27 September Wednesday

ബംഗാളിലെ കൂട്ടക്കൊല നൽകുന്ന പാഠം

വെബ് ഡെസ്‌ക്‌Updated: Thursday Mar 24, 2022


പശ്ചിമ ബംഗാളിൽ ബിർഭും ജില്ലയിലെ രാംപുർഹട്ടിൽ ബഡ്‌സല ഗ്രാമത്തിൽ വീടുകളിൽ ഉറങ്ങിക്കിടന്നവരെ ചുട്ടുകൊന്ന സംഭവം ആരെയും നടുക്കുന്നതാണ്‌. ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിന്റെ നേതാക്കളുടെ അവിഹിത മണ്ണുകടത്ത്‌ സംബന്ധിച്ച ചേരിപ്പോരാണ്‌ ഈ കൂട്ടക്കൊലയിലേക്ക്‌ നയിച്ചത്‌. തൃണമൂൽ നേതാവും പഞ്ചായത്ത്‌ ഉപപ്രധാനുമായ (വൈസ്‌ പ്രസിഡന്റ്‌) ഭാദു ഷേക്കിനെ പാർടിയിലെ എതിർസംഘത്തിൽപ്പെട്ടവർ തിങ്കളാഴ്‌ച രാത്രി ബോംബെറിഞ്ഞ്‌ കൊന്നു. മണിക്കൂറുകൾക്കകമാണ്‌ എതിർസംഘത്തിലുള്ളവരുടെ വീടുകൾ പുറത്തുനിന്ന്‌ പൂട്ടി ഭാദു ഷേഖിന്റെ അനുയായികൾ തീയിട്ടത്‌. മൂന്ന്‌ വീട്‌ പൂർണമായും നാലെണ്ണം ഭാഗികമായും കത്തിനശിച്ചു. രണ്ടു കുട്ടികളും ആറു സ്‌ത്രീകളുമടക്കം പത്തുപേർ കൊല്ലപ്പെട്ടതായാണ്‌ റിപ്പോർട്ട്‌. തീവയ്‌ക്കപ്പെട്ട വീടുകളിൽനിന്ന്‌ ആർക്കും പുറത്തുകടക്കാനാകാത്ത തരത്തിലായിരുന്നു നിഷ്‌ഠുരമായ ആക്രമണം.

ഒരു പതിറ്റാണ്ടുകൊണ്ട്‌ തൃണമൂൽ കോൺഗ്രസുകാർ സംസ്ഥാനത്തിന്റെ സാമൂഹ്യാന്തരീക്ഷവും ക്രമസമാധാനനിലയും എത്ര വഷളാക്കി എന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്‌ ബഡ്‌സലയിലുണ്ടായത്‌. ഇക്കാലത്തിനിടയിൽ നൂറുകണക്കിനു സിപിഐ എം പ്രവർത്തകരെ തൃണമൂൽ ക്രിമിനലുകൾ വകവരുത്തിയിട്ടുണ്ട്‌. തൃണമൂൽ കോൺഗ്രസിലെ അധികാരവടംവലിയിലും ആളുകൾ കൊല്ലപ്പെട്ടു. ഫെബ്രുവരി 27ന്‌ സംസ്ഥാനത്തെ 108 മുനിസിപ്പൽ കൗൺസിലിലേക്ക്‌ നടന്ന തെരഞ്ഞെടുപ്പിനുശേഷം മൂന്നാഴ്‌ചയ്‌ക്കിടെ തൃണമൂലുകാർ സ്വന്തം പാർടിക്കാരടക്കം മൂന്ന്‌ ജനപ്രതിനിധികളെ കൊന്നു. മുനിസിപ്പൽ ചെയർമാൻസ്ഥാനം സംബന്ധിച്ച തർക്കമാണ്‌ ഉത്തര 24 പർഗാനാസ്‌ ജില്ലയിലെ പാനിഹട്ടിയിലെ തൃണമൂൽ കൗൺസിലർ അനുപം ദത്തയുടെ കൊലപാതകത്തിനിടയാക്കിയത്‌. തെരഞ്ഞെടുപ്പിൽ ആർക്കും ഭൂരിപക്ഷമില്ലാതിരുന്ന ജൽദ മുനിസിപ്പാലിറ്റിയിൽ ഭരണം പിടിക്കാനാണ്‌ തൃണമൂലുകാർ കോൺഗ്രസ്‌ കൗൺസിലർ തപൻ കുണ്ടുവിനെ കൊന്നത്‌. 12 സീറ്റുള്ള കൗൺസിലിൽ കോൺഗ്രസിനും തൃണമൂലിനും അഞ്ച്‌ സീറ്റുവീതമായിരുന്നു. കഴിഞ്ഞ മേയിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിനോട്‌ അനുബന്ധിച്ച്‌ സിപിഐ എം പ്രവർത്തകരടക്കം 18 പേർ കൊല്ലപ്പെട്ടു. മിക്കതിലും അക്രമികൾ തൃണമൂലുകാരായിരുന്നു. കേന്ദ്രഭരണത്തിന്റെ ബലത്തിൽ പണമൊഴുക്കിയും വർഗീയ ധ്രുവീകരണം നടത്തിയും ഭരണം പിടിക്കാമെന്നു കരുതിയ ബിജെപിയായിരുന്നു തൃണമൂലുകാർ കൊല്ലപ്പെട്ട സംഭവങ്ങളിൽ പ്രതിസ്ഥാനത്ത്‌.

ബിജെപിയുടെ മോഹം വ്യാമോഹമാണെന്ന്‌ തെളിഞ്ഞതോടെ നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം ആ പാർടിയിൽനിന്ന്‌ നിരവധി നേതാക്കളും പ്രവർത്തകരും പുറത്തേക്കൊഴുകി. മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ അത്‌ പ്രതിഫലിക്കുകയും ചെയ്‌തു. അവസരവാദികളായ നേതാക്കൾ സ്വാഭാവികമായും തൃണമൂലിലേക്കാണ്‌ പോയതെങ്കിലും അണികളിൽ ഗണ്യമായ വിഭാഗം ഇടതുപക്ഷത്തോട്‌ ചേർന്നു. തൃണമൂൽ ഭീകരതയെ നേരിട്ട്‌, മത്സരിച്ച സിപിഐ എമ്മിന്‌ ഒരു മുനിസിപ്പാലിറ്റിയിൽ ഭൂരിപക്ഷം ലഭിച്ചു. ഇരുപതിൽപ്പരം ഇടത്ത്‌ രണ്ടാം സ്ഥാനത്തും വന്നു. പത്തിലധികം മുനിസിപ്പാലിറ്റിയിൽ ആർക്കും ഭൂരിപക്ഷമില്ല. കോൺഗ്രസിനും ബിജെപിക്കും ഒരിടത്തും ഭൂരിപക്ഷം നേടാനായില്ല.

ഈ മാറ്റം മനസ്സിലാക്കുന്ന തൃണമൂൽ അക്രമികൾ ഇടതുപക്ഷ മതനിരപേക്ഷ പക്ഷത്തുള്ള എതിരാളികളെ വകവരുത്തി ആധിപത്യം നിലനിർത്താനാണ്‌ ശ്രമിച്ചത്‌. അതിന്റെ ഭാഗമായാണ്‌ മമതയുടെ കടുത്ത വിമർശകനായ അനീഷ്‌ ഖാൻ എന്ന യുവ വിദ്യാർഥി നേതാവിനെ പൊലീസിനെ ഉപയോഗിച്ച്‌ കൊന്നത്‌. ഫെബ്രുവരി 19ന്‌ പുലർച്ചെ ഒന്നോടെയാണ്‌ അനീഷിന്റെ പണിതീരാത്ത വീട്ടിലെത്തിയ പൊലീസ്‌ സംഘം മുകൾനിലയിൽനിന്ന്‌ തള്ളിയിട്ട്‌ കൊന്നത്‌. ആത്മഹത്യയാണെന്ന്‌ വരുത്താനായിരുന്നു മമതയുടെ പൊലീസിന്റെ ശ്രമം. ഇതിനെതിരെ പ്രതിഷേധം നയിച്ച ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി മീനാക്ഷി മുഖർജി അടക്കമുള്ളവരെ തടവിലിട്ടു. എന്നാൽ, ഹൈക്കോടതി ഇടപെടലിന്റെ ഫലമായി മൃതദേഹം പുറത്തെടുത്ത്‌ വീണ്ടും പോസ്റ്റ്‌മോർട്ടം നടത്താൻ അധികൃതർ നിർബന്ധിതമായി.

അനീഷിന്റെ കൊലപാതകം സംസ്ഥാനത്തെങ്ങും ചർച്ചയായിരിക്കെയാണ്‌ തൃണമൂൽ തമ്മിലടിയിൽ ബഡ്‌സലയിലെ കൂട്ടക്കൊല.  ഇത്‌ കേരളീയർക്കും പാഠമാണ്‌.   ബംഗാളിൽ ഇടതുപക്ഷത്തിനെതിരെ അട്ടിമറിക്ക്‌ തുടക്കമിട്ട നന്ദിഗ്രാം കലാപത്തിന്റെ മോഡലിൽ കേരളത്തിലും അട്ടിമറി സ്വപ്‌നംകണ്ട്‌ കലാപത്തിന്‌ വലതുപക്ഷ പിന്തിരിപ്പന്മാർ കോപ്പുകൂട്ടുകയാണ്‌. നന്ദിഗ്രാം മോഡലുകാരുടെ ദുഷ്‌പ്രചാരണങ്ങളിൽ വീഴരുത്‌ എന്നതാണ്‌ ബംഗാൾ നൽകുന്ന പാഠം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top