20 April Saturday

ഉറപ്പാണ്‌ തൃക്കാക്കര

വെബ് ഡെസ്‌ക്‌Updated: Monday May 30, 2022


തൃക്കാക്കരയിലെ രണ്ട്‌ ലക്ഷത്തോളം വരുന്ന വോട്ടർമാർ നാളെ പോളിങ് ബൂത്തിലേക്ക്‌ നീങ്ങും. ആഴ്‌ചകൾ നീണ്ട പരസ്യ പ്രചാരണത്തിന്‌ ഞായറാഴ്‌ച തിരശ്ശീല വീണു. ത്രികോണമത്സരമാണെങ്കിലും പ്രധാന പോരാട്ടം എൽഡിഎഫും യുഡിഎഫും തമ്മിലാണ്‌. സംസ്ഥാനത്തിന്റെ വാണിജ്യതലസ്ഥാനമായ കൊച്ചി നഗരത്തിലെ പ്രധാന ഭാഗങ്ങളും ഐടി മേഖലയും വരുന്ന  മണ്ഡലത്തിലെ വോട്ടർമാർ പ്രൊഫഷണലായ ഡോ. ജോ ജോസഫിനെ ഉറപ്പായും നിയമസഭയിലേക്ക്‌ അയക്കുമെന്ന്‌ പ്രതീക്ഷിക്കാം.

പിണറായി വിജയൻ സർക്കാർ തുടർഭരണം നേടിയശേഷം നടക്കുന്ന ആദ്യ ഉപതെരഞ്ഞെടുപ്പാണ്‌ ഇത്‌. എൽഡിഎഫ്‌ സർക്കാരിന്റെ ഭരണത്തെ ഏതെങ്കിലുംരീതിയിൽ ബാധിക്കുന്ന ഒന്നല്ല ഈ ഉപതെരഞ്ഞെടുപ്പ്‌. 140 അംഗ നിയമസഭയിൽ 99 സീറ്റ്‌ നേടിയാണ്‌ കഴിഞ്ഞവർഷം എൽഡിഎഫ്‌ തുടർഭരണം നേടിയത്‌. അതുകൊണ്ടുതന്നെ ഉപതെരഞ്ഞെടുപ്പുഫലം ഒരുതരത്തിലും എൽഡിഎഫ്‌ സർക്കാരിന്റെ ഭാവിയെ ബാധിക്കില്ല. എന്നാൽ, പഞ്ചായത്ത്‌–-നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ പരാജയത്തിനുശേഷം നടക്കുന്ന ഈ ഉപതെരഞ്ഞെടുപ്പിൽ വിജയിക്കേണ്ടത്‌ കോൺഗ്രസിനും യുഡിഎഫിനും നിലനിൽപ്പിന്‌ അനിവാര്യമാണെന്നാണ്‌ അവർ കരുതുന്നത്. ജീവന്മരണ പോരാട്ടത്തെയാണ്‌ യുഡിഎഫ്‌ നേരിടുന്നത്‌.

തുടക്കംമുതൽ വികസനമാണ്‌ പ്രധാന പ്രചാരണ മുദ്രാവാക്യമായി എൽഡിഎഫ്‌ ഉയർത്തിയത്‌. സിൽവർ ലൈൻ, ജലപാത, മെട്രോ വികസനം, ഐടി, ഉന്നതവിദ്യാഭ്യാസം തുടങ്ങി തൃക്കാക്കരയുമായി ബന്ധപ്പെട്ട വിഷയങ്ങളാണ്‌ എൽഡിഎഫ്‌ പ്രചാരണവിഷയമാക്കിയത്‌. എൽഡിഎഫിന്റെ കാലത്ത്‌ ഒരുവികസനവും പാടില്ലെന്ന യുഡിഎഫ്‌ നിലപാടിനെ  മുഖ്യമന്ത്രി അടക്കമുള്ളവർ  തുറന്നുകാട്ടി . എൽഡിഎഫിന്റെ ഈ വികസന മുദ്രാവാക്യത്തെ തൃക്കാക്കരയിലെ ജനങ്ങൾ മാത്രമല്ല, കോൺഗ്രസ്‌ നേതാക്കൾ വരെ ഏറ്റെടുത്തു. മുൻ കേന്ദ്രമന്ത്രിയും എഐസിസി അംഗവുമായ കെ വി തോമസ്‌ എൽഡിഎഫിന്‌ പിന്തുണ പ്രഖ്യാപിച്ചു പ്രചാരണരംഗത്ത്‌ സജീവമായി. തൃശൂർ ഡിസിസി ജനറൽ സെക്രട്ടറി വിജയഹരിയും വികസനരാഷ്ട്രീയത്തിനു പിന്തുണ പ്രഖ്യാപിച്ച്‌ തൃക്കാക്കരയിൽ  ജോ ജോ ജോസഫിന്റെ  പ്രചാരണയോഗത്തിൽ പങ്കെടുത്തു.

പ്രചാരണം മുറുകിയതോടെ, കാറ്റ്‌ ഇടത്തോട്ടാണ്‌ വീശുന്നതെന്ന്‌ മനസ്സിലാക്കിയ യുഡിഎഫ്‌ നേതൃത്വം കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത  തരംതാണ രാഷ്ട്രീയ തന്ത്രങ്ങളാണ്‌ പുറത്തെടുത്തത്‌. രാഷ്ട്രീയമായും ആശയപരമായും എൽഡിഎഫിനെ നേരിടാൻ കഴിയില്ലെന്നു വന്നപ്പോഴായിരുന്നു തെറ്റായ വഴികളിലേക്ക്‌ യുഡിഎഫ്‌ സഞ്ചരിച്ചത്‌. അതിജീവിത നൽകിയ ഒരു ഹർജിയുടെ പേരിൽ കേരളത്തിലെ സ്‌ത്രീസുരക്ഷ ഭീഷണിയിലാണെന്ന പ്രചാരണം നടത്താനായി ശ്രമിച്ചു. എന്നാൽ, മുഖ്യമന്ത്രിയെ നേരിട്ട്‌ കണ്ടതിനുശേഷം സർക്കാർ തനിക്കൊപ്പമാണെന്നും മുഖ്യമന്ത്രിയുടെ വാക്കുകളിൽ പൂർണ വിശ്വാസമുണ്ടെന്നും അതിജീവിത വ്യക്തമാക്കിയതോടെ യുഡിഎഫിന്റെ  രാഷ്ട്രീയനീക്കം പാളി. ഇതേ ഘട്ടത്തിലാണ്‌ എൽഡിഎഫ്‌ സ്ഥാനാർഥിയെ അപകീർത്തിപ്പെടുത്താനും കുടുംബത്തെ മാനസികമായി തകർക്കാനും ലക്ഷ്യമിട്ട്‌ എല്ലാ രാഷ്ട്രീയ മര്യാദയും തെരഞ്ഞെടുപ്പുചട്ടങ്ങളും ലംഘിച്ച്‌ അശ്ലീല വീഡിയോ പ്രചരിപ്പിക്കാൻ യുഡിഎഫ്‌ തയ്യാറായത്‌. ഇത്തരം വീഡിയോ കിട്ടിയാൽ ‘ആരാണ്‌ പ്രചരിപ്പിക്കാത്തത്‌’എന്ന ചോദ്യമുയർത്തി പ്രതിപക്ഷ നേതാവ് സ്വന്തം രാഷ്ട്രീയ സംസ്‌കാരം വെളിപ്പെടുത്തുകയുംചെയ്‌തു. ഈ അധമരാഷ്ട്രീയത്തിനെതിരെ പൊതുസമൂഹത്തിൽനിന്നു മാത്രമല്ല, കോൺഗ്രസ്‌ പാർടിക്കകത്തുനിന്നുപോലും പ്രതിഷേധം ഉയർന്നതോടെ ആ നീക്കവും പാളി.

ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത്‌ വട്ടിയൂർക്കാവ്‌, കോന്നി, പാല എന്നീ യുഡിഎഫ്‌ കോട്ടകൾ തകർത്ത എൽഡിഎഫ്‌ തൃക്കാക്കരയിലും അതാവർത്തിക്കുമോ എന്ന ഭീതിയിൽനിന്നാണ്‌ കോൺഗ്രസ്‌ നേതൃത്വത്തിന്റെ ആവശ്യപ്രകാരം സ്ഥാനാർഥി ബിജെപി തെരഞ്ഞെടുപ്പുകമ്മിറ്റി ഓഫീസിൽച്ചെന്ന്‌ ‘സഹായിക്കണം; പ്രാർഥിക്കണം’ എന്ന്‌ അഭ്യർഥിച്ചത്‌. വിജയിക്കാൻ മതനിരപേക്ഷ സമീപനത്തിൽ വെള്ളം ചേർക്കാനും മടിക്കില്ലെന്ന സന്ദേശമാണ്‌ ഇതുവഴി യുഡിഎഫ്‌ നൽകിയത്‌. എന്നാൽ, വർഗീയവിഷം വമിപ്പിച്ച പി സി ജോർജിനെയും പോപ്പുലർ ഫ്രണ്ട്‌ നേതാക്കളെയും അറസ്റ്റുചെയ്‌ത്‌ മതനിരപേക്ഷതയെ എന്തുവിലകൊടുത്തും സംരക്ഷിക്കുമെന്ന്‌ പിണറായി സർക്കാർ തെളിയിച്ചു.

തൃക്കാക്കരയിലെ ജനങ്ങൾ എൽഡിഎഫ്‌ ഉയർത്തിപ്പിടിക്കുന്ന വികസനത്തിനും മതനിരപേക്ഷതയ്‌ക്കും വോട്ട്‌ ചെയ്യുമെന്നതിൽ സംശയമില്ല. ജൂൺ മൂന്നിന്‌ വോട്ടുപെട്ടി തുറക്കുന്നതോടെ എൽഡിഎഫ്‌ സെഞ്ച്വറിയടിക്കും. കോൺഗ്രസിന്‌ അവരുടെ  പൊന്നാപുരംകോട്ട നഷ്ടമാകും. യുഡിഎഫ്‌ കൂടുതൽ ദുർബലമാകും. പുതിയ നേതൃത്വത്തിനെതിരെ കോൺഗ്രസിൽ കലാപക്കൊടി ഉയരും. കൂടുതൽ നേതാക്കൾ മുങ്ങുന്ന കപ്പലിൽനിന്നും പുറത്തുചാടും. കേരള രാഷ്ട്രീയം കൂടുതൽ ഇടത്തോട്ട്‌ നീങ്ങുകയും ചെയ്യും.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top