25 April Thursday

അമര്‍ത്യ സെന്‍ ഡോക്യുമെന്ററി സെന്‍സര്‍ ചെയ്യുമ്പോള്‍

വെബ് ഡെസ്‌ക്‌Updated: Saturday Jul 15, 2017

നരേന്ദ്ര മോഡി  പ്രധാനമന്ത്രിയാകുന്നത് ന്യൂനപക്ഷം ഭയക്കുന്നതിന് കാരണമുണ്ടെന്ന് തുറന്നു പറഞ്ഞയാളാണ് അമര്‍ത്യ സെന്‍. തെരഞ്ഞെടുപ്പിന് മുമ്പുതന്നെ അദ്ദേഹം പറഞ്ഞു: 'ഒരു ജഡ്ജി മോഡിയെ കുറ്റവിമുക്തനാക്കിയെന്നത് ശരിയാണ്. എന്നാല്‍ നിരവധി ആരോപണങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്'. നൊബേല്‍ പുരസ്കാര ജേതാവും വിഖ്യാത സാമ്പത്തിക ശാസ്ത്രജ്ഞനുമായ അമര്‍ത്യ സെന്നിന്റെ ഈ വാക്കുകള്‍ സംഘപരിവാറിനെ തെല്ലൊന്നുമല്ല പ്രകോപിപ്പിച്ചത്. എതിരഭിപ്രായം പറയുന്നവര്‍ക്ക് കലബുര്‍ഗിയുടെയും ധബോള്‍ക്കറുടെയും ഗോവിന്ദ് പന്‍സാരെയുടെയും ശിക്ഷയാണ് വര്‍ഗീയവാദികള്‍ വിധിച്ചിട്ടുള്ളത്. പരിഷ്കാര്‍, പുരസ്കാര്‍, തിരസ്കാര്‍ സിദ്ധാന്തവുമായി അസഹിഷ്ണുതയുടെ കൊടിയേന്തി നടക്കുന്ന സംഘപരിവാറിന് അമര്‍ത്യ സെന്നിനോടും ആവിഷ്കാരസ്വാതന്ത്യ്രത്തോടും അനുഭാവം കാണിക്കാന്‍ കഴിയില്ല. പശു, ഗുജറാത്ത്, ഹിന്ദു, ഇന്ത്യയെ കുറിച്ചുള്ള ഹിന്ദുത്വ കാഴ്ചപ്പാട് എന്നുള്ള വാക്കുകളൊന്നും അമര്‍ത്യ സെന്നിനെ കുറിച്ചുള്ള ഡോക്യുമെന്ററിയില്‍ അനുവദിക്കില്ലെന്ന സെന്‍സര്‍ ബോര്‍ഡിന്റെ ശാസനം അതുകൊണ്ടുതന്നെ ആരെയും അത്ഭുതപ്പെടുത്താന്‍ വകയുള്ളതല്ല. 

'ദി ആര്‍ഗ്യുമെന്റേറ്റീവ് ഇന്ത്യന്‍' എന്നപേരിലാണ് സാമ്പത്തിക ശാസ്ത്രജ്ഞന്‍ കൂടിയായ  സുമന്‍ ഘോഷ് അമര്‍ത്യ സെന്നിനെ കുറിച്ചുള്ള ഡോക്യുമെന്ററി തയ്യാറാക്കിയത്. 15 വര്‍ഷം നീണ്ട പ്രയത്നത്തിന്റെ ഫലമാണ് ആ ചിത്രം. കൌശിക് ബസുവുമായുള്ള സെന്നിന്റെ സംഭാഷണം അതിലുണ്ട്. അതിനിടെയാണ്  പശുവും ഗുജറാത്തും മറ്റും പരാമര്‍ശിക്കപ്പെടുന്നത്. ഇന്ത്യയില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന രാഷ്ട്രീയാന്തരീക്ഷത്തില്‍ ഇത്തരം വാക്കുകള്‍ അനുവദിക്കാനാകില്ലെന്നാണ്  സംവിധായകനോട് സെന്‍സര്‍ ബോര്‍ഡ് പറഞ്ഞത്. ഈ വാക്കുകള്‍ വരുന്നിടത്ത് ബീപ് ശബ്ദം കേള്‍പ്പിച്ചാല്‍ അനുമതി നല്‍കാമെന്ന ഔദാര്യവും സെന്‍സര്‍ ബോര്‍ഡ് പ്രകടിപ്പിച്ചിട്ടുണ്ടെന്ന് സംവിധായകന്‍ വ്യക്തമാക്കുന്നു. അമര്‍ത്യ സെന്‍ ഉന്നയിക്കുന്ന വാദങ്ങളെ  സാധൂകരിക്കുന്നതാണ് സെന്‍സര്‍ ബോര്‍ഡിന്റെ നിലപാടെന്ന സുമന്‍ ഘോഷിന്റെ പ്രതികരണം അര്‍ഥവത്താണ്. രാജ്യത്ത് നിലനില്‍ക്കുന്ന അസഹിഷ്ണുതയെ കുറിച്ച് അമര്‍ത്യ സെന്‍ നടത്തുന്ന പരാമര്‍ശങ്ങളുടെയും അതടങ്ങുന്ന ഡോക്യുമെന്ററിയുടെയും പ്രസക്തിക്ക് അടിവരയിടുന്നതാണ് സെന്‍സര്‍ ബോര്‍ഡിന്റെ നിലപാട്.

സമസ്ത മേഖലയിലും ആര്‍എസ്എസ് വല്‍ക്കരണമാണ് മോഡി ഗവണ്‍മെന്റ് നടത്തുന്നത്. ദേശീയതയെ കുറിച്ചുള്ള കാപട്യപൂര്‍ണമായ ജല്‍പ്പനങ്ങള്‍ ഒരുവശത്ത് നടത്തുമ്പോള്‍ തങ്ങള്‍ക്ക് ഹിതകരമല്ലാത്ത എന്തിനെയും ദേശവിരുദ്ധമുദ്ര ചാര്‍ത്തി അടിച്ചമര്‍ത്താനൊരുമ്പെടുന്നു. ലോകത്തിനു മുന്നില്‍ ഇന്ത്യയുടെ അഭിമാനസ്തംഭമാണ് അമര്‍ത്യ സെന്നിന്റെ വ്യക്തിത്വം. സെന്‍സര്‍ ബോര്‍ഡ് എന്ന തുരുമ്പിച്ച ആയുധം ആ വ്യക്തിത്വത്തിനുനേരെ പ്രയോഗിക്കാനുള്ള തീരുമാനം ആര്‍എസ്എസിന്റെ രാഷ്ട്രീയ അജന്‍ഡ തന്നെയാണ്. വിദ്വേഷ രാഷ്ട്രീയത്തിന്റെ പ്രയോഗത്തില്‍ പ്രതീകവല്‍ക്കരിക്കപ്പെട്ട പശു, ഗുജറാത്ത് തുടങ്ങിയ പദങ്ങളെത്തന്നെ ഭയപ്പെടുന്നതിലേക്ക് സംഘപരിവാര്‍  എത്തുന്നത് സമൂഹത്തിന്റെ സംവാദാത്മകതയാണ് തങ്ങളുടെ ശത്രു എന്ന ബോധ്യത്തില്‍നിന്നാണ്. ആര്‍എസ്എസ്-ബിജെപി നേതൃത്വത്തിന്റെ ഇത്തരം ആക്രോശങ്ങള്‍ അവരുടെ ഫാസിസ്റ്റ് സമാനമായ രാഷ്ട്രീയ വൈകൃതത്തെ മറച്ചുപിടിക്കാനുള്ള കൌശലവും പ്രചാരണതന്ത്രവുമാണ്. ന്യൂനപക്ഷങ്ങളെയും ദളിതുകളെയും കമ്യൂണിസ്റ്റുകാരെയും തുടങ്ങി തങ്ങള്‍ക്ക് അനഭിമതരായ ജനസമൂഹങ്ങളെയാകെ രാജ്യദ്രോഹികളായി മുദ്രകുത്തി വേട്ടയാടുന്നവര്‍, അമര്‍ത്യ സെന്നിനെ വെറുതെവിട്ടെങ്കിലേ അത്ഭുതമുള്ളൂ.   

'നമ്മുടെ ജനാധിപത്യ അവകാശങ്ങള്‍ ലംഘിക്കപ്പെടുന്ന നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടും ഒന്നും സംഭവിക്കുന്നില്ല; നമ്മള്‍ പ്രതികരിക്കുന്നില്ല എന്നത് എന്നെ ആശങ്കപ്പെടുത്തുന്നു' എന്ന ആകുലതയാണ് അമര്‍ത്യ സെന്‍ പങ്കുവയ്ക്കുന്നത്. നീചമായ വംശഹത്യ അരങ്ങേറിയ ഗുജറാത്തിനെ കുറിച്ചോ നിരപരാധികളെ കൊന്നൊടുക്കാന്‍ കാരണമായി സംഘപരിവാര്‍ അവതരിപ്പിക്കുന്ന പശുവിനെ കുറിച്ചോ ഉള്ള ഏതു ചര്‍ച്ചയും ജനാധിപത്യത്തിന്റെയും മതനിരപേക്ഷതയുടെയും വര്‍ഗീയ വിരുദ്ധതയുടെയും ചിന്തകള്‍ക്ക് തീകൊടുക്കുമെന്ന ഭീതി ആര്‍എസ്എസിനുണ്ടാകുന്നത് ഈ പശ്ചാത്തലത്തിലാണ്. അക്കാദമിക് പ്രാധാന്യമുള്ളതാണെന്നും അതില്‍ പരാമര്‍ശിക്കുന്ന ഓരോ വാക്കും പ്രസക്തമാണെന്നും അതിനാല്‍ ഡോക്യുമെന്ററിക്ക് പ്രദര്‍ശനാനുമതി നല്‍കണമെന്നുമുള്ള ആവശ്യം പ്രമുഖ കേന്ദ്രങ്ങളില്‍നിന്നുതന്നെ ഉയര്‍ന്നിട്ടും സര്‍ക്കാര്‍ പ്രതികരിക്കുന്നില്ല. സമസ്ത തലങ്ങളിലും ഫാസിസ്റ്റ് രീതികള്‍ കുത്തിവയ്ക്കാനുള്ള ഈ നീക്കത്തെ സെന്‍സര്‍ ബോര്‍ഡിന്റെ പക്വതയില്ലായ്മയായി കുറച്ചുകാണുകയല്ല വേണ്ടത്. അതിനെ ആര്‍എസ്എസിന്റെ വിശാല അജന്‍ഡയുടെ ഭാഗമായിത്തന്നെ കണ്ട് പ്രതികരണങ്ങളും ഉയരണം


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top