24 April Wednesday

ബ്രെക്സിറ്റിന്റെ ഭാവി ഇനി എന്താകും ?

വെബ് ഡെസ്‌ക്‌Updated: Friday Jan 18, 2019


ബ്രെക്സിറ്റ് പദ്ധതി ബ്രിട്ടനിലെ തെരരേസ മേ സർക്കാരിനെ തികഞ്ഞ അനിശ്ചിതത്വത്തിലേക്ക് നയിക്കുകയാണ്. ബുധനാഴ്ച നടന്ന അവിശ്വാസവോട്ട് അതിജീവിക്കാൻ മേ സർക്കാരിന് കഴിഞ്ഞെങ്കിലും ബ്രെക്സിറ്റിന്റെ ഭാവി എന്തായിരിക്കുമെന്ന് പ്രവചിക്കാൻ കഴിയാത്ത സ്ഥിതിയാണുള്ളത്.  ലേബർ പാർടി നേതാവ് ജെറമി കോർബിൻ അവതരിപ്പിച്ച അവിശ്വാസപ്രമേയം കേവലം 19  വോട്ടിനാണ് വിജയിച്ചത്.  ബ്രെക്സിറ്റ് വിഷയത്തിൽ  മേ സർക്കാരിനെതിരെ വോട്ട് ചെയ‌്ത ടോറി എംപിമാർ അടക്കം അവിശ്വാസപ്രമേയത്തിൽ മേയെ തുണച്ചതാണ് അവിശ്വാസപ്രമേയം പരാജയപ്പെടാൻ കാരണം. തെരഞ്ഞെടുപ്പ് നടക്കാൻ ഇനിയും മൂന്ന് വർഷമുണ്ടെന്നിരിക്കെ രാജ്യത്തെ മറ്റൊരു തെരഞ്ഞെടുപ്പിലേക്ക് നയിക്കുന്നത് തടയുക വിമത എംപിമാരുടെയും ലക്ഷ്യമായിരുന്നു. തെരേസ മേ അധികാരത്തിൽ വന്നശേഷം 2017 ൽ നടത്തിയ പൊതുതെരഞ്ഞെടുപ്പിൽ ടോറി കക്ഷിയുടെ സീറ്റ് കുറഞ്ഞതിനാൽ സഖ്യകക്ഷികളുടെ പിന്തുണയുടെ ബലത്തിലാണ് മേ സർക്കാർ അധികാരത്തിൽ തുടരുന്നത്. അതുകൊണ്ടുതന്നെ ഇനിയുമൊരു തെരഞ്ഞെടുപ്പ‌് ഭരണകക്ഷി എംപിമാർ ഭയക്കുകയാണ്. ഇതാണ് മേക്ക് ഗുണകരമായാത്. മേയുടെ ബ്രെക്സിറ്റ് പദ്ധതി പാർലമെന്റിൽ ദയനീയമായി പരാജയപ്പെട്ടെങ്കിലും അവിശ്വാസ വോട്ടെടുപ്പിനെ അതിജീവിക്കാൻ കഴിഞ്ഞത് മേ സർക്കാരിന്റെ ആയുസ്സ് നീട്ടിക്കിട്ടുന്നതിന് സഹായമായി. 

യൂറോപ്യൻ യൂണിയനുമായി തെരേസ മേ സർക്കാർ ഉണ്ടാക്കിയ ബ്രെക്സിറ്റ് കരാർ അനുസരിച്ച് ഈ അതിർത്തി അടയ‌്ക്കുകയോ കസ്റ്റംസ് പരിശോധന നടത്തുകയോ ചെയ്യില്ല. ഇതിനർഥം യൂറോപ്യൻ കസ്റ്റംസ് യൂണിയനിൽ ബ്രിട്ടൻ തുടരുകയെന്നാണ്.  അങ്ങനെവന്നാൽ മറ്റ് രാഷ്ട്രങ്ങളുമായി ബ്രിട്ടന് സ്വതന്ത്രമായി വ്യാപാരക്കരാറുകളിലും മറ്റും ഏർപ്പെടാൻ കഴിയാതെ വരും

എന്നാലിതുകൊണ്ട് ബ്രെക്സിറ്റിൽനിന്ന‌് തലയൂരാൻ ബ്രിട്ടന് കഴിയില്ല.  230 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് മേ യുടെ ബ്രെക്സിറ്റ് പദ്ധതി ബ്രിട്ടീഷ് അധോസഭ തള്ളിയത്.  ടോറി കക്ഷിയിലെ 118 പേരാണ് സ്വന്തം പ്രധാനമന്ത്രിയുടെ ബ്രെക്സിറ്റ് പദ്ധതിക്കെതിരെ വോട്ട് ചെയ‌്തത‌്. ഉന്നതമായ പാർലമെന്ററി പാരമ്പര്യമനുസരിച്ച് മേ രാജിവയ‌്ക്കേണ്ടതായിരുന്നു. എന്നാൽ, അധോസഭയുടെ കാലാവധി അഞ്ച് വർഷമായി നിജപ്പെടുത്തിയതിനാലാണ് മേ സർക്കാർ രക്ഷപ്പെട്ടത്.  ജെറമി കോർബിന്റെ ഭാഷയിൽ ‘ദുരന്തപരാജയമാണ‌്' മേ സർക്കാരിന് ഏറ്റുവാങ്ങേണ്ടിവന്നത്. യൂറോപ്യൻ യൂണിയനിൽനിന്ന‌് പൂർണ വിടുതലിന് അനുകൂലമായാണ് ബ്രിട്ടീഷ് ജനത 2016 ജൂൺ 23ന് വോട്ട് ചെയ്തത്. 1.74 കോടി വോട്ടർമാരിൽ 51.8 ശതമാനം പേർ ബ്രെക്സിറ്റിന‌് അനുകൂലമായി വോട്ടുചെയ‌്തു. ഇതേ തുടർന്നാണ് ഡേവിഡ് കാമറൺ സർക്കാർ രാജിവച്ചതും തെരേസ മേ സർക്കാർ അധികാരത്തിൽ വന്നതും. എന്നാൽ, മേ സർക്കാർ ഉണ്ടാക്കിയ ബ്രെക്സിറ്റ് പദ്ധതി യൂറോപ്യൻ യൂണിയനുമായി പൂർണമായും ബന്ധം വിച്ഛേദിക്കുന്നതല്ല എന്നാണ് ബ്രെക്സിറ്റ‌് അനുകൂലികളുടെ വാദം. ഇതിന് പ്രധാനകാരണം ബ്രിട്ടനും  യൂറോപ്യൻ യൂണിയനും തമ്മിൽ അതിർത്തി തീർക്കുന്ന, ബ്രിട്ടന്റെ ഭാഗമായ വടക്കൻ അയർലൻഡും യൂറോപ്യൻ യൂണിയൻ അംഗമായ അയർലൻഡും തമ്മിലുള്ള അതിർത്തി തുറന്നിടുമെന്ന വ്യവസ്ഥയാണ്. യൂറോപ്യൻ യൂണിയനുമായി തെരേസ മേ സർക്കാർ ഉണ്ടാക്കിയ ബ്രെക്സിറ്റ് കരാർ അനുസരിച്ച് ഈ അതിർത്തി അടയ‌്ക്കുകയോ കസ്റ്റംസ് പരിശോധന നടത്തുകയോ ചെയ്യില്ല. ഇതിനർഥം യൂറോപ്യൻ കസ്റ്റംസ് യൂണിയനിൽ ബ്രിട്ടൻ തുടരുകയെന്നാണ്.  അങ്ങനെവന്നാൽ മറ്റ് രാഷ്ട്രങ്ങളുമായി ബ്രിട്ടന് സ്വതന്ത്രമായി വ്യാപാരക്കരാറുകളിലും മറ്റും ഏർപ്പെടാൻ കഴിയാതെ വരും. ബ്രെക്സിറ്റ് കൊണ്ട് എന്താണോ ഉദ്ദേശിച്ചത് ആ ലക്ഷ്യം നേടാൻ കഴിയില്ലെന്നർഥം. ബ്രിട്ടന് ഒരു പരമാധികാര രാഷ്ട്രമായി പ്രവർത്തിക്കാൻ കഴിയാതെവരും. അതിനാൽ യൂറോപ്യൻ യൂണിയനുമായി ഉണ്ടാക്കിയ ബ്രെക്സിറ്റ‌് കരാർ മാറ്റണമെന്നാണ് വാദം.

എന്നാൽ, കരാറിൽ മാറ്റം വരുത്താനുള്ള സാധ്യത വിരളമാണ്. ബ്രിട്ടന് ഇനിയും എന്തെങ്കിലും ഇളവുകൾ നൽകാൻ 27 അംഗ യൂറോപ്യൻ യൂണിയൻ തയ്യാറല്ല. അതുകൊണ്ടുതന്നെ മേ സർക്കാർ അവതരിപ്പിക്കുന്ന പ്ലാൻ ബിയിൽ വലിയ മാറ്റം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുകവയ്യ. ജനവരി 29ന‌് പുതിയ ബ്രെക്സിറ്റ‌് പദ്ധതി വോട്ടിനിടും. അതിൽ വിജയിച്ചാലും ഇല്ലെങ്കിലും ബ്രെക്സിറ്റ് അനുസരിച്ച് മാർച്ച് 29 ന് യൂറോപ്യൻ യൂണിയനുമായി ബ്രിട്ടൻ ബന്ധം വിടർത്തണം. ഈ തീയതി നീട്ടിക്കിട്ടാൻ യൂറോപ്യൻ യൂണിയനോട് അഭ്യർഥിക്കുക എന്നതാണ് മേ സർക്കാരിന് മുമ്പിലുള്ള ഒരു പോംവഴി. എന്നാൽ, ഇത് താൽക്കാലിക ആശ്വാസം മാത്രമായിരിക്കും. എന്നാൽ, ബ്രിട്ടനിൽനിന്നുള്ള എംപിമാരില്ലാതെ ജൂണിൽ പുതിയ യൂറോപ്യൻ പാർലമെന്റ് രൂപീകരിക്കുംവരെ മാത്രമേ തീയതി നീട്ടിക്കിട്ടാൻ സാധ്യതയുള്ളൂ. മറ്റൊരു പോംവഴി യൂറോപ്യൻ യൂണിയനുമായി ഒരു ധാരണയിലുമെത്താതെ വിടപറയുക എന്നതാണ്. ലേബർ പാർടി പോലും അതിനെ അംഗീകരിക്കുന്നില്ല. ബ്രിട്ടന്റെ വ്യാപാര–-വാണിജ്യ മേഖലയെ അത് തകർത്തെറിയുമെന്നതിനാലാണത്.

യൂറോപ്യൻ യൂണിയനിൽ തുടരണമെന്ന് വാദിക്കുന്നവർ രണ്ടാം ഹിതപരിശോധന വേണമെന്ന ആവശ്യവും മുന്നോട്ടുവയ‌്ക്കുന്നുണ്ട്. ലേബർ പാർടി തുടക്കത്തിൽ ഈ ആവശ്യത്തെ പിന്തുണച്ചെങ്കിലും ഉടൻ തെരഞ്ഞെടുപ്പ് എന്നതാണ് ഇപ്പോൾ അവരുടെ അജൻഡ. തന്റെ പദ്ധതി അംഗീകരിക്കുക മാത്രമാണ് ബ്രിട്ടന് മുമ്പിലുള്ള വഴിയെന്നും അത് തള്ളിക്കളഞ്ഞാൽ ബ്രിട്ടൻ പെരുവഴിയിലാകുമെന്നുമാണ് തെരേസ മേയുടെ മുന്നറിയിപ്പ്. ബ്രെക്സിറ്റ‌് ബ്രിട്ടനെ രാഷ്ട്രീയ അനിശ്ചിതത്വത്തിലേക്ക് നയിക്കുകയാണ്. ഈ മാസാവസാനം പാർലമെന്റിന്റെ അധോസഭയിൽ നടക്കുന്ന വോട്ടെടുപ്പ് നിർണായകമാകുന്നതും അതുകൊണ്ടാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top