21 June Friday

മുഖ്യമന്ത്രിയെ വീണ്ടും അധിക്ഷേപിച്ച്‌ സുധാകരൻ

വെബ് ഡെസ്‌ക്‌Updated: Wednesday May 18, 2022


തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്‌ പ്രചാരണത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയനെതിരായ കെപിസിസി പ്രസിഡന്റ്‌ കെ സുധാകരന്റെ  അധിക്ഷേപം പരിഷ്‌കൃതസമൂഹത്തെയാകെ ഞെട്ടിച്ചു. പൊതു സമൂഹത്തിനു മുന്നിൽ പറയാൻ പറ്റാത്ത, അങ്ങേയറ്റം ജുഗുപ്‌സാവഹമായ പദപ്രയോഗമാണ്‌ മുഖ്യമന്ത്രിക്കെതിരെ നടത്തിയത്‌. രാഷ്‌ട്രീയ മാന്യതയ്‌ക്ക്‌ തീരെ നിരക്കാത്ത സുധാകരന്റെ വാക്കുകൾ കേരളത്തിലെമ്പാടും പ്രതിഷേധമുയർത്തി. ഏറ്റവും മലീമസമായ രാഷ്‌ട്രീയ സംസ്‌കാരത്തിന്‌ ഉടമയായ സുധാകരൻ കെപിസിസി അധ്യക്ഷനാണെന്ന നിലവിട്ടാണ്‌ അധിക്ഷേപം ചൊരിഞ്ഞത്‌. സംസ്ഥാന മുഖ്യമന്ത്രിയെ ആക്ഷേപിച്ചതിലൂടെ കേരളജനതയെത്തന്നെയാണ്‌ അപമാനിക്കുന്നത്‌. പൊതുപ്രവർത്തന മര്യാദകൾക്ക്‌ നിരക്കാത്തതും  ഒരു രാഷ്‌ട്രീയ നേതാവ്‌ ഒരു സാഹചര്യത്തിലും നടത്താൻ പാടില്ലാത്തതുമായ പരാമർശമാണ്‌ സുധാകരനിൽനിന്നുണ്ടായത്‌.

കെ സുധാകരന്റെ കെട്ടുനാറുന്ന സംസ്‌കാരം കേരളീയർക്ക്‌ പുതുമയുള്ളതല്ല. എന്നാലും സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയെ, കക്ഷിരാഷ്‌ട്രീയ ഭേദമന്യേ ജനലക്ഷങ്ങൾ  ആരാധനയോടെയും പ്രതീക്ഷയോടെയും നോക്കിക്കാണുന്ന ഭരണാധികാരിയെ ഇത്രയും തരംതാണ നിലയിൽ അധിക്ഷേപിക്കാൻ എങ്ങനെ കഴിയുന്നുവെന്ന്‌ അമ്പരക്കുകയാണ്‌ ജനങ്ങൾ. രാഷ്‌ട്രീയത്തിൽ ധാർമികമൂല്യങ്ങളും പരസ്‌പരബഹുമാനവും നിലനിൽക്കണമെന്നാഗ്രഹിക്കുന്നവരെല്ലാം ഈ അധിക്ഷേപത്തിനെതിരെ രംഗത്തുവരുന്നു എന്നത്‌ സ്വാഗതാർഹമാണ്‌.

തൃക്കാക്കരയിൽ തെരഞ്ഞെടുപ്പു പ്രചാരണം മുറുകുന്തോറും എല്ലാ പ്രതീക്ഷയും തകർന്ന്‌, സമനില തെറ്റിയ നിലയിലാണ്‌ കോൺഗ്രസ്‌–- യുഡിഎഫ്‌ നേതാക്കൾ. വികസനവും രാഷ്‌ട്രീയവും  മണ്ഡലത്തിലാകെ ചർച്ചയായതോടെ യുഡിഎഫിന്റെ നിലപാടിനെ വോട്ടർമാർ ചോദ്യം ചെയ്യുന്ന സ്ഥിതിയായി. ഇതിൽ വിറളിപൂണ്ടാണ്‌  മുഖ്യമന്ത്രിക്കെതിരെ സംസ്‌കാര രഹിതമായ പദപ്രയോഗം. 

എൽഡിഎഫ്‌ ഉയർത്തിയ വികസന രാഷ്‌ട്രീയത്തിന്‌ മറുപടി പറയാൻ കഴിയാതെ യുഡിഎഫ്‌ പരാജയഭീതിയിലാണ്‌. അന്തരിച്ച പി ടി തോമസിന്റെ ഭാര്യ ഉമ തോമസിനെ സ്ഥാനാർഥിയാക്കിയതിലൂടെ സഹതാപ വോട്ടുസാധ്യതകൾകൂടി ഉപയോഗപ്പെടുത്തി കരകയറാമെന്നായിരുന്നു യുഡിഎഫ്‌ കരുതിയത്‌. എന്നാൽ, തെരഞ്ഞെടുപ്പു ചിത്രം തെളിഞ്ഞതോടെ അവരുടെ  കണക്കുകൂട്ടലുകളെല്ലാം പിഴച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ കേരളത്തെ അഭൂതപൂർവമായ വികസനത്തിലേക്കു നയിക്കുന്ന എൽഡിഎഫ്‌ സർക്കാരിന്‌  കരുത്തേകാൻ തങ്ങളുമുണ്ടെന്ന്‌ തൃക്കാക്കര  ഉറപ്പിച്ചുകഴിഞ്ഞു.  എൽഡിഎഫ്‌ സ്ഥാനാർഥി ഡോ. ജോ ജോസഫിന്‌ ലഭിക്കുന്ന സാർവത്രിക സ്വീകാര്യത ഇത്തവണ ജനവിധി എന്താകുമെന്നതിന്റെ കൃത്യമായ ദിശാസൂചികയാണ്‌.

മുഖ്യമന്ത്രിയും എൽഡിഎഫ്‌ നേതാക്കളുമെല്ലാം വോട്ടർമാരോടു പറയുന്നത്‌ വികസനത്തെക്കുറിച്ചാണ്‌; ജനങ്ങളുടെ ക്ഷേമൈശ്വര്യങ്ങളെക്കുറിച്ചാണ്‌. ഇതോടെ നാടിനെ വികസനത്തിലേക്കു നയിക്കുന്നവരും വികസനവിരുദ്ധരും തമ്മിലുള്ള നേർക്കുനേർ പോരാട്ടമായി തെരഞ്ഞെടുപ്പുരംഗം മാറി. യുഡിഎഫിനെ, പ്രത്യേകിച്ച്‌ കെ സുധാകരൻ അടക്കമുള്ള യുഡിഎഫ്‌ നേതാക്കളെ അലോസരപ്പെടുത്തുന്നതും ഇതാണ്‌. വികസന രാഷ്‌ട്രീയം പറഞ്ഞ്‌ വോട്ടർമാരെ സമീപിക്കാൻ അവർക്കാകില്ല.
വിദ്യാസമ്പന്നതയിലും രാഷ്‌ട്രീയപ്രബുദ്ധതയിലുമെല്ലാം രാജ്യത്തിനു മാതൃകയാണ്‌ കേരളം. പരസ്‌പരസൗഹൃദത്തിലും പെരുമാറ്റരീതിയിലും ഈ ഔന്നത്യം പ്രകടിപ്പിക്കാൻ കഴിയുമ്പോഴാണ്‌ കേരളീയർ അന്തസ്സുള്ള സമൂഹമായി മാറുന്നത്‌. വിരുദ്ധരാഷ്‌ട്രീയ പ്രവർത്തകർ തമ്മിൽ വിമർശങ്ങളും കുറ്റപ്പെടുത്തലുകളുമെല്ലാം സ്വാഭാവികം. എന്നാൽ, അത്‌ സാമാന്യമര്യാദയുടെയും സഹിഷ്‌ണുതയുടെയും ലക്ഷ്‌മണരേഖ അതിലംഘിക്കുന്നതാകരുത്‌. വ്യക്തിപരമായ അധിക്ഷേപങ്ങളും ആക്രോശങ്ങളും നമ്മുടേതുപോലുള്ള സമൂഹത്തിൽ ഒരു തരത്തിലും പൊറുപ്പിക്കാനാകാത്തതാണ്‌.

നിർഭാഗ്യവശാൽ, കെ സുധാകരൻ എന്ന രാഷ്‌ട്രീയ നേതാവിൽനിന്ന്‌ അന്തസ്സുറ്റ പെരുമാറ്റം പ്രതീക്ഷിച്ചിട്ട്‌ കാര്യമില്ല. മുഖ്യമന്ത്രി പിണറായി വിജയനെ മുമ്പും പലതവണ സുധാകരൻ അധിക്ഷേപിച്ചിട്ടുണ്ട്‌. ചികിത്സാ ആവശ്യത്തിനായി മുഖ്യമന്ത്രി വിദേശത്ത്‌ പോയതിനെ ക്രൂരമായി ആക്ഷേപിക്കാൻ ഈ "മാന്യന്‌' തെല്ലും മനസ്സാക്ഷിക്കുത്തുണ്ടായിട്ടില്ല. ചെത്തുതൊഴിലാളിയായിരുന്നു എന്ന ഒറ്റക്കാരണത്താൽ മുഖ്യമന്ത്രിയുടെ പിതാവിനെ ആക്ഷേപിച്ചതും കേരളീയസമൂഹം മറന്നിട്ടില്ല. കോവിഡ്‌ കാലത്ത്‌ സുരക്ഷിതമായി പരീക്ഷ നടത്തിയപ്പോഴും അതാവർത്തിച്ചു. സ്വന്തം പാർടിയിലെ ഉൾപ്പെടെ നേതാക്കളെയും പൊലീസ്‌ ഉദ്യോഗസ്ഥരെയും മാധ്യമപ്രവർത്തകരെയുമെല്ലാം സുധാകരൻ പലവട്ടം അപമാനിച്ചിട്ടുണ്ട്‌.  ചിന്തൻ ശിബിര മഹാമഹം നടത്തി ദേശീയതലത്തിൽ കോൺഗ്രസിന്‌ പുതിയ മുഖകാന്തി നൽകാൻ തീരുമാനിച്ചതിന്റെ മഷിയുണങ്ങും മുമ്പാണ്‌ കെപിസിസി അധ്യക്ഷന്റെ നാവ്‌ വീണ്ടും വിഷം ചീറ്റിയതെന്നതാണ്‌ ഏറ്റവും കൗതുകകരം. പ്രധാനമന്ത്രിക്കെതിരായി നടത്തിയ മോശം പരാമർശത്തിന്റെ പേരിൽ കോൺഗ്രസിന്റെ മുതിർന്ന നേതാവായ മണിശങ്കർ അയ്യർക്കെതിരെ നടപടിയെടുത്തിരുന്നു. മോദിക്കെതിരെ ‘നീച്‌’ എന്ന വാക്കുപയോഗിച്ചതിനായിരുന്നു അത്‌. അതേനിലപാട്‌ സുധാകരന്റെ കാര്യത്തിലും കോൺഗ്രസ്‌ നേതൃത്വം സ്വീകരിക്കുമോ എന്നാണറിയേണ്ടത്‌.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top