25 April Thursday

തൃക്കാക്കരയിലെ പോരാട്ടം

വെബ് ഡെസ്‌ക്‌Updated: Thursday May 5, 2022


പതിനഞ്ചാം കേരള നിയമസഭയിലേക്കുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഈ മാസം 31നു തൃക്കാക്കരയിൽ നടക്കുകയാണ്. തൃക്കാക്കര മണ്ഡലം രൂപപ്പെട്ടപ്പോൾമുതൽ യുഡിഎഫ് ജയിക്കുന്നുവെന്ന ഓർമപ്പെടുത്തൽ പലഭാഗത്തുനിന്ന് ഉയരുന്നുണ്ട്. മണ്ഡലത്തിൽ ഇത് നാലാം തെരഞ്ഞെടുപ്പാണ്. മൂന്ന് വട്ടം  യുഡിഎഫ് വിജയിച്ചിട്ടുമുണ്ട്.  എന്നാൽ, എറണാകുളം മണ്ഡലത്തിന്റെ കൂടുതൽ ഭാഗവും തൃപ്പൂണിത്തുറയുടെ ചില പ്രദേശവും ചേർത്താണ് തൃക്കാക്കര രൂപീകരിച്ചത്. എറണാകുളത്ത് ഉപതെരഞ്ഞെടുപ്പിലടക്കം എൽഡിഎഫ് വിജയിച്ചിട്ടുണ്ട്. തൃപ്പൂണിത്തുറയാകട്ടെ  എൽഡിഎഫ്‌ പലവട്ടം വിജയം നേടിയ  മണ്ഡലവും.

കോൺഗ്രസ് സ്ഥാനാർഥിയെ പെട്ടെന്ന് പ്രഖ്യാപിച്ചതിൽ യുഡിഎഫ് പത്രങ്ങൾ ആവേശം കൊള്ളുന്നുണ്ട്. എന്നാൽ, സഹതാപമെന്ന ഒരേയൊരു വൈകാരിക സാധ്യത മാത്രമാണ് തൃക്കാക്കരയിൽ ഉള്ളതെന്ന് യുഡിഎഫിന്‌ അറിയാം. അതുകൊണ്ടു മാത്രമാണ് സ്ഥാനാർഥി നിർണയം പതിവിലേറെ വേഗത്തിൽ വന്നത്. യുഡിഎഫ് നേരിടുന്ന ഗതികേടിന്റെ ആഴമാണ് തെളിയുന്നത്. രാഷ്ട്രീയം പൂർണമായി മാറ്റിവച്ചുള്ള ഈ സ്ഥാനാർഥി നിർണയം കോൺഗ്രസിന്റെ രണ്ടാംനിരയിൽ ഉയർത്തിയ അസ്വസ്ഥത പ്രസ്താവനകളായി ഇന്നലെത്തന്നെ വന്നിട്ടുമുണ്ട്.
ഏതായാലും യുഡിഎഫിലെ ഭിന്നതയോ സ്ഥാനാർഥി നിർണയത്തിലെ അവരുടെ ദൈന്യതയോ ഒന്നുമല്ല എൽഡിഎഫിന് വിഷയം.

തെരഞ്ഞെടുപ്പുകൾ രാഷ്ട്രീയപ്പോരാട്ട വേദിയാണ്. എൽഡിഎഫ് ജനപക്ഷവികസന രാഷ്ട്രീയം ഉയർത്തിപ്പിടിക്കുമ്പോൾ വികസനവിരുദ്ധത മുഖമുദ്രയാക്കി യുഡിഎഫ് നീങ്ങുന്നു. കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ ഭരണനേട്ടത്തിന്റെ രജതരേഖകൾ ജനമനസ്സിൽ പതിഞ്ഞുകിടക്കുന്നുണ്ട്. ഒരു വർഷമായ രണ്ടാം പിണറായി സർക്കാരിന്റെ ധീരമായ ചുവടുകളും അവർ കാണുന്നുണ്ട്.  സംസ്‌ഥാനം ഇന്നും മരവിച്ചുനിൽക്കുന്ന മേഖലകളെക്കൂടി ഉണർത്തി പുതിയൊരു കേരളമെന്ന ലക്ഷ്യത്തിലേക്കാണ് സർക്കാർ നീങ്ങുന്നത്. ഓരോ ദിവസവും ഓരോ നിമിഷവും ഇതിനായി പുതുപദ്ധതികൾ പ്രഖ്യാപിക്കപ്പെടുന്നു; അവ പ്രവൃത്തിപഥത്തിൽ എത്തിക്കാൻ നടപടികളും നീക്കുന്നു. സിൽവർ ലൈൻ അടക്കമുള്ളവ ഇതിന്റെ ഭാഗമാണ്.

മറുവശത്ത് ‘വിരുദ്ധ രാഷ്ട്രീയ'ത്തിന്റെ  പ്രചാരകരായി യുഡിഎഫും ബിജെപിയും ചില മാധ്യമങ്ങളും ചേർന്ന മുന്നണിയാണുള്ളത്‌. തുടർഭരണംകൂടി നേടിയതോടെ എൽഡിഎഫിനോടുള്ള അവരുടെ ശത്രുത മനസ്സിലാക്കാം. എന്നാൽ, ഇപ്പോൾ ആ വിരോധം എല്ലാ വികസനപദ്ധതികൾക്കും എതിരെയും കേരളത്തിനുതന്നെ ആകെ എതിരെയുമായി മാറുന്നു. തൃക്കാക്കരയിൽ കൈയിൽ കിട്ടിയ മുനിസിപ്പൽ ഭരണംപോലും കൈയിട്ടുവാരിയും തമ്മിലടിച്ചും യുഡിഎഫ് അലങ്കോലമാക്കിയതും വോട്ടർമാർ കാണുന്നുണ്ട്. ഇപ്പുറത്ത്  മികവിന്റെ മുദ്രകൾ ചാർത്തി മുന്നേറുന്ന കൊച്ചി നഗരസഭയിലെ എൽഡിഎഫ് ഭരണവും അവർക്ക്‌ മുന്നിലുണ്ട്. ഈ വൈരുധ്യം തീർച്ചയായും തൃക്കാക്കരയിലെ  ജനങ്ങൾ വിലയിരുത്തും. അങ്ങനെ വന്നാൽ എൽഡിഎഫിനൊപ്പമേ അവർക്ക് നിലയുറപ്പിക്കാനാകൂ. തൃക്കാക്കര ഫലത്തോടെ  മുന്നണി 100 സീറ്റ് തികയ്ക്കുമെന്ന ആത്മവിശ്വാസം എൽഡിഎഫ് നേതാക്കൾ പ്രകടിപ്പിക്കുന്നത് ഈ പശ്ചാത്തലത്തിലാണ്.

എറണാകുളം ജില്ല യുഡിഎഫ് കോട്ടയായി ചിത്രീകരിക്കൽ പതിവാണ്. എന്നാൽ, എൽഡിഎഫ് പടയോട്ടത്തിൽ ഒരിക്കലെങ്കിലും നിലംപൊത്താത്ത  ഒരുകോട്ടയും ജില്ലയിൽ ഇല്ല. എൽഡിഎഫിന് അപ്രാപ്യമായ  പ്രദേശവും മണ്ഡലവും ഇവിടെയില്ല. ‘പൊന്നാപുരം കോട്ട' എന്നൊക്കെ യുഡിഎഫ് നേതാക്കൾ വിശേഷിപ്പിക്കുന്ന തൃക്കാക്കര അവരുടെ തലയിലേക്കുതന്നെ ഇടിഞ്ഞുവീഴുമെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ പ്രവചിച്ചത് ഈ ചരിത്രത്തിന്റെകൂടി പിൻബലത്തിലാണ്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top