01 December Friday

അടിത്തറ ചോരാതെ എൽഡിഎഫ്‌

വെബ് ഡെസ്‌ക്‌Updated: Saturday Jun 4, 2022


തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ഐക്യജനാധിപത്യ മുന്നണി സീറ്റ്‌ നിലനിർത്തിയിരിക്കുന്നു. ഉറച്ച കമ്യൂണിസ്റ്റ് വിരുദ്ധ മണ്ഡലത്തിൽ യുഡിഎഫ്‌ സ്ഥാനാർഥി ജയിച്ചപ്പോഴും ഇടതുപക്ഷ ജനാധിപത്യ  മുന്നണിയുടെ  രാഷ്ട്രീയ അടിത്തറ സുരക്ഷിതമാണ്. ഒരു വർഷംമുമ്പ്‌ തുടർഭരണത്തെ പിന്തുണച്ച വോട്ടർമാർ മാറിയിട്ടില്ലെന്നർഥം. നിലപാടുകൾ തമ്മിലെ  നിരന്തര പോരാട്ടമാണ്‌ രാഷ്ട്രീയം. ഇടതുപക്ഷം എക്കാലവും തെരഞ്ഞെടുപ്പുകളെ  അഭിമുഖീകരിക്കുന്നത്‌ അതിനെ സംവാദാത്മകമാക്കാനാണ്. അതിവൈകാരികത,  സാഹചര്യങ്ങളെ  താൽക്കാലികമായി  തൃപ്‌തമാക്കുമ്പോൾ സംവാദം കാലത്തിന്റെ ചോദ്യങ്ങളോട്‌ നീതിപുലർത്തും. അവിടെയാണ്‌ ബദൽ കാഴ്‌ചപ്പാടിന്റെ പ്രസക്തിയും സാംഗത്യവും.  
നവകേരളത്തിന്റെ വിശാല പരിപ്രേക്ഷ്യം  മുന്നോട്ടുവച്ച്‌  മുന്നേറുന്ന എൽഡിഎഫ്‌ ഭരണത്തിന്റെ  തിളക്കംകെടുത്തുകയും മുന്നണിയെ അപകീർത്തിപ്പെടുത്തുകയും ജനവിരുദ്ധ ശക്തികളുടെയും വികസന വിരുദ്ധരുടെയും  ആവശ്യമായിരുന്നു.

അതിനായി ‘മഹാസഖ്യ’ത്തിന്‌ രൂപംനൽകി. വർഗീയതയും അരാഷ്ട്രീയവാദവും മൂലധന കൗശലവും അധമബോധവും അടിയുന്ന രാഷ്ട്രീയ സഖ്യമായി വലതുമുന്നണി അധഃപതിച്ചു. ബിജെപിയാകട്ടെ തൃക്കാക്കരയിൽ തൃപ്പൂണിത്തുറ  ആവർത്തിക്കുകയായിരുന്നു. ഏറ്റവും ഹീനമായ പ്രചാരണതന്ത്രങ്ങളായിരുന്നു തെരഞ്ഞെടുപ്പിൽ കണ്ടത്‌. അശ്ലീല വീഡിയോ മുതൽ പദവിയെ മാനിക്കാത്ത അപഹസിക്കൽവരെ അരങ്ങേറി. വീഡിയോക്ക്‌ പിറകിലെ ബുദ്ധികേന്ദ്രങ്ങളായ ചില  സജീവകോൺഗ്രസ്‌, മുസ്ലിംലീഗ്‌ പ്രവർത്തകർ സംസ്ഥാനത്തിന്റെ വിവിധ ഭാഗത്തുനിന്ന്‌ പിടിയിലായി. എൽഡിഎഫ്‌ സ്ഥാനാർഥി ഡോ. ജോ ജോസഫിന്റെ ഭാര്യ ദയ പാസ്‌കൽ യുഡിഎഫ്‌ നേതാക്കളോടു ചോദിച്ചത്‌,  ഈ തെരഞ്ഞെടുപ്പിനുശേഷവും തങ്ങൾക്ക്‌ ഇവിടെ ജീവിക്കേണ്ടേ എന്നായിരുന്നു. കുട്ടികൾക്ക്‌ സ്‌കൂളിലും തനിക്ക്‌ ജോലിക്കും പോകണ്ടേയെന്നും തിരക്കി. വിവിധങ്ങളായ ബാലിശ വാർത്തകളിലൂടെ സഹതാപതരംഗം ഇളക്കിവിടാൻ ഭൂരിപക്ഷം മാധ്യമങ്ങളും വലതുപക്ഷത്തിന്‌ ചൊരിഞ്ഞ പിന്തുണയും അതിരുവിട്ടു.

2021നേക്കാൾ എൽഡിഎഫിന് ഇക്കുറി വോട്ട് കൂടി. പ്രധാന നേതാവിനെ രംഗത്തിറക്കിയിട്ടും ബിജെപി  വോട്ടുകൾ പതിവുപോലെ യുഡിഎഫിന്  ദാനംചെയ്‌തു. നിയമസഭയിലെത്തുന്ന രണ്ടാം  ബിജെപിക്കാരനെന്ന്‌ അവകാശപ്പെട്ട എ എൻ രാധാകൃഷ്ണൻ എന്തുപറയുന്നു. കഴിഞ്ഞ പ്രാവശ്യം പ്രാദേശിക നേതാവ്‌ നേടിയത് 15,483 വോട്ട്. രാധാകൃഷ്ണന് 12,957. ഇത്തവണ രാഷ്ട്രീയം നോക്കില്ല, പിണറായിയെ 100 തികയ്ക്കാൻ അനുവദിക്കില്ല; അതിനാൽ  ഉമ തോമസിന്‌ വോട്ടുചെയ്യുമെന്ന്‌ ചാനലുകളോട് തുറന്നടിച്ചത് ബിജെപി പ്രവർത്തകനാണ്‌. യുഡിഎഫ്‌ സ്ഥാനാർഥി ബിജെപി ഓഫീസിലെത്തി സഹായം അഭ്യർഥിക്കുന്നതും നാം കണ്ടു. ഒപ്പം ട്വന്റി ട്വന്റിയും ആംആദ്‌മി പാർടിയും ചേർന്നായിരുന്നു  ഇടതുപക്ഷവിരുദ്ധ കേന്ദ്രീകരണം. തൃക്കാക്കരയിൽ കഴിഞ്ഞവട്ടം യുഡിഎഫും എൽഡിഎഫും തമ്മിലെ വോട്ടു വ്യത്യാസം 10.5 ശതമാനമായിരുന്നു. ട്വന്റി ട്വന്റിക്ക്‌ 10.18ശതമാനം. ആകെ  20.23.

യുഡിഎഫിനെ സഹായിക്കാനാണ്‌ ഇക്കുറി ട്വന്റി ട്വന്റി വിട്ടുനിന്നത്. ആ വോട്ടുകൾകൂടി ചേരുമ്പോൾ ഭൂരിപക്ഷം വർധിക്കുക സ്വാഭാവികം. കിറ്റെക്‌സ്‌ മുതലാളി സാബു എം ജേക്കബ്‌, ജയത്തിൽ അവകാശവാദം ഉന്നയിച്ചുകഴിഞ്ഞു. ജീവിച്ചിരിക്കെ  കിറ്റെക്സിനെതിരെ നിലപാടെടുത്ത പി ടി തോമസിന്റെ പേരിൽ വോട്ടുപിടിക്കാൻ ആ  കമ്പനി എല്ലാ ഒത്താശയും ചെയ്‌തത്‌ വിരോധാഭാസമായിരുന്നു.  ആരു ജയിച്ചാലും ജനാധിപത്യവാദികളെ  തൃക്കാക്കര ചില കാര്യം ഓർമിപ്പിക്കുന്നുണ്ട്‌. ഇത്ര മലീമസമായ പ്രചാരണം അപൂർവമായിരുന്നു. ഹീനമായി എതിരാളികളെ കടന്നാക്രമിക്കുകയും നീച ഭാഷയിൽ അവഹേളിക്കുകയും കള്ളക്കഥകൾ എഴുന്നെള്ളിക്കുകയും ചെയ്‌ത അനുഭവം വേറെ ഉണ്ടായിട്ടില്ല. ജോ ജോസഫിനെതിരായ വ്യാജവീഡിയോ അതിലൊന്നു മാത്രം. പുരോഗമന‐ നവോത്ഥാന കേരളം ഈ വഴിയിലൂടെ  മുന്നോട്ടുപോകുന്നത് എത്ര അപകടകരമാണ്. തൃക്കാക്കര ശൈലി വ്യാപിപ്പിക്കുമെന്ന പ്രതിപക്ഷ നേതാവ്‌ വി ഡി സതീശന്റെ പ്രസ്‌താവന ഭയപ്പാടോടെ മാത്രമേ കേട്ടിരിക്കാനാകൂ. അനഭിലഷണീയങ്ങളായ അരാഷ്ട്രീയ പ്രവണതകളായിരുന്നു യുഡിഎഫിന്റെ മുഖമുദ്ര. രണ്ടാം പിണറായി സർക്കാരിന്റെ  ഒന്നാം വാർഷിക സമാപനത്തിൽ പ്രകടനപത്രികയിലെ വാഗ്ദാനങ്ങളുടെ പുരോഗതി അവതരിപ്പിച്ച  പ്രോഗ്രസ് റിപ്പോർട്ട്  സമർപ്പിച്ചു.  ഉറപ്പുകൾ പാലിച്ചു സർക്കാർ പ്രവർത്തിക്കുന്നതിനാലാണ്‌ കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാൾ കൂടുതൽ വോട്ടുകൾ നേടാനായത്‌. കൂടുതൽ ജനവിശ്വാസം ആർജിക്കുന്നതിനുള്ള പ്രവർത്തനവുമായി എൽഡിഎഫ്‌ മുന്നോട്ടുപോകും.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top