25 April Thursday

മഹാമാരിയെ തോൽപ്പിച്ച ഒളിമ്പിക്‌സ്‌

വെബ് ഡെസ്‌ക്‌Updated: Monday Aug 9, 2021


ഇനി പാരീസിൽ കാണാമെന്ന ഉറപ്പോടെ ടോക്യോ മിഴിപൂട്ടി. എല്ലാ വെല്ലുവിളിയും അതിജീവിച്ച്‌ ഒളിമ്പിക്‌സ്‌ സാർഥകമാക്കിയതിന്‌ ലോകം ജപ്പാനോട്‌ നന്ദി പറയുന്നു. കോവിഡ്‌ മഹാമാരിയുടെ കാലത്ത്‌ ഒളിമ്പിക്‌സ്‌ നടക്കുമെന്ന്‌ കരുതിയതല്ല. എന്നാൽ, നിശ്‌ചയദാർഢ്യവും ആത്മവിശ്വാസവും കൈവിടാതെ ഒളിമ്പിക്‌സ്‌ വിജയകരമായി പൂർത്തിയാക്കി. ജപ്പാന്‌ എല്ലാ പിന്തുണയുമായി രാജ്യാന്തര ഒളിമ്പിക്‌ കമ്മിറ്റിയുമുണ്ടായിരുന്നു.

കഴിഞ്ഞവർഷം നടക്കേണ്ട ഒളിമ്പിക്‌സായിരുന്നു. കോവിഡ്‌ പെരുകിയപ്പോൾ ഈ വർഷത്തേക്ക്‌ മാറ്റി. തുടക്കത്തിൽ ജപ്പാനിലെ ഭൂരിപക്ഷം ജനങ്ങളും ഒളിമ്പിക്‌സ്‌ നടത്തുന്നതിന്‌ എതിരായിരുന്നു. സർവേകളിലെല്ലാം ജനങ്ങൾ വിയോജനക്കുറിപ്പെഴുതി. കോവിഡ്‌ ഭയന്ന്‌ പല താരങ്ങളും ടോക്യോയിലേക്കില്ലെന്ന്‌ അറിയിച്ചു. ഒളിമ്പിക്‌സിനെത്തിയ താരങ്ങൾക്കും രോഗം പിടിപെട്ടു. ഒളിമ്പിക്‌ ഗ്രാമത്തിലും ഭീഷണിയെത്തി. എന്നാൽ, ഒളിമ്പിക്‌സുമായി മുന്നോട്ടുപോകാനായിരുന്നു ജപ്പാന്റെ തീരുമാനം. ഒളിമ്പിക്‌സ്‌  മുദ്രാവാക്യത്തിൽ ഒരുമയുടെ സന്ദേശം കൂട്ടിച്ചേർത്താണ്‌ രാജ്യാന്തര ഒളിമ്പിക്‌ കമ്മിറ്റി പിന്തുണ പ്രഖ്യാപിച്ചത്‌. മഹാമാരിക്കെതിരെ ഒറ്റക്കെട്ടായി പൊരുതാമെന്ന സന്ദേശം എല്ലാ രാജ്യവും ഏറ്റെടുത്തു.

ടോക്യോയിലെ കാഴ്‌ചകൾ ഇതുവരെ കാണാത്തതായിരുന്നു. ഒഴിഞ്ഞ സ്‌റ്റേഡിയങ്ങളും  മാസ്‌കിട്ട താരങ്ങളും അപൂർവ കാഴ്‌ചയായി. സാമൂഹ്യ അകലം പാലിച്ച്‌ നീങ്ങുന്ന കളിക്കാരും മെഡൽ സ്വയം അണിയേണ്ട സമ്മാനദാനച്ചടങ്ങും വേദനിപ്പിച്ചു.  കോവിഡ്‌ മാനദണ്ഡങ്ങളെല്ലാം പാലിച്ച്‌ ചിട്ടയായി നടത്തിയ സംഘാടനമാണ്‌ ഒളിമ്പിക്‌സ്‌ വിജയത്തിന്‌ കാരണമായത്‌.

ഒരുമയുടെയും സ്‌നേഹത്തിന്റെയും കരുത്തിന്റെയും ഉദാത്ത മാതൃകകളും ഒളിമ്പിക്‌സ്‌ വേദിയിൽ കണ്ടു. ഹൈജമ്പിൽ സ്വർണം പങ്കിട്ട്‌ ഇറ്റലിക്കാരൻ ടംബേരിയും ഖത്തറിന്റെ ബാർഷിമും സൗഹൃദത്തിന്‌ പുതിയൊരു മാനം നൽകി. ഒളിമ്പിക്‌സിൽ ഏറ്റവും കൂടുതൽ മെഡലുകൾ നേടിയ അമേരിക്കൻ അത്‌ലീറ്റായി അല്ലിസൺ ഫെലിക്‌സ്‌. നാല്‌ ഒളിമ്പിക്‌സിലായി പതിനൊന്ന്‌ മെഡൽ. അമ്മയായ ശേഷമുള്ള ആദ്യ ഒളിമ്പിക്‌സായിരുന്നു ഫെലിക്‌സിന്‌. തുടർച്ചയായി രണ്ട്‌ ഒളിമ്പിക്‌സിൽ സ്‌പ്രിന്റ്‌ ഡബിൾ തികച്ച്‌ ജമൈക്കയുടെ ഇലെയ്‌ൻ തോംപ്‌സൺ ഹെറാ ട്രാക്കിലെ റാണിയായി.

400 മീറ്റർ ഹർഡിൽസിൽ നോർവേയുടെ കാസ്‌റ്റെൻ വാർഹോം, അമേരിക്കക്കാരി സിഡ്‌നി മക്‌ലൗഗ്ലിൻ, നീന്തൽക്കുളത്തിൽ 100 മീറ്റർ ബട്ടർഫ്ലെെയിൽ കാലെബ്‌ ഡ്രെസെൽ, 200 മീറ്റർ ബ്രസ്‌റ്റ്‌സ്‌ട്രോക്കിൽ ദക്ഷിണാഫ്രിക്കക്കാരി തത്യാന ഷൂൺമേക്കർ എന്നിവർ പുതിയ ലോകസമയം കുറിച്ചു. നീന്തൽക്കുളത്തിൽ അഞ്ച്‌ സ്വർണം നേടി കാലെബ്‌ ഡ്രെസെൽ, നാല്‌ സ്വർണമടക്കം ഏഴ്‌ മെഡലുമായി എമ്മ മക്കിയോൺ, മൂന്ന്‌ സ്വർണമുള്ള കെയ്‌ലീ മക്യൂ, അറിയാർഡ്‌ ടിറ്റ്‌മസ്‌ എന്നിവരെല്ലാം കുളത്തിൽനിന്ന്‌ മെഡലുവാരി. നേട്ടങ്ങൾക്കൊപ്പം നഷ്‌ടങ്ങളുമുണ്ടായി. അമേരിക്കൻ ജിംനാസ്‌റ്റിക്‌സ്‌ താരം സിമോണി ബൈൽസ്‌ മാനസിക സമ്മർദംമൂലം മത്സരത്തിൽനിന്ന്‌ പിൻവാങ്ങിയത്‌ ഞെട്ടലായി. ആറ്‌ സ്വർണം പ്രതീക്ഷിച്ചെത്തിയ ബൈൽസ്‌ രണ്ട്‌ മെഡലുമായി മടങ്ങി. ടെന്നീസിൽ ഒന്നാം റാങ്കുകാരൻ നൊവാക്‌ ജൊകോവിച്ചും നാട്ടുകാരി നവോമി ഒസാകയും മെഡൽ കിട്ടാതെ പുറത്തായി. പുരുഷന്മാരുടെ 100 മീറ്ററിൽ അമേരിക്കയും ജമൈക്കയുമുണ്ടായില്ല. ഇറ്റലിക്കാരൻ മാഴ്‌സൽ ജേക്കബ്‌സ്‌ വേഗക്കാരനായി. ഓവറോൾ ബലാബലത്തിൽ ഒപ്പത്തിനൊപ്പംനിന്ന്‌ ചൈന അമേരിക്കയെ ഞെട്ടിച്ചു. അമേരിക്ക  2016നേക്കാൾ താഴോട്ടുപോയി. ചൈനയാകട്ടെ പരമ്പരാഗത ഇനങ്ങളിൽ ശ്രദ്ധയൂന്നി പുതിയ മേഖലകളിലേക്ക്‌ നോട്ടമിട്ടു. വരാനിരിക്കുന്ന ചൈനീസ്‌ ആധിപത്യത്തിന്റെ സൂചനകൾ  ടോക്യോ നൽകുന്നു. 

ചരിത്രത്തിലെ ഏറ്റവും വലിയ മെഡൽ നേട്ടവുമായാണ്‌ ഇന്ത്യ മടങ്ങുന്നത്‌. ഇക്കുറി കിട്ടിയത്‌ ഏഴ്‌ മെഡൽ. അതിൽ ഒരു സ്വർണവും രണ്ട്‌ വെള്ളിയും നാല്‌ വെങ്കലവും. 2016ൽ നേടിയത്‌ ആറ്‌ മെഡൽ. ജാവ്‌ലിൻത്രോയിൽ നീരജ്‌ ചോപ്ര നേടിയ സ്വർണം ഇന്ത്യക്കാരന്റെ ആദ്യ അത്‌ലറ്റിക്‌സ്‌ മെഡലായി. 140 കോടിക്കടുത്ത്‌ ജനസംഖ്യയുള്ള രാജ്യം ഒരു അത്‌ലറ്റിക്‌സ്‌ മെഡലിനായി കാത്തിരുന്നത്‌ 125 വർഷമാണ്‌. ഇവിടെയാണ്‌ സാൻമാരിനോ, ബർമുഡ പോലുള്ള കുഞ്ഞു രാജ്യങ്ങൾ സ്വർണം നേടി അമ്പരപ്പിക്കുന്നത്‌.

നീരജിന്റെ വിജയം ഇന്ത്യൻ കായികരംഗത്ത്‌ പുത്തനുണർവുണ്ടാക്കും.  കൃത്യമായ ലക്ഷ്യത്തോടെ കഠിനാധ്വാനം ചെയ്‌താൽ മെഡൽ അസാധ്യമല്ലെന്ന തിരിച്ചറിവാണ്‌ നീരജ്‌ നൽകുന്നത്‌. വലിയ ലക്ഷ്യത്തിനായി താൽക്കാലിക സന്തോഷങ്ങൾ വേണ്ടെന്നുവച്ച ഇരുപത്തിമൂന്നുകാരന്റെ സമർപ്പണവും വാഴ്‌ത്തപ്പെടേണ്ടതാണ്‌. നീരജിനെ അഭിനന്ദിക്കുന്നതിനൊപ്പം ഈ മെഡൽ പുതിയൊരു മുന്നേറ്റത്തിന്‌ വഴിയൊരുക്കട്ടെയെന്നും ആശംസിക്കുന്നു.

ഇന്ത്യക്കായി വനിതകൾ കരുത്തുകാട്ടിയ ഒളിമ്പിക്‌സാണ്‌.  മീരാഭായ്‌ ചാനുവിന്റെ വെള്ളിയും ലവ്‌ലിനയുടെയും പി വി സിന്ധുവിന്റെയും വെങ്കലവും പെൺകുട്ടികൾക്ക്‌ പ്രചോദനമാകും. പുരുഷ ഹോക്കിയിലെ വെങ്കലം ഇന്ത്യൻ ഹോക്കിയുടെ തിരിച്ചുവരവിന്‌ വഴിയൊരുക്കും.  ഗുസ്‌തിയിൽ രവികുമാറിന്റെ വെള്ളിയും ബജ്‌റങ് പൂണിയയുടെ വെങ്കലവും ആത്മവിശ്വാസം പകരും. 25 ഒളിമ്പിക്‌സിൽ പങ്കെടുത്ത ഇന്ത്യക്ക്‌ ഇതുവരെ 35 മെഡലേയുള്ളൂ. അടുത്ത ഒളിമ്പിക്‌സിന്‌ മൂന്നുവർഷംമാത്രം. പാരീസ്‌ നല്ല ഒരുക്കത്തിലാണ്‌. ടോക്യോ നൽകിയ പാഠം ഇന്ത്യക്ക്‌ മുന്നോട്ടുള്ള പ്രയാണത്തിൽ കരുത്താകുമെന്ന്‌ പ്രതീക്ഷിക്കാം.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top