19 April Friday

മലപ്പുറം സ്ഫോടനം നല്‍കുന്ന മുന്നറിയിപ്പ്

വെബ് ഡെസ്‌ക്‌Updated: Thursday Nov 3, 2016

വിദ്വേഷ, വിധ്വംസകശക്തികള്‍ക്കെതിരെ സദാ ഉണര്‍ന്നിരിക്കുന്ന പൊതുബോധം കേരളത്തിന്റെ രാഷ്ട്രീയ ഉദ്ബുദ്ധതയുടെ ഉല്‍പ്പന്നമാണ്. പൊതുഇടങ്ങളില്‍ ഭയംകൂടാതെ ഇടപെടാനും സഞ്ചരിക്കാനും സാധിക്കുന്ന സംസ്ഥാനം എന്ന കീര്‍ത്തി നാം നേടിയത് ഈ ജാഗ്രതയിലൂടെയാണ്. ഇതിന് അപവാദമായുള്ളത് ഒറ്റപ്പെട്ട സംഭവങ്ങള്‍മാത്രം. മറ്റ് ചില സംസ്ഥാനങ്ങളില്‍ തീവ്രവാദത്തിന്റെ ദുരന്തങ്ങള്‍ തുടരെ ആവര്‍ത്തിക്കുമ്പോഴും കേരളം വേറിട്ടുനിന്നു. ഈ ശാന്തിയെ അലോസരപ്പെടുത്തുകയെന്ന ഗൂഢോദ്ദേശ്യം ചിലര്‍ക്കുണ്ടെന്ന് വ്യക്തമാക്കുന്ന ഒടുവിലത്തെ സംഭവമാണ് മലപ്പുറം കലക്ടറേറ്റുവളപ്പിലെ ബോംബുസ്ഫോടനം. സാന്നിധ്യമറിയിക്കാനും പ്രതികാരംചെയ്യാനും തീവ്രവാദികള്‍ ഭീകരപ്രവര്‍ത്തനങ്ങള്‍  സംഘടിപ്പിക്കാറുണ്ട്. എന്നാല്‍, കേരളത്തില്‍ അത്തരം അനുഭവങ്ങള്‍ തുലോം കുറവാണ്. ഇവിടെ നടന്നിട്ടുള്ള ഭീകരസ്വഭാവമുള്ള ചുരുക്കംചില സംഭവങ്ങളെ ഗൌരവപൂര്‍വം കാണുകയും ദേശീയ അന്വേഷണ ഏജന്‍സിയെ ഉള്‍പ്പെടെ അന്വേഷണം ഏല്‍പ്പിക്കുകയും ചെയ്തു. പൊലീസ്– ഇന്റലിജന്‍സ് സംവിധാനങ്ങള്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നതിനാല്‍ തീവ്രവാദനീക്കങ്ങള്‍ കണ്ടെത്താനും തടയാനും കേരളത്തില്‍ സാധിക്കുന്നു. 

ഇത്രയൊക്കെ മുന്‍കരുതലുകള്‍ ഉള്ളപ്പോഴും സമാധാനഭംഗമുണ്ടാക്കാനുള്ള ശ്രമം തുടരുന്നുവെന്നതാണ് മലപ്പുറം സ്ഫോടനം നല്‍കുന്ന മുന്നറിയിപ്പ്. സമാനസ്വഭാവമുള്ള സ്ഫോടനം മുമ്പ് കൊല്ലത്തും മൈസൂരുവിലും ആന്ധ്രയിലെ ചിറ്റൂരിലും കോടതികള്‍ക്കടുത്താണ് നടന്നത്. സ്ഫോടനസ്ഥലത്ത് ലഭിച്ച വസ്തുക്കള്‍ വിരല്‍ചൂണ്ടുന്നത് നിരോധിത മുസ്ളിംസംഘടനകളിലേക്കാണ്. 'ദി ബേസ് മൂവ്മെന്റ്' എന്നെഴുതിയ ബോര്‍ഡ്പെട്ടിയും പെന്‍ഡ്രൈവും ഭൂപടവും ദാദ്രിയില്‍ ഗോമാംസം കഴിച്ചെന്ന് ആരോപിച്ച് സംഘപരിവാര്‍ കൊലപ്പെടുത്തിയ അഖ്ലാഖിനെക്കുറിച്ചുള്ള പരാമര്‍ശങ്ങളുമൊക്കെയാണ് സ്ഫോടനത്തെ ഒരു പ്രത്യേകദിശയിലേക്ക് നയിക്കുന്നത്. കൊല്ലത്ത് സ്ഫോടനം നടന്നപ്പോള്‍ അവിടെ ഉണ്ടായിരുന്ന കലക്ടര്‍ ഇപ്പോള്‍ മലപ്പുറത്താണെന്നതും ഭോപാലില്‍ എട്ട് സിമി വിചാരണത്തടവുകാര്‍ കൂട്ടത്തോടെ കൊല്ലപ്പെട്ടതിന്റെ പിറ്റേന്നാണ് സംഭവമെന്നതും കൂട്ടിവായിക്കാന്‍ ചില മാധ്യമങ്ങള്‍ തയ്യാറായിട്ടുണ്ട്. ഒരുപക്ഷേ ഇതുരണ്ടും യാദൃച്ഛികമാകാം. എന്നാല്‍, ഒരു സാധ്യതയും തള്ളിക്കളയാനാകാത്തവിധം സങ്കീര്‍ണമാണ് ഇന്ന് രാജ്യത്ത് നിലനില്‍ക്കുന്ന സ്ഥിതിഗതികള്‍.

അവകാശവാദം ഉന്നയിക്കുന്നതും തെളിവുകള്‍ അവശേഷിപ്പിക്കുന്നതും ഭീകരപ്രവര്‍ത്തനത്തില്‍ പതിവുള്ളതാണ്്. അതായിരുന്നു ലക്ഷ്യമെന്ന് കണ്ടെത്തിയാല്‍ സമീപകാലത്ത് കേരളത്തില്‍ ചര്‍ച്ചചെയ്യപ്പെട്ട ഐഎസ് റിക്രൂട്ട്മെന്റുമായി ബന്ധപ്പെടുത്തി ഗൌരവപൂര്‍വമായ അന്വേഷണം മുന്നോട്ടുകൊണ്ടുപോകേണ്ടതുണ്ട്. ആപല്‍ക്കരമായ ഈ പോക്കിന് തടയിട്ടില്ലെങ്കില്‍ നാളെ മനുഷ്യജീവന്‍ അപായപ്പെടുത്തുന്നതിലേക്ക്  ഇത്തരക്കാര്‍ തിരിയാതിരിക്കില്ല. സംഭവത്തിന്റെ എല്ലാവശങ്ങളും അന്വേഷണവിധേയമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, ഏത് ഒറ്റപ്പെട്ട സംഭവത്തെയും നാട്ടില്‍ മതവൈരം  വളര്‍ത്തുന്നതിനുള്ള ഉപാധിയാക്കി മാറ്റുന്ന മുതലെടുപ്പ് രാഷ്ട്രീയം ഈ വിഷയത്തിലും പ്രകടമായി. സഭയിലെ ബിജെപി അംഗം ഒ രാജഗോപാല്‍ ഗവണ്‍മെന്റിനെതിരെ നടത്തിയ വിമര്‍ശനത്തെ ഈ അര്‍ഥത്തിലേ കാണാനാകൂ.

സംഘപരിവാര്‍ശക്തികള്‍ പിന്തുടരുന്ന വിദ്വേഷരാഷ്ട്രീയത്തിന് പറ്റിയ ഉപകരണമാക്കി  മലപ്പുറം സ്ഫോടനത്തെ മാറ്റാനുള്ള ബോധപൂര്‍വമായ ശ്രമത്തെ തിരിച്ചറിയേണ്ടതുണ്ട്. അഖ്ലാഖ് സംഭവം പ്രതിപാദിക്കുന്ന ലഘുലേഖയും നിരോധിതസംഘടനയായ അല്‍–ഉമയുടെ പേരുമൊക്കെ സ്ഫോടനസ്ഥലത്തുനിന്ന് ലഭിച്ചെന്ന് പറയുമ്പോള്‍, സംഘപരിവാര്‍ രാജ്യവ്യാപകമായി നടത്തിക്കൊണ്ടിരിക്കുന്ന കപടനാടകങ്ങളിലേക്കുകൂടി ശ്രദ്ധപോകേണ്ടതുണ്ട്. ബിജെപി നേതാക്കളെ വധിക്കുമെന്നും പ്രതികാരനടപടികള്‍ തുടരുമെന്നും പെന്‍ഡ്രൈവില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ന്യൂനപക്ഷവിരോധം കടുപ്പിക്കാന്‍ സംഭവങ്ങളും തെളിവുകളും സംഘപരിവാര്‍ വ്യാജമായി പടച്ചുണ്ടാക്കിയ  അനുഭവങ്ങള്‍ ഏറെയുണ്ട്. ഇവിടെയും അത്തരം സാധ്യതകള്‍ തള്ളിക്കളഞ്ഞുകൂടാ.

എല്ലാ ജാതിമതസ്ഥരും സഹവര്‍ത്തിത്വത്തോടെ കഴിയുന്നതാണ് കേരളത്തിന്റെ പാരമ്പര്യം. വിശ്വാസങ്ങളെ പരസ്പരം മാനിക്കുകയും അത് മതസൌഹാര്‍ദത്തിന്റെ അടയാളങ്ങളാക്കിമാറ്റുകയും ചെയ്തവരാണ് മലയാളികള്‍. മന്ത്രി കെ ടി ജലീലിന്റെ ശബരിമലസന്ദര്‍ശനം ഇത്തരത്തില്‍ ഏവരാലും പ്രകീര്‍ത്തിക്കപ്പെട്ട സംഭവമായിരുന്നു. എന്നാല്‍, ആ സന്ദര്‍ശനത്തിലെ വിശാലവീക്ഷണവും മത–വിശ്വാസ സാഹോദര്യത്തിന്റെ സന്ദേശവും ഉള്‍ക്കൊള്ളാന്‍ ബിജെപിക്കായില്ല. അവരുടെ ചില ഉന്നതനേതാക്കള്‍തന്നെ ജലീലിനെതിരെ വിഷനാവുമായി രംഗത്തെത്തി. മതങ്ങളെ പരസ്പരം അകറ്റിനിര്‍ത്തി വിശ്വാസങ്ങളുടെയും ആചാരങ്ങളുടെയുംപേരില്‍ തമ്മിലടിപ്പിച്ച് തങ്ങളുടെ സ്വാധീനം വിപുലപ്പെടുത്താനാകുമെന്ന വ്യാമോഹമാണ് അവരെ നയിക്കുന്നത്. ഒരുവശത്ത് അക്രമംവഴി ഭീതി പടര്‍ത്തുകയും മറുവശത്ത് മതസ്പര്‍ധ വളര്‍ത്തി ചേരിതിരിവ് സൃഷ്ടിക്കുകയുമാണ് ബിജെപിയുടെ രീതി.

ഈ ആപത്ത് തിരിച്ചറിഞ്ഞ് മതനിരപേക്ഷതയുടെ കൊടിക്കൂറയ്ക്ക് കീഴില്‍ അണിനിരക്കുകയാണ് ന്യൂനപക്ഷവിഭാഗങ്ങള്‍ ചെയ്യേണ്ടത്. ഭൂരിപക്ഷവര്‍ഗീയതയെ അതേ നാണയത്തില്‍ ചെറുക്കാമെന്ന ധാരണ മൌഢ്യമാണ്. അത്തരം അബദ്ധധാരണകളാണ് തീവ്ര മതബോധത്തിലേക്കും ഭീകരതയിലേക്കും ന്യൂനപക്ഷവിഭാഗങ്ങളിലുള്ള ചിലരെ നയിക്കുന്നത്. വര്‍ഗീയത പരസ്പരം വളര്‍ത്തുകയേ ഉള്ളൂ; അത് നാടിന്റെ സമാധാനം കെടുത്തുകയേ ഉള്ളൂ. അതുകൊണ്ടുതന്നെ ഒരോ ചെറിയ തീപ്പൊരിയും വലിയൊരു സ്ഫോടനത്തിലേക്കുള്ള തിരികൊളുത്തലായി മാറിയേക്കാം. കൊല്ലവും മലപ്പുറവും നല്‍കുന്നത് വലിയ ആപല്‍സൂചനകളാണ്. അത് ആവര്‍ത്തിച്ചുകൂടാ. ഭരണസംവിധാനങ്ങളുടെ നിതാന്തജാഗ്രതയും ജനങ്ങളുടെ കൂട്ടായ്മയും ഒത്തുചേരുമ്പോഴേ  തീവ്രവാദത്തെ ഒറ്റപ്പെടുത്താനാകൂ


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top