26 March Sunday

ടെന്നീസിലെ ചക്രവർത്തി

വെബ് ഡെസ്‌ക്‌Updated: Tuesday Feb 1, 2022

അവസാന ശ്വാസംവരെയും വിജയത്തിനായി പൊരുതിക്കയറുന്നവന്റെ തിളങ്ങുന്ന പേരാണ് റാഫേൽ നദാൽ. ഓസ്ട്രേലിയൻ ഓപ്പൺ ടെന്നീസിലെ കിരീടനേട്ടം സ്പെയ്ൻകാരനെ ചരിത്രത്തിന്റെ ഭാഗമാക്കിയിരിക്കുന്നു. ഇരുപത്തൊന്ന് ഗ്രാൻഡ്‌ സ്ലാം കിരീടം നേടുന്ന ആദ്യത്തെ പുരുഷതാരം. മെൽബൺ പാർക്കിലെ റോഡ് ലേവർ അരീനയിൽ ഐതിഹാസിക തിരിച്ചുവരവ് നടത്തിയാണ് നേട്ടം. ഫൈനലിൽ അഞ്ചു സെറ്റ് പോരാട്ടത്തിൽ റഷ്യക്കാരൻ ഡാനിൽ മെദ്‌വദേവിനെ തോൽപ്പിച്ചു. കളി അഞ്ചു മണിക്കൂറും 24 മിനിറ്റും നീണ്ടു.

കളിമൺ കോർട്ടിലെ രാജകുമാരനെന്നാണ് വിശേഷണമെങ്കിലും എല്ലാ കോർട്ടിലും ആധിപത്യം ഉറപ്പാക്കിയാണ് ചരിത്രത്തിലേക്ക് നടന്നു കയറുന്നത്. വിഖ്യാത താരങ്ങളായ നൊവാക് ജൊകോവിച്ചിനും റോജർ ഫെഡറർക്കുമൊപ്പം ഇരുപത് കിരീടമായിരുന്നു നദാലിനും ഉണ്ടായിരുന്നത്. ഇരുവരുടെയും അസാന്നിധ്യത്തിലാണ് ഓസ്ട്രേലിയൻ ഓപ്പണിലെ വിജയം. കോവിഡ് കുത്തിവയ്‌പ്‌ എടുക്കാത്തതിനാൽ ജൊകോവിച്ചിന് പങ്കെടുക്കാനായില്ല. ഫെഡറർ പരിക്കിൽനിന്ന്‌ പൂർണ വിമുക്തനായിട്ടില്ല.

ടെന്നീസിൽ ഗ്രാൻഡ്‌ സ്ലാം ടൂർണമെന്റുകൾ നാലെണ്ണമാണ്‌. അതിൽ ഓസ്ട്രേലിയൻ ഓപ്പൺ നേടുന്നത് രണ്ടാം തവണയാണ്. കളിമൺ കോർട്ടുള്ള ഫ്രഞ്ച് ഓപ്പണിൽ പതിമൂന്ന് തവണയാണ് കിരീടമുയർത്തിയത്. വിംബിൾഡണിൽ രണ്ടു തവണയും യുഎസ് ഓപ്പണിൽ നാലു തവണയും ജേതാവായി.

ഏത് പ്രതിസന്ധിയെയും ആത്മവിശ്വാസത്തോടെ നേരിടാനുള്ള മനക്കരുത്താണ് ശക്തി. പുതിയ തലമുറയ്ക്ക് മാതൃകയാക്കാവുന്ന കളി ജീവിതം. പ്രായം 35 ആയി. ശാരീരികക്ഷമതയ്‌ക്കും ഷോട്ടുകളിലെ വൈവിധ്യങ്ങൾക്കും ഒരു കുറവുമില്ല. തന്നേക്കാൾ പത്ത് വയസ്സ് കുറവുള്ള എതിരാളിയെയാണ് കലാശപ്പോരിൽ മുട്ടുകുത്തിച്ചത്. ലോക റാങ്ക് നോക്കിയാൽ മെദ്‌വദേവ് രണ്ടാമതാണ്. നദാൽ അഞ്ചും.
കുറച്ചുകാലമായി പരിക്കിന്റെ പിടിയിലായിരുന്നു. അതിനു പിന്നാലെ കോവിഡും പിടിപെട്ടു. മനംമടുത്ത് ടെന്നീസിൽനിന്ന്‌ വിരമിച്ചാലോയെന്നും ആലോചിച്ചിരുന്നു. എന്നാൽ, കളത്തിൽ വർധിതവീര്യത്തോടെ തിരിച്ചെത്താനാകുമെന്ന ദൃഢനിശ്ചയം തുണയായി. പൂർണസമർപ്പണവും കഠിനാധ്വാനവും വീണ്ടും കോർട്ടിലെത്തിച്ചു.

തോൽവിയുടെ വക്കിൽനിന്ന്‌ ഉയിർക്കുന്ന "റാഫ മാജിക്' മെൽബണിലും കാണാനായി. ആദ്യ രണ്ട് സെറ്റ് നഷ്ടപ്പെട്ടിട്ടും ആത്മവിശ്വാസം കൈവിട്ടില്ല. ഓരോ പോയിന്റിനായും പൊരുതിക്കയറുന്ന നദാലിനെയാണ് പിന്നീട് കോർട്ടിൽ കണ്ടത്. ആരാധകരുടെ നിറഞ്ഞ പിന്തുണ റാക്കറ്റിന് കരുത്തായി. അടുത്ത മൂന്ന് സെറ്റും അവിശ്വസനീയമായ കുതിപ്പിൽ കോരിയെടുക്കുന്ന നദാലിനെ അമ്പരപ്പോടെ മാത്രമേ കണ്ടിരിക്കാനായുള്ളൂ.

ടെന്നീസ് കോർട്ടുകളെ ത്രസിപ്പിച്ച എത്രയെത്ര മഹാരഥന്മാരെയാണ് മറികടന്നത്. ബ്യോൺ ബോർഗും ജോൺ മക്കെൻ റോയും ജിമ്മി കോണേഴ്സും പീറ്റ് സാംപ്രസും ആന്ദ്രേ അഗാസിയുമൊക്കെ പിന്നിലേക്ക് മറയുന്നു. ഇപ്പോൾ കളത്തിലുള്ള ജൊകോവിച്ചും ഫെഡററും സിറ്റ്സിപാസും മെദ്‌വദേവും അത്ഭുതത്തോടെയാണ് ഈ നേട്ടത്തെ കാണുന്നത്. എക്കാലത്തെയും മികച്ച ടെന്നീസ് താരം ആരെന്ന ചർച്ച സജീവമാണ്. ഗ്രാൻഡ്‌ സ്ലാം നേട്ടങ്ങൾ മാത്രമാണോ അതിന്റെ മാനദണ്ഡം. അല്ലേയല്ല. കളിയുടെ വൈവിധ്യം, വിജയ തൃഷ്‌ണ, ശാരീരികവും മാനസികവുമായ കരുത്ത്, ഏത് സാഹചര്യത്തിലും പൊരുതിക്കയറാനുള്ള ശേഷി എന്നിവയൊക്കെ കണക്കിലെടുക്കേണ്ടി വരും. അപ്പോൾ നദാലിനൊപ്പം ഫെഡററെയും ജൊകോവിച്ചിനെയും പരിഗണിക്കേണ്ടി വരും.

പക്ഷേ, ആധുനിക ടെന്നീസിലെ പോരാളി ആരെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ. ജീവിതത്തിലെ പരീക്ഷണങ്ങളെയും പരിക്കിനെയും അതിജീവിച്ച "കിങ് റാഫ' മാത്രം. അതിനാൽ ഇനിയുള്ള ഓരോ ഷോട്ടും ചരിത്രത്തിലേക്കാണ്. ആരു പറഞ്ഞു റാഫ യുഗം കഴിഞ്ഞെന്ന്, പ്രായം ഒരു നമ്പർ മാത്രമാണെങ്കിൽ അത് തുടങ്ങിയിട്ടേയുള്ളൂ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top