15 July Monday

തൊഴിലുറപ്പ് പദ്ധതി തകർച്ചയിലേക്ക്

വെബ് ഡെസ്‌ക്‌Updated: Friday Dec 28, 2018


ഒന്നാം യുപിഎ സർക്കാരിന്റെ കാലത്ത് നടപ്പാക്കപ്പെട്ട തൊഴിലുറപ്പ് പദ്ധതി ഇപ്പോൾ നിശ്ശബ‌്ദ മരണത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. നരേന്ദ്ര മോഡി സർക്കാർ അധികാരമേറിയതോടെയാണ് മഹാത്മാഗാന്ധിയുടെ പേരിലുള്ള ഈ സാമൂഹ്യക്ഷേമ പദ്ധതി ഊർധശ്വാസം വലിക്കാൻ തുടങ്ങിയത്. ഫണ്ട് അനുവദിക്കുന്നതിലും ആവശ്യത്തിനനുസരിച്ച് തൊഴിൽ നൽകുന്നതിലും കൂലി കൃത്യമായി നൽകുന്നതിലും മോഡി സർക്കാർ തുടർച്ചയായി വീഴ‌്ച വരുത്തിക്കൊണ്ടിരിക്കുകയാണ്. സ്വാഭാവികമായും ഗ്രാമീണ ദാരിദ്ര്യവും കുടിയേറ്റവും തടയുന്നതിന് ഫലപ്രദമെന്ന് പല പഠനങ്ങളും കണ്ടെത്തിയ തൊഴിലുറപ്പ് പദ്ധതി നിശ്ശബ‌്ദമായി മരണത്തിലേക്ക് നീങ്ങുകയാണ്.

രാജ്യം ഇന്ന് കടുത്ത കാർഷിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. കൃഷിയിൽനിന്നുള്ള വരുമാനം കുത്തനെ കുറഞ്ഞതാണ് ഈ പ്രതിസന്ധിക്ക‌്  പ്രധാനകാരണം. സ്വാഭാവികമായും ചെറുകിട കർഷകരും കർഷകത്തൊഴിലാളികളും വഴിയാധാരമായി. പലരും കടക്കെണിയിലായി. അത് തിരിച്ചുനൽകാൻ കഴിയാതെ പലരും ആത്മഹത്യ ചെയ‌്തു. ഇത്തരക്കാർക്ക‌് പട്ടിണികൂടാതെ ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നതിൽ സുപ്രധാന പങ്കുവഹിക്കുന്ന പദ്ധതിയാണ് തൊഴിലുറപ്പ് പദ്ധതി. വർഷത്തിൽ നൂറ് തൊഴിൽദിനം ഉറപ്പുനൽകുന്നതാണ് പദ്ധതി. 15 ദിവസത്തിനകം തൊഴിൽ നൽകാനായില്ലെങ്കിൽ നഷ്ടപരിഹാരം നൽകാനും നിയമത്തിൽ വ്യവസ്ഥയുണ്ട്. എന്നാൽ, ഈ വ്യവസ്ഥകളെല്ലാം ഒന്നൊന്നായി ലംഘിക്കപ്പെടുകയാണിന്ന്. 

മോഡി സർക്കാരിന്റെ കാലത്ത് തൊഴിൽദിനങ്ങൾ കുത്തനെ കുറഞ്ഞുവരികയാണ്.  ഈവർഷം ശരാശരി 40 തൊഴിൽദിനം മാത്രമാണ് ഡിസംബർ 15 വരെയും നൽകിയിട്ടുള്ളത്.  മാത്രമല്ല, ആവശ്യപ്പെടുന്നവർക്ക് തൊഴിൽ നൽകുന്ന കാര്യത്തിലും മോഡി സർക്കാർ വളരെ പിറകിലാണ്.  ഈവർഷം തൊഴിൽസന്നദ്ധത അറിയിച്ച 1.28 കോടി പേരെ തൊഴിൽ നൽകാതെ തിരിച്ചയച്ചുവെന്നാണ് കണക്ക്.  എല്ലാവർഷവും ഈ പ്രതിഭാസം ഉണ്ടാകാറുണ്ടെങ്കിലും മോഡി സർക്കാർ അധികാരത്തിൽ വന്നതിനുശേഷം അത് ക്രമാനുഗതമായി വർധിക്കുകയാണ്.  മോഡി അധികാരത്തിൽ വന്ന 2014‐15ൽ 96 ലക്ഷം പേർക്കാണ് തൊഴിൽ നൽകാതിരുന്നതെങ്കിൽ ഇപ്പോൾ അത് 1.28 കോടിയായി വളർന്നു.  രേഖാമൂലം തൊഴിൽ ആവശ്യപ്പെട്ട‌് അത് ലഭിക്കാത്തവരുടെ കണക്ക് മാത്രമാണിത്. വാക്കാൽ ആവശ്യപ്പെട്ടിട്ടും തൊഴിൽ ലഭിക്കാത്തവരുടെ കണക്കുകൂടി കൂട്ടിയാൽ ലക്ഷങ്ങൾ ഇനിയും വർധിക്കും. 

തൊഴിലുറപ്പ് പദ്ധതിയെ ഏറ്റവും അനാകർഷകമാക്കുന്നത് ചെയ‌്ത ജോലിക്ക‌് കൂലി കിട്ടാത്തതാണ്.  ഇതിന് പ്രധാന കാരണം ഫണ്ട് അനുവദിക്കുന്നതിൽ മോഡി സർക്കാർ വരുത്തുന്ന കാലതാമസമാണ്.  കഴിഞ്ഞ വർഷം 7014 കോടി രൂപയാണ് തൊഴിലാളികൾക്ക‌് നൽകുന്നതിൽ കുടിശ്ശിക വരുത്തിയത്.  ഈവർഷം അത്  ഉയർന്നിരിക്കുന്നു.

കൂലി ലഭിക്കാതിരിക്കാനുള്ള മറ്റൊരു കാരണം പണം നൽകുന്നതിന് സ്വീകരിച്ച ഇലക്ട്രോണിക്ക് പെയ‌്മെന്റ‌് സംവിധാനത്തിലെ സാങ്കേതിക പ്രശ്നങ്ങൾ കൊണ്ടാണ്.  പദ്ധതി തുടങ്ങിയ ഘട്ടത്തിൽ കൂലി നേരിട്ടാണ് നൽകിയതെങ്കിൽ പിന്നീടത് പോസ്റ്റ് ഓഫീസ് വഴിയായി. തുടർന്ന്, ബാങ്ക് അക്കൗണ്ടിലേക്കും പ്രത്യേക ബാങ്ക് അക്കൗണ്ടിലേക്കും മാറ്റി.  ഇപ്പോഴാകട്ടെ ആധാറുമായി ബന്ധിപ്പിച്ച അക്കൗണ്ടിലേക്കാണ് പണം നൽകുന്നത്. പണം നൽകുന്ന സംവിധാനത്തിലുള്ള ഈമാറ്റം പല സാങ്കേതിക പ്രശ്നങ്ങൾ സൃഷ്ടിക്കുകയും പലർക്കും പണം ലഭിക്കാത്തതിന് അത് കാരണമാകുകയും ചെയ‌്തു.  ആധാറുമായി അക്കൗണ്ട് ബന്ധിപ്പിക്കുമ്പോഴുണ്ടാകുന്ന പ്രശ്നം കാരണം പല അക്കൗണ്ടുകളിലും പണം എത്തുന്നില്ല.  ചില ഘട്ടങ്ങളിൽ മറ്റുപല അക്കൗണ്ടുകളിലും ഈ പണം എത്തുകയും ചെയ്യുന്നു.  ചില അക്കൗണ്ടുകളിലുള്ള പണം പിൻവലിക്കാൻ കഴിയാത്ത സ്ഥിതിയും നിലവിലുണ്ട്.  കോടിക്കണക്കിന് രൂപയാണ് ഈയിനത്തിലും തൊഴിലെടുക്കുന്നവർക്ക് കിട്ടാനുള്ളത്.  ഇതിന് ഫലപ്രദമായ ഒരു പരാതി പരിഹാര സംവിധാനവും ഇതുവരെയും ഏർപ്പെടുത്തിയിട്ടില്ല. 

പല സംസ്ഥാനങ്ങളിലെയും കൂലി വ്യത്യസ‌്തമാണെങ്കിലും ശരാശരി 179.59 രൂപയാണ് കൂലിയായി ലഭിക്കുന്നത്. എന്നാൽ, അതുപോലും ശരിക്കും കിട്ടാത്ത അവസ്ഥയാണിപ്പോൾ. സ്വാഭാവികമായും തൊഴിലറുപ്പ് പദ്ധതിയിൽ തൊഴിലിന് അന്വേഷകർ കുറയാൻതുടങ്ങും. മോഡി സർക്കാർ ആഗ്രഹിക്കുന്നതും അതുതന്നെയാണ്. ഈവർഷം തൊഴിൽ നൽകാതെ മടക്കി അയച്ചവർക്ക് തൊഴിൽ നൽകിയിരുന്നുവെങ്കിൽ സർക്കാരിന് 13000 കോടിരൂപ അതിനായി ചെലവഴിക്കേണ്ടിവരുമായിരുന്നു. അത്രയും തുക സർക്കാരിന് ലാഭിക്കാൻ കഴിഞ്ഞു.  അഞ്ച് സംസ്ഥാനങ്ങളിലുണ്ടായ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പരാജയപ്പെടാനുള്ള പ്രധാന കാരണം കാർഷിക പ്രതിസന്ധിയോടൊപ്പം തൊഴിലുറപ്പ് പദ്ധതി ഫലപ്രദമായി നടപ്പാക്കത്തതുകൊണ്ടുകൂടിയാണ്. ഇതിൽനിന്ന് പാഠം പഠിക്കാൻ മോഡിയും ബിജെപിയും തയ്യാറാകാത്ത പക്ഷം അടുത്ത ലോക‌്സഭാ തെരഞ്ഞെടുപ്പിലെ ജനവിധിയും മറ്റൊന്നാകില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top