01 October Sunday

ആവർത്തിക്കരുത്‌ സാത്താൻകുളം ക്രൂരത

വെബ് ഡെസ്‌ക്‌Updated: Thursday Jul 2, 2020കോവിഡ്‌ മഹാമാരി പടർന്നുപിടിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ്‌ തമിഴ്‌നാട്‌. രോഗികളുടെ എണ്ണം 90,000 ത്തിലധികമായി. മരണസംഖ്യ 1200‌ കടന്നു. രോഗപ്പകർച്ച തടയുന്നതിനായി കഠിനമായ ശ്രമം നടക്കുമ്പോഴാണ്‌ ലോക്‌ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ചുവെന്നാരോപിച്ച്‌ തമിഴ്‌നാട്‌ പൊലീസ്‌ ഒരു അച്‌ഛനെയും മകനെയും‌ കസ്‌റ്റഡിയിൽ മർദിച്ചുകൊന്നത്‌. ലോക്‌ഡൗൺ നടപ്പിലാക്കുന്നതിലും രോഗപ്രതിരോധ പ്രവർത്തനങ്ങളിലും കേരളത്തിലടക്കം പൊലീസ്‌ മികച്ച പ്രവർത്തനം നടത്തുന്ന വേളയിൽത്തന്നെയാണ്‌ തമിഴ്‌നാട്ടിൽ കസ്‌റ്റഡിയിൽ ഇരട്ടക്കൊല നടന്നത്‌. തൂത്തുക്കുടി ജില്ലയിലെ സാത്താൻകുളം പൊലീസ്‌ സ്‌റ്റേഷനിലാണ്‌ ക്രൂരപീഡനം നടന്നത്‌. ലോക്‌ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ചുവെന്ന്‌ പറഞ്ഞ്‌ അറസ്‌റ്റ്‌ ചെയ്‌ത ജയരാജൻ എന്ന 60 കാരനെയും മകൻ 31 കാരനായ ബെനിക്‌സിനെയുമാണ്‌ പൊലീസ്‌ കൊലപ്പെടുത്തിയത്‌.

സ്വാഭാവികമായും വലിയ പ്രതിഷേധം ഉയർന്നു. അമേരിക്കയിൽ മെയ്‌ 25 ന്‌ പൊലീസിന്റെ വംശീയവെറിക്കിരയായ കറുത്തവംശജൻ ജോർജ്‌ ഫ്‌ളോയ്‌ഡ്‌ വധത്തോടാണ്‌ ജയരാജിന്റെയും ബെനിക്‌സിന്റെയും കൊലപാതകം താരതമ്യം ചെയ്യപ്പെട്ടത്‌. ഏതായാലും തമിഴ്‌നാട്ടിലെ തെരുവുകളിൽ പ്രതിഷേധം ഇരമ്പി. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട്‌‌ സിപിഐ എം  പ്രക്ഷോഭത്തിന്‌ ആഹ്വാനം ചെയ്‌തു. പ്രതിഷേധത്തിന്‌ നേതൃത്വം നൽകിയ പാർടി സംസ്ഥാന സെക്രട്ടറി  കെ ബാലകൃഷ്‌ണനെ പൊലീസ്‌ കൂടല്ലൂരിൽ അറസ്‌റ്റ്‌ ചെയ്‌തു. സ്ഥലം എംപിയും ഡിഎംകെ നേതാവുമായ കനിമൊഴി ഇരുവരുടെയും വീട്‌ സന്ദർശിക്കുകയും ദേശീയ മനുഷ്യാവകാശ കമീഷനോട്‌ കേസെടുക്കാൻ ആവശ്യപ്പെടുകയും ചെയ്‌തു. മദ്രാസ്‌ ഹൈക്കോടതിയുടെ മധുര ബെഞ്ചും കേസിൽ സ്വമേധയാ ഇടപെട്ട്‌ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. തൂത്തുക്കുടിയിലെ സാത്താൻകുളം പൊലീസ്‌ സ്‌റ്റേഷൻ തന്നെ ഹൈക്കോടതി ഏറ്റെടുക്കുന്ന സ്ഥിതിയുണ്ടായി.  ഹൈക്കോടതി ഉത്തരവിട്ട അന്വേഷണവുമായി സ്‌റ്റേഷനിലെ ഉദ്യോഗസ്ഥർ സഹകരിക്കാത്തതിനെ തുടർന്നാണിത്‌. ഫോറൻസിക്‌ അഡീഷനൽ ഡയറക്ടറോട്‌ വിദഗ്‌ധ സംഘത്തെ അയച്ച്‌ തെളിവെടുപ്പ്‌ നടത്താനും ഹൈക്കോടതി ആവശ്യപ്പെട്ടു.

ലോക്ക്‌ഡൗൺ നിയന്ത്രണം ലംഘിച്ചുവെന്ന നിസ്സാരകാര്യം പറഞ്ഞാണ്‌ പെലീസ്‌ ജയരാജിനെയും മകനെയും  അറസ്‌റ്റ്‌ ചെയ്‌തത്‌. രാത്രി എട്ടിന്‌ കടകൾ അടയ്‌ക്കണമെന്നാണ്‌ ഉത്തരവ്‌. സാത്താൻകുളത്ത്‌ മൊബൈൽ കടയാണ്‌ ഇവർക്കുണ്ടായിരുന്നത്‌. കട അടയ്‌ക്കാൻ 15 മിനിറ്റ്‌ വൈകിയതിനാണ്‌ പൊലീസ്‌ കടയിലുണ്ടായിരുന്ന  ജയരാജിനെ അറസ്‌റ്റ്‌   ചെയ്‌തത്‌. അച്‌ഛനെ അറസ്‌റ്റ്‌ ചെയ്‌തതറിഞ്ഞാണ്‌ മകൻ ബെനിക്‌സ്  പൊലീസ്‌ സ്‌റ്റേഷനിൽ എത്തിയത്‌. പൊലീസ്‌ സ്‌റ്റേഷനിൽ ഭീകരമർദനത്തിനാണ്‌ ഇരുവരും വിധേയരായത്‌. മലദ്വാരത്തിൽ ലാത്തികയറ്റിവരെ മർദനമുണ്ടായെന്നാണ്‌ റിപ്പോർട്ട്‌. ഇവർ ഇരുന്ന വാഹനത്തിൽ രക്തം കട്ടപിടിച്ച്‌ കിടക്കുന്നതായി ദൃക്‌സാക്ഷികൾ പറയുകയുണ്ടായി. ഇവരെ 20 ന്‌ പുലർച്ചെ രണ്ടിനാണ്‌‌ സാത്താൻകുളം ജുഡീഷ്യൽ മജിസ്‌ട്രേട്ട്‌ ബി ശരവണന്‌  മുമ്പിൽ ഹാജരാക്കിയത്‌. ഇതൊന്നും ഗൗനിക്കാതെ യാന്ത്രികമായി ഇരുവരെയും 120 കിലോമീറ്റർ അകലെയുള്ള കോവിൽപെട്ടി ജയിലിലേക്ക്‌ അയക്കാനാണ്‌ അഡീഷണൽ മജിസ്‌ട്രേട്ട് ഉത്തരവിട്ടത്‌. ഈ നടപടിയും പരക്കെ വിമർശിക്കപ്പെട്ടു. സാത്താൻകുളം അഡീഷണൽ മജിസ്‌ട്രേട്ടിനെ പിരിച്ചുവിടണമെന്ന്‌ ഹൈക്കോടതിയിൽ നിന്നു വിരമിച്ച ജസ്‌റ്റിസ്‌ ചന്ദ്രു ആവശ്യപ്പെട്ടത്‌ ഈ ഘട്ടത്തിലാണ്‌.  ജുഡീഷ്യൽ വ്യവസ്ഥയെ തന്നെയാണ്‌ അഡീഷണൽ മജിസ്‌ട്രേട്ട് പരാജയപ്പെടുത്തിയിരിക്കുന്നതെന്നും ഒരു നിമിഷം പോലും പദവിയിൽ തുടരാൻ അദ്ദേഹത്തിന്‌ അർഹതയില്ലെന്നുമാണ്‌   അദ്ദേഹം അഭിപ്രായപ്പെട്ടത്‌.

പ്രതിഷേധം ശക്തമായപ്പോൾ തെളിവുകൾ നശിപ്പിക്കാനും കള്ളക്കഥ മെനയാനുമാണ്‌   പൊലീസ്‌ തയ്യാറായത്‌. ലോക്‌ഡൗൺ ലംഘിച്ചതിനെ ചോദ്യം ചെയ്‌തപ്പോൾ അച്‌ഛനും മകനും പൊലീസിനെ ആക്രമിച്ചുവെന്നും കസ്‌റ്റഡിയിൽ എടുക്കാൻ ശ്രമിച്ചപ്പോൾ ബലപ്രയോഗം നടത്തിയെന്നും നിലത്ത്‌ വീണുരുണ്ടുവെന്നും ആ ഘട്ടത്തിലായിരിക്കാം മുറിവേറ്റതെന്നുമാണ്‌ ‌ പൊലീസിന്റെ ഭാഷ്യം. എന്നാൽ സിസിടിവി ദൃശ്യങ്ങൾ ഇത്‌ ശരിയല്ലെന്ന്‌ തെളിയിച്ചു. ബലപ്രയോഗത്തിന്റെ ദൃശ്യങ്ങളൊന്നും ലഭ്യമായിരുന്നില്ല. പിടിച്ചുനിൽക്കാനാകാതെ അവസാനം പൊലീസിന്‌ നടപടിയെടുക്കേണ്ടി വന്നു. തൂത്തുക്കുടി  എസ്‌പി അരുൺ ഗോപിനാഥനെ തൽസ്ഥാനത്തുനിന്നും നീക്കി. എട്ട്‌ പൊലീസുകാരെ സസ്‌പെൻഡ്‌ ചെയ്‌തു. സിബിഐ അന്വേഷണം നടത്താമെന്ന്‌ മുഖ്യമന്ത്രിയും എഐഎഡിഎംകെ നേതാവുമായ എടപ്പാടി പളനിസ്വാമി അറിയിച്ചു.

ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാൻ ബാധ്യതപ്പെട്ട പൊലീസുകാർ തന്നെ അവരുടെ ജീവനപഹരിക്കുന്ന കാടത്തമാണ്‌ സാത്താൻകുളത്ത്‌ അരങ്ങേറിയത്‌. 2006 ൽ ഇതേ പൊലീസ്‌ സ്‌റ്റേഷനിൽ കസ്‌റ്റഡി കൊലപാതകം നടന്നതാണ്‌. എന്നിട്ടും അതാവർത്തിക്കുന്നുവെന്ന്‌ പറയുന്നത്‌ പൊലീസ്‌ സേനയിൽ ഇനിയും പരിഷ്‌കാരങ്ങൾ വേണമെന്നതിലേക്കാണ്‌ വിരൽചൂണ്ടുന്നത്‌.  2001 നും 2018 നും ഇടയിൽ 1727 പേർ പൊലീസ്‌ കസ്‌റ്റഡിയിൽ ക്രൂരമായി കൊലചെയ്യപ്പെട്ടുവെന്നാണ്‌ കണക്ക്‌. ഇതിൽ 810 കേസുകളിൽ മാത്രമാണ്‌ കുറ്റപത്രം സമർപ്പിക്കപ്പെട്ടിട്ടുള്ളത്‌. പൊലീസുകാരെ കേസിൽ ഉൾപ്പെടുത്തിയിട്ടുള്ളത്‌ 334 സംഭവങ്ങളിൽ മാത്രമാണ്‌. കേവലം 26 പൊലീസുകാർ മാത്രമാണ്‌ ശിക്ഷിക്കപ്പെട്ടിട്ടുള്ളത്‌. പെരുകുന്ന കസ്‌റ്റഡി മരണങ്ങൾ ജീവിക്കാനുള്ള അവകാശത്തിനും പൗരസ്വാതന്ത്ര്യത്തിനും നേർക്കുള്ള വെല്ലുവിളി കൂടിയാണ്‌. പരിഷ്‌കൃതസമൂഹത്തിന്‌ ഇതൊരിക്കലും അംഗീകരിക്കാൻ കഴിയില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top