08 May Wednesday

ചൊവ്വയിലും ചൈനീസ്‌ 
അടയാളം

വെബ് ഡെസ്‌ക്‌Updated: Monday May 17, 2021


ബഹിരാകാശ പര്യവേഷണത്തിൽ ഒരു പടികൂടി കടന്ന്‌ അയൽരാജ്യമായ ചൈന അവരുടെ ചൊവ്വാ ദൗത്യം ആദ്യ ശ്രമത്തിൽത്തന്നെ വിജയത്തിലെത്തിച്ചു. അമേരിക്ക കഴിഞ്ഞാൽ റോവറിനെ ചൊവ്വയിൽ സുരക്ഷിതമായി ഇറക്കിയ രണ്ടാമത്തെ രാജ്യമെന്ന ഖ്യാതിയും ഇനി ചൈനയ്‌ക്ക്‌ സ്വന്തം. ആദ്യം ചൊവ്വാ ഗ്രഹം തൊട്ടത്‌ സോവിയറ്റ്‌ യൂണിയനാണെങ്കിലും അവരുടെ പേടകം 110 സെക്കൻഡിനുശേഷം നിശ്‌ചലമായിരുന്നു. യൂറോപ്യൻ യൂണിയൻ ചില ശ്രമങ്ങൾ നടത്തിയെങ്കിലും വിജയിക്കുകയുണ്ടായില്ല. അതായത്‌, അമേരിക്കയുടെ വിജയകരമായ ചൊവ്വാ ദൗത്യത്തിനുശേഷം ഒരു റോവറിനെ സുരക്ഷിതമായി ചൊവ്വയുടെ ഉപരിതലത്തിൽ ഇറക്കുന്നത്‌ ചൈനയാണ്‌. മൂന്ന്‌ മാസത്തോളം ഈ റോവർ ചൊവ്വയുടെ ഉപരിതലത്തിൽ പര്യവേഷണം നടത്തും. ചൈനീസ്‌ പ്രസിഡന്റ്‌ ഷി ജിൻപിങ് പറഞ്ഞതുപോലെ ചൊവ്വയിലും ഒരു ചൈനീസ്‌ അടയാളം പതിപ്പിക്കാൻ അവർക്ക്‌ കഴിഞ്ഞിരിക്കുന്നു. ചൊവ്വാ പര്യവേഷണത്തിൽ ചൈനയ്‌ക്കു പിറകിൽത്തന്നെ ഇന്ത്യയും രംഗത്തുണ്ട്‌. മംഗൾയാൻ പദ്ധതി അതിന്റെ ദൃഷ്ടാന്തമാണ്‌.

ശനിയാഴ്‌ച പുലർച്ചെ 4.48 നാണ്‌ ചൊവ്വയുടെ ഉത്തരധ്രുവമായ ഉട്ട്യോപ്യ പ്ലാനീഷ്യയിലാണ്‌ ടിയാൻവെൻ–-1 ലാൻഡറിൽനിന്ന്‌ അഗ്‌നിദേവൻ എന്ന അർഥമുള്ള ഷുറോങ് എന്ന റോവർ ചൊവ്വയുടെ പ്രതലം തൊട്ടത്‌. ഏറ്റവും വിഷമകരമായ ദൗത്യം ആദ്യ ശ്രമത്തിൽത്തന്നെ വിജയിപ്പിച്ചതിൽ ചൈനീസ്‌ നാഷണൽ സ്‌പേസ്‌ അഡ്‌മിനിസ്‌ട്രേഷനും ബഹിരാകാശ ശാസ്‌ത്രജ്ഞർക്കും ചൈനീസ്‌ ഭരണനേതൃത്വത്തിനും അഭിമാനിക്കാം. കേവലം ചൈനയുടെ നേട്ടം മാത്രമല്ല ഇത്‌. ലോകം ശാസ്‌ത്ര പുരോഗതിയിലേക്ക്‌ കുതിക്കണമെന്ന്‌ ആഗ്രഹിക്കുന്ന എല്ലാ മനുഷ്യരുടെയും വിജയമാണിത്‌. അതോടൊപ്പം ബഹിരാകാശ ഗവേഷണരംഗത്തും സാങ്കേതികമികവിലും അമേരിക്കയുമായുള്ള ചൈനയുടെ അന്തരം കുറച്ചുകൊണ്ടുവരുന്നതിനും ചൊവ്വാ ദൗത്യത്തിന്റെ വിജയം ചൈനയെ സഹായിക്കും. വൻശക്തിയാകാൻ വെമ്പുന്ന ചൈനയ്‌ക്ക്‌ ചൊവ്വാ ദൗത്യവിജയം സ്വാഭാവികമായും ഊർജം പകരും.

295 ദിവസം മുമ്പാണ്‌ 2020 ജൂലൈ 23ന്‌ ‘സ്വർഗീയ ചോദ്യങ്ങൾ’ എന്നർഥം വരുന്ന ടിയാൻവെൻ 1 ദൗത്യം ആരംഭിച്ചത്‌. തെക്കൻ ചൈനയിലെ ഹെനാൻ പ്രവിശ്യയിലെ വെൻചാങ് വിക്ഷേപണ കേന്ദ്രത്തിൽ നിന്നാണ്‌ ഷുറോങ്ങിനെയും വഹിച്ചുള്ള ടിയാൻവെൻ 1 ന്റെ പ്രയാണം ആരംഭിച്ചത്‌. ലോങ് മാർച്ച്‌ 5 എന്ന റോക്കറ്റിലാണ്‌ ഈ പേടകത്തെ വിക്ഷേപിച്ചത്‌. ഫെബ്രുവരിയിൽ ഇത്‌ ചൊവ്വയുടെ ഭ്രമണപഥത്തിലെത്തി. മൂന്ന്‌ മാസം ഭ്രമണംചെയ്‌ത ശേഷമാണ്‌ റോവർ ചൊവ്വയുടെ ഉപരിതലം തൊട്ടത്‌. ‘ആശങ്കയുടെ ഒമ്പത്‌ മിനിറ്റ്‌’ തരണംചെയ്‌താണ്‌ റോവർ നിലംതൊട്ടതെന്ന്‌ ചൈനയുടെ ഔദ്യോഗിക മാധ്യമമായ സിൻഹ്വ റിപ്പോർട്ട്‌ ചെയ്‌തു. പ്രക്ഷുബ്‌ധമായ അന്തരീക്ഷത്തിൽ റോവറിനെ നിലത്തിറക്കുക എന്നതാണ്‌ ഏറെ വിഷമം പിടിച്ച ദൗത്യം. ആറ്‌ ചക്രവും 240 കിലോ ഭാരവുമുള്ള റോവർ ചൊവ്വയുടെ ധാതുഘടന, അന്തരീക്ഷം, മണ്ണിന്റെ ഘടന, ജലസാന്നിധ്യം എന്നിവയെക്കുറിച്ച്‌ പഠനം നടത്തും. ജലസാന്നിധ്യമുണ്ടെന്ന്‌ പ്രതീക്ഷിക്കുന്ന ഉത്തരമേഖലയിലാണ്‌ റോവർ ഇറങ്ങിയിട്ടുള്ളത്‌. 1976ൽ അമേരിക്കയുടെ വൈക്കിങ് 2 ദൗത്യം ഇറങ്ങിയതും ഇവിടെ തന്നെയായിരുന്നു.

ബഹിരാകാശ ഗവേഷണരംഗത്ത്‌ ചൈനയിലെ കമ്യൂണിസ്‌റ്റ്‌ പാർടി സർക്കാർ നടത്തുന്ന അതീവ ശ്രദ്ധയുടെയും വൻ നിക്ഷേപത്തിന്റെയും ഫലമായാണ്‌ ആ രംഗത്ത്‌ പതുക്കെയാണെങ്കിലും വൻ മുന്നേറ്റം നടത്താൻ ചൈനയ്‌ക്ക്‌ കഴിയുന്നത്‌. അമേരിക്കയ്‌ക്കും സോവിയറ്റ്‌ യൂണിയനുംശേഷം യാങ് ലിവെയിയെ 2003ൽ ബഹിരാകാശത്തിൽ എത്തിക്കുന്നതിൽ ചൈന വിജയിച്ചു. 2007ൽ ചാന്ദ്ര ദൗത്യത്തിന്‌ തുടക്കം കുറിച്ച ചൈന 2013ൽ അവരുടെ റോവറിനെ ചന്ദ്രനിൽ വിജയകരമായി ഇറക്കി. അമേരിക്കയ്‌ക്കും സോവിയറ്റ്‌ യൂണിയനുംശേഷം ഈ നേട്ടം കൊയ്‌ത രാജ്യവും ചൈനതന്നെ. ഇപ്പോൾ ബഹിരാകാശ കേന്ദ്രം സ്ഥാപിക്കാനുള്ള ശ്രമത്തിലാണ്‌ ചൈന. അടുത്ത വർഷംതന്നെ ഇത്‌ യാഥാർഥ്യമാക്കാനുള്ള ശ്രമത്തിലാണ്‌ ചൈന. സാമ്പത്തികമായി അമേരിക്കയോട്‌ കിടപിടിക്കുന്ന ചൈന പതുക്കെയാണെങ്കിലും ബഹിരാകാശ ഗവേഷണരംഗത്തും വൻ മുന്നേറ്റത്തിന്‌ ഒരുങ്ങുകയാണ്‌. ഈ ശ്രമത്തിന്‌ വിജയകരമായ ചൊവ്വാ ദൗത്യം ശക്തിപകരും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top