പരസ്യമായി ആക്രമിക്കപ്പെടുന്നു. മർദനമേറ്റ് തലപൊട്ടിയും ദേഹമാസകലം മുറിവേറ്റും ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെടുന്നവരിൽ സിപിഐ എമ്മിന്റെ സാധാരണ അംഗങ്ങൾമുതൽ കേന്ദ്ര കമ്മിറ്റി അംഗങ്ങളായ പ്രമുഖ നേതാക്കൾവരെയുണ്ട്. കേന്ദ്ര കമ്മിറ്റി അംഗം ഡോ. രാമചന്ദ്ര ഡോമിനെ രക്തത്തിൽ കുളിച്ചനിലയിലാണ് ആശുപത്രിയിലെത്തിച്ചത്. മറ്റൊരു കേന്ദ്രകമ്മിറ്റി അംഗം ബസുദേവ് ആചാര്യക്കുനേരെ വധശ്രമമാണ് നടന്നത്.

മമതയുടെ ഭരണത്തിൽ അക്രമം പുതുതല്ല. പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ അക്രമത്തിന്റെ പുതിയ അധ്യായം രചിക്കുകയാണ് തൃണമൂൽ കോൺഗ്രസ്. തെരഞ്ഞെടുപ്പുപ്രക്രിയക്ക് തുടക്കമായതോടെ നിലയ്ക്കാത്ത ആക്രമണങ്ങളും തുടങ്ങി. പ്രതിപക്ഷമില്ലാത്ത പഞ്ചായത്തുകളാണ് വേണ്ടതെന്ന് മുഖ്യമന്ത്രിതന്നെ പരസ്യമായി പ്രഖ്യാപിച്ചതോടെ അണികൾ അത് അക്ഷരാർഥത്തിൽ നടപ്പാക്കിത്തുടങ്ങി. തെരഞ്ഞെടുപ്പിൽ അട്ടിമറി മമതയുടെ പാർടിയുടെ പതിവാണ്. ബൂത്തിലെ ആക്രമണം, വോട്ടർമാരെ അടിച്ചോടിക്കൽ, ബാലറ്റ് തീയടൽ തുടങ്ങി എന്തിനും അവർ മുതിരും. ഇക്കുറി അത്രപോലും ക്ഷമിക്കുന്നില്ല. പത്രിക നൽകുന്നതുതന്നെ തടഞ്ഞാൽ എതിരില്ലാത്ത തെരഞ്ഞെടുപ്പാകുമല്ലോ. മമതയുടെ പ്രതിപക്ഷമുക്ത പഞ്ചായത്ത്’എന്ന മോഹം എളുപ്പം നടപ്പാക്കാം. എംപിമാരടക്കമുള്ള തൃണമൂൽ നേതാക്കൾ നേരിട്ടിറങ്ങിയാണ് ആക്രമണം സംഘടിപ്പിക്കുന്നത്.

തെരഞ്ഞെടുപ്പുതീയതി പ്രഖ്യാപനംതന്നെ ജനാധിപത്യവിരുദ്ധമായിട്ടായിരുന്നു.—സർവകക്ഷിയോഗം വിളിച്ചുകൂട്ടി അവിടെ സൂചനപോലും നൽകാതെ രണ്ടുനാൾ കഴിഞ്ഞപ്പോൾ തീയതി പ്രഖ്യാപിച്ചു. ത്രിതലങ്ങളിലായി 58,692 സീറ്റുകളിലേക്ക് പത്രിക നൽകാൻ ആകെ കിട്ടിയത് ഏഴുനാൾ. സമയം തിങ്കളാഴ്ച അവസാനിച്ചു. മൂന്നുഘട്ടമാണ് വോട്ടെടുപ്പ്. പക്ഷേ, പത്രിക നൽകാനുള്ള തീയതി എല്ലായിടത്തും ഒരുപോലെതന്നെ. എല്ലാം അസാധാരണവും മുമ്പുണ്ടായിട്ടില്ലാത്തതും. ഹയർ സെക്കൻഡറി പരീക്ഷ നടക്കുകയാണ്. അതുകൊണ്ട് ശബ്ദപ്രചാരണവും ബുദ്ധിമുട്ടാകും.

പത്രികവിതരണം തുടങ്ങിയ ഏപ്രിൽ രണ്ടുമുതൽ ബ്ലോക്ക് വികസന ഓഫീസുകൾ ഉപരോധിച്ചാണ് തൃണമൂൽ അവരുടെ അട്ടിമറിതന്ത്രം ആരംഭിച്ചത്. ചിലയിടത്ത് ജില്ലാ മജിസ്ട്രേട്ടിന്റെ ആസ്ഥാനംപോലും മറ്റുള്ളവർക്ക് കയറാനാകാത്തവിധം ഉപരോധിച്ചു. പത്രിക വാങ്ങാൻപോലും പല സ്ഥാനാർഥികൾക്കും കഴിഞ്ഞില്ല. ശ്രമിച്ചവർ പലരും വെട്ടും കുത്തുമേറ്റ് ആശുപത്രിയിലായി. പത്രിക സമർപ്പിക്കാൻ ശ്രമിച്ചവർ നേരിട്ടത് വധശ്രമംവരെ. 2013ലും ഈ തന്ത്രം ഉപയോഗിച്ചിരുന്നു. ബിർഭൂംപോലെ ചില ജില്ലകളിൽ അത് ഒതുങ്ങി. ഇക്കുറി പല ജില്ലയിലും ഇതാണ് സ്ഥിതി. എംഎൽഎമാർക്കൊപ്പം—പത്രിക നൽകാൻ പോയ ഇടതുമുന്നണി സ്ഥാനാർഥികൾവരെ ആക്രമിക്കപ്പെട്ടു. തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ഭരണഘടനാപരമായ അവകാശംതന്നെ കവർരുകയാണ്.

വടിവാളും കത്തിയും നാടൻ തോക്കും ബോംബുമായി മറയില്ലാത്ത ആക്രമണമാണ് എവിടെയും. തൃണമൂൽ അക്രമികൾക്കൊപ്പം ചേർന്ന് യൂണിഫോമിട്ട പൊലീസുകാരും നിരക്കുന്നു. സിപിഐ എം ആഭിമുഖ്യമൊന്നുമില്ലാത്ത ആനന്ദബസാർ പത്രിക രണ്ടുദിവസംമുമ്പ് ഒരു ചിത്രം പ്രസിദ്ധീകരിച്ചിരുന്നു. സിപിഐ എം പ്രവർത്തകർക്കുനേരെ തോക്കുചൂണ്ടുന്ന പൊലീസുകാരനൊപ്പം തോളുരുമ്മി നിൽക്കുന്ന തൃണമൂൽ പ്രവർത്തകർ; അവരുടെ കൈയിൽ കല്ലും വടിവാളും. അത്രമേൽ നഗ്നമായ ജനാധിപത്യക്കൊല.

പ്രതിപക്ഷത്തിന് സംരക്ഷണം നൽകേണ്ട ഒരു സംവിധാനം സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷനാണ്. എന്നാൽ, കമീഷണർ നിസ്സഹായത പ്രകടിപ്പിക്കുന്നു. സർക്കാരിന്റെ ആജ്ഞാനുവർത്തിയായി അദ്ദേഹം മാറി. സംവരണസീറ്റുകളിൽ മത്സരിക്കാൻ ഇടതുമുന്നണി സ്ഥാനാർഥികൾക്ക് ജാതി സർട്ടിഫിക്കറ്റുകൾപോലും നിഷേധിക്കുന്നു. താൽക്കാലിക ജാതി സർട്ടിഫിക്കറ്റ് നൽകൽതന്നെ നിർത്തിവച്ചിരിക്കുന്നു. പത്രിക നൽകാൻ സമയം ഒരാഴ്ചമാത്രമായിരിക്കെ പ്രതിപക്ഷ സ്ഥാനാർഥികൾക്ക് ഒന്നും ചെയ്യാനാകുന്നില്ല. ഇക്കാര്യമടക്കം തെരഞ്ഞെടുപ്പ് കമീഷന്റെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും പരിഹാരമില്ല.

ബംഗാളിൽ മമതഭരണത്തിൽ,—മുമ്പുണ്ടായിരുന്ന ഒരു സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർക്ക് സംരക്ഷണം തേടി കോടതിയിൽ പോകേണ്ടിവന്ന ചരിത്രമുണ്ട്. മറ്റൊരാൾ രാജിവച്ച് ഒഴിയേണ്ടിവന്നു. അതുകൊണ്ടുതന്നെ ഉദ്യോഗസ്ഥർ ഭയന്നുനിൽക്കുന്നു. സാധാരണയുള്ള ബൂത്തുപിടിത്തത്തിനുപകരം ഇക്കുറി തെരഞ്ഞെടുപ്പുപ്രക്രിയതന്നെ കൈപ്പിടിയിലാക്കുകയാണ് തൃണമൂൽ. പ്രക്രിയയിൽ ഉൾപ്പെട്ട കലക്ടറേറ്റുമുതൽ ബിഡിഒ ഓഫീസ്വരെ അവർ പിടിച്ചെടുത്തിരിക്കുന്നു. തെരഞ്ഞെടുപ്പ് അട്ടിമറി ഇപ്പോൾ തെരഞ്ഞെടുപ്പുപൂർവ അട്ടിമറിയായി മാറിയിരിക്കുന്നു.

ബംഗാളിലെ കമ്യൂണിസ്റ്റുകാരന് അക്രമവാഴ്ച പുതിയ അനുഭവമല്ല. 1970കളിലെ അർധഫാസിസ്റ്റ് ഭീകരവാഴ്ച അതിജീവിച്ചവരാണവർ. കമ്യൂണിസ്റ്റാണെന്ന ഒറ്റക്കാരണത്താൽ കൊന്നുതള്ളപ്പെട്ടവർ, വീട് വിടേണ്ടിവന്നവർ, തൊഴിൽ നഷ്ടമായവർ ഒക്കെ അനേകമാണ് അക്കാലത്ത്. മമതസർക്കാരിന്റെ നീക്കവും ആ വഴിക്കാണ്. ജനവിരുദ്ധതയിലും കാട്ടാളത്തത്തിലും 1970കളിലെ കോൺഗ്രസ് മുഖ്യമന്ത്രി സിദ്ധാർഥ ശങ്കർറേയോടാണ് മമത ബാനർജിയുടെ മത്സരം. എഴുപതുകളിലും അവർ നീന്തിക്കയറിയത് ചോരയിൽ കുതിർന്ന രക്തപതാക ഉയർത്തിപ്പിടിച്ചുതന്നെയാണ്. ബംഗാൾജനത അതിജീവിക്കുകതന്നെ ചെയ്യും. അക്രമത്തിന്റെ ഇരുൾക്കോട്ടകൾ കീറി അവർ മുന്നേറുകതന്നെ ചെയ്യും. ഇടപെടാൻ ആവശ്യപ്പെട്ട് ഗവർണർക്ക് ഇടതുമുന്നണി നിവേദനം നൽകിയിട്ടുണ്ട്. ഇടപെടൽ ഉണ്ടാകുന്നില്ലെങ്കിൽ ജനകീയമുന്നേറ്റത്തിലൂടെതന്നെ ഈ പ്രതിസന്ധിയും അവർ മുറിച്ചുകടക്കും
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top