28 March Thursday

മോദിസർക്കാർ പരാജയപ്പെട്ട കശ്‌മീർ

വെബ് ഡെസ്‌ക്‌Updated: Thursday Jun 2, 2022


കശ്‌മീർതാഴ്‌വരയിൽ വെടിയൊച്ച നിലയ്‌ക്കുന്നില്ല; ചോരപ്പുഴ വറ്റുന്നില്ല. വിസ്‌മയലാവണ്യഭൂമി വിലാപമുഖരിതമായി തുടരുന്നു. മുമ്പ്‌ സംഘർഷങ്ങളും ഏറ്റുമുട്ടലുകളും പ്രക്ഷുബ്ധമാക്കിയിരുന്ന കശ്‌മീരിൽ ഇപ്പോൾ അക്രമിസംഘങ്ങൾ ഇരകളെ തിരഞ്ഞുപിടിച്ച്‌ കൊലപാതകങ്ങൾ നടത്തുകയാണ്‌. സാധാരണക്കാരും സർക്കാർ ജീവനക്കാരുമടക്കം ആക്രമണങ്ങൾക്ക്‌ വിധേയരാകുന്നു. കൃത്യമായി ലക്ഷ്യമിട്ട്‌  നടത്തുന്ന ആക്രമണങ്ങളിൽ ഇക്കൊല്ലം ഇതുവരെ കൊല്ലപ്പെട്ടത്‌ 16 പേർ. മെയ്‌ മാസത്തിൽമാത്രം ഏഴ്‌ ജീവൻ നഷ്ടപ്പെട്ടു. കുൽഗാമിൽ സ്‌കൂൾ അധ്യാപികയായ രജനി ബാലയാണ്‌ ഒടുവിൽ തീവ്രവാദികളുടെ വെടിയുണ്ടകൾക്ക്‌ ഇരയായത്‌.

മോദിസർക്കാരിന്റെ ഏറ്റവും വലിയ പരാജയമാണ്‌ ഈ അവസ്ഥ. _ഭീകരവാദ, തീവ്രവാദ പ്രവർത്തനങ്ങൾക്ക്‌ പണമെത്തുന്നത്‌ ഇല്ലാതാകുമെന്നുകൂടി അവകാശപ്പെട്ടാണ്‌ 2016ൽ ആയിരം രൂപ, 500 രൂപ നോട്ടുകളുടെ നിരോധനം പ്രധാനമന്ത്രി പ്രഖ്യാപിച്ചത്‌. 2019ൽ ബിജെപി വീണ്ടും കേവലഭൂരിപക്ഷത്തോടെ കേന്ദ്രത്തിൽ അധികാരത്തിൽ വന്നതിനു തൊട്ടുപിന്നാലെ ജമ്മു- കശ്‌മീരിന്റെ പ്രത്യേകപദവി എടുത്തുകളഞ്ഞ്‌ സംസ്ഥാനത്തെ രണ്ട്‌ കേന്ദ്രഭരണ പ്രദേശമായി വെട്ടിമുറിച്ചു. തീവ്രവാദവും ഭീകരാക്രമണവും അവസാനിപ്പിക്കാനും _പ്രദേശത്ത്‌ സമാധാനജീവിതം ഉറപ്പാക്കാനും ഈ നടപടി അനിവാര്യമാണെന്ന്‌ ബിജെപിയും കേന്ദ്രസർക്കാരും വാദിച്ചു. കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ ജനകീയപ്രക്ഷോഭം ഉയരുന്നത്‌ തടയാൻ പ്രദേശത്തെയാകെ അടച്ചിട്ടു. വൻതോതിൽ സേനാവിന്യാസം നടത്തി. മുൻമുഖ്യമന്ത്രിമാർ അടക്കമുള്ള രാഷ്‌ട്രീയനേതാക്കളെ കൽത്തുറുങ്കിൽ അടച്ചു. ഇന്റർനെറ്റ്‌ സേവനം നിരോധിച്ചു. വിദ്യാഭ്യാസസ്ഥാപനങ്ങൾ അടച്ചിട്ടു. മാസങ്ങൾ ഈ നിയന്ത്രണം തുടർന്നു. _തീവ്രവാദത്തെ ഉന്മൂലനം ചെയ്യാനെന്ന പേരിൽ ഈ അമിതാധികാരപ്രയോഗത്തെ _കേന്ദ്രം ന്യായീകരിച്ചു. താഴ്‌വരയിലെ ജനങ്ങളുടെ പ്രധാന ഉപജീവനമാർഗങ്ങളായ _വിനോദസഞ്ചാരമേഖലയ്‌ക്കും ആപ്പിൾകൃഷിക്കും പ്രതിസന്ധി സൃഷ്ടിച്ച ഈ അടച്ചിടൽ തീരെ പ്രയോജനം ചെയ്‌തില്ലെന്നാണ്‌ മൂന്ന്‌ വർഷത്തിനുശേഷം _സ്ഥിതിഗതികൾ തെളിയിക്കുന്നത്‌.

കേന്ദ്രഭരണത്തിലാക്കിയതോടെ _തീവ്രവാദികളുടെ നുഴഞ്ഞുകയറ്റവും _ഏറ്റുമുട്ടലുകളും ആക്രമണങ്ങളും കുറഞ്ഞെന്ന അവകാശവാദത്തിന്റെ മുനയൊടിക്കുന്നത്‌ സർക്കാരിന്റെതന്നെ കണക്കുകളാണ്‌. രണ്ടര വർഷമായി തീവ്രവാദി ആക്രമണങ്ങളിൽ കുറവില്ലെന്ന്‌ കശ്‌മീർ പൊലീസ്‌ സ്ഥിരീകരിച്ചിട്ടുണ്ട്‌. ഇക്കൊല്ലം ജനുവരിമുതൽ _ഏപ്രിൽവരെ നടന്ന ഏറ്റുമുട്ടലുകളിൽ കൊല്ലപ്പെട്ടത്‌ 62 തീവ്രവാദികളാണെന്ന്‌ _പൊലീസ്‌ പറയുന്നു. കൊല്ലപ്പെട്ടവരിൽ 47 പേർ സ്ഥലവാസികളായ തീവ്രവാദികളായിരുന്നു. 39 പേർ ലഷ്‌കറെ തയ്ബയിലും 15 പേർ ജെയ്‌ഷെ മുഹമ്മദിലും ആറ്‌ പേർ ഹിസ്ബുൾ മുജാഹിദീനിലും രണ്ടു പേർ _അൽബദറിലും ഉൾപ്പെട്ടവരായിരുന്നു. മാർച്ചിൽ _മൂന്ന് പഞ്ചായത്ത് അംഗങ്ങൾ വിവിധ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടു.  എട്ട്‌ _തൊഴിലാളികൾക്ക്‌ വെടിയേറ്റു. 2021 ഒക്ടോബറിൽ മറുനാട്ടുകാരായ തൊഴിലാളികളെ _ലക്ഷ്യമിട്ട് തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ എട്ടുപേർക്ക്‌ ജീവൻ നഷ്ടപ്പെട്ടു.

ഒന്നാം യുപിഎ സർക്കാർ 2008ൽ നടപ്പാക്കിയ പ്രധാനമന്ത്രിയുടെ പ്രത്യേകപദ്ധതിപ്രകാരം നൂറുകണക്കിനു കശ്‌മീരി പണ്ഡിറ്റുകൾ താഴ്‌വരയിലേക്ക്‌ മടങ്ങി. ഒട്ടേറെപേർക്ക്‌ സർക്കാർജോലികൾ ലഭിച്ചു. ഇപ്പോൾ ഇവരെ _ലക്ഷ്യമിട്ടാണ്‌ തീവ്രവാദികൾ ആക്രമണം നടത്തുന്നത്‌. തീവ്രവാദികൾ ഏതുസമയത്തും ആരെയും കൊലപ്പെടുത്താവുന്ന തരത്തിൽ താഴ്‌വരയിൽ സുരക്ഷാസ്ഥിതിഗതി വഷളായതായി _എ എസ്‌ ദുലാത്തിനെപ്പോലുള്ള രഹസ്യാന്വേഷണ _വിദഗ്‌ധർ അഭിപ്രായപ്പെടുന്നു. താഴ്‌വരയിലെ ജനസംഖ്യാസന്തുലനത്തെ അട്ടിമറിക്കുംവിധം ഭരണരംഗത്ത്‌ കൊണ്ടുവരുന്ന നടപടികളും സുരക്ഷാസാഹചര്യം മോശപ്പെടാൻ കാരണമായി. മണ്ഡലം പുനർനിർണയ കമീഷന്റെ ശുപാർശകൾ ബിജെപി അജൻഡ നടപ്പാക്കുന്നതിന്റെ ഭാഗമാണെന്ന്‌ വിമർശമുയർന്നു.

ജമ്മു കശ്‌മീരിനെ ബിജെപിസർക്കാർ വർഗീയധ്രുവീകരണം സൃഷ്ടിക്കാനുള്ള രാഷ്‌ട്രീയപരീക്ഷണശാലയാക്കി മാറ്റിയതിന്റെ ദുരന്തങ്ങൾ ആവർത്തിക്കുന്നു. അടിച്ചമർത്തൽ വഴി _ഇവിടെ സമാധാനം പുനഃസ്ഥാപിച്ചെന്ന്‌ അവകാശപ്പെടുന്ന _മോദിസർക്കാരിന്‌ നാണക്കേടായി മാറുകയാണ്‌ ആവർത്തിക്കപ്പെടുന്ന കൊലപാതകങ്ങൾ. ബിജെപി സർക്കാരിന്റെ പരാജയത്തിൽ കശ്‌മീരി പണ്ഡിറ്റുകൾ അസ്വസ്ഥരും രോഷാകുലരുമാണ്‌. ശ്രീനഗറിൽ പ്രതിഷേധപ്രകടനങ്ങൾ തുടർച്ചയായി നടക്കുന്നു. കേന്ദ്രം _തുറന്ന മനസ്സോടെ കൂടിയാലോചനകളും രാഷ്‌ട്രീയ പ്രക്രിയയും ആരംഭിച്ചാലേ ഇവിടെ സമാധാനം യാഥാർഥ്യമാകൂ.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top