02 May Thursday

ഉയരെ, അഭിമാനത്തൂവൽ

വെബ് ഡെസ്‌ക്‌Updated: Tuesday May 17, 2022


ബാഡ്‌മിന്റൺ  കോർട്ടിൽനിന്ന്‌ കേൾക്കുന്നത്‌ വീരഗാഥ. ഇന്ത്യൻ കായികരംഗത്തിന്‌ എക്കാലവും അഭിമാനിക്കാവുന്ന നേട്ടം. തോമസ്‌ കപ്പെന്നാൽ ബാഡ്‌മിന്റണിലെ ലോകകപ്പെന്നാണ്‌ വിശേഷണം. അതിനാൽ ഇന്ത്യ നേടിയത്‌ ലോകകപ്പ്‌തന്നെ. തായ്‌ലൻഡിലെ ബാങ്കോക്കിൽ നടന്ന ഫൈനലിൽ ഇന്തോനേഷ്യയെ ഏകപക്ഷീയമായി പരാജയപ്പെടുത്തിയാണ്‌ നേട്ടം. ബാഡ്‌മിന്റണിൽ ഇന്തോനേഷ്യ ചില്ലറക്കാരല്ല. ഈ കളിയുടെ ആശാന്മാരാണ്‌. തോമസ്‌കപ്പിൽ 14 തവണ ജേതാക്കളാണ്‌. അതിനാൽ ഈ വിജയം വൻ അട്ടിമറിയായാണ്‌ വിലയിരുത്തപ്പെടുന്നത്‌. തോമസ്‌കപ്പിന്റെ 73 വർഷത്തെ ചരിത്രത്തിൽ ഇന്ത്യ മെഡൽ നേടിയിട്ടില്ല. മൂന്നു തവണ സെമിയിൽ കടന്നതാണ്‌ ഏകനേട്ടം. അവസാന സെമി 1979ലായിരുന്നു. പിന്നീട്‌ യോഗ്യത നേടിയാലായി. കളിക്കാനിറങ്ങിയാൽ ഗ്രൂപ്പ്‌ഘട്ടത്തിനപ്പുറം പോകില്ല.

ഇക്കുറിയും ഈ ടീമിൽ ആരും പ്രതീക്ഷവച്ചില്ല. എന്നാൽ, ഗ്രൂപ്പിൽ മൂന്നിൽ രണ്ട്‌ കളി ജയിച്ച്‌ ക്വാർട്ടറിലെത്തി. അപ്പോഴാണ്‌ ടീമിനെ ശ്രദ്ധിച്ചു തുടങ്ങിയത്‌.  അഞ്ചുവട്ടം ജേതാക്കളായ മലേഷ്യയെ ക്വാർട്ടറിൽ കീഴടക്കിയപ്പോഴാണ്‌ കളി കാര്യമാണെന്ന്‌ ബോധ്യപ്പെട്ടത്‌. സെമിയിൽ ഡെൻമാർക്കായിരുന്നു എതിരാളി. അവിടെയും അവിശ്വസനീയ ജയം.

ഫൈനൽ തീർത്തും ഏകപക്ഷീയമാകുമെന്ന്‌ ആരും കരുതിയതല്ല. അഞ്ച്‌ കളിയിൽ ആദ്യത്തെ മൂന്നും ജയിച്ച്‌ സ്വർണം. ഐതിഹാസിക വിജയത്തിൽ കേരളത്തിനും അഭിമാനിക്കാം. പരിശീലകൻ യു വിമൽകുമാർ അടക്കം മൂന്ന്‌ മലയാളികളാണ്‌ ടീമിലുള്ളത്‌. ക്വാർട്ടറിലും സെമിയിലും ഗംഭീര പ്രകടനം കാഴ്‌ചവച്ച എച്ച്‌ എസ്‌ പ്രണോയ്‌, ഡബിൾസ്‌താരം എം ആർ അർജുൻ എന്നിവർ വിജയത്തിൽ പങ്കാളികളായി. ക്വാർട്ടറിൽ മലേഷ്യക്കെതിരെയും സെമിയിൽ ഡെൻമാർക്കിനെതിരെയും നിർണായകവിജയം നേടിയത്‌ പ്രണോയിയാണ്‌.

ലോകബാഡ്‌മിന്റണിലെ അജയ്യശക്തികളെ ഒന്നൊന്നായി കീഴടക്കിയുള്ള  വിജയം ഇന്ത്യൻ കായികരംഗത്തിന്‌ നൽകുന്ന സന്ദേശവും ആത്മവിശ്വാസവും ചെറുതല്ല. കളിയിലായാലും ജീവിതത്തിലായാലും അസാധ്യമായി ഒന്നുമില്ലെന്ന്‌ ഈ ചുണക്കുട്ടികൾ ഓർമിപ്പിക്കുന്നു. കഠിനാധ്വാനവും അർപ്പണബോധവും വിജയദാഹവുമുണ്ടെങ്കിൽ ഏത്‌ വമ്പനെയും വീഴ്‌ത്താം, ഏത്‌ യുദ്ധവും ജയിക്കാം. 

ബാഡ്‌മിന്റണിലെ വിഖ്യാത ടൂർണമെന്റായ ഓൾ ഇംഗ്ലണ്ട്‌ ഓപ്പൺ 1980ൽ നേടി പ്രകാശ്‌ പദുക്കോണാണ്‌ ഇന്ത്യയിൽ ബാഡ്‌മിന്റൺ വിപ്ലവത്തിന്‌ തുടക്കമിട്ടത്‌. പിന്നാലെ പുല്ലേല ഗോപിചന്ദും 2001ൽ സമാനനേട്ടം കൈവരിച്ചു. അവർ കൊളുത്തിയ ദീപം ഏറ്റുവാങ്ങിയത്‌ വനിതകളായിരുന്നു. സൈന നെഹ്‌വാളും പി വി സിന്ധുവും ലോക ഭൂപടത്തിൽ സ്ഥാനം പിടിച്ചു. ഇവർക്കെല്ലാം പിൻഗാമികളായി വലിയൊരുനിരതന്നെ വളർന്നുവരുന്നുണ്ട്‌. അതിന്‌ കടപ്പെട്ടിരിക്കുന്നത്‌ ഹൈദരാബാദിലെ പുല്ലേല ഗോപിചന്ദ്‌ അക്കാദമിയോടും ബംഗളൂരുവിലെ പ്രകാശ്‌ പദുക്കോൺ സെന്റർ ഓഫ്‌ എക്‌സലൻസിനോടുമാണ്‌. നാട്ടിൻപുറങ്ങളിൽ വ്യായാമത്തിനും ഉല്ലാസത്തിനും കളിച്ചിരുന്ന ഷട്ടിൽ ബാഡ്‌മിന്റൺ ഇന്ത്യൻ കായികരംഗത്തിന്റെ നട്ടെല്ലായി വളർന്നു. ലോക വേദികളിൽ ഇന്ത്യക്ക്‌ മെഡൽ നേടാൻ സാധ്യതയുള്ള കളിയായി രൂപം മാറിയിരിക്കുന്നു. 

ബാഡ്‌മിന്റണിലെ രാജ്യാന്തര നേട്ടങ്ങൾ കുട്ടികളെ ഈ കളിയിലേക്ക്‌ ആകർഷിക്കുന്നുണ്ട്‌. പാടത്തും പറമ്പിലും ഷട്ടിൽ കോർട്ടുകൾ ഉയരുന്നുണ്ട്‌. രാജ്യത്ത്‌ ധാരാളം അക്കാദമികളുണ്ട്‌. കളിയിൽ തൽപ്പരരായ കുട്ടികളെ വളർത്തിയെടുക്കാനും അവരെ രാജ്യാന്തര വേദികളിൽ അവതരിപ്പിക്കാനുമുള്ള ചിന്തയും പ്രവർത്തനവും അനിവാര്യമാണ്‌. അതിന്‌ ബന്ധപ്പെട്ട അസോസിയേഷനുകളും സർക്കാരുകളും നേതൃത്വം നൽകണം.

പ്രണോയിയും അർജുനും നൽകിയ സന്തോഷത്തിനൊപ്പം കേരളത്തിന്‌  ആഹ്ലാദിക്കാൻ ഗോകുലം കേരളയുടെ ഐ ലീഗ്‌ ഫുട്‌ബോൾ വിജയവുമുണ്ട്‌. 13 മലയാളികളാണ്‌ കിരീടം നിലനിർത്തിയ ടീമിലുള്ളത്‌. സന്തോഷ്‌ട്രോഫി നേട്ടത്തിനു പിന്നാലെയുള്ള ഈ കിരീടം അഭിമാനകരമാണ്‌. ഐഎസ്‌എല്ലിൽ കേരള ബ്ലാസ്‌റ്റേഴ്‌സ്‌ ഫൈനലിലെത്തിയിരുന്നു. ദേശീയ ഫുട്‌ബോളിൽ കേരളം വീണ്ടും വരവറിയിക്കുകയാണ്‌. കായികരംഗത്തെ മധുര വിജയങ്ങൾ മുന്നോട്ടുള്ള പ്രയാണത്തിൽ ഉത്തേജകമാകും.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top