23 April Tuesday

ക്ഷേത്രപ്രവേശന വിളംബരത്തിന്റെ സന്ദേശം

വെബ് ഡെസ്‌ക്‌Updated: Monday Nov 12, 2018


കേരളത്തിന്റെ സാമൂഹ്യ രാഷ്ട്രീയ ജീവിതത്തെ ഗാഢമായി സ്വാധീനിച്ച സംഭവമാണ് 82 വർഷം മുമ്പുണ്ടായ ക്ഷേത്രപ്രവേശന വിളംബരം. തിരുവിതാംകൂറിൽ രാജഭരണത്തിൻ കീഴിലുള്ള നാനൂറോളം ക്ഷേത്രങ്ങളാണ് അന്ന് എല്ലാ ഹിന്ദുക്കൾക്കു മുമ്പിലും വാതിൽതുറന്നിട്ടത്. ജാതിഭേദമില്ലാതെ അവർണർക്ക് ഉൾപ്പെടെ ഈ  ക്ഷേത്രങ്ങളിൽ കയറി ആരാധന നടത്താനുള്ള സ്വാതന്ത്ര്യമാണ് ലഭിച്ചത്. എന്നാൽ, സ്വകാര്യക്ഷേത്രങ്ങളിൽ പ്രവേശനം അനുവദിച്ചിരുന്നില്ലെന്നർഥം. എങ്കിലും, 1829ൽ സതി നിരോധിച്ചതിനുശേഷം ഇന്ത്യയിൽത്തന്നെയുണ്ടാകുന്ന ഏറ്റവും പ്രാധാന്യമേറിയ സാമൂഹ്യപരിഷ്കരണമായാണ് ഇത് വിശേഷിപ്പിക്കപ്പെടുന്നത്. രാഷ്ട്രപിതാവ് ഗാന്ധിജി ഉൾപ്പെടെ നേരിട്ട് ഇടപെട്ടതിൽനിന്ന‌് ഈ വിളംബരത്തിന്റെ രാഷ്ട്രീയപ്രധാന്യം ഗ്രഹിക്കാനും കഴിയും. “ആധുനികകാലത്തിന്റെ അത്ഭുതമായാണ്’ ഗാന്ധിജി ക്ഷേത്രപ്രവേശന വിളംബരത്തെ വിശേഷിപ്പിച്ചത്.

ഇതിന് വഴിവച്ചത് തിരുവിതാംകൂർ മഹാരാജാക്കന്മാരുടെ വലിയമനസ്സുകൊണ്ടും പുരോഗമന സ്വഭാവംകൊണ്ടുമാണെന്നും അതല്ല ജാതിവിവേചനത്തിനും സമത്വത്തിനുംവേണ്ടി നടന്ന എണ്ണമറ്റ പോരാട്ടങ്ങളുടെ ഫലമായാണെന്നുമുള്ള രണ്ട് വീക്ഷണം നിലവിലുണ്ട്. ചരിത്രത്തിലേക്ക് കണ്ണോടിച്ചുനോക്കിയാൽ ആദ്യത്തെ വാദഗതി തീർത്തും ദുർബലമാണെന്ന് കാണാം. അന്നത്തെ രാഷ്ട്രീയ, സാമൂഹ്യ സാഹചര്യങ്ങളാണ് ചിത്തിരതിരുനാൾ ബാലരാമവർമ്മയെക്കൊണ്ട് ഇത്തരമൊരു വിളംബരം നടത്താൻ നിർബന്ധിച്ചത് എന്ന് മനസ്സിലാക്കാൻ വലിയ പ്രയാസമൊന്നുമില്ല. ഈഴവ ക്രൈസ്തവ മുസ്ലിം ഐക്യത്തിൽ പിറന്ന നിവർത്തന പ്രക്ഷോഭണവും സവർണേതര ഹിന്ദുക്കളിലെ വർധിച്ച മതപരിവർത്തനവും അവർണഹിന്ദുക്കൾ വ്യാപകമായി അവരുടെ ക്ഷേത്രങ്ങൾ നിർമിക്കാനാരംഭിച്ചതും മറ്റും വിളംബരത്തിലേക്ക് നയിച്ച കാരണങ്ങളായി വിലയിരുത്തപ്പെടുന്നു.

എന്നാൽ, ക്ഷേത്രപ്രവേശന വിളംബരംകൊണ്ടുമാത്രം എല്ലാ ക്ഷേത്രങ്ങളും അവർണർക്കും അയിത്തജാതിക്കാർക്കു മുമ്പിലും തുറന്നുകൊടുക്കപ്പെട്ടില്ല. അതിനും വർഷങ്ങൾ നീണ്ട പ്രക്ഷോഭംതന്നെ വേണ്ടിവന്നു. ഒരു ദശാബ്ദത്തിന് ശേഷമാണ് മലബാറിലും പിന്നീട് കൊച്ചിയിലും ക്ഷേത്രപ്രവേശനം യാഥാർഥ്യമായത്.  ജാതിവ്യവസ്ഥയുടെ ചട്ടക്കൂട് പൊട്ടിക്കുന്നതിനും അയിത്തവും അസമത്വവും അവസാനിപ്പിക്കുന്നതിനും ക്ഷേത്രപ്രവേശനം വഴിതെളിച്ചുവെന്ന് പറയാം. കേരളത്തിന് ഇന്ന് സ്വന്തമായ പുരോഗമന സ്വഭാവവും മതനിരപേക്ഷഭാവവും കൈവരുന്നതിൽ ചെറുതല്ലാത്ത പങ്ക്, ക്ഷേത്രപ്രവേശനത്തിനും ഉണ്ടെന്നർഥം.  ഈ പാരമ്പര്യം തുടർന്നും നിലനിർത്തുക എന്നതാണ് ഇന്നത്തെ വെല്ലുവളി.

ശബരിമലയിലെ യുവതീപ്രവേശവുമായി ബന്ധപ്പെട്ട‌് നടക്കുന്ന വാദകോലാഹലങ്ങൾ ഈ വെല്ലുവിളിയെയാണ് ഓർമപ്പെടുത്തുന്നത്. തുടക്കംമുതൽതന്നെ എല്ലാ ഹിന്ദുക്കൾക്കും ആരാധന നടത്താൻ കഴിയുന്ന ഇടമായിരുന്നു ശബരിമല. അതുകൊണ്ടുതന്നെ വൈക്കത്തും ഗുരുവായൂരും മറ്റുമുണ്ടായതുപോലുള്ള പ്രക്ഷോഭങ്ങൾ ശബരിമലയിൽ ഉണ്ടായിരുന്നില്ല. മൂന്നര ദശാബ്ദം മുമ്പ് യുവതികൾക്ക് പ്രവേശം നിഷേധിച്ച ഹൈക്കോടതി ഉത്തരവ് റദ്ദാക്കി സുപ്രീംകോടതി പത്ത് വയസ്സിനും 50 വയസ്സിനും ഇടയിലുള്ള  സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശം നൽകിയതോടെ എട്ട് ശാബ്ദംമുമ്പ് ക്ഷേത്രപ്രവേശനത്തെ എതിർത്ത അതേ ശക്തികൾ ഹിന്ദുത്വരാഷ്ട്രീയത്തിന്റെ കൈപിടിച്ച് സ്ത്രീകളുടെ ഈ ക്ഷേത്രപ്രവേശനത്തെയും എതിർക്കുകയാണ്. നവോത്ഥാനത്തിന്റെ ശരിയായ തുടർച്ചയെയാണ് ഈ കറുത്ത ശക്തികൾ തടയാൻ ശ്രമിക്കുന്നത്. ഇതനുവദിച്ചുകൂട. ലിംഗനീതിയും തുല്യതയും ജനാധിപത്യവും മതനിരപേക്ഷതയും സംരക്ഷിക്കപ്പെടുകതന്നെ വേണം. അതിനായി എല്ലാ പുരോഗമന ജനാധിപത്യ വിശ്വാസികളും രംഗത്തുവരണം. ക്ഷേത്രപ്രവേശന വിളംബരത്തിന്റെ സന്ദേശം തന്നെയാണത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top