11 June Sunday

നീതികേടിന്റെ ഇരകൾ

വെബ് ഡെസ്‌ക്‌Updated: Tuesday Jun 28, 2022


നീതി തേടുന്നത്‌, അതിനായി പരിശ്രമിക്കുന്നത്‌ കുറ്റകരമാണോ? അങ്ങനെ ചെയ്യുന്നത്‌ ഗൂഢാലോചനയാകുമോ? സാമൂഹ്യപ്രവർത്തക ടീസ്‌ത സെതൽവാദിന്റെയും ഗുജറാത്ത്‌ മുൻ ഡിജിപി ആർ ബി ശ്രീകുമാറിനെയും ഗുജറാത്ത്‌ പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌ത നടപടിയാണ്‌  ഈ ചോദ്യങ്ങൾ ഉന്നയിക്കാൻ പ്രേരിപ്പിക്കുന്നത്‌. രണ്ടായിരത്തിലധികം പേർക്ക്‌ ജീവഹാനി സംഭവിച്ച ഗുജറാത്ത്‌ കലാപവേളയിൽ നിഷ്‌ക്രിയരായിരുന്ന പൊലീസാണ്‌ ഇപ്പോൾ കലാപത്തിന്റെ ഇരകൾക്ക്‌ നീതി ലഭിക്കാനായി ശബ്‌ദിച്ചവരെ നിശ്ശബ്‌ദമാക്കാൻ സത്വര നടപടികളുമായി രംഗത്ത്‌ വന്നിട്ടുള്ളത്‌.

പ്രതികാരവാഞ്‌ഛയോടെയാണ്‌ ഗുജറാത്ത്‌ പൊലീസ്‌ പ്രവർത്തിക്കുന്നത്‌. ഗുജറാത്ത്‌ കലാപവേളയിൽ മുഖ്യമന്ത്രിപദത്തിലിരുന്ന നരേന്ദ്ര മോദി ഉൾപ്പെടെയുള്ളവർക്കെതിരെ ഗൂഢാലോചനയ്‌ക്ക്‌ കേസെടുക്കണമെന്ന്‌ ആവശ്യപ്പെട്ട ടീസ്‌തയെയും മറ്റും ജയിലിലിടാൻ ബിജെപിക്ക്‌ താൽപ്പര്യമുണ്ടാകുമെന്നതിൽ സംശയമില്ല. പ്രതികാരവാഞ്‌ഛയോടെയുള്ള പ്രവർത്തനം ഫാസിസത്തിന്റെ അടയാളവുമാണ്‌. എന്നാൽ, നീതിന്യായ സംവിധാനംതന്നെ ഇരകളോട്‌ പ്രതികാരവാഞ്‌ഛയോടെ പെരുമാറിയാലോ?  ഹിന്ദുത്വരാഷ്ട്രീയത്തിന്റെ തേരോട്ടകാലത്ത്‌ ഇന്ത്യൻ ജുഡീഷ്യറിയുടെ സ്വഭാവവും മാറുകയാണെന്നതിന്‌ അയോധ്യ കേസ്‌ വിധി മുതൽ നിരവധി ഉദാഹരണങ്ങൾ നിരത്താനാകും. എന്നാൽ, ഇരകൾക്കെതിരെ നടപടിയാകാമെന്ന്‌ ഉന്നത നീതിന്യായപീഠംതന്നെ നിർദേശിക്കുമ്പോൾ രാജ്യം വലിയ അപകടത്തിലേക്കാണ്‌ നീങ്ങുന്നതെന്ന്‌ നിസ്സംശയം പറയാം. അതിനെ ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കേണ്ട മുഖ്യ പ്രതിപക്ഷ കക്ഷിയായ കോൺഗ്രസാകട്ടെ ടീസ്‌തയുടെയും മറ്റും അറസ്‌റ്റിനെതിരെ രംഗത്തുവരാൻ മടിച്ചുനിൽക്കുകയുമാണ്‌. സ്വന്തം പാർടിക്കാരനായ എഹ്‌സാൻ ജാഫ്രിയുടെ കൊലയാളികളെ നീതിപീഠത്തിനു മുമ്പിൽ കൊണ്ടുവരാൻ കോൺഗ്രസ്‌ എന്താണ്‌ ചെയ്‌തതെന്ന ചോദ്യവും ഉയരുകയാണിപ്പോൾ.

ഗുജറാത്ത്‌ കലാപത്തിന്റെ ഭാഗമായി നടന്ന ഗുൽബർഗ്‌ സൊസൈറ്റി കത്തിച്ചാമ്പലാക്കപ്പെട്ടപ്പോൾ എഹ്‌സാൻ ജാഫ്രി ഉൾപ്പെടെ 69 പേർക്കാണ്‌ ജീവൻ നഷ്ടമായത്‌. പാർലമെന്റംഗമായതുകൊണ്ടുതന്നെ എഹ്‌സാൻ ജാഫ്രിയുടെ അടുത്തെത്തിയാൽ രക്ഷപ്പെടാമെന്ന്‌ കരുതി ഓടിക്കൂടിയവരാണ്‌ അതിക്രൂരമായി കൊലചെയ്യപ്പെട്ടത്‌. 2002 ഫെബ്രുവരി ഇരുപത്തെട്ടിനായിരുന്നു സംഭവം. ഇതിനുപിന്നിൽ സംസ്ഥാന സർക്കാർ ഉൾപ്പെട്ട ഗൂഢാലോചനയുണ്ടെന്നാണ്‌ എഹ്‌സാന്റെ ഭാര്യ സാകിയ ജാഫ്രിയുടെ വാദം.  ഇവരെ സഹായിക്കാൻ കോൺഗ്രസ്‌ അറച്ചുനിന്നപ്പോൾ അവർക്ക്‌ എല്ലാവിധ സഹായവും ചെയ്‌തത്‌  ടീസ്‌ത സെതൽവാദായിരുന്നു.  കടുത്ത സമ്മർദത്തിന്റെ ഫലമായി ഗുജറാത്ത്‌ കലാപക്കേസുകൾ അന്വേഷിക്കാൻ 2012ൽ സുപ്രീംകോടതിതന്നെ ഒരു പ്രത്യേക അന്വേഷക വിഭാഗത്തെ ചുമതലപ്പെടുത്തിയെങ്കിലും സംസ്ഥാന സർക്കാർ കലാപ ഗൂഢാലോചനയിൽ പങ്കെടുത്തുവെന്ന സാകിയ ജാഫ്രിയുടെ ആരോപണത്തെ അവർ തള്ളിക്കളയുകയായിരുന്നു. തുടർന്നാണ്‌ വീണ്ടും അന്വേഷണം ആവശ്യപ്പെട്ട്‌ സാകിയ ജാഫ്രി സുപ്രീംകോടതിയെ സമീപിച്ചത്‌. അതാണിപ്പോൾ സുപ്രീംകോടതി ചവറ്റുകൊട്ടയിലേക്ക്‌ തള്ളിയിട്ടുള്ളത്‌.

സാകിയ ജാഫ്രിയുടെ  ആവശ്യം നിരാകരിച്ചത്‌ സ്വാഭാവികനടപടിയാണെന്ന്‌ കരുതി സമാധാനിക്കാനാകില്ല. നീതി തേടിയവരോട്‌ പ്രതികാരം ചെയ്യാൻ കോടതിതന്നെ ആഹ്വാനം ചെയ്‌തത്‌ ജുഡീഷ്യൽ ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത നടപടിയാണ്‌. പ്രമുഖ അഭിഭാഷകനും നിയമപണ്ഡിതനുമായ ഗൗതം ഭാട്യ സൂചിപ്പിച്ചതുപോലെ  സംസ്ഥാന സർക്കാരും ഒരു വ്യക്തിയും തമ്മിലുള്ള കേസിൽ വ്യക്തിയെ അറസ്‌റ്റ്‌ ചെയ്യാൻ സംസ്ഥാനത്തോട്‌ കോടതി കൽപ്പിച്ചിരിക്കുകയാണ്‌. സുപ്രീംകോടതി ലോകനീതിന്യായ വ്യവസ്ഥയ്‌ക്ക്‌ നൽകിയ പുത്തൻ സംഭാവനയാണ്‌ ഈ പുതിയ രീതിയെന്നാണ്‌ ഭാട്യയുടെ പരിഹാസം. നീതിക്കുവേണ്ടി രണ്ട്‌ ദശാബ്‌ദത്തോളം നടത്തിയ പോരാട്ടം വിഷയം കത്തിച്ചുനിർത്താനുള്ള കുടിലതന്ത്രമാണെന്ന്‌  സുപ്രീംകോടതി പറയുമ്പോൾ അപമാനിതരാകുന്നത്‌ സ്വാതന്ത്ര്യവാഞ്‌ഛയുള്ള ഓരോ പൗരനുമാണ്‌.  മാത്രമല്ല, ഗുജറാത്ത്‌ കലാപത്തിനു പിന്നിൽ ഗൂഢാലോചനയൊന്നും ഇല്ലെന്നും നിഷ്‌കളങ്കരായ മനുഷ്യരെ(മോദിയെയും മറ്റും) ജയിലിലടയ്‌ക്കാനുള്ള ഗൂഢാലോചനയാണ്‌ നടന്നതെന്നും സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ച്‌ അഭിപ്രായപ്പെടുമ്പോൾ മുറിവേൽക്കുന്നത്‌ ഇന്ത്യൻ നീതിന്യായ വ്യവസ്ഥയ്‌ക്കു തന്നെയാണ്‌. കലാപം കത്തിപ്പടരുമ്പോഴും സംസ്ഥാനഭരണാധികാരികൾ ആധുനിക‘നീറോ’മാരെപ്പോലെ പെരുമാറുകയാണെന്ന്‌ നേരത്തേ പറഞ്ഞ സുപ്രീംകോടതി തന്നെയാണ്‌ ഇപ്പോൾ സ്വരം മാറ്റിയിട്ടുള്ളത്‌. വർഗീയ സംഘർഷങ്ങൾ സൃഷ്ടിക്കുന്ന സർക്കാരുകൾക്ക്‌  ഉത്തേജനം നൽകുന്ന രീതിയിൽ പെരുമാറാൻ ഇന്ത്യൻ ജുഡീഷ്യറികൂടി തയ്യാറാകുമ്പോൾ ഇരകൾക്ക്‌ എന്താണ്‌ ഇനി ആശ്രയമെന്ന ഗൗരവതരമായ ചോദ്യമാണ്‌ ഉയരുന്നത്‌.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top