29 March Friday

വിപ്ളവത്തിന്റെ സൂര്യതേജസ്സ്

വെബ് ഡെസ്‌ക്‌Updated: Sunday Nov 27, 2016

ക്യൂബന്‍വിപ്ളവ നായകനും സോഷ്യലിസത്തിന്റെ ശില്‍പ്പിയും തൊഴിലാളിവര്‍ഗ സാര്‍വദേശീയതയുടെ പതാകവാഹകനും ചേരിചേരാപ്രസ്ഥാനത്തിന്റെ നേതാവുമായ കമ്യൂണിസ്റ്റ് ഫിദല്‍ കാസ്ട്രോ വിടവാങ്ങി. സമത്വസുന്ദരവും നീതിപൂര്‍വകവുമായ ലോകത്തിനുവേണ്ടി ജീവിതംമുഴുവന്‍ പോരാടുകയും അചഞ്ചലമായ ആ പോരാട്ടം ലോകത്തെങ്ങുമുള്ള ലക്ഷക്കണക്കായ ജനങ്ങള്‍ക്ക് ആവേശമാകുകയുംചെയ്തു. കോംഗോ വിമോചനപ്പോരാളിയായ പാട്രിസ് ലുമുംബയും ചിലിയന്‍ സോഷ്യലിസ്റ്റ് നേതാവ് സാല്‍വദോര്‍ അലന്‍ഡെയും അമേരിക്കയില്‍ കറുത്തവരുടെ വിമോചനത്തിനായി പൊരുതിയ മാര്‍ട്ടിന്‍ ലൂഥര്‍കിങ്ങും ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയ വേളയിലാണ് നിഷ്ഠുരമായി കൊല്ലപ്പെട്ടത്. എന്നാല്‍, എല്ലാ പ്രതികൂലസാഹചര്യങ്ങളെയും സധൈര്യം മറികടന്ന കാസ്ട്രോ അവസാനശ്വാസംവരെ ലോകശ്രദ്ധയില്‍ പ്രതീക്ഷയുടെ കേന്ദ്രബിന്ദുവായി നിലകൊണ്ടു. സമകാലികരായ യാസര്‍ അറഫാത്തും നെല്‍സണ്‍ മണ്ടേലയും അവരുടെ നേതാവായി ആദരിച്ച വ്യക്തിത്വമാണ് കാസ്ട്രോ.

അമേരിക്കന്‍ മാഫിയ-ബിസിനസ്സ് താല്‍പ്പര്യത്തിനായി നിലകൊണ്ട ഫുള്‍ജെന്‍സിയോ ബാറ്റിസ്റ്റയ്ക്കെതിരെ അങ്കംകുറിച്ചാണ് കാസ്ട്രോയും കൂട്ടരും ലോകശ്രദ്ധയിലേക്ക് വരുന്നത്. 1953ല്‍ മൊണ്‍കാദ കോട്ട ആക്രമിച്ചെങ്കിലും അത് പരാജയപ്പെടുകയും ജയിലിലടയ്ക്കപ്പെടുകയുംചെയ്തു. ഇതിനുശേഷമാണ് വിപ്ളവസംഘടന രൂപീകരിച്ച് ഗ്രാന്‍മ എന്ന കപ്പലില്‍ ചെയുമൊത്ത് ക്യൂബന്‍ തീരത്ത് എത്തുകയും ബാറ്റിസ്റ്റയെ വിപ്ളവത്തിലൂടെ പുറത്താക്കുകയുംചെയ്തത്. തൊണ്ണൂറ് മൈല്‍ മാത്രം അകലെയുള്ള ക്യൂബ ചുവന്നത് അമേരിക്കയ്ക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു.  1961 ബേ ഓഫ് പിഗ്സ് യുദ്ധത്തിലും അമേരിക്കയ്ക്ക് പരാജയത്തിന്റെ രുചിയറിയേണ്ടിവന്നു. അടുത്തവര്‍ഷം മിസൈല്‍ പ്രതിസന്ധി കെട്ടിപ്പൊക്കി ക്യൂബയെ തകര്‍ക്കാന്‍ നടത്തിയ അമേരിക്കന്‍ ശ്രമവും തോറ്റമ്പി. ഇതോടെയാണ് കാസ്ട്രോയെ അധികാരത്തില്‍ നിന്നു പുറത്താക്കാനും വധിക്കാനും അമേരിക്ക യുദ്ധേതര മാര്‍ഗങ്ങള്‍ സ്വീകരിച്ചത്. 638 തവണയാണ് കാസ്ട്രോയെ വധിക്കാന്‍ സിഐഎ ശ്രമിച്ചത്.

ക്യൂബയെ സോഷ്യലിസ്റ്റ് വ്യവസ്ഥയിലേക്ക് നയിച്ചുവെന്നതാണ് കാസ്ട്രോയുടെ എറവും പ്രധാന സംഭാവന. രണ്ട് വര്‍ഷത്തിനകം എല്ലാവര്‍ക്കും വിദ്യാഭ്യാസം നല്‍കാന്‍ ക്യൂബക്ക് കഴിഞ്ഞുവെന്നത് അത്ഭുതത്തോടെയാണ് ലോകം കണ്ടത്. അംഗവൈകല്യം സംഭവിച്ചവര്‍ക്കും പോലും അടിസ്ഥാന വിദ്യാഭ്യാസം നല്‍കാന്‍ ക്യൂബ തയ്യാറായി. ആരോഗ്യരംഗത്തും വന്‍ മുന്നേറ്റമാണ് നടത്തിയത്. ആവശ്യത്തിന് മരുന്നും ആരോഗ്യസേവനവും ഉറപ്പ് വരുത്താന്‍ ക്യൂബക്ക് കഴിഞ്ഞു. ആരോഗ്യരംഗത്തുള്ള ക്യൂബയുടെ മുന്നേറ്റം ലോകത്തിന് മാതൃകയാണ്.  കൃഷിഭൂമി കൃഷിക്കാരന് നല്‍കിയും ചെറുകിട വ്യവസായങ്ങള്‍ ആരംഭിച്ചും തൊഴിലില്ലായ്മക്ക് പരിഹാരം കണ്ടു. സോവിയറ്റ് യൂണിയന്റെ സഹായം ഇക്കാര്യത്തില്‍ ക്യുബക്കുണ്ടായിരുന്നു. സോവിയറ്റ് തകര്‍ച്ചക്കുശേഷവും പിടിച്ചു നില്‍ക്കാന്‍ ക്യൂബക്ക് സാധ്യമായത് കാസ്ട്രോയുുടെ ശക്തമായ നേതൃത്വമായിരുന്നു. 

തൊഴിലാളിവര്‍ഗ സാര്‍വദേശീയതതുടെ എറ്റവും വലിയ പ്രതീകമാണ് കാസ്ട്രോ. 'മനുഷ്യത്വമാണ് മാതൃരാജ്യം' എന്ന ഹോസെ മാര്‍ടിയുടെ ആശയം കാസ്ട്രോ ശക്തമായി മുന്നോട്ടുവെച്ചു.  മനുഷ്യത്വം എവിടെയാണോ ചവിട്ടിമെതിക്കപ്പെടുന്നത് അവിടെ സഹായവുമായി എത്തുക എന്ന തൊഴിലാളിവര്‍ഗ സാഹോദര്യം കാസ്ട്രോക്ക് ജീവവായുവായിരുന്നു. ആഫ്രിക്കയിലെയും ലാറ്റിനമേരിക്കയിലെയും എല്ലാ വിമോചന സമരങ്ങള്‍ക്കും ക്യൂബ മടിയേതുമില്ലാതെ സഹാഹം നല്‍കി. അംഗോളയിലെ എഫ്എന്‍എല്‍എ പോരാളികള്‍ക്കും മൊസാംബിക്കിലെ ഫ്രെലിമോ പ്രസ്ഥാനത്തിനുമൊപ്പം പൊരുതാന്‍ ക്യൂബന്‍ പോരാളികളുമുണ്ടായിരുന്നു.  വെനസ്വേലയില്‍ ഷാവേസിന്റെ നേതൃത്വത്തിലുള്ള ബൊളിവാറിയന്‍ പ്രസ്ഥാനത്തിനും ബൊളീവിയയില്‍ ഇവാ മൊറാലിസിനും ക്യൂബ അകമഴിഞ്ഞ് പിന്തുണയേകി. ഈ ഇടതുകാറ്റ് ബ്രസീലിലേക്കും ഉറുഗ്വയിലേക്കും പരാഗ്വയിലേക്കും അര്‍ജന്റീനയിലേകും വീശിയടിച്ചു.

ലാറ്റിനമേരിക്കന്‍ വിപ്ളവത്തിന്റെ പ്രതീകമായിരുന്നു കാസ്ട്രോ.  മൂന്നാം ലോകരാജ്യങ്ങളുടെയും. രാഷ്ട്രീയരംഗത്ത് മാത്രമല്ല ആതുരസേവനരംഗത്തും ക്യൂബയുടെ സേവനം ലോകത്തിന് മറക്കാനാവില്ല. ക്യൂബന്‍ ഡോക്ടര്‍മാര്‍ 18 രാഷ്ട്രങ്ങളില്‍ ആതുരസേവനം നടത്തുകയാണ്. 2014 ല്‍ പശ്ചിമാഫ്രിക്കയെ എബോള വൈറസ് ബാധയില്‍ നിന്നുമോചിപ്പിച്ചത് ക്യൂബയില്‍ നിന്നെത്തിയ ആരോഗ്യ പ്രവര്‍ത്തകരാണെന്ന് യുഎന്‍ തന്നെ ശ്ളാഘിക്കുകയുണ്ടായി. പാകിസ്ഥാനില്‍ ഭൂകമ്പമുണ്ടായപ്പോഴും ക്യൂബന്‍ ആരോഗ്യപ്രവര്‍ത്തകര്‍ എത്തി. അമേരിക്കയിലെ ന്യൂ ഓര്‍ലിയന്‍സില്‍ കൊടുങ്കാറ്റ് നാശം വിതച്ചപ്പോള്‍ ഓടിയെത്തിയ ക്യൂബക്കാരെ 'ധീരന്മാരെന്ന്' വിളിക്കാന്‍ അമേരിക്ക തന്നെ നിര്‍ബന്ധിതമായി. ക്യൂബയുടെ ഈ സാര്‍വദേശീയത തൊഴിലാളിലവര്‍ഗ സാര്‍വദേശീയതയുടെ ഉല്‍പന്നമാണെന്ന് സംശയമേതുമില്ലാതെ പറയാം.

കാസ്ട്രോയുടെ സംഭാവനയായി ചരിത്രം രേഖപ്പെടുത്തുക നവ ഉദാരവത്ക്കരണ നയത്തിനെതിരെ അദ്ദേഹം നടത്തിയ വിട്ടുവിഴ്ചയില്ലാത്ത പേരാട്ടമാണ്. നവഉദാരവത്ക്കരണ നയങ്ങള്‍ ആദ്യമായി ഉദ്ഘാടനം ചെയ്യപ്പെട്ട ലാറ്റിനമേരിക്കയില്‍ അതിനെതിരെയുള്ള പ്രസ്ഥാനത്തിന് നേതൃത്വം നല്‍കാന്‍ കാസ്ട്രോ തയ്യാറായി. സാമ്പത്തിക മേഖലയില്‍ മാത്രമല്ല സാംസ്കാരിക-മാധ്യമ മേഖലയില്‍ പോലും ബദല്‍ ഉയര്‍ത്തിപ്പിടിച്ചുള്ള പോരാട്ടത്തിന് നേതൃത്വം നല്‍കാനും അതിനു പിന്നില്‍ ലാറ്റിനമേരിക്കന്‍ രാഷ്ട്രങ്ങളെ അണിനിരത്താനും കാസ്ട്രോക്ക് കഴിഞ്ഞു. ഉദാരവത്ക്കരണ നയത്തിനെതിരെ അമേരിക്കന്‍ ജനങ്ങളുടെ ബൊളിവാറിയന്‍ സഖ്യത്തിന്(അല്‍ബ) രൂപം നല്‍കിയ കാസ്ട്രോ അമേരിക്കന്‍ നേതൃത്വത്തിലുള്ള അമേരിക്കന്‍ രാഷ്ട്ര സംഘടനയെ(ഒഎഎസ്) നിഷ്പ്രഭമാക്കി. ലാറ്റിനമേരിക്കയില്‍ ടെലിസര്‍ എന്ന മാധ്യമശൃംഖലക്കും രൂപം നല്‍കി. ലാറ്റിനമേരിക്കന്‍ രാഷ്ട്രങ്ങളെ കൂടെ നിര്‍ത്തി അമേരിക്കന്‍ സാമ്രാജ്യത്വത്തെ രാഷ്ട്രീയമായി മാത്രമല്ല സാമ്പത്തികമായും സാംസ്കാരികമായും എതിര്‍ത്ത് തോല്‍പ്പിക്കാന്‍ കാസ്ട്രോക്ക് കഴിഞ്ഞു. അവസാനം അഞ്ചര നൂറ്റാണ്ടത്തെ സാമ്പത്തിക ഉപരോധം പിന്‍വലിച്ച് ക്യൂബയുമായി നയതന്ത്ര ബന്ധം സ്ഥാപിക്കാന്‍ അമേരിക്കക്ക് തയ്യാറാകേണ്ടി വന്നു. ക്യൂബയേക്കാള്‍ 84 ഇരട്ടി വലിപ്പമുള്ള അമേരിക്ക പരാജയം സമ്മതിക്കുകയായിരുന്നു. അമേരിക്കയുടെ ഈ പതനവും കൂടി കണ്ടാണ് കാസ്ട്രോ കണ്ണടച്ചത്.  മുതലാളിത്തത്തിനും സോഷ്യലിസത്തിനും ഇടയില്‍ മധ്യപാതയോ മൂന്നാം പാതയോ ഇല്ലെന്ന് ഉറപ്പിച്ചു പറഞ്ഞ കാസ്ട്രോ 'സോഷ്യലിസം അല്ലെങ്കില്‍ മരണം' എന്ന മുദ്രാവാക്യമാണ് ഉയര്‍ത്തിയത്. കാസ്ട്രോയുടെ മരണത്തിലുടെ ക്യൂബക്ക് വിപ്ളവനായകനെയാണ് നഷ്ടമായതെങ്കില്‍ ലോകത്തിന് നഷ്ടമായത് തുല്യനീതിക്കും സമത്വത്തിനും വേണ്ടി പൊരുതുന്ന അചഞ്ചലനായ ഒരു പോരാളിയെയാണ്.  വിപ്ളവത്തിന്റെ സൂര്യതേജസ്സാണ് കാസ്ട്രോ. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top