24 September Sunday

അശാന്തമാകുന്ന കശ്‌മീർ

വെബ് ഡെസ്‌ക്‌Updated: Monday Feb 12, 2018


കശ്മീരിലെ സുൻജ്വാൻ സൈനിക കേന്ദ്രത്തിനുനേരെ ശനിയാഴ്ച രാവിലെയുണ്ടായ ഭീകരാക്രമണത്തിൽ അഞ്ച് സൈനികരും ഒരു സിവിലിയനും കൊല്ലപ്പെട്ടു. ആക്രമണം നടത്തിയ മൂന്നു ഭീകരരെ സുരക്ഷാസേന വധിക്കുകയും ചെയ്തു. നിയന്ത്രണരേഖയിലും അന്താരാഷ്ട്ര അതിർത്തിയിലും ഇരുസൈന്യവും തമ്മിലുള്ള സംഘർഷം ദിനംതോറും വർധിച്ചുവരികയാണ്. 15 വർഷത്തിനിടയിൽ അതിർത്തി ഏറ്റവും അശാന്തമായ വർഷം 2017 ആണ്. 860 വെടിനിർത്തൽലംഘനങ്ങളാണ് കഴിഞ്ഞവർഷംമാത്രം ഉണ്ടായത്. ജനുവരിയിൽമാത്രം ഏഴ് സിവിലിയന്മാർ ഉൾപ്പെടെ 14 പേർ കൊല്ലപ്പെടുകയും ചെയ്തു. അതിർത്തികളിലെ ജനങ്ങൾ ബങ്കറുകളിലും മറ്റും താമസിക്കേണ്ട സ്ഥിതിയാണ് സംജാതമായിരിക്കുന്നത്.

അതിർത്തി അശാന്തമായി തുടരുന്നതിനൊപ്പം കശ്മീർ താഴ്വരയിൽ തീവ്രവാദികളും പട്ടാളവും തമ്മിലുള്ള സംഘർഷവും വർധിച്ചുവരികയാണ്. ജനുവരി 27ന് ഷോപിയാൻ ജില്ലയിലെ ഗാനോപാര ഗ്രാമത്തിൽ തീവ്രവാദികളും പട്ടാളവും തമ്മിലുള്ള ഏറ്റുമുട്ടലിൽ നാല് സിവിലിയന്മാർ കൊല്ലപ്പെട്ടു. ഈ കൊലപാതകത്തിനെതിരെ വൻ ജനരോഷമാണ് താഴ്വരയിൽ ഉയർന്നത്. ഇതേത്തുടർന്ന് ജമ്മു കശ്മീർ പൊലീസ് സൈനികർക്കെതിരെ എഫ്ഐആർ ഫയൽചെയ്തു. ഗഡ്വാൾ റൈഫിൾസ് മേജർ ആദിത്യക്കെതിരെയാണ് എഫ്ഐആർ ഫയൽചെയ്തത്. ഇതിനെ ചോദ്യംചെയ്ത് മേജർ ആദിത്യയുടെ അച്ഛൻ സുപ്രീംകോടതിയെ സമീപിക്കുകയുണ്ടായി. ഈ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. സൈന്യത്തിനെതിരെ എഫ്ഐആർ ഫയൽചെയ്തതിനെക്കുറിച്ച് ജമ്മു കശ്മീർ ഭരണസഖ്യത്തിലും വിള്ളലുണ്ടായി. എഫ്ഐആർ ഫയൽചെയ്തതിനെ ബിജെപി എതിർക്കുമ്പോൾ പിഡിപി അനുകൂലിക്കുകയാണ്. ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി രാഷ്ട്രപതിയെ കണ്ട് എഫ്ഐആർ പിൻവലിക്കണമെന്ന് ആവശ്യപ്പെടുകയുണ്ടായി. ഇതാദ്യമായൊന്നുമല്ല സൈനികർക്കെതിരെ എഫ്ഐആർ ഫയൽചെയ്യുന്നത്. കഴിഞ്ഞദിവസം പ്രതിരോധമന്ത്രി രാജ്യസഭയിൽ ഒരു ചോദ്യത്തിന് ഉത്തരമായി പറഞ്ഞത്, സായുധസേനാ പ്രത്യേകാധികാര നിയമത്തിൻ കീഴിൽ 50 സൈനികർക്കെതിരെ പ്രോസിക്യൂഷന് അനുമതി നൽകാൻ ജമ്മു കശ്മീർ സർക്കാർ ആവശ്യപ്പെട്ടിരുന്നുവെന്നാണ്. കൊലപാതകം, ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ കേസുകളാണ് സൈനികർക്കെതിരെ ഉണ്ടായിരുന്നത്. എന്നാൽ, ഇതിൽ ഒന്നിൽപ്പോലും സൈനികർ ശിക്ഷിക്കപ്പെട്ടിട്ടില്ലെന്നുമാത്രം.

ഇതെല്ലാം സൂചിപ്പിക്കുന്നത് കശ്മീരിലെ സ്ഥിതി നാൾക്കുനാൾ വഷളായിവരികയാണെന്നാണ്. കശ്മീരിലെ വഷളാകുന്ന സ്ഥിതി മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾക്ക് തുടക്കംകുറിക്കുന്നതിനുപകരം പ്രഥമ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റുവിനെ പഴിച്ച് മുഖം രക്ഷിക്കാനുള്ള ശ്രമമാണ് നരേന്ദ്ര മോഡി നടത്തുന്നത്. കശ്മീർപ്രശ്നത്തെ വെറും ക്രമസമാധാനപ്രശ്നമായി കണ്ട് പരിഹരിക്കാനാകില്ല. ഇത് ഒരു രാഷ്ട്രീയപ്രശ്നമാണ്. അത് പരിഹരിക്കുന്നതിനുള്ള രാഷ്ട്രീയപ്രക്രിയക്ക് തുടക്കംകുറിക്കുകയാണ് വേണ്ടത്. മുൻ ഐബി മേധാവി ദിനേശ്വർ ശർമയെ അനുരഞ്ജകനായി നിയമിച്ചതുമാത്രമാണ് മോഡിസർക്കാരിന്റെ ഭാഗത്തുനിന്ന് ഈ വഴിക്കുണ്ടായ ഏകനീക്കം. എന്നാൽ, സംഘർഷം മൂർച്ഛിക്കുന്ന സാഹചര്യത്തിൽ ഈ കമീഷൻ ഏറെയൊന്നും മുന്നോട്ടുപോയിട്ടില്ലതാനും. 

പ്രശ്നപരിഹാരത്തിന് സൈന്യത്തെ കൂടുതൽ ആശ്രയിക്കുന്ന സമീപനമാണ് മോഡിസർക്കാർ കൈക്കൊള്ളുന്നത്. തീവ്രവാദത്തെ നേരിടാൻ സൈന്യത്തെ നിയോഗിച്ച ഒരിടത്തും അത് വർധിക്കുകയല്ലാതെ പരിഹരിക്കാനായിട്ടില്ലെന്നതാണ് വസ്തുത. അതിർത്തി കാക്കാൻ ചുമതലപ്പെട്ടവരെ ക്രമസമാധാനപാലനത്തിന് നിയോഗിച്ചാലുണ്ടാകുന്ന എല്ലാ അസ്വാസ്ഥ്യങ്ങളും കശ്മീരിൽനിന്ന് വായിച്ചെടുക്കാം. കശ്മീരിൽ തീവ്രവാദപ്രവർത്തനം ഉണ്ടെന്നത് യാഥാർഥ്യമാണ്. പാകിസ്ഥാനിൽനിന്ന് അവർക്ക് സഹായവും ലഭിക്കുന്നുണ്ട്. ഈ തീവ്രവാദികളെ ഒറ്റപ്പെടുത്തുകതന്നെ വേണം. എന്നാൽ, മോഡിസർക്കാരിന്റെ തെറ്റായ നടപടികൾ കാരണം അവരെ ഒറ്റപ്പെടുത്താൻ കഴിയുന്നില്ലെന്ന് വർധിച്ച ആക്രമണങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. മോഡിസർക്കാർ അധികാരത്തിലേറിയശേഷം താഴ്വരയിൽ വന്ന പ്രകടമായ മാറ്റം കശ്മീരികൾ വർധിച്ച തോതിൽ തീവ്രവാദികൾക്കൊപ്പം നിൽക്കുന്നുവെന്നതാണ്. കൊല്ലപ്പെട്ട തീവ്രവാദികളുടെ ഖബറടക്കത്തിന് വൻതോതിൽ ജനക്കൂട്ടം പങ്കെടുക്കാൻ തുടങ്ങിയത് ഹിസ്ബുൾ മുജാഹിദീൻ നേതാവ് ബുർഹാൻ വാനി കൊല്ലപ്പെട്ടതോടെയാണ്. മാത്രമല്ല, തീവ്രവാദികളും സൈന്യവും തമ്മിൽ ഏറ്റുമുട്ടലുണ്ടാകുമ്പോൾ സിവിലിയന്മാർ തീവ്രവാദികളെ സഹായിക്കുന്ന പ്രവണതയും വർധിച്ചുവരികയാണ്. ഇതൊക്കെ തെളിയിക്കുന്നത് കശ്മീരികൾ ഇന്ത്യയിൽനിന്ന് അതിവേഗം അകലുകയാണെന്നാണ്. കശ്മീരിന് പ്രത്യേകപദവി നൽകുന്ന ഭരണഘടനയിലെ 370‐ാംവകുപ്പിനെതിരെ സൈനികമേധാവി ബിപിൻ റാവത്തുതന്നെ രംഗത്തുവരികയും മുസ്ലിങ്ങളെല്ലാം പാകിസ്ഥാനിലേക്കോ ബംഗ്ലാദേശിലേക്കോ പോകണമെന്ന് ബിജെപി നേതാക്കളും എംപിമാരും ആവശ്യപ്പെടുകയും ചെയ്യുമ്പോൾ ഈ അകൽച്ച വർധിക്കുകയാണ്. ഗൗരവമുള്ള സ്ഥിതിവിശേഷമാണ് കശ്മീരിലേത്. അത് പരിഹരിക്കാൻ ഗൗരവമാർന്ന നീക്കങ്ങൾതന്നെ വേണം. ബന്ധപ്പെട്ട എല്ലാവരുമായും ചർച്ച ചെയ്തുമാത്രമേ സ്ഥിതിഗതികൾ സാധാരണനിലയിലാക്കാൻ കഴിയൂ. അവസരത്തിനൊത്ത് ഉയരാൻ മോഡിസർക്കാർ തയ്യാറാകുമോ?


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top