25 April Thursday

മോഡി സർക്കാരിനുള്ള താക്കീത്‌

വെബ് ഡെസ്‌ക്‌Updated: Thursday Jan 9, 2020

രാജ്യത്തെ അധ്വാനിക്കുന്ന ജനവിഭാഗം മോഡി സർക്കാരിന്‌ കടുത്ത മുന്നറിയിപ്പ്‌ നൽകിയിരിക്കുന്നു. അവരുടെ ജീവിതപ്രശ്‌നങ്ങൾ പരിഹരിക്കാൻ നടപടി സ്വീകരിക്കാത്ത പക്ഷം അധികാരത്തിൽ അള്ളിപ്പിടിച്ചിരിക്കാൻ മോഡിയെ അനുവദിക്കുകയില്ല എന്ന താക്കീതാണ്‌ ബുധനാഴ്‌ച പണിമുടക്കിയ 30 കോടിയോളംപ്പേർ നൽകിയിട്ടുള്ളത്‌. മോഡി സർക്കാർ അധികാരമേറ്റശേഷം നടക്കുന്ന നാലാമത്തെ പണിമുടക്കിന്‌ അഭൂതപൂർവമായ പ്രതികരണമാണ്‌ രാജ്യമെങ്ങും ഉണ്ടായിട്ടുള്ളത്‌. കശ്‌മീർമുതൽ കന്യാകുമാരിവരെ അനുരണനങ്ങളുണ്ടാക്കാൻ  പണിമുടക്കിനായി. നഗരങ്ങളെമാത്രമല്ല ഗ്രാമീണജീവിതത്തെയും ഇക്കുറി പണിമുടക്ക്‌ ബാധിച്ചു. കാർഷികമേഖലയിലെ ഏകദേശം 175 സംഘടന പണിമുടക്കിന്‌ പിന്തുണ പ്രഖ്യാപിച്ചതാണ്‌ ഇതിന്‌ കാരണം. ഏതെങ്കിലും ഒരു മേഖലയെ ബാധിക്കാത്ത ഒരു സംസ്ഥാനവും ഉണ്ടായില്ലെന്നതാണ്‌ ഈ പണിമുടക്കിന്റെ പ്രത്യേകത. പകുതിയിലധികം സംസ്ഥാനങ്ങളെ പണിമുടക്ക്‌ സാരമായി ബാധിച്ചു. കേരളം, ബംഗാൾ, ത്രിപുര, ബിഹാർ, ഒഡിഷ, പഞ്ചാബ്‌ തുടങ്ങി 14 സംസ്ഥാനത്തിൽ പണിമുടക്ക്‌ പൂർണമായിരുന്നു. വാഹനഗതാഗതവും തടസ്സപ്പെട്ടു. സ്വകാര്യ ബസ്‌ സർവീസിനെയും ബാധിച്ചു. പലയിടത്തും പണിമുടക്കിയവർ റെയിൽ, റോഡ്‌ ഗതാഗതം തടഞ്ഞു. ബാങ്കുകളും ഇൻഷുറൻസ്‌ സ്ഥാപനങ്ങളും ബാൽകോ, ബിഎച്ച്‌ഇഎൽ തുടങ്ങി ഭൂരിഭാഗം പൊതുമേഖലാ സ്ഥാപനങ്ങളും അടഞ്ഞുകിടന്നു. കൽക്കരി, സ്റ്റീൽ, പ്രതിരോധനിർമാണം, തുറമുഖങ്ങൾ, എണ്ണശുദ്ധീകരണശാലകൾ, ടെലികോം, വൈദ്യുതിമേഖലകൾ എന്നിവ സ്‌തംഭിച്ചു. 1991ൽ നവ ഉദാരവൽക്കരണനയത്തിന്‌ തുടക്കമിട്ടശേഷം നടന്ന 19 പണിമുടക്കിൽ ഏറ്റവും കൂടുതൽ പേരുടെ പങ്കാളിത്തമുള്ള പണിമുടക്കാണ്‌ ബുധാനാഴ്‌ച നടന്നത്‌.

നവ ഉദാരവൽക്കരണ നയത്തിനെതിരെ ലോകമെങ്ങും ഉയരുന്ന പ്രതിഷേധത്തിന്റെ ഭാഗമാണ്‌ ഇന്ത്യയിലേതും. കാൽനൂറ്റാണ്ടിനുമുമ്പ്‌ നരസിംഹറാവു സർക്കാർ ഉദാരവൽക്കരണ നയം രാജ്യത്ത്‌ അവതരിപ്പിച്ചതുമുതൽ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനങ്ങളും ഇടതുപക്ഷ ട്രേഡ്‌ യൂണിയനുകളും അതിനെതിരെ ശബ്ദിച്ചുവരികയാണ്‌. എന്നാൽ, രാജ്യത്തിന്റെ വികസനംമുടക്കികൾ എന്ന ആക്ഷേപമാണ്‌ അവർക്ക്‌ കേൾക്കേണ്ടിവന്നത്‌. സ്വകാര്യവൽക്കരണവും പ്രധാന മേഖലകളിൽനിന്നുള്ള സർക്കാർ പിന്മാറ്റവും ആയിരുന്നു ഉദാരവൽക്കരണ നയത്തിന്റെ മുഖമുദ്ര. കോൺഗ്രസ്‌ നേതൃത്വത്തിലുള്ള സർക്കാരുകളാണ്‌ ആദ്യം ഈ നയം നടപ്പാക്കിയതെങ്കിൽ പിന്നീട്‌ അധികാരത്തിൽ വന്ന ബിജെപി സർക്കാരുകളും ഇതേ നയംതന്നെ തുടർന്നു. പൊതുമേഖലാ കമ്പനികളുടെ ഓഹരിവിൽപ്പനയ്‌ക്കായി പ്രത്യേക മന്ത്രാലയംപോലും വാജ്‌പേയി സർക്കാർ തുടങ്ങി. തലതിരിഞ്ഞ ഈ നയങ്ങൾക്കെതിരെ ആദ്യ ഘട്ടത്തിൽ ഇടതുപക്ഷ ട്രേഡ്‌ യൂണിയനുകൾമാത്രമാണ്‌ പൊരുതിയതെങ്കിൽ പിന്നീട്‌ എല്ലാ കേന്ദ്ര ട്രേഡ്‌ യൂണിയനുകളും ഉദാരവൽക്കരണനയത്തെ എതിർത്ത്‌ രംഗത്ത്‌ വന്നു. യോജിച്ചുനിന്നാലേ തൊഴിലാളികളുടെ താൽപ്പര്യത്തിന്‌ കടകവിരുദ്ധമായ നയത്തെ തോൽപ്പിക്കാനാകൂ എന്ന യാഥാർഥ്യ ബോധത്തിൽനിന്നാണ്‌ ബുധനാഴ്‌ചത്തെ പണിമുടക്കും നടന്നിട്ടുള്ളത്‌. പത്ത്‌ കേന്ദ്ര ട്രേഡ്‌ യൂണിയൻ സംയുക്തമായാണ്‌ പണിമുടക്ക്‌ നടത്തിയിട്ടുള്ളത്‌. ആർഎസ്‌എസിനാൽ നിയന്ത്രിക്കപ്പെടുന്ന ബിഎംഎസുമാത്രമാണ്‌ പണിമുടക്കിൽനിന്ന്‌ ഒഴിഞ്ഞുനിന്നിട്ടുള്ളത്‌. എന്നാൽ,  ബിഎംഎസിന്‌ സ്വാധീനമുള്ള മേഖലകളിൽപ്പോലും പണിമുടക്ക്‌ വൻ വിജയമായത്‌ ആ യൂണിയനിൽ അണിനിരന്നിട്ടുള്ള തൊഴിലാളികൾപോലും സമരത്തെ അനുകൂലിച്ചതുകൊണ്ടാണെന്ന്‌ കാണാൻ പ്രയാസമില്ല.


 

മോഡി സർക്കാർ 2014ൽ അധികാരമേറിയതിനുശേഷമാണ്‌ നവ ഉദാരവൽക്കരണ നയം അതിവേഗം നടപ്പാക്കാൻ തുടങ്ങിയത്‌. കോർപറേറ്റുകളുടെയും അതിസമ്പന്നരുടെയും താൽപ്പര്യസംരക്ഷണത്തിന്‌ ഊന്നൽ നൽകിയ മോഡി സർക്കാർ തൊഴിലാളികളെ പൂർണമായും അവഗണിക്കുകയായിരുന്നു. രാജ്യത്ത്‌ ബിസിനസ്‌ നടത്തുന്നത്‌ എളുപ്പമാക്കാൻ തൊഴിലാളികളുടെ അവകാശങ്ങൾ ഒന്നൊന്നായി ഹനിക്കുന്ന രീതിയാണ്‌ മോഡി പിന്തുടർന്നത്‌. ലേബർ കോഡുതന്നെ ഉദാഹരണം. പരിമിതമായ തൊഴിൽ സംരക്ഷണ നിയമങ്ങൾപോലും പാലിക്കാൻ സർക്കാർ തയ്യാറാകുന്നില്ല. സാമൂഹ്യക്ഷേമ നടപടികൾ ഒന്നൊന്നായി എടുത്തുകളയുന്നു. ബിപിസിഎൽ, എയർ ഇന്ത്യ തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങൾപോലും സ്വകാര്യവൽക്കരിക്കുന്നു. റെയിൽവേയും വിമാനത്താവളങ്ങളും സ്വകാര്യവൽക്കരണത്തിന്റെ പാതയിലാണ്‌. കൽക്കരിമേഖലയിലും 100 ശതമാനം വിദേശനിക്ഷേപം അനുവദിച്ചിരിക്കുന്നു. തൊഴിലാളികളുടെ പ്രശ്‌നങ്ങൾ ചർച്ചചെയ്യുന്നതിനുള്ള ഏറ്റവും പ്രധാനവേദിയാണ്‌ ഇന്ത്യൻ ലേബർ കോൺഗ്രസ്‌. 2015ന്‌ ശേഷം അത്‌ വിളിച്ചുകൂട്ടാൻപോലും മോഡി സർക്കാർ തയ്യാറായിട്ടില്ല.  ഈ സാഹചര്യത്തിലാണ്‌ 21,000 രൂപ മിനിമംകൂലി നിശ്ചയിക്കുക, എല്ലാ തൊഴിലാളികളെയും സാമൂഹ്യസുരക്ഷാ വലയത്തിലാക്കുക, തൊഴിലില്ലായ്‌മ പരിഹരിക്കുക, വിലക്കയറ്റം തടയുക തുടങ്ങിയ സുപ്രധാന ആവശ്യങ്ങളുയർത്തി ട്രേഡ്‌ യൂണിയനുകളും മറ്റ്‌ സംഘടനകളും ചേർന്ന്‌ പണിമുടക്കിയത്‌. അതിന്‌ ലഭിച്ച വർധിച്ച ജനപിന്തുണ മോഡി സർക്കാരിനെതിരെ രാജ്യത്തെമ്പാടും പടരുന്ന ജനരോഷത്തെ തീവ്രമാക്കുമെന്ന കാര്യത്തിൽ സംശയമില്ല. രാജ്യത്ത്‌ മൊത്തമുള്ള 56 കോടി തൊഴിലാളികളിൽ പകുതി പേർ പങ്കെടുത്ത സമരത്തെ അവഗണിച്ച്‌ മുന്നോട്ടുപോകുന്നത്‌ ഒരു സർക്കാരിനും ഭൂഷണമാകില്ല. ഇനിയെങ്കിലും ചുവരെഴുത്ത്‌ വായിക്കാൻ മോഡി സർക്കാർ തയ്യാറാകണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top