19 April Friday

ബ്രിട്ടീഷ് ലേബർ പാർടി കൂടുതൽ ഇടത്തോട്ട്

വെബ് ഡെസ്‌ക്‌Updated: Friday Oct 5, 2018


ലിവർപൂളിൽ നടന്ന ബ്രിട്ടീഷ് ലേബർ പാർടിയുടെ വാർഷിക സമ്മേളനത്തെക്കുറിച്ച് നൽകിയ റിപ്പോർട്ടിന് ലണ്ടനിൽനിന്ന‌്‌ പ്രസിദ്ധീകരിക്കുന്ന‘ദ ഇക്കോണമിസ്റ്റ്' നൽകിയ തലക്കെട്ടും അതിനോടൊപ്പം നൽകിയ ചിത്രവും ചെ ഗുവേരയുമായി ബന്ധപ്പെട്ടതായിരുന്നു. ചെ യായി രൂപപരിണാമംസംഭവിച്ച ജെറമി കോർബിന്റെ ചിത്രം ബ്രിട്ടീഷ് ലേബർ പാർടിക്കുണ്ടായ ഇടത്തോട്ടുള്ള ചായ‌്‌വ‌് പ്രകടമാക്കുന്നതാണ്.‘ന്യൂ ലെഫ്റ്റ‌്’ എന്ന ഓമനപ്പേരിൽ കൂടുതൽ വലതുപക്ഷത്തേക്ക് ചായുകയും താച്ചറൈറ്റുകളുടെ നവ ഉദാരവൽക്കരണപാത സംശയമേതുമില്ലാതെ സ്വീകരിക്കുകയുംചെയ്ത ബ്ലെയറിസ്റ്റുകളിൽനിന്ന‌് ലേബർ പാർടിയെ മോചിപ്പിക്കുകയും കുടുതൽ ഇടത്തോട്ട് നയിക്കുകയുംചെയ്ത നേതാവാണ് ജെറമി കോർബിൻ. ലേബർ പാർടി പ്രതിനിധാനംചെയ്യുന്ന ജനാധിപത്യ സോഷ്യലിസത്തിൽ ഉറച്ചുനിൽക്കുകയും വൻകിട കോർപറേറ്റുകൾക്കും രാജവംശത്തിനും മുമ്പിൽ പാർടിയെ തളച്ചിടുകയുംചെയ്യുന്ന നേതൃത്വത്തോട് കലഹിച്ചുമാണ് ജെറമി കോർബിൻ മൂന്നുവർഷം മുമ്പ് പാർടിയുടെ നേതാവായി തെരഞ്ഞെടുക്കപ്പെട്ടത്.

ബ്രിട്ടനിലെ സാധാരണ     ജനങ്ങളുടെ മനസ്സറിഞ്ഞ് പ്രവർത്തിക്കുന്ന കോർബിൻ പാർടിയെ അതിന്റെ അടിസ്ഥാന വോട്ടർമാരുമായി വീണ്ടും അടുപ്പിച്ചു. ലിവർപൂളിലും മാഞ്ചസ്റ്ററിലും പ്ലിമൗത്തിലും മറ്റും ലേബർപാർടി നേടിയ വിജയം ഈ മാറ്റത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്.  കൂടുതൽ തുല്യമായ സമൂഹത്തിനും പൊതു നിക്ഷേപത്തിനും വേണ്ടിയായിരിക്കും പ്രവർത്തിക്കുകയെന്ന് ലിവർപൂളിൽ ചേർന്ന വാർഷികസമ്മേളനത്തിൽ കോർബിൻ പറഞ്ഞു. പ്രധാനമന്ത്രി തെരേസ മേ ചെലവുചുരുക്കൽ നയം കർശനമായി നടപ്പാക്കിയപ്പോൾ ആരോഗ്യവിദ്യാഭ്യാസ രംഗത്തുള്ള നിക്ഷേപത്തിനാണ് ഇടിച്ചിൽ തട്ടിയത്. ലേബർ സർക്കാർ അധികാരത്തിൽവന്നാൽ ഈ രണ്ടു മേഖലയിലും പൊതുനിക്ഷേപം വർധിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.  ബ്രിട്ടീഷ് കവി പേഴ്സി ഷെല്ലി, പീറ്റർ ലൂ കൂട്ടക്കൊല(1819) വേളയിൽ നൽകിയ ‘കുറച്ചുപേർക്കല്ല ധാരാളം പേർക്ക‌്’ എന്ന മുദ്രാവാക്യമാണ് ലേബർ പാർടി കോൺഗ്രസിലും  ഉയർന്നുകേട്ടത്. ലേബറിന് അധികാരം ലഭിച്ചാൽ ഏതാനും കോർപറേറ്റുകൾക്കുവേണ്ടിയുള്ള ഭരണമായിരിക്കില്ല എന്ന സന്ദേശമാണ് ഈ മുദ്രാവാക്യംവഴി കോർബിൻ നൽകിയത്.  സ്വകാര്യവൽക്കരണവും കരാർവൽക്കരണവും ദേശീയദുരന്തമായി മാറിയിരിക്കുകയാണെന്നും കോർബിൻ ആരോപിച്ചു. മാർഗരറ്റ് താച്ചർ സ്വകാര്യവൽക്കരിച്ച റെയിൽവേയും ജലവിതരണവും ദേശസാൽക്കരിക്കുമെന്നും ആരോഗ്യവിദ്യാഭ്യാസ മേഖലയിൽ കുടുതൽ സർക്കാർ നിക്ഷേപം നടത്തുമെന്നും ലേബർ പാർടി കോൺഫറൻസ് പ്രഖ്യാപിച്ചു.  പാവങ്ങൾക്ക‌് വീട് വച്ചുനൽകുക, രണ്ട് വീടുള്ളവരിൽ നിന്ന‌് പ്രത്യേക ലെവി ഈടാക്കുക,  ആഴ‌്ചയിൽ നാല‌് പ്രവൃത്തിദിനം തുടങ്ങിയ പരിഷ‌്കാരങ്ങളും സമ്മേളനം മുന്നോട്ടുവച്ചു. കുടിയേറ്റ വിരുദ്ധതയും മുസ്ലിംവിരുദ്ധതയും ലേബർ പാർടി തള്ളിക്കളഞു.  സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കുടിയേറ്റമല്ലെന്നും ടോറി പാർടിയുടെ നയങ്ങളാണെന്നും കോർബിൻ ഓർമിപ്പിച്ചു.

എന്നാൽ, ലേബർ പാർടി കൂടുതൽ ഇടത്തോട്ട് നീങ്ങുകയാണെന്ന ധാരണയ‌്ക്ക് പ്രധാന കാരണം ലേബർ പാർടിയുടെ നിഴൽ ധനമന്ത്രി ജോൺ മക്ഡോണൽ പ്രഖ്യാപിച്ച ഇൻക്ലുസീവ് ഓണർഷിപ‌്‌ ഫണ്ട്(ഐഒഎഫ്) ആണ്. 250 തൊഴിലാളികൾ ജോലിചെയ്യുന്ന സ്വകാര്യ കമ്പനികൾ അവരുടെ ഉടമസ്ഥ ഓഹരികളുടെ 10 ശതമാനം (വർഷംതോറും ഒരു ശതമാനം എന്ന നിലയിൽ പത്ത് വർഷം) തൊഴിലാളികൾ കൈകാര്യംചെയ്യുന്ന ഐഒഎഫിന് കൈമാറണം.  250 തൊഴിലാളികളിൽ കുറഞ്ഞ സ്ഥാപനങ്ങൾക്ക് സ്വമേധയാ ഐഒഎഫിന് രൂപം നൽകാവുന്നതാണ്. ഐഒഎഫ് ഓഹരികൾ കൈമാറാനോ വിൽക്കാനോ ആകില്ല.  ഈ ഓഹരികളിൽനിന്നുള്ള ഡിവിഡന്റിന് തൊഴിലാളികൾ അർഹരായിരിക്കും. എന്നാൽ, വർഷത്തിൽ 500 പൗണ്ട് മാത്രമേ ഡിവിഡന്റായി ഒരു തൊഴിലാളിക്ക് ലഭിക്കൂ. അധികംവരുന്ന തുക സർക്കാരിന്റെ സാമൂഹ്യക്ഷേമ ഫണ്ടിലേക്ക‌് പോകും. സ്വകാര്യ മേഖലയിലെ 40 ശതമാനം വരുന്ന 10 ലക്ഷം തൊഴിലാളികൾക്ക് ഗുണം ചെയ്യുന്നതാണ് ഈ പദ്ധതി.  സർക്കാരിന് ഇതുവഴി വർഷത്തിൽ 600 കോടി പൗണ്ടിന്റെ വരുമാനം ലഭിക്കും. ഇത് ജനങ്ങളുടെ സാമൂഹ്യക്ഷേമത്തിനായി ഉപയോഗിക്കാനാണ് പദ്ധതി.  1980കളിൽ സ്വീഡനിൽ അവതരിപ്പിക്കപ്പെട മീഡ്നർ പ്ലാനിന്റെയും 1977ൽ ബ്രിട്ടനിലെ ബുള്ളക്ക് റിപ്പോർട്ടിനെയും ഓർമിപ്പിക്കുന്ന പദ്ധതിയാണ് ലേബർ പാർടി പ്രഖ്യാപിച്ചിട്ടുള്ളത്.

ബ്രിട്ടനിൽ നവഉദാരവൽക്കരണ നയത്തിനെതിരെയുള്ള പേരാട്ടത്തിന്റെ നേതൃത്വം ഏറ്റെടുക്കാൻ ലേബർ പാർടിക്ക് കഴിയുന്നുവെന്ന് ഈ പ്രഖ്യാപനങ്ങൾ തെളിയിക്കുന്നു. അതുകൊണ്ടുതന്നെ തീവ്രവലതുപക്ഷ പാർടികൾക്ക് ബ്രിട്ടനിൽ മുന്നേറ്റം നേടാനാകുന്നില്ല. ഫ്രാൻസിലും ജർമനിയിലുംമറ്റും നവ ഉദാരവൽക്കരണവിരുദ്ധ സമരത്തിന്റെ നേതൃത്വം സോഷ്യൽ ഡെമോക്രാറുകൾക്ക് നഷ്ടമാകുകയും ആ പതാക തീവ്രവലതുപക്ഷം ഏറെടുക്കുകയും ചെയ്യുകയാണ്. അതുകൊണ്ടു തന്നെ യുറോപ്യൻ രാഷ്ട്രീയത്തിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കാൻ പോകുന്ന മാറ്റങ്ങൾക്കാണ് ജെറമി കോർബിനും ലേബർ പാർടിയും തുടക്കമിട്ടിട്ടുള്ളത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top