21 June Friday

കൊലവിളിയോ മാധ്യമ പ്രവർത്തനം

വെബ് ഡെസ്‌ക്‌Updated: Thursday Mar 31, 2022

തൊഴിലെടുക്കുന്ന ജനകോടികൾ അണിനിരന്ന ഐതിഹാസിക പണിമുടക്കിന് ചൊവ്വാഴ്ച അർധരാത്രിയോടെ സമാപനമായി. പണിമുടക്കിനോട്‌ ഐക്യപ്പെടുകയാണ് പൊതുസമൂഹം ചെയ്തത്. രാജ്യത്താകെ എടുത്താൽ മാധ്യമങ്ങളും സമരത്തിന്റെ വിജയം അംഗീകരിച്ചു. എന്നാൽ, കേരളത്തിലെ ഒരു സംഘം മാധ്യമങ്ങൾ ഈ ഉജ്വല പ്രക്ഷോഭത്തെ അപഹസിക്കാനും അപകീർത്തിപ്പെടുത്താനും മുന്നിട്ടിറങ്ങി.

 

സമരത്തിന്റെ ഭാഗമായും അല്ലാതെയും നാട്ടിൽ രണ്ടു ദിവസമുണ്ടായ നിസ്സാരസംഭവങ്ങളെ അവർ പർവതീകരിച്ചു. ഒന്നാംദിവസം ചെയ്തത്‌ മാതൃഭൂമിയോളം പോരെന്നുതോന്നിയ മലയാള മനോരമ രണ്ടാംദിവസം പണിമുടക്കിയ തൊഴിലാളിയുടെ വർഗബോധത്തിലേക്ക് എട്ടുകോളം തലക്കെട്ടിൽ നീട്ടിത്തുപ്പി. സിപിഐ എം മാത്രമായി നടത്തുന്ന സമരമായി പണിമുടക്കിനെ ചിത്രീകരിക്കാനും തീവ്രശ്രമം നടന്നു. ഇന്ത്യയിലെ ഏറ്റവും വലിയ തൊഴിലാളി സംഘടനയായ ഐഎൻടിയുസി അടക്കമുള്ള കേന്ദ്ര ട്രേഡ് യൂണിയനുകളാണ് സമരം നയിച്ചതെന്ന് മറച്ചുവച്ചു.

ചാനൽ സ്റ്റുഡിയോകളിലും സമരവിരുദ്ധ പ്രചാരണം മുറുകി. മലയാളത്തിലെ ആദ്യത്തെ വാർത്താ ചാനലായ ഏഷ്യനെറ്റ് ന്യൂസിലെ ഒരു മുഖ്യ അവതാരകൻ  സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗവും സിഐടിയു നേതാവുമായ എളമരം കരീമിന്റെ മൂക്കിനിടിച്ച്‌ ചോരവരുത്താൻ ആഹ്വാനം ചെയ്തു. ഈ ആഹ്വാനം വിക്ഷേപിക്കപ്പെട്ടത് പൊതുസമൂഹത്തിലേക്കാണ്. ലക്ഷക്കണക്കിനു പ്രേക്ഷകരിലേക്കാണ്. പത്തോ നാൽപ്പതോ ആളുകൾ പങ്കെടുക്കുന്ന ചെറുയോഗങ്ങളിലെ പ്രസംഗത്തിലെ ഏതെങ്കിലും വരിയുടെ പേരിൽ നേതാക്കൾക്കെതിരെ കൊലക്കേസ് എടുപ്പിക്കാൻ ചർച്ചാമേളം സംഘടിപ്പിക്കുന്ന ഈ ചാനൽ അവതാരങ്ങൾക്ക് രാജ്യത്തെ നിയമങ്ങൾ ബാധകമല്ലെന്നുണ്ടോ? ചാനൽ മൈക്കിലൂടെ നടത്തുന്ന അക്രമാഹ്വാനത്തിന്‌ ഏതെങ്കിലും നിയമത്തിന്റെ പരിരക്ഷയുണ്ടോ? ഇല്ലെങ്കിൽ ഈ കലാപാഹ്വാനം നൽകിയ അവതാരകനെ പൊലീസിന്‌ കൈമാറാൻ ആ ചാനൽ നടത്തിപ്പുകാർ തയ്യാറാകണ്ടേ.

ഈ കൊലവിളിയിൽ തെല്ലും ഭയം ആർക്കും ഉണ്ടായിട്ടല്ല ഇത്‌ പറയുന്നത്. കുരയ്ക്കാനല്ലാതെ കടിക്കാൻ കഴിയാത്ത ഈ ദുർബലദേഹങ്ങൾ ഏതാനും ചതുരശ്ര മീറ്ററിൽ ഒതുങ്ങുന്ന ചാനൽ സ്റ്റുഡിയോക്ക് പുറത്തിറങ്ങിയാൽ ചെങ്കൊടി കണ്ടാൽപ്പോലും നടുങ്ങിവിറയ്ക്കുന്നവരാണെന്നും അറിയാം. പക്ഷേ, അപ്പോഴും ഈ പരസ്യമായ കൊലവിളികൾ ശിക്ഷിക്കപ്പെടാതെ പോകാമോ.
തൊഴിലാളിയെന്നും പണിമുടക്കെന്നും കേൾക്കുമ്പോൾ പത്രമുതലാളിക്കും ചാനൽ ഉടമയ്ക്കും രോഷം വരുന്നത് സ്വാഭാവികം.  ള്ളലാഭത്തിലൂടെ കൊഴുക്കുന്ന അവരടക്കമുള്ള എല്ലാ മുതലാളിമാർക്കും അവരുടെ താൽപ്പര്യംമാത്രം സംരക്ഷിക്കുന്ന സർക്കാരിനും എതിരെയായിരുന്നു ഈ സമരം. പക്ഷേ, ഈ ചാനൽ അവതാരങ്ങളും ‘പ്രത്യേക ലേഖകരും' തൊഴിലാളികളല്ലേ? അവരുടെ സാലറി സ്ലിപ്പിലെ ക്ഷാമബത്തമുതൽ പ്രോവിഡന്റ് ഫണ്ടുവരെയുള്ള ആനുകൂല്യങ്ങൾ ഈ നാട്ടിലെ സാധാരണ തൊഴിലാളികൾ തീവഴികൾ താണ്ടി സമരംചെയ്ത്‌ നേടിയതാണെന്ന് അവർ  മറക്കാമോ.

പണിമുടക്കിനെതിരെ ഹീനമായ വാർത്ത നൽകിയ ഒരു പത്രം ദി ന്യൂ ഇന്ത്യൻ എക്സ്പ്രസായിരുന്നു. ഒരു പ്രമുഖ മാളിനെ പണിമുടക്കിൽനിന്ന് സമരസമിതി ഒഴിവാക്കി എന്ന പ്രതീതി വരുന്ന വാർത്ത അവർ നൽകി. ഈ വിടുവേല ചെയ്ത മാധ്യമ പ്രവർത്തകനെ 12 വർഷം പിന്നിലേക്ക്‌ ക്ഷണിക്കുന്നു. 2009 ഏപ്രിൽമുതൽ 2010 ഫെബ്രുവരിവരെ നിങ്ങൾ ഇന്ന് ജോലിചെയ്യുന്ന പത്രത്തിൽ തൊഴിലാളിപ്രക്ഷോഭം നടന്നു. പിരിച്ചുവിടലിനും അന്യായ സ്ഥലംമാറ്റത്തിനുമെതിരെ നടന്ന ആ സമരത്തെ ഏതുവിധേനയും അടിച്ചമർത്താൻ മാനേജ്മെന്റ് ഒരുങ്ങിയപ്പോൾ സമരസഹായസമിതി ഉണ്ടാക്കി സംരക്ഷണവലയം തീർത്ത ചുമട്ടുതൊഴിലാളികൾ അടക്കമുള്ള വലിയൊരു സംഘശക്തി ഉണ്ടായിരുന്നു. അവർ അവിടെ വന്നത് ഇന്ന് നിങ്ങൾ ഭീകരസംഘടനകളായി ചിത്രീകരിക്കുന്ന സിഐടിയുവിന്റെയും ഐഎൻടിയുസിയുടെയും ആഹ്വാനം അനുസരിച്ചായിരുന്നു.

നാളെ ഈ ചാനൽ അവതാരങ്ങൾ അന്യായമായി പിരിച്ചുവിടപ്പെട്ടാലും അവിടെ സമരപ്പന്തലിനു കാവലായി  ഈ തൊഴിലാളികൾ വീണ്ടും വരും. അവർക്ക് പോരാട്ടങ്ങളുടെ, സമരങ്ങളുടെ, പണിമുടക്കുകളുടെ വില അറിയാം. അവർ പൊരുതി നേടിത്തന്ന ആനുകൂല്യങ്ങൾ മടിക്കാതെ കൈപ്പറ്റി അവർക്കെതിരെ വിഷംചീറ്റുന്നവരെയും അവർ കൈവിടില്ല. കാരണം, അവരെ നയിക്കുന്നത് വർഗബോധമാണ്. നിങ്ങളുടെ നുണക്കോട്ടകൾ കടപുഴക്കാനും ബാർക്ക് റേറ്റിങ്ങും പ്രചാരണക്കണക്കും പറത്തിയെറിയാനും കരുത്തുള്ള കൊടുങ്കാറ്റുകൾക്ക്  ജന്മം നൽകാൻ കഴിയുന്നവരാണ് ആ വർഗമെന്ന്‌ മറക്കാതിരിക്കുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top