18 April Thursday

ഭീകരവാദത്തിന്‌ അന്ത്യമാകുമോ?

വെബ് ഡെസ്‌ക്‌Updated: Friday May 3, 2019

ഭീകരസംഘടനയായ ജയ‌്ഷെ മുഹമ്മദിന്റെ തലവൻ മസൂദ് അസറിനെ ആഗോളഭീകരനായി ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ചത് ഇന്ത്യയെ സംബന്ധിച്ച് നയതന്ത്രവിജയമാണ്. 2009 മുതൽ പത്ത് വർഷമായി ഇന്ത്യ തുടരുന്ന നയതന്ത്രനീക്കത്തിന്റെ ഫലംകൂടിയാണ് ഐക്യരാഷ്ട്ര സംഘടനയുടെ പ്രഖ്യാപനം. നേരത്തേ മൂന്നുതവണ–-2009ലും 2016ലും 2017ലും ഈ ആവശ്യം ഉന്നയിച്ചെങ്കിലും ചൈനയുടെ കടുത്ത എതിർപ്പിനെ തുടർന്നാണ് അത് വിജയത്തിലെത്താതിരുന്നത്. എന്നാൽ, പുൽവാമയിൽ ഫെബ്രുവരി 14 ന് ഉണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ അമേരിക്കയും ബ്രിട്ടനും ഫ്രാൻസും ചേർന്ന് കൊണ്ടുവന്ന പ്രമേയമാണിപ്പോൾ ചൈനയുടെ എതിർപ്പില്ലാതെ അംഗീകരിക്കപ്പെട്ടത്.

പുൽവാമ ഭീകരാക്രമണത്തെ യുഎൻ രക്ഷാസമിതി അപലപിക്കാൻ തയ്യാറായതുതന്നെ അസറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കുന്നതിലേക്കുള്ള ആദ്യ ചുവടുവയ‌്പായിരുന്നു. ജമ്മു-കശ്മീരിലുണ്ടാകുന്ന ഭീകരാക്രമണത്തെ ആദ്യമായാണ് യുഎൻ രക്ഷാസമിതി അപലപിക്കാൻ തയ്യാറായത്. മാത്രമല്ല, പ്രസ‌്തുത പ്രമേയത്തിൽ ജയ‌്ഷെ മുഹമ്മദിനെക്കുറിച്ച് പരാമർശവുമുണ്ടായിരുന്നു. ഭീകരാക്രമണം നടത്തിയ സംഘടന ജയ‌്ഷെ മുഹമ്മദാണ് എന്ന് അംഗീകരിച്ച യുഎൻ രക്ഷാസമിതി എന്തുകൊണ്ട് ആ സംഘടനയുടെ മേധാവിയെ ആഗോളഭീകരനായി പ്രഖ്യാപിക്കുന്നില്ല എന്ന വാദം ന്യായമായും ഉയർന്നു. ഇത്തരത്തിലുള്ള ഭീകരനെ സംരക്ഷിക്കുന്നത് ആഗോളതലത്തിൽ ചൈനയ‌്ക്കെതിരായ പ്രചാരണത്തിന് ഇടം കൊടുക്കുകയും ചെയ‌്തു. ഈ പശ്ചാത്തലത്തിലായിരിക്കാം തന്ത്രപരമായ നീക്കമെന്നനിലയിൽ ചൈനയും പ്രമേയത്തെ എതിർക്കാൻ വിസമ്മതിച്ചത്. ഈ നയതന്ത്രവിജയത്തിനുപിന്നിൽ പ്രവർത്തിച്ച എല്ലാവരും അഭിനന്ദനമർഹിക്കുന്നു. പ്രത്യേകിച്ചും യുഎന്നിലെ ഇന്ത്യൻ സ്ഥിരം പ്രതിനിധി സയ്യദ് അക്ബറുദ്ദീൻ എന്ന അക്ബർ.  മുസ്ലിങ്ങളുടെ രാജ്യസ‌്നേഹത്തെ സംശയത്തോടെ വീക്ഷിക്കുന്ന രാഷ്ട്രീയസാഹചര്യം നിലനിൽക്കുന്ന സാഹചര്യത്തിൽ പ്രത്യേകിച്ചും. 

ചൈനയ‌്ക്കെതിരെ പേശീബല നയതന്ത്രം സ്വീകരിച്ച് കഴിഞ്ഞ വർഷങ്ങൾ പാഴാക്കിയ മോഡി സർക്കാർ അവസാനഘട്ടത്തിലാണ് ആ നയം ഉപേക്ഷിച്ച് ക്ഷമയോടെ ചൈനയുമായി ചർച്ചചെയ്യാനും കൂടുതൽ ഇടപഴകാനും അവരെ വിശ്വാസത്തിലെടുക്കാനും ശ്രമിച്ചത്. അതിന് ഫലമുണ്ടാകുകയും ചെയ‌്തു. സാങ്കേതികമായ കാരണങ്ങളായിരുന്നു പ്രമേയത്തെ എതിർക്കുന്നതിന് ചൈന ഉന്നയിച്ചത്. ചൈനയുടെ ഈ സമീപനത്തെ പരസ്യമായി എതിർക്കാൻ ഇന്ത്യ തയ്യാറായിരുന്നില്ല. നയതന്ത്രമര്യാദ കൈവിടാതെ, വുഹാൻ സ്പിരിറ്റ് ഉൾക്കൊണ്ട്  പ്രവർത്തിക്കാൻ വിദേശകാര്യമന്ത്രാലയത്തിന് കഴിഞ്ഞതിന്റെ ഫലം കൂടിയാണ് ഈ നയതന്ത്രവിജയം. 
ബാലാകോട്ട് സംഭവത്തെ തെരഞ്ഞെടുപ്പ് വിജയത്തിനായി ഉപയോഗിക്കുന്ന മോഡി സർക്കാർ മസൂദ് അസറിനെ ആഗോളഭീകരനായി പ്രഖ്യാപിച്ചതിനെയും രാഷ്ട്രീയമായി ഉപയോഗപ്പെടുത്തുമെന്നതിൽ സംശയമില്ല. സൈന്യത്തെപോലും രാഷ്ട്രീയവൽക്കരിക്കുന്നതിന് ഒരു മടിയും കാണിക്കാത്ത പ്രധാനമന്ത്രിയാണ് നരേന്ദ്ര മോഡി. എന്നാൽ, കാൽനൂറ്റാണ്ട് മുമ്പ് ഇന്ത്യയിൽ അറസ്റ്റ് ചെയ്യപ്പെട്ട മസൂദ് അസറിനെ പ്രത്യേക വിമാനത്തിൽ അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറിൽ എത്തിച്ച് മോചിപ്പിച്ചത് വാജ്പേയി സർക്കാരായിരുന്നു എന്ന കാര്യം മറക്കാറായിട്ടില്ല. ഹർകത്ത് ഉൽ മുജാഹിദ്ദീൻ നേതാവായിരിക്കെ ഇന്ത്യയിൽ അറസ്റ്റിലായ മസൂദ് പാകിസ്ഥാനിൽ 2000ൽ  തിരിച്ചെത്തിയതിന് ശേഷമാണ് ജയ‌്ഷെ മുഹമ്മദിന് രൂപംനൽകുന്നതും പാർലമെന്റ് ആക്രമണവും കശ്മീർ അസംബ്ലി ബോംബിങ്ങും പത്താൻകോട്ടും ഉറിയിലും അവസാനമായി പൂലവാമയിലും ഭീകരാക്രമണങ്ങൾ നടത്തുന്നതും.  

മസൂദ് അസറിനെ യുഎൻ രക്ഷാസമിതി ആഗോളഭീകരനായി പ്രഖ്യാപിച്ചതുകൊണ്ടുമാത്രം ഇന്ത്യയ‌്ക്കെതിരെയുള്ള ജയ‌്ഷെ മുഹമ്മദ് ഭീഷണിയോ ഭീകരവാദഭീഷണിയോ അവസാനിച്ചെന്ന് കരുതുന്നത് മൗഢ്യമായിരിക്കും. ഇന്ത്യതന്നെ പലവട്ടം വിശേഷിപ്പിച്ചതുപോലെ ലഷ‌്കർ ഇ തോയിബയായാലും ജയ‌്ഷെ മുഹമ്മദ് ആയാലും പാകിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐയുടെ സൃഷ്ടിയാണ്. സ്വാഭാവികമായും ഈ സംഘടനകൾക്ക് പാകിസ്ഥാന്റെ സാമ്പത്തിക സഹായം ഉൾപ്പെടെ തുടരുമെന്നർഥം. യുഎൻ പ്രഖ്യാപനത്തോടെ സംഭവിക്കുന്നത് മസൂദ് അസറിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുകയും വിദേശയാത്ര തടയപ്പെടുകയും  വിദേശ ആയുധ കമ്പനികൾക്ക് അസറിന് ആയുധം വിൽക്കാൻ വിലക്കുണ്ടാകുകയുമാണ്.  അസുഖബാധിതനായി പാകിസ്ഥാനിലെ ആശുപത്രിയിൽ കഴിയുന്ന അസർ കഴിഞ്ഞ ഏഴ് വർഷമായി വിദേശയാത്ര നടത്തിയിട്ട്.  മാത്രമല്ല, അദ്ദേഹം മരിച്ചതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.  പാകിസ്ഥാനിൽ മസൂദ് അസറിന്റെ പ്രവർത്തനങ്ങൾ തടയാൻ യുഎന്നിനോ അന്താരാഷ്ട്രസമൂഹത്തിനോ കഴിയുമെന്ന ഒരു ഉറപ്പും ഇല്ല താനും. അതുകൊണ്ടുതന്നെ ഭീകരവാദത്തിനെതിരെ തുടർന്നും ജാഗ്രതയോടെയുള്ള കരുതൽ ആവശ്യമാണെന്ന് സാരം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top